TopTop
Begin typing your search above and press return to search.

'ബെഹറയും രമണ്‍ ശ്രീവാസ്തവയും, മുകളില്‍ പിണറായിയെ പോലെ കരുത്തനായ ഒരാളുണ്ടല്ലോ എന്നതായിരുന്നു ആശ്വാസം, എന്നാൽ അതും നീണ്ടു നിന്നില്ല'

ബെഹറയും രമണ്‍ ശ്രീവാസ്തവയും, മുകളില്‍ പിണറായിയെ പോലെ കരുത്തനായ ഒരാളുണ്ടല്ലോ എന്നതായിരുന്നു ആശ്വാസം, എന്നാൽ അതും നീണ്ടു നിന്നില്ല

മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പും ഐ ടി വകുപ്പും തൃപ്തികരമായ പ്രവര്‍ത്തനമല്ല കാഴ്ച്ചവെച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറില്‍നിന്നു സംഭവിക്കാന്‍ പാടില്ലാത്ത വഴിമാറ്റങ്ങളും തെറ്റുകളുമുണ്ടായി. രണ്ടു വകുപ്പിലെയും ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രിക്കു സാധിച്ചില്ല.

ഐ ടി വകുപ്പു ചുമതലയുള്ള ഐ എ എസ് ഉദ്യോഗസ്ഥന്‍തന്നെ വഴിവിട്ട കണ്‍സള്‍ട്ടന്‍സി കരാറുകളിലേര്‍പ്പെട്ടു. അവിഹിത നിയമനങ്ങള്‍ നടത്തി. അനധികൃത ബന്ധങ്ങളുണ്ടാക്കി. സ്വര്‍ണ്ണ കള്ളക്കടത്തു സംഘത്തിനുപോലും നിയന്ത്രിക്കാനാവും അദ്ദേഹത്തെ എന്നുവന്നു. അയാള്‍ വെറും ഐ ടി സെക്രട്ടറിയായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് ഫലത്തില്‍ അധോലോകം ഹൈജാക്കു ചെയ്തത്. ഇക്കാര്യമത്രയും അറിഞ്ഞില്ല മുഖ്യമന്ത്രി എന്നത് കുറ്റകരമാണ്. അങ്ങനെ കരുതാന്‍ ബുദ്ധിമുട്ടുമാണ്.

ആഭ്യന്തര വകുപ്പാണെങ്കില്‍ തുടക്കംമുതല്‍ തെറ്റായ ട്രാക്കിലാണ് ചലിച്ചത്. ബെഹറയും രമണ്‍ ശ്രീവാസ്തവയും കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട സന്ദര്‍ഭത്തില്‍തന്നെ ആശങ്ക കനത്തിരുന്നു. എന്നാല്‍ മുകളില്‍ പിണറായി വിജയനെപ്പോലെ കരുത്തനായ ഒരാളുണ്ടല്ലോ എന്നതായിരുന്നു മിക്കവരുടെയും ആശ്വാസം. എന്നാല്‍ ആ വിശ്വാസം അധികം നീണ്ടുനിന്നില്ല. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, കസ്റ്റഡി മരണങ്ങള്‍, ആളുമാറിയുള്ള അറസ്റ്റും മര്‍ദ്ദനവും, ജനകീയ സമരങ്ങളോടുള്ള ഇടതുപക്ഷ പൊലീസ് നയത്തില്‍ വന്ന മാറ്റം, വാളയാര്‍ മുതല്‍ പാലത്തായി വരെയുള്ള ബാലപീഡനങ്ങളില്‍ പ്രതികളുടെ പക്ഷം ചേരല്‍, വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും അറസ്റ്റു ചെയ്ത് യു എ പി എ ചുമത്തല്‍, പോക്സോ കുറ്റം ചെയ്തവരെയും കള്ളക്കടത്തു പ്രതികളെയും സംരക്ഷിക്കല്‍, ഹിന്ദുത്വ ഭീകരരോടുള്ള മൃദുസമീപനം തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ജനങ്ങളില്‍നിന്നകന്നു.

പിണറായി സര്‍ക്കാറില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും മോശമായ നില പിണറായിയുടേതു തന്നെയാണ്. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പ്രകടിപ്പിച്ച സൈനികതുല്യമായ നേതൃത്വത്തിന്റെ തുടര്‍ച്ച മാത്രമാണ് കാണുന്നത്. അതിന്റെ മറവിലെ സാമ്പത്തിക അധോലോക ബന്ധങ്ങളെല്ലാം മറനീക്കി പുറത്തു വരുന്നു എന്നതാണ് ഇപ്പോള്‍ പൊടുന്നനെയുണ്ടായത്. അതിന്റെ രാഷ്ട്രീയവും ധാര്‍മികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മാന്യത മുഖ്യമന്ത്രി വിജയന്‍ കാണിക്കണം. ഇടതുപക്ഷ രാഷ്ട്രീയത്തിനു നല്‍കാവുന്ന വലിയ സംഭാവനയാവുമത്.

പൊതുതെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഇങ്ങനെപോയാല്‍ തുടര്‍ഭരണ സ്വപ്നം തകര്‍ന്നടിയും. വിജയനിലൊടുങ്ങും പാര്‍ട്ടിയും ഇടതുഭരണവും എന്ന സ്ഥിതിയാവും. ഇപ്പോള്‍ തിരുത്തിയാല്‍ ഇടതുപക്ഷത്തിനു നന്ന്. മുഖ്യമന്ത്രി സ്വയം മാറി പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്. കമ്യൂണിസ്റ്റ് ബോധവും ധാര്‍മ്മികതയും അല്‍പ്പമെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ വിജയന്‍ അതു ചെയ്യാതിരിക്കില്ല.

ആസാദ്

19 ജൂലായ് 2020


ഡോ. ആസാദ്‌

ഡോ. ആസാദ്‌

അധ്യാപകന്‍, എഴുത്തുകാരന്‍

Next Story

Related Stories