ലാറ്റിനമേരിക്കയെക്കുറിച്ച് ആദ്യമായി ഞാനറിയുന്നത് ചെ ഗുവേരയിലൂടെയോ നെരൂദയിലൂടെയുമൊന്നുമല്ല. കാല്പന്തു കൊണ്ട് കലാവിരുന്നൊരുക്കുന്ന ഒരു അഞ്ചടി അഞ്ചിഞ്ചുകാരനിലൂടെയാണ്. ലോകം അവനെ മറഡോണയെന്നും ദൈവമെന്നും ദൈവത്തിന്റെ അദൃശ്യ കരങ്ങളുള്ളവനെന്നുമൊക്കെ വിളിച്ചു. അവന് വികൃതിയായ ഒരു മാസ്മരിക പ്രതിഭയായിരുന്നു. അവന് പന്തിനെ സ്പര്‍ശിക്കുമ്പോഴെല്ലാം ഗ്യാലറികള്‍ പുളകം കൊണ്ടു. ദൈവം അവനോടുകൂടിയായിരുന്നു. ദൈവത്തിന്റെ കൈ അവനില്‍ പ്രവര്‍ത്തിച്ചു. അതുകൊണ്ടായിരിക്കാം അവന്റെ ജീവിതം ഒരു ദൈവികോന്മാദത്തില് ആയിപ്പോയത്.
അവന്റെ കാലുകള്‍ പന്തിനെ സ്പര്‍ശിക്കുമ്പോള്‍ സൗമ്യമായ ഓളങ്ങളിങ്ങനെ താളംതുള്ളിത്തുള്ളി ഒടുവില്‍ തീരത്തേക്കൊരു തിരയടി പോലെയായിരുന്നു. തിര തീരം തേടിവരുമ്പോള്‍, നമ്മെ സ്പര്‍ശിക്കുമ്പോള്‍ നമ്മള് കോരിത്തരിപ്പോടെ സ്വീകരിക്കില്ലേ... അതുപോലായിരുന്നു അവന്റെ ഓരോ ചലനങ്ങളും... അജന്റീനയിലെ ബ്യൂണസ് അയേഴ്സ് പട്ടണത്തില്‍ ദരിദ്ര കുടുംബത്തില്‍ നാല് സഹോദരിമാരുടെ കുഞ്ഞനിയനായി പിറന്ന കുഞ്ഞു ഡീഗോ എട്ടാം വയസുമുതല്‍ തട്ടിത്തുടങ്ങിയ പന്തിനെ, തന്റെ ''മാന്ത്രികത' കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. കൗമാരവും യൗവനവും ലോക ഫുട്ബാളിന്റെ തന്നെ ആഘോഷങ്ങളാക്കി മാറ്റിയ ഡീഗോ ഫുട്ബാള്‍ ചരിത്രത്തിലെ മരിക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച മഹാപുരുഷനാണ്.
ലോകത്തെ വിസ്മയിപ്പിച്ച ഒരുപാട് ഇതിഹാസങ്ങള്‍ കാല്പന്തുകളിയില് പിറവി കൊണ്ടിട്ടുണ്ട്. എന്നാല്‍ ഇവരാരും തന്നെ മറഡോണയെക്കാള്‍ സ്നേഹിക്കപ്പെട്ടിട്ടുണ്ടാകില്ല. എത്ര തന്നെ മൈതാനത്തും പുറത്തും ഇഷ്ടപ്പെട്ടിട്ടുണ്ടോ അത്രതന്നെ വെറുപ്പിപ്പിച്ചിട്ടുമുണ്ട് ഡീഗോ. പക്ഷേ, മറ്റാര്‍ക്കുമില്ലാത്ത ഒരു സുപരിചിതത്വം മറഡോണയില്‍ നമ്മള്‍ക്കനുഭവപ്പെടും. ദൗര്‍ബല്യങ്ങള്‍ ഒരുപാടുള്ള, അവ മറ്റുള്ളവരുടെ മുന്നില്‍ തുറന്നുകാട്ടാനും മറഡോണക്ക് മടിയില്ല. സ്വയം മാര്‍ക്കറ്റ് ചെയ്യപ്പെടാത്ത ഒരാളായിരുന്നു അദ്ദേഹം. ഇന്നത്തെ താരങ്ങളെപ്പോലെ അതിനെക്കുറിച്ച് അദ്ദേഹം ചിലപ്പോ ചിന്തിക്കുകയോ ധാരണയുള്ളവനോ ആയിരിക്കില്ല. അതിന്റെ ആവശ്യം അദ്ദേഹത്തിന് അനുഭവപ്പെട്ടുമില്ലായിരിക്കാം. ഈ മൈനസ് പോയിന്റുകളെല്ലാം തന്റെ കഴിവ് കൊണ്ട് മറികടന്ന പ്രതിഭയാണ്. ഒരുപാടു പാളിച്ചകള്‍ സംഭവിച്ചെങ്കിലും അവയൊന്നും തന്നെ മറഡോണയ്ക്കു കളിയിലുണ്ടായിരുന്ന ഏകാഗ്രത നഷ്ടപ്പെടുത്തിയില്ല.
ഫുട്ബോള്‍ ഭൂമിയെപ്പോലെ ഒരു ഗ്രഹമാണ്, അതിന് സ്വയം പ്രകാശിക്കാനാവില്ല, വെളിച്ചം തരുന്നതും നക്ഷത്രങ്ങളാണ്. ഭൂമിക്ക് പ്രകാശമേകാന്‍ സൂര്യനും ചന്ദ്രനുമുണ്ട്. എന്നാല്‍ ഫുട്ബോളിന് തിളക്കമേകാന്‍ നൂറു കണക്കിന് നക്ഷത്രങ്ങളുണ്ടെങ്കിലും ആ ഗോളത്തിന്, ഗ്രഹത്തിന് ഏറ്റവുമധികം തിളക്കം നല്കിയ നക്ഷത്രമാണ് ദൈവത്തിന്റെ കൈകളുള്ള ഡീഗോ...
ഇതിഹാസത്തിന് 60
(അനീഷ് ഫേസ്ബുക്കില്‍ എഴുതിയത്)