TopTop
Begin typing your search above and press return to search.

ക്യൂബയും കേരളവും കോവിഡ് കാലത്തെ അസാധാരണ പ്രതിരോധം, പോരാട്ടം

ക്യൂബയും കേരളവും കോവിഡ് കാലത്തെ അസാധാരണ പ്രതിരോധം, പോരാട്ടം

ദ്രുത ഗതിയിലുള്ള രോഗ വ്യാപനവും കൂട്ട മരണങ്ങളും തകരുന്ന സമ്പദ് വ്യവസ്ഥയും കണ്ട് ലോകം മുൾമുനയിൽ പകച്ചു നിൽക്കുമ്പോൾ ലോകത്തിന്റെ മുന്നിൽ ഉദിച്ചുയരുന്ന പ്രതീക്ഷയുടെ ഒരു നക്ഷത്രമാണ് ക്യൂബ. കോവിഡ് വ്യാപനത്തിൽ അതിവികസിത രാജ്യങ്ങൾ ഉൾപ്പെടെ പകച്ചു നിൽക്കുമ്പോൾ ആണ് കുത്തക മുതലാളിത്തത്തിന്റെ മനുഷ്യത്വ രഹിതമായ മുഖം പുറത്തുകാട്ടുന്ന അമേരിക്കയുടെയും, സഖ്യ രാഷ്ട്രങ്ങളുടെയും സാമ്പത്തിക ഉപരോധങ്ങളും , മുതലാളിത്ത രാക്ഷസ ഭീഷണികളും വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു രാജ്യത്തിന്റെ പ്രസക്തി ലോകം തിരിച്ചറിയുന്നത്. കറപുരളാത്ത കമ്യൂണിസത്തിന്റെ വ്യക്താക്കളായ, സ്നേഹത്തിന്റെ അപ്പോസ്തലന്മാരായ ക്യൂബ. ഭൗതികമായ അതിമോഹങ്ങളിലും, ആർഭാടങ്ങളിലും മുങ്ങിതാഴാത്ത, കലങ്ങിമറിഞ്ഞ ലോക ആരോഗ്യ ഭൂപടത്തിൽ നിന്ന് നേട്ടങ്ങൾ കൊയ്യുക എന്ന മുതലാളിത്ത അജണ്ട നടപ്പാക്കാൻ ആഗ്രഹിക്കാത്ത കറകളഞ്ഞ കമ്മ്യൂണിസ്റ്റുകൾ.

രാജ്യത്തു ജനിച്ചുവീഴുന്ന ഓരോ പൗരന്റെയും മൗലിക അവകാശമാണ് ആരോഗ്യപരിപാലനമെന്നാണ് പാശ്ചാത്യ ഉപരോധങ്ങളും, അവഗണയും കൊടികുത്തിവാണ കാലത്തു അവയെ എല്ലാം പുച്ഛിച്ചുതള്ളി സധൈര്യം നേരിട്ട അവരുടെ പ്രിയങ്കരനായ അനിഷേധ്യനായ നേതാവ് സഖാവ് ഫിദൽ കാസ്ട്രോ അവരെ പഠിപ്പിച്ചത്. ആ നേതാവിന്റെ വാക്കുകൾ നെഞ്ചിലേറ്റിയാണ് പ്രതിഫലേച്ഛ ഇല്ലാതെ ലോകത്തെ 55 രാജ്യങ്ങൾക്ക് വിദഗ്ധ വൈദ്യ സേവനം ഇന്ന് ക്യുബ നൽകുന്നത്. ഒരു ഡോക്ടറെ ക്യൂബ സൃഷ്ടിക്കുന്നത് ധന സമ്പാദനത്തിനല്ല മറിച്ചു വ്യക്തിയുടെ സേവന സന്നദ്ധയാണ് പ്രധാനം.

1959 തിൽ പതിനായിരം പേർക്ക് ഒരു ഡോക്ടർ മാത്രമാണ് ക്യൂബയിൽ ഉണ്ടായിരുന്നത്. പാശ്ചാത്യ ഉപരോധങ്ങളും, അവഗണയും സധൈര്യം നേരിട്ട് മുന്നേറിയ ക്യൂബയിൽ ഇന്ന് 10000 പേർക്ക് 89.9 എന്ന വളരെ മികച്ച അനുപാതം ആണുള്ളത്. വികസിത മുതലാതലാളിത്ത രാജ്യമായ യു എസ്സിൽ നിലവിലെ അനുപാതം 25.9 മാത്രമാണ്. നിരന്തരമായ കഠിനപ്രയത്നത്തിലൂടെ ആണ് ക്യൂബ ആ നേട്ടം കൈവരിച്ചത്. ആത്മാർഥതയുള്ള ഒരു നേതാവിന്റെ അർപ്പണ ബോധത്തിൽ ഊന്നിയ പ്രവർത്തനത്തിന്റെ ഉത്തമോദാഹരണമാണിത്. സ്വന്തം നാടിനുവേണ്ടി മാത്രമല്ല കച്ചവ താല്പര്യം ഇല്ലാതെ ആരോഗ്യ പ്രതിസന്ധിയിൽ ലോകത്തെ സേവിക്കാൻ കൂടിയായിരുന്നു ഫിദൽ ഇങ്ങനെ ഒരു സംവിധാനം വിഭാവനം ചെയ്‌തത്‌. മികച്ച ഭരണാധികാരിയുടെ ദീർഘവീക്ഷണത്തിന്റെ ഒരു ഉത്തോമോദാഹരണമാണിത്. യാതൊരു മാനുഷിക മര്യാദയും ഇല്ലാതെ ജീവൻ രക്ഷാ മരുന്നിന്റെ പോലും പേറ്റന്റ് സ്വന്തമാക്കാൻ കുത്തക മുതലാളിത്ത രാജ്യങ്ങൾ പരക്കം പായുമ്പോൾ ദൈവ വിശ്വാസം ഇല്ലാത്തവരുടെ നാട് ദൈവത്തിന്റെയും മാലാഖമാരുടെയും രൂപത്തിൽ ലോകത്തിനുമുന്നിൽ സഹായഹസ്തവുമായി എത്തുന്നു , അതാണ് ക്യൂബ! ലോകം കണ്ടുപഠിക്കേണ്ട മാതൃക.

എബോള പോലുള്ള പകർച്ച വ്യാധികൾ പടർന്നു പിടിച്‌ ആഫ്രിക്കൻ രാജ്യങ്ങൾ വിറച്ചു വിറങ്ങലിച്ചപ്പോൾ സാന്ത്വനത്തിന്റെ വാക്കുകളും അതിലുപരി പ്രതിഫലേച്ഛ ഇല്ലാത്ത വിദഗ്ധ വൈദ്യ സഹായവുമായി ക്യൂബയിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ നിസ്തുല സേവനത്തിന്റെ ഫലമായാണ് അവയെ പിടിച്ചു നിർത്താൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ആയത്.

കാലാകാലങ്ങളായി "ഗ്ലോബൽ ഹെൽത്ത് ക്രൈസിസ് റെസ്പോൺസ്" എന്ന സംവിധാനത്തിലൂടെ, തെല്ലും ലാഭേച്ഛ ഇല്ലാതെ ജാതി, മത, വർണ്ണ, വർഗ, ശത്രു, മിത്ര വ്യത്യാസം ഇല്ലാതെ അവർ ലോക ജനതയ്ക്ക് സേവനം ചെയ്യുന്നു. ലോകം കണ്ടുപഠിക്കേണ്ട മാനവ സേവ! അത് ലോകാവസാനം വരേയ്ക്കും ഉണ്ടാവും. സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ പതനത്തോടെ ലോക കമ്മ്യൂണിസം തകർന്നടിഞ്ഞു എന്ന് വീരവാദം മുഴക്കുന്ന വലതു പക്ഷക്കാർ ഇതുകണ്ടെങ്കിലും തിരിച്ചറിവിന്റെ പാതയിലേക്ക് വരും എന്ന് നമുക്ക് പ്രത്യാശിക്കാം. മാനവരാശിയുടെ പ്രശ്നങ്ങളോട് എന്ന് തോളോടുതോൾ ചേർക്കുന്നത് ഇടതു പക്ഷക്കാർ മാത്രമാണ് എന്നും ഈ അവസരത്തിൽ ലോകം തിരിച്ചറിയേണ്ടി ഇരിക്കുന്നു. കോവിഡ് ബാധിതരെയും വഹിച്ചു കൊണ്ട് വട്ടം ചുറ്റിയ ബ്രിട്ടന്റെ ആഡംബര കപ്പലിനെ ഏഴ്അയൽവക്കത്തു അടുപ്പിക്കാൻ കരീബിയൻ രാഷ്ട്രങ്ങൾ വിസമ്മതിച്ചപ്പോൾ അവർക്കു അഭയം നൽകിയതും ചികിത്സ ഉറപ്പാക്കിയതും അവർ പണ്ട് അമേരിക്കയോടൊപ്പം ചേർന്ന് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ച ക്യൂബയാണ്. അവിടെയാണ് ഒരു ഇടതുപക്ഷക്കാരന്റെ മനിഷ്യത്വ മനോഭാവം നമ്മൾ തിരിച്ചറിയേണ്ടത്. പതിറ്റാണ്ടുകളായി സാമ്പത്തിക ഉപരോധങ്ങളും, കുത്തക മുതലാളിത്ത ഭീഷണികളും തങ്ങൾക്കുനേരെ ഉയർത്തിയ ശത്രുവിന്റെ മിത്രത്തെ, മറ്റൊരർഥത്തിൽ ആ ശത്രുവിനെ അവർക്കു ആട്ടിപ്പായിക്കാമായിരുന്നു. എന്നാൽ അവർ അഭയം നൽകി. സത്യ ബോധത്തിലൂന്നിയ ആരോഗ്യ പ്രവർത്തനമാണ് ക്യൂബയുടേത്. അതാണ് ക്യൂബയുടെ വിശാല മനസ്കത. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന്റെ സേവന തല്പരത. സാമ്രാജ്യത്ത മോഹത്തിലധിഷ്ഠിതമായ കുത്തക മുതലാളിത്തം ലോകത്തിന്റെമേൽ അടിച്ചേല്പിച് ആഗോള മുതലാളിത്ത കിരീടം മുറുകെ പിടിക്കുന്ന ആഗോള കുത്തകകളുടെ തോഴന്മാരായ ട്രംപുമാരും, കോവിഡ് വ്യാപിച്ചിട്ടില്ല എന്ന പ്രതീതി ഉളവാക്കാൻ കെട്ടുകഥകൾ മെനയുന്ന മറ്റു ലോക നേതാക്കളും ഈ കൊച്ചു ക്യൂബയുടെ സേവന പാത കണ്ടുപഠിക്കട്ടെ. കാരണം അത്തരക്കാർ ലോകത്തിന് പ്രതീക്ഷ അല്ല മറിച് നിരാശയാണ് സമ്മാനിക്കുന്നത്. ക്യൂബയാവട്ടെ അവരുടെ പതാകയിലെ നക്ഷത്രത്തെയും അവരുടെ ആരാധ്യനായ നേതാവ് ഫിഡൽ കാസ്ട്രോയെയും സാക്ഷിനിർത്തി പ്രതീക്ഷയുടെ നക്ഷത്ര തിളക്കമാണ് ലോകത്തിനു സമ്മാനിക്കുന്നത്.

ഇനി കൊച്ചു ക്യൂബയിൽ നിന്ന് നമ്മുടെ കൊച്ചു കേരളത്തിലേക്ക് വരാം . ക്യൂബയിലെ എന്നപോലെ ഒരു ഇടതുപക്ഷ സർക്കാർ ആണ് കേരളവും ഭരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് 19 എന്ന മഹാമാരിയെ നല്ലൊരു പരിധിവരെ പിടിച്ചുനിർത്താൻ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ പുകഴ്‌ത്താൻ വേണ്ടിയല്ല ഞാൻ ഇതിവിടെ കുറിക്കുന്നത്. കോവിഡ് 19 നിന് എതിരെ കേരളം നടത്തിക്കൊണ്ടിരിക്കുന്ന വിജയകരമായ പോരാട്ടത്തെ കണ്ടില്ലെന്നു നടിക്കാൻ ആർക്കും ആവില്ല. നമ്മുടെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെ നിസ്തുല സേവന പ്രവർത്തനങ്ങളെ കാണാതെയും വയ്യ. അന്താരാഷട്ര മാധ്യമങ്ങൾ കോവിഡിനെതിരെയുള്ള കേരളത്തിന്റെ മാതൃകാ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തുമ്പോൾ നമ്മുടെ സർക്കാരിനെയും അതിനെ നയിക്കുന്ന നമ്മുടെ മുഖ്യമന്ത്രിയെയും, ആരോഗ്യമന്ത്രിയെയും, ആരോഗ്യ പ്രവർത്തകരെയും, നീതിപാലകരെയും, ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റെല്ലാവരെയും കുറിച്ച് നമുക്ക് അഭിമാനിക്കാം.

എന്നാൽ നമ്മുടെ പ്രതിപക്ഷ നേതാവിന്റെ അനവസരത്തിലുള്ള അനാവശ്യ വിമർശനങ്ങൾ കാണാതെവയ്യ. ഈ ആപത്‌ഘട്ടത്തിൽ കക്ഷിവ്യത്യാസം മറന്നു ആത്മാർഥമായി സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കേണ്ടതിനു പകരം അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്ത ബാലിശമായ വിമർശനങ്ങൾ ആണ് അദ്ദേഹം നടത്തുന്നത് എന്നത് അതീവ ദുഖകരമായ ഒരു വസ്തുത ആണ്. എന്നാൽ രമേശ് ചെന്നിത്തലയല്ല സാക്ഷാൽ രാഹുൽജി വിചാരിച്ചാൽ പോലും ഇടതു സർക്കാരിന്റെ ഈ കുതിപ്പിന് തടയിടാൻ ആവില്ല. ഇനി ഇടംകോലിടാൻ ശ്രമിക്കുന്ന,മറ്റൊരു കൂട്ടർ കൂടിയുണ്ട് ജാതി- മത വർഗീയ ശക്തികൾ, എന്തിനെയും ഏതിനെയും കണ്ണുമടച്ചു വിമർശിക്കുന്നവർ. മറ്റൊരുകൂട്ടർ കൊടുത്ത സംഭാവനയുടെ കണക്കുകൾ ശർദിക്കുന്നു ഇനി ഒരു കൂട്ടർ. ഇവരെ ആരെയും കാണാതെ പോകാനാവില്ല.ഏതു ദുഷ്‌ടശക്തികൾ എത്രയെല്ലാം കിണഞ്ഞു ശ്രമിച്ചാലും ഈ സർക്കാരിന്റെ ഉദ്ദേശശുദ്ധിയേയും പ്രവർത്തന മികവിനെയും തടയാൻ ആവില്ല എന്ന് അടിവരയിട്ടു പറയാൻ ആഗ്രഹിക്കുന്നു. ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ് മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്യത്തിനെ യും, അർപ്പണബോധത്തിലൂന്നിയ പ്രവർത്തന ശൈലിയെയും ആർക്കും തടയാൻ ആവില്ല. നമ്മൾ ജനങ്ങൾ ഒറ്റക്കെട്ടായി നമ്മുടെ സർക്കാരിനൊപ്പമാണ് എന്ന സത്യം ഇടംകോലുമായി നടക്കുന്നവർ തിരിച്ചറിഞ്ഞുതുടങ്ങി എന്നത് ആശ്വാസ്യകരമാണ്. ക്യൂബയുടെപോലെ പ്രതീക്ഷയുടെ നക്ഷത്ര തിളക്കമാണ് നമ്മുടെ സർക്കാരും നമുക്ക് സമ്മാനിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories