TopTop
Begin typing your search above and press return to search.

കുനിയാനും വണങ്ങാനും തയ്യാറല്ലാത്തവരെ എങ്ങനെ പാഠം പഠിപ്പിക്കണമെന്ന് ഫാഷിസ്റ്റ് ഭരണകൂടത്തിനറിയാം, ഭരണഘടനയെ മാനിക്കാത്തവര്‍ നിയമ വ്യവസ്ഥയെ മാനിക്കുമോ?

കുനിയാനും വണങ്ങാനും തയ്യാറല്ലാത്തവരെ എങ്ങനെ പാഠം പഠിപ്പിക്കണമെന്ന് ഫാഷിസ്റ്റ് ഭരണകൂടത്തിനറിയാം, ഭരണഘടനയെ മാനിക്കാത്തവര്‍ നിയമ വ്യവസ്ഥയെ മാനിക്കുമോ?

മോദി അമിത് ഷാ സര്‍ക്കാറിന്റെയും ദില്ലി പൊലീസിന്റെയും നിഷ്ക്രിയത്വത്തെ തുറന്നു കാട്ടി വിമര്‍ശിച്ച ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളീധറിനെ മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റി ഉത്തരവിറങ്ങി.

പ്രവര്‍ത്തിക്കാന്‍ പൊലീസ് മുകളില്‍നിന്നുള്ള ഉത്തരവു കാത്തിരുന്നു എന്നേ ജസ്റ്റിസ് മുരളീധരന്‍ പറഞ്ഞുള്ളു. പ്രവര്‍ത്തിക്കരുതെന്ന ഉത്തരവു കിട്ടിക്കാണും എന്ന് സംശയിച്ചിട്ടില്ല. പക്ഷെ വാസ്തവം അതാണെന്ന് വ്യക്തം. പൊലീസിനു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ജഡ്ജിയെത്തന്നെ സ്ഥലംമാറ്റി കേന്ദ്ര സര്‍ക്കാര്‍ നിലപാടു പുറത്തുവിടുകയാണ്.

കൊളീജിയം നേരത്തേ പുറപ്പെടുവിച്ച ശുപാര്‍ശ പ്രകാരമാണ് സ്ഥലംമാറ്റമെന്നു വാദിക്കാം. ഫെബ്രുവരി 12നു വന്ന ശുപാര്‍ശ നടപ്പാക്കാന്‍ ഇന്നലെവരെ ധൃതിയില്ലായിരുന്നു. ഫെബ്രുവരി 26ന് ഒരു ദിവസത്തില്‍ മൂന്ന് ഉത്തരവുകളാണ് ദില്ലി കലാപത്തെക്കുറിച്ചുണ്ടായത്. ആ സിറ്റിംഗ് തുടങ്ങിയതാവട്ടെ അര്‍ദ്ധരാത്രി ഒരുമണിക്കും. പൊലീസും സര്‍ക്കാറും ഗുജറാത്തു വംശഹത്യാ കാലത്തും ബാബറിമസ്ജിദ് തകര്‍ക്കുന്ന നേരത്തുമെന്നപോലെ നിഷ്ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നു. പരാതി കിട്ടിയപ്പോള്‍ പക്ഷെ, ദില്ലി ഹൈക്കോടതി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഈ ഉണര്‍വ്വ് കേന്ദ്ര സര്‍ക്കാറിന് ഒട്ടും ബോധിച്ചിട്ടില്ല. മുരളീധറിനെ തിരക്കിട്ട് രാത്രിതന്നെ സ്ഥലം മാറ്റിയത് ജുഡീഷ്യറിയിലെ സര്‍ക്കാര്‍ ഇടപെടലാണ്.

അക്രമം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിച്ചില്ലെന്നു മാത്രമല്ല, അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും പൊലീസ് സഹായിച്ചില്ല. ഈ സാഹചര്യമാണ് അഡ്വ. സുരൂര്‍ മന്ദറിനെ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. മുരളീധറിന്റെ വീടു കോടതിയായി. അക്രമത്തില്‍ പരിക്കേറ്റവരെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ ജസ്റ്റിസ് മുരളീധര്‍ പൊലീസിന് ഉത്തരവു നല്‍കി. തിങ്കളാഴ്ച്ച വൈകീട്ടു മുതല്‍ പൊലീസ് സഹായത്തിനു വിളിച്ചുകൊണ്ടിരുന്നെങ്കിലും സഹായം ലഭിച്ചിരുന്നില്ല. പിന്നീട് മുരളീധറിന്റെ വിധിയെ തുടര്‍ന്നു സഹായമെത്തിക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവുകയായിരുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പൊലീസിന് ആരുടെയും ഉത്തരവ് ആവശ്യമില്ല. പ്രവര്‍ത്തിക്കാതിരിക്കാനാണ് ഉത്തരവു വേണ്ടത്. അങ്ങനെയൊരു ഉത്തരവു ദില്ലി പൊലീസിനു നല്‍കിയത് ആരെന്നത് ആഭ്യന്തര മന്ത്രി അമിത് ഷായാണ് പറയേണ്ടത്. ഗുജറാത്ത് വംശഹത്യാകാലത്ത് അത്തരം ഉത്തരവുകള്‍ ഉണ്ടായിരുന്നതായി പൊലീസ് മേധാവികള്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

അപ്പോള്‍ തങ്ങളുടെ താല്‍പ്പര്യം മറികടന്നു വിധി പ്രഖ്യാപിച്ച ജസ്റ്റിസ് മുരളീധറിനോട് ആര്‍ എസ് എസിനും ബിജെപിക്കും മോദി അമിത് ഷാ സര്‍ക്കാറിനും ക്ഷമിക്കാനാവില്ല. നഗരം കത്തിയെരിയുമ്പോഴും അതിനു ആഹ്വാനവും നേതൃത്വവും നല്‍കിയവര്‍ക്കെതിരെ കേസ് എടുക്കാത്തതെന്ത് എന്നാണ് കോടതി ചോദിച്ചത്. പ്രകോപന പ്രസംഗങ്ങളൊന്നും കേട്ടില്ല എന്നു വാദിച്ചു കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെയും ലോകസഭാംഗം പര്‍വേഷ് വര്‍മയെയും കപില്‍ മിശ്രയെയും രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിനും സോളിസിറ്റര്‍ ജനറലിനും കോടതിയില്‍ പ്രസംഗം കേള്‍പ്പിക്കാനും ജസ്റ്റിസ് മുരളീധര്‍ തയ്യാറായി. പ്രകോപന പ്രസംഗങ്ങള്‍ക്ക് കേസെടുക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു.

ഇതില്‍പ്പരം ക്ഷീണം അമിത് ഷായ്ക്ക് വരാനില്ല. മുമ്പു കോടതികളെ വരച്ച വരയില്‍ നിര്‍ത്താന്‍ പലമട്ട് ദുഷ്കര്‍മ്മങ്ങള്‍ ചെയ്തതൊന്നും ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളീധറിന്റെ മുന്നില്‍ ചെലവായില്ല. കുനിയാനും വണങ്ങാനും തയ്യാറല്ലാത്തവരെ എങ്ങനെ പാഠം പഠിപ്പിക്കണമെന്ന് ഫാഷിസ്റ്റ് ഭരണകൂടത്തിനറിയാം. ഭരണഘടനയെ മാനിക്കാത്തവര്‍ നിയമ വ്യവസ്ഥയെ മാനിക്കുമോ? മുരളീധറിനെ രാത്രിതന്നെ സ്ഥലം മാറ്റി മോദി അമിത് ഷാ കൂട്ടുകെട്ട് അതിന്റെ ജനാധിപത്യ വിരുദ്ധതയും വംശഹത്യാ വാസനയും ഒരിക്കല്‍കൂടി തുറന്നുകാട്ടുന്നു.

ദില്ലി പൊലീസില്‍നിന്നു ഭേദപ്പെട്ട പൊലീസ് കേരളത്തിലുള്‍പ്പെടെ രാജ്യത്തെങ്ങും കാണാനിടയില്ല. പൊലീസ് കാത്തിരിക്കുന്നത് കേന്ദ്ര ഉത്തരവുകളാണ്. പഴയ ഫെഡറല്‍ ജനാധിപത്യ മര്യാദകളുടെ കാലമൊക്കെ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രീകൃതാധികാരത്തിന്റെ വിളംബരങ്ങളാണ് എങ്ങും കേള്‍ക്കുന്നത്. അതിനാല്‍ ''അതങ്ങു ദില്ലിയിലല്ലേ'' എന്ന ആശ്വാസമൊന്നും വേണ്ട. ഏതു നേരത്തും അപകടപ്പെടാവുന്ന സമാധാനവും സുരക്ഷിതത്വവുമാണ് നാം അനുഭവിക്കുന്നത്. അലന്റെയും താഹയുടെയും യുഎപിഎ അറസ്റ്റ് അതു നമ്മോടു പറഞ്ഞു കഴിഞ്ഞു.

പൗരത്വരജിസ്റ്ററില്‍ പേരു വരാന്‍ ആളുകള്‍ ജീവിച്ചിരിക്കണം. വംശഹത്യാരാഷ്ട്രീയം ശുദ്ധീകരിച്ചെടുക്കുന്ന ഇന്ത്യയില്‍ പൗരത്വത്തെപ്പറ്റി ഖേദിക്കാന്‍ ആരൊക്കെ ബാക്കി കാണും? ഫാഷിസം വന്നെത്തിയില്ല എന്നു പ്രബന്ധം അവതരിപ്പിക്കുന്നവര്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടല്ലോ അല്ലേ?


ഡോ. ആസാദ്‌

ഡോ. ആസാദ്‌

അധ്യാപകന്‍, എഴുത്തുകാരന്‍

Next Story

Related Stories