പ്രിയപ്പെട്ട ആങ്ങളമാരേ...
അനശ്വര രാജനെ മര്യാദ പഠിപ്പിച്ച് ഒന്ന് റസ്റ്റ് എടുക്കാൻ വേണ്ടി ഇരുന്നതാണെന്നു അറിയാം. എന്നാലും ഒന്ന് കേൾക്കാമോ? എനിക്കൊരു ചോദ്യമുണ്ട്.
ആദ്യമേ തന്നെ പറയട്ടെ, എനിക്ക് പുരുഷന്മാരോട് യാതൊരു വിരോധമില്ലെന്ന് മാത്രമല്ല, അവരെ ഒരുപാട് ഇഷ്ടവുമാണ്. ഇപ്പോ കണ്ണടച്ചിരുന്നു കാണാനാഗ്രഹിക്കുന്ന പത്തു മനുഷ്യരുടെ ലിസ്റ്റെടുത്താൽ അതിൽ അഞ്ചും പുരുഷന്മാരാണ്. അച്ഛനും ആങ്ങളയുമുള്ള വീട്ടിൽ നിന്നാണ് വളർന്നു വന്നിരിക്കുന്നതും. അതുകൊണ്ടൊക്കെയാകണം നിങ്ങളിങ്ങനെ പുരുഷന്മാരെ മൊത്തമായി അപമാനിക്കുമ്പോൾ എനിക്ക് നോവുന്നത്.
നിങ്ങൾ പറയുന്നത് സ്ത്രീകൾ കയ്യോ കാലോ കക്ഷമോ ഒക്കെ കാണിച്ചാൽ പുരുഷന്മാർക്ക് കൺട്രോൾ നഷ്ടപ്പെട്ട് അവർ തെറ്റിലേക്ക് പോകുമെന്നാണ്. അതിനു വേണ്ടീട്ടാണ് പെണ്ണുങ്ങൾ അങ്ങനെ കാണിക്കുന്നതുമെന്നാണ്. കൺട്രോൾ പോവുക എന്നുദ്ദേശിക്കുമ്പോൾ കപ്പാസിറ്റി കുറവ് എന്നർത്ഥം. അതിനു ട്രീറ്റ്മെന്റൊക്കെ ഉണ്ടല്ലോ. വഴിയിലൊക്കെ പോസ്റ്ററുകൾ കാണാല്ലോ. അപ്പൊ അങ്ങനെയുള്ള സഹോദരന്മാരെ ഉപദേശിച്ചു സഹായിക്കുകയല്ലേ വേണ്ടത്? നിങ്ങൾ ആങ്ങളമാർ, ഞങ്ങൾ സ്ത്രീകളാകുന്ന പെങ്ങന്മാർക്കു വേണ്ടി ഇത്രത്തോളം സമയം കളയാതെ സ്വന്തം വർഗത്തോട് കുറച്ചെങ്കിലും കരുതൽ കാണിച്ചൂടെ? അവരും മനുഷ്യരല്ലേ?
പക്ഷെ ഇത് നിങ്ങൾ പറയുമ്പോൾ ഞാനും വറീഡാണ്. "പുരുഷന്മാർ വികാരജീവികളാണ്, അവർ പ്രേമം നടിച്ചു ചതിക്കും, അവർ കാമത്തിന് വേണ്ടിയാണ് പ്രേമം നടിക്കുന്നത്, നിങ്ങൾ സ്ത്രീകള് സൂക്ഷിച്ചാൽ കൊള്ളാം" എന്നൊക്കെ നിങ്ങൾ പറയുമ്പോൾ, "സ്ത്രീകളെ പോലെയല്ല, പുരുഷന്മാർക്ക് കാഴ്ച കാമമുണ്ടാക്കും" എന്നൊക്കെ വാദിക്കുമ്പോൾ, അധ്യാപനം മുതൽ രാജ്യത്തെ അതീവ സുരക്ഷാ വിഭാഗങ്ങളിൽ വരെ പണിയെടുക്കുന്ന പുരുഷന്മാരെയൊക്കെ ശത്രുക്കൾക്ക് നിലം പരിശാക്കാൻ വെറുതെ ഒരു പെണ്ണിനെ വച്ചാൽ മതിയെന്ന് ഓർക്കുമ്പോൾ പേടിയാകുന്നു. ലോകത്ത് രാജ്യങ്ങൾ ഏറ്റവും കൂടുതൽ പണം ചെലവിടുന്നത് ആയുധങ്ങൾക്കാണ്. എന്തിനാ? കുറച്ചു സ്ത്രീകളെ വച്ച് വശീകരിച്ചാൽ പോരെ? മാത്രമല്ല ഇങ്ങനെ നോക്കുന്നതിനും കാണുന്നതിനുമൊക്കെ കൺട്രോൾ പോകുന്ന നിങ്ങൾക്കൊപ്പം ഞങ്ങൾ സ്ത്രീകൾ ജോലിയെടുക്കുന്നതെങ്ങനെ? അപ്പോൾ ഈ ആണുങ്ങളൊക്കെ രാജിവച്ചു പുറത്തുപോയി അവരുടെ ഈ പാഷൻ ഒരു പ്രൊഫഷൻ ആക്കണമെന്നാണ് എന്റെ ഒരിത്. എന്റെ ദൈവമേ... ഇതേ നിങ്ങളാണോ ബുദ്ധിശാലികളും കേമന്മാരുമെന്നൊക്കെ ലോകം ഇത്രയും നാൾ പറഞ്ഞു പഠിപ്പിച്ചിരുന്നത്?
കാര്യം ഞാനൊരു പെണ്ണാണെങ്കിലും നിങ്ങളുടെ desperation കാണുമ്പോൾ ഇപ്പോൾ ദേഷ്യമല്ല, സങ്കടമാണ് വരുന്നത്. സ്ത്രീകളുടെ ഇൻബോക്സിൽ പോയി ലിംഗത്തിന്റെ പടമിടുമ്പോൾ "എന്നെയൊന്നു നോക്കണേ" എന്നും പറഞ്ഞുള്ള ഒരു നിലവിളിയല്ലേ അത്? സെല്ഫ് റെസ്പെക്ട് ഉള്ള ആരെങ്കിലും ഞങ്ങൾക്കിങ്ങനെ രാവെന്നും പകലെന്നുമില്ലാതെ 'good morning', 'good night', 'കഴിച്ചോ' എന്നൊക്കെ, എത്ര അവഗണിച്ചാലും, മെസേജുകൾ അയച്ചു കൊണ്ടേയിരിക്കുമോ? ഒരു സ്ത്രീയോട് ദേഷ്യം തോന്നുമ്പോൾ അവളോട് പറയുന്നത് "ഞാൻ നിന്നെ റേപ്പ് ചെയ്യും" എന്നാണ്. തട്ടിപ്പറിച്ചു ലൈംഗികത വാങ്ങാൻ ശ്രമിക്കുക, ഭീഷണിപ്പെടുത്തുക, പറഞ്ഞു പറ്റിക്കുക, വാഗ്ദാനം നൽകുക: ഒരൊറ്റ കാര്യത്തിന് വേണ്ടി. എന്തൊരു ദാരിദ്ര്യമാണ്. എന്തൊരു ഗതികേടാണ്. എന്തൊരു വികലതയാണ്. ആ സ്വന്തം അവയവത്തെ പോലും നിങ്ങൾ എന്തുമാത്രം ആക്ഷേപിക്കുകയാണ്.
അപ്പോൾ എന്റെ ചോദ്യമിതാണ്.
നിങ്ങൾ ഈ കാറ്റഗറിയിൽപ്പെടുന്നെങ്കിൽ നിങ്ങൾക്ക് കുറച്ചു കൂടി നന്നായിക്കൂടെ? അത്രക്കേയുള്ളോ നിങ്ങൾ പുരുഷന്മാർ?നാണമാകില്ലേ? എന്തിനാണ് ഇത്രയും അധഃപതിച്ച ജീവിതം നയിക്കുന്നത്? ജീവിതത്തോട് ഒരു വാശിയൊക്കെ വേണ്ടേ?
ഇനി നിങ്ങൾ ഈ ക്യാറ്റഗറിയിൽ പെടുന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സഹോദരന്മാരെ സഹായിച്ചുകൂടെ? അച്ഛനെയും സഹോദരനെയും മകനെയും പറഞ്ഞു മാറ്റിക്കൂടെ? അവരും നല്ല മനുഷ്യരാകട്ടെന്നെ!
(നിയതി ഫേസ്ബുക്കില് എഴുതിയത്)