TopTop
Begin typing your search above and press return to search.

പെണ്‍കാലുകളോട് എന്താണ് ഇത്ര അസഹിഷ്ണുത?

പെണ്‍കാലുകളോട് എന്താണ് ഇത്ര അസഹിഷ്ണുത?

സാരിയില്‍നിന്ന് ചുരുദാറിലേക്ക് സ്വന്തം ശരീരത്തെ പറിച്ചുനട്ട കാലത്താണ് സ്ത്രീകള്‍ക്ക് രണ്ട് കാലുകളുണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് മലയാളികളില്‍ പലരും തമാശയായി പറയാറുണ്ട്. എന്നാല്‍ പെണ്‍ശരീരത്തോട് കാലാകാലങ്ങളായി ഉണ്ടായിരുന്ന അസഹിഷ്ണുത അവളുടെ കാലുകളോടും വലിയൊരു അളവില്‍ തന്നെ സമൂഹത്തിനുണ്ടായിരുന്നു. അതില്‍ കാലുകള്‍ നഗ്നമാവണമെന്ന് തന്നെയില്ല. കാലുകളുടെ ആകൃതിയെ അതുപോലെതന്നെ കാണിച്ചുതന്നെ ലെഗ്ഗിന്‍സുപോലും മലയാളി സമൂഹത്തിന്റെ വലിയൊരു വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ ഇതേ സമൂഹത്തിന്റെ എല്ലാ ഊടുവഴികളിലൂടെയും പുരുഷന്മാര്‍ കാലുകള്‍ പുറത്തുകാട്ടിതന്നെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായിരിക്കുന്നു. ഈ പുരുഷ കാലുകളൊന്നും കണ്ടാല്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്ത അസഹിഷ്ണുത പെണ്‍കാലുകള്‍ കണ്ടാല്‍ ഉണ്ടാവുമെന്ന് ഇവിടുത്തെ 'ഫേസ്ബുക്ക് ആങ്ങളമാര്‍' വീണ്ടും തെളിയിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നടി അനശ്വര രാജന്‍ പങ്കുവെച്ച തന്റെ കാലുകള്‍ കാണിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടാണ് ഇത്തരത്തില്‍ ഈ 'ആങ്ങള'മാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രകൃതി ചൂഷണത്തിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ സ്ത്രീകള്‍ മാറിടം മറയ്ക്കാതെ സമരം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ തന്നെയാണ് ഇവിടെ കേരളത്തില്‍ പെണ്‍കാലുകള്‍ക്ക് നേരെ ഇത്തരത്തില്‍ സൈബര്‍ ആക്രമണം ഉയരുന്നത്. പ്രകൃതിചൂഷണത്തിലൂടെയുണ്ടാവുന്ന കാലാവസ്ഥ വ്യതിയാനം ഒരു നഗ്നസത്യമാണെന്ന് പ്രതീകാത്മകമായി കാണിക്കാന്‍ സ്ത്രീകള്‍ തങ്ങളുടെ ശരീരം ഉപയോഗിക്കുന്ന ഇതേ ദിവസങ്ങളില്‍തന്നെയാണ് ഇവിടെ കേരളത്തില്‍ സ്ത്രീകള്‍ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യേണ്ടിവരുന്നത്. പുരുഷകേന്ദ്രീകൃത കാഴ്ച്ചപ്പാടുകളും മൂല്യവ്യവസ്ഥിതിയും കാത്ത് സൂക്ഷിക്കുന്നതിനായി സ്ത്രീകള്‍ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെകുറിച്ച് ചിന്തിക്കുകപോലും ചെയ്യരുതെന്ന് കേരള സമൂഹം വാശിപിടിച്ചുകൊണ്ടേയിരിക്കുന്നു.

ദിവസേന കേരളത്തില്‍ സ്ത്രീകള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് പാത്രമായിക്കൊണ്ടിരിക്കുകയാണ്. സിനിമ മേഖലയില്‍തന്നെ അനുശ്രീ, സാനിയ ഇയ്യപ്പന്‍, മീര നന്ദന്‍, അനിഖ എന്നിവര്‍ക്ക് നേരെയെല്ലാം ഈ അടുത്തകാലത്ത് ഇത്തരത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായി. നാടന്‍ വേഷങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അനശ്വര പെട്ടെന്ന് മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞതാണ് ഫേ‌സ്ബുക്ക് ആങ്ങളമാരെ ചൊടിപ്പിച്ചിരിക്കുന്നത്. 'പതിനെട്ട് വയസാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍', '18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ', 'ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല', 'അടുത്തത് എന്ത് വസ്ത്രമാണ്..'; ഇത്തരം പ്രതികരണങ്ങളുമായാണ് ഈ ആങ്ങളമാര്‍ അനശ്വരയുടെ ഫോട്ടോയ്ക്ക് താഴെ അണിനിരന്നിരിക്കുന്നത്.

സംസ്‌കാരം സൂക്ഷിക്കേണ്ടത് സ്ത്രീയാണെന്നും അവളുടെ ശരീര സ്വാതന്ത്ര്യത്തില്‍ ഇല്ലാതാവുന്നതാണ് ഈ സംസ്‌കാരമെന്നും മുറവിളികൂട്ടുന്ന സമൂഹത്തിന് കാലുകള്‍ കൊണ്ടുതന്നെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് കേരളത്തിലെ സ്ത്രീകള്‍. ഞങ്ങളുടെ ശരീരം ഞങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് നഗ്നമായ കാലുകള്‍കൊണ്ടുതന്നെ അവര്‍ വിളിച്ചുപറയുന്നു. പെണ്‍കാലുകള്‍കൊണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്.

ധരിച്ച വസ്ത്രത്തിന്റെ ഇറക്കത്തിന്റെ പേരില്‍ അസഭ്യവര്‍ഷം കേള്‍ക്കേണ്ടിവന്ന അനശ്വരയ്ക്ക് നടിമാരെല്ലാം പിന്തുണയുമായെത്തി. 'അദ്ഭുതം അദ്ഭുതം... സ്ത്രീകള്‍ക്ക് കാലുണ്ടത്രേ' എന്നായിരുന്നു സ്വിമ്മിങ് സ്യൂട്ടിലുള്ള ചിത്രത്തിനൊപ്പം റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

"ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാന്‍ ഇതുപോലെ ഷോര്‍ട്‌സ് ധരിക്കും, സാരി, ഷര്‍ട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും. എന്റെ കാരക്ടര്‍ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ആര്‍ക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല.

സ്ത്രീയാകട്ടെ പുരുഷനാകട്ടെ, അവരുടെ കയ്യും കാലും വയറുമൊക്കെ ഒന്നു തന്നെയാണ്. അതില്‍ എന്താണ് വ്യത്യാസം. ഇപ്പോള്‍ ഒരു പുരുഷന്‍ അവന്റെ വസ്ത്രം ഊരി ഫോട്ടോ പോസ്റ്റ് ചെയ്താല്‍, അത് പ്രചോദനമായി, മാസ് ആയി, ഹോട്ട് ആയി. പക്ഷേ അതൊരു പെണ്‍കുട്ടി ചെയ്താലോ അത് ലൈംഗികതയ്ക്കുള്ള ആവശ്യമാണെന്നാണ് പലരുടെയും വിചാരം. അവള്‍ക്ക് നാണമില്ല, ശ്രദ്ധിക്കാന്‍ വേണ്ടി ചെയ്യുന്നു, ഇങ്ങനെയാണ് കമന്റുകള്‍ വരിക", അഹാന ഫേസ്ബുക്കില്‍ കുറിച്ചു.

''ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോര്‍ത്ത് ആശങ്കപ്പെടൂ,''എന്നായിരുന്നു ഒടുവില്‍ തന്റെനേര്‍ക്കുണ്ടായ സൈബര്‍ ആക്രമണങ്ങളോട് അനശ്വര പ്രതികരിച്ചത്.

പുരുഷന്റെ കാലുകള്‍ കാണുമ്പോഴില്ലാത്ത അസ്വസ്ഥത എന്തിനാണ് പെണ്‍കാലുകളോടെന്ന് ഉറക്കെ ചോദിക്കുകയാണ് കേരളത്തിലെ സ്ത്രീകളിപ്പോള്‍. പുരുഷന്റെ അസഹിഷ്ണുതയാല്‍ ഇല്ലാതാക്കാന്‍ കഴിയില്ല സ്ത്രീകളുടെ സ്വാതന്ത്ര്യ ബോധമെന്നും ഇവര്‍ ഉറക്കെ പറയുന്നു.


Next Story

Related Stories