TopTop
Begin typing your search above and press return to search.

രോഗവാഹകരെന്നും അക്രമകാരികളെന്നും വിളിക്കുന്നവരോട്; അതിഥി തൊഴിലാളികള്‍, ഈ നാടിന്റെ അവകാശികള്‍

രോഗവാഹകരെന്നും അക്രമകാരികളെന്നും വിളിക്കുന്നവരോട്; അതിഥി തൊഴിലാളികള്‍, ഈ നാടിന്റെ അവകാശികള്‍

'ബംഗാളി'കളെന്ന് വിളിച്ചാക്ഷേപിച്ചിരുന്ന, 'അന്യ സംസ്ഥാന തൊഴിലാളി'യെന്ന് മുദ്രകുത്തി അവജ്ഞയോടെ കണ്ടിരുന്നവരെ, 'ഇതര സംസ്ഥാന തൊഴിലാളി'കളെന്നും ഇപ്പോള്‍ 'അതിഥി തൊഴിലാളി'കളെന്നും വിളിച്ചതും അവരുടെ അഭിമാനത്തെ സംരക്ഷിക്കാന്‍ ഇടപെട്ടതും കേരളത്തിലെ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരാണ്. 'അതിഥി തൊഴിലാളി'കള്‍ക്ക് അന്തിയുറങ്ങാന്‍ പാലക്കാട് കഞ്ചിക്കോട് ഫ്ലാറ്റ് സമുച്ചയം പണിതതും അവര്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കിയതും ഈ സര്‍ക്കാര്‍ തന്നെയാണ്. അതിനു കാരണം മനുഷ്യനെ മനുഷ്യനായി തന്നെ കാണണമെന്ന, ജാതിയോ-മതമോ, ദേശമോ-ഭാഷയോ, വര്‍ഗമോ-വര്‍ണമോ, ലിംഗമോ,രാജ്യമോ അതിനു തടസ്സമാകരുതെന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ഭാഗമായി തന്നെയാണ്. ''ഭാരതം എന്റെ നാടാണ്.എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്‌. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. സമ്പന്നവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പരമ്പരാഗതസമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. ആ സമ്പത്തിന് അർഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കുകയും എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും. ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം.'' ആന്ധ്രാപ്രദേശ് സ്വദേശിയും പ്രമുഖ തെലുങ്ക് എഴുത്തുകാരനുമായിരുന്ന പൈദിമാരി വെങ്കട സുബ്ബറാവു 1962 സെപ്റ്റംബർ 17 നാണ് നമ്മുടെ പ്രതിജ്ഞാ വരികള്‍ എഴുതിയത്. 1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ വരികള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്. 1963-ല്‍ വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്‌കൂളിലാണ് ഇന്ത്യയിലാദ്യമായി പ്രതിജ്ഞ ചൊല്ലിത്തുടങ്ങിയത്. 1964-ൽ ബാംഗ്ലൂരിൽ ചേർന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി യോഗം, അതിന്റെ അദ്ധ്യക്ഷനും യൂണിയന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മുഹമ്മദലി കരീം ചഗ്ല(എം.സി.ചഗ്ല)യുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ ഈ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിക്കുന്നതിന് തീരുമാനമെടുക്കുകയും, പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്യാനും സ്കൂൾ പാഠപുസ്തകങ്ങളുടെ ആദ്യ താളിൽ അച്ചടിക്കാനും ആ സമിതി നിർദ്ദേശിച്ചു. അങ്ങനെ ഓരോ ഇന്ത്യക്കാരനും അതേറ്റു ചൊല്ലുകയും ഹൃദയത്തിലുറപ്പിക്കുകയും ചെയ്തു. ചിലര്‍, കേരളത്തില്‍ ജോലിയന്വേഷിച്ചു വന്നവരെ, അന്നം തേടിയെത്തിയവരെ 'അന്യദേശത്തുള്ളവര്‍, പരദേശികള്‍, നാടിന് വേണ്ടാത്തവര്‍, രോഗവാഹകര്‍, ആക്രമണകാരികള്‍' എന്നിങ്ങനെയുള്ള പട്ടം ചുമത്തിക്കൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്നു. അവര്‍ ഇടതടവില്ലാതെ നുണപ്രചരണവും വിദ്വേഷ പ്രചരണവും നടത്തുന്നു. അത്തരക്കാര്‍ ഏതുകൂട്ടരാണെന്ന് പറയേണ്ടതില്ലല്ലോ? അവരും മനുഷ്യരാണ്, ഈ രാജ്യത്തിന്‍റെ ഭാഗമാണ്. അവര്‍ക്കും കൂടി അവകാശപ്പെടതാണ് ഈ നാടും ഈ നാടിന്‍റെ അവകാശങ്ങളും അധികാരങ്ങളും. ലോകരാജ്യങ്ങളിലെല്ലായിടത്തും കാണാം ഇന്ത്യന്‍ ജനതയെ, വിശിഷ്യാ മലയാളികളെ. അവരെ ആ രാജ്യങ്ങള്‍ ഈ മനുഷ്യത്വരഹിത ചിന്തയിലൂന്നി കണ്ടിരുന്നുവെങ്കില്‍ നമ്മുടെ നാട് ഇന്നും ഒരുപാട് പുറകില്‍ തന്നെയാകുമായിരുന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതു പോലെ ''പ്രവാസികളുടെ വിയര്‍പ്പിലാണ് നാം കഞ്ഞികുടിച്ചിരുന്നത്''. അതേ, വിദേശത്തായാലും-സ്വദേശത്തായാലും , വിദേശിയായാലും-സ്വദേശിയായാലും, കറുത്തവനായാലും-വെളുത്തവനായാലും നാമെല്ലാം മനുഷ്യര്‍ മാത്രമാണ്. ഇതര സംസ്ഥാനത്തു നിന്ന് വരുന്നവരേയും അയല്‍രാജ്യങ്ങളേയും വെറുപ്പോടും വിദ്വേഷത്തോടും നോക്കിക്കാണുന്ന, താനെന്ന സ്വത്വത്തിലൊളിക്കുന്നവരോട് വിശ്വവിഖ്യാതനായ ജോര്‍ജ് ബര്‍ണാഡ് ഷായുടെ "നിങ്ങൾ ഒരു പ്രത്യേക സ്ഥലത്ത് ജനിച്ചു എന്നതു കൊണ്ട് ബാക്കിയെല്ലാവരും ശത്രുക്കൾ ആണെന്ന് പറയുന്ന വിവരക്കേടിന്റെ പേരാണ്, ദേശീയത'' എന്ന വാക്കുകളോര്‍മ്മിപ്പിക്കുന്നു. ഇത്തരക്കാര്‍ ഇതര രാജ്യങ്ങളേയും, ഇതര സംസ്ഥാനങ്ങളേയും, ഇതര ജില്ലകളേയും, അയല്‍ക്കാരേയും, കുടുംബത്തിലെ തന്നേ മറ്റുള്ളവരേയും വരുംകാലങ്ങളില്‍ അകറ്റി നിര്‍ത്തുകയും താനെന്ന ചിന്തയിലൂന്നി മുന്നോട്ടുപോകുകയും ചെയ്യുമെന്നതില്‍ സംശയമേതുമില്ല. ''ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടേയോ ഒരു സമൂഹത്തിന്‍റെയോ ഒരു രാഷ്ട്രത്തിന്‍റെയോ സ്വത്തല്ല. എന്തിന് ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും കൂട്ടുസ്വത്തുമല്ല അത്. ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണ് നമ്മള്‍. നമുക്ക് ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരുംതലമുറകള്‍ക്ക് അത് കൈമാറാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മള്‍'' മഹാനായ കാറല്‍ മാര്‍ക്സിന്‍റെ ഈ വരികള്‍ കൂടി ഓര്‍മ്മിപ്പിക്കട്ടേ. നമ്മുടെ നാട്ടിലെത്തിയവര്‍, അവര്‍ നമ്മുടെ രാജ്യത്തിന്‍റെ ഭാഗമാണ്, അവര്‍ നമ്മുടെ സഹോദരങ്ങളാണ്. അവര്‍ക്കും, നമുക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അവരെ അകറ്റി നിര്‍ത്തുകയല്ല, നമ്മളോടൊപ്പം ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടത്. അവരീ നാടിന്‍റെ അവകാശികളാണ്. നാമൊന്നാണ്, നാം മനുഷ്യര്‍...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories