TopTop
Begin typing your search above and press return to search.

'ശ്രീ ചിത്രയിലേത് അപരിഹാര്യമായ പെരുമാറ്റ ദൂഷ്യം, ഡോക്ടർ എന്ന നിലയിൽ കേരളത്തിലെ ജനങ്ങളോടെ മാപ്പുചോദിക്കുന്നു'

ശ്രീ ചിത്രയിലേത് അപരിഹാര്യമായ പെരുമാറ്റ ദൂഷ്യം, ഡോക്ടർ എന്ന നിലയിൽ കേരളത്തിലെ ജനങ്ങളോടെ മാപ്പുചോദിക്കുന്നു

വൈദ്യസേവനം നടത്തുന്നവർ അംഗീകൃത പെരുമാറ്റ ചട്ടങ്ങളും വൈദ്യശാസ്ത്ര നൈതികതയും ഏത് പ്രതികൂല സാഹചര്യങ്ങളിലും കർശനമായി പാലിക്കാൻ ബാധ്യതയുള്ളവരാണ്.

എല്ലാ രോഗങ്ങളും ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയണമെന്നില്ല എന്നാൽ ഡോക്ടർമാർ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് ഒരു സാഹചര്യത്തിലും രോഗികൾക്ക് ഹാനിക്കരമായ യാതൊന്നും ചെയ്യാൻ പാടില്ലെന്നാണെന്ന് (Firsr Do no Harm: Primum Non Nocere) ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റ്സ് വൈദ്യസമൂഹത്തെ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്.

വൈദ്യശാസ്ത്രത്തിന്റെ ഈ അടിസ്ഥാന പ്രമാണങ്ങളെല്ലാം ലംഘിച്ച് കൊണ്ടും കോറോണ ബാധ നിയന്ത്രിക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിർദ്ദേശങ്ങൾ അവഗണിച്ച് കൊണ്ടും സ്പെയിനിൽ നിന്നെത്തിയ ഉന്നത ശ്രേണിയിലുള്ള ഒരു ഡോക്ടർ ഗുരുതരമായ രോഗികളെ ചികിത്സിക്കുന്ന കേരളത്തിലെ പ്രശസ്ത സ്ഥാപനമായ ശ്രീ ചിത്ര മെഡിക്കൽ സെന്ററിൽ തന്റെ സഹപ്രവർത്തകരുടെയും രോഗികളുടെയും ജീവൻ അപകടത്തിലാക്കികൊണ്ട് ഏതാനും ദിവസം പ്രവർത്തിച്ചുവെന്നത് അങ്ങേയറ്റം നിർഭാഗ്യകരമായി പോയി.

ആധുനികവും പൌരാണികവുമായ വൈദ്യശാസ്ത്ര ചരിത്രം പരിശോധിച്ചാൽ സ്വന്തം ജീവൻ ബലികഴിച്ച് രോഗവ്യാപനം തടയുന്നതിനും രോഗികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഡോക്ടർമാർ നടത്തിയ നിരവധി ഇടപെടലുകൾ കാണാൻ കഴിയും രോഗാണുക്കൾ കണ്ടെത്തുന്നതിന് മുൻപ് തന്നെ പ്രസവമെടുക്കുന്ന ഡോക്ടർമാർ അണുനാശക ലായനിയിൽ കൈകഴുകേണ്ടതാണെന്ന് വൈദ്യലോകത്തെ പഠിപ്പിക്കയും അതിന്റെ പേരിൽ പീഠനം അനുഭവിക്കുകയും ചെയ്ത ഭിഷഗ്വരനാണ് ഡോ ഇഗ്നാസ് ഫിലിപ് സെമ്മൽ വീസ് (1818-63). എന്നാൽ സെമ്മൽ വീസിനെ ഭ്രാന്തനെന്ന് മൂദ്രകുത്തി ചിത്തരോഗാശുപത്രിയിൽ അടക്കുകയാണുണ്ടായത്. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സെമ്മൽ വീസിനെ ക്രൂരമായി മർദ്ദിക്കയും തുടർന്ന് മുറിവുകളിൽ ഉണ്ടായ അണുബാധയെ തുടർന്ന് അദ്ദേഹം മരണമടയുകയും ചെയ്തു. പ്രസാവനന്തരമുണ്ടാവുന്ന അണുബാധയും തുടർന്നുണ്ടാകുന്ന മാതൃമരണങ്ങളും ഒഴിവാക്കപ്പെട്ടത് സെമ്മൽ വീസ് നിർദ്ദേശിച്ച വളരെ ലളിതമായ നിർദ്ദേശം പിൽക്കാലത്ത് നടപ്പിലാക്കപ്പെട്ടതോടെയാണ്.

കൊറോണ രോഗ വ്യാപനം തടയാനായി കൈകൾ വൃത്തിയായി കഴുകുമ്പോൾ സെമ്മൽ വീസിന്റെ രക്തസാക്ഷിത്വം നമ്മുടെ ഓർമ്മയിലേക്ക് കടന്ന് വരേണ്ടതാണ്. ഓരോ കൈ കഴുകലുകളും അദ്ദേഹത്തിന് സമർപ്പിക്കുന്ന പ്രണാമമായി കരുതേണ്ടതാണ്.

കോറോണ കാലത്തും പൊതു താത്പര്യത്തിനായി സത്യം പറഞ്ഞ് പീഠനവും രക്തസാക്ഷിത്വവും കൈവരിക്കുക എന്ന വൈദ്യശാസ്ത്രത്തിന്റെ മഹത്തായ പാരമ്പര്യം വീണ്ടും ഉയർത്തെഴുന്നേറ്റിരിക്കയാണ്. ചൈനയിൽ അപൂർവ്വമായ ഒരു രോഗം വ്യാപിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ആദ്യമായി റീപ്പോർട്ട് ചെയതത് നേത്ര ഡോക്ടറായ ലിൻ വെൻലിയാങ്ങ് ആയിരുന്നു. ലിൻ വെൻ ലിങ്ങും, സെമ്മൽ വീസിനെ പോലെ പീഠിപ്പിക്കപ്പെട്ടു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പേരിൽ

ഡോ ലീനിനെതിരെ അധികൃതർ നടപടിയെടുക്കുയും താൻ പറഞ്ഞത് തെറ്റാണെന്ന് അദ്ദേഹത്തിൽ നിന്നെഴുതി വാങ്ങയും ചെയ്തു. പിന്നീട് താൻ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ അവഗണിച്ച, കൊറോണ ഒരു രോഗിയിൽ നിന്നും ബാധിച്ച് 34 മത്തെ വയസ്സിൽ ലിൻ മരണമടഞ്ഞു

രോഗികളുടെ താത്പര്യം സംരക്ഷിക്കാൻ ജീവൻ വരെ ബലികൊടുക്കാൻ തയ്യാറായ നിരവധി ഭിഷഗ്വരന്മാരുടെ ത്യാഗോജ്വലമായ സംഭാവനകൾ കൊണ്ട് സമ്പന്നമാണ് വൈദ്യശാസ്ത്ര ചരിത്രം. സെമ്മൽ വീസിന്റെയും ലിൻ വെൻലിയാങ്ങും കുടുംബത്തിൽ പെട്ടവരാണെന്നതിൽ അഭിമാനിക്കുന്നവരാണ് വൈദ്യസമൂഹത്തിലുള്ളവർ. .

മഹത്തായ പാരമ്പര്യമുള്ള വൈദ്യലോകത്തിന് അപമാനം വരുത്തികൊണ്ട് ശ്രീ ചിത്രയിലെ ഡോക്ടറിൽ നിന്നുണ്ടായ അപരിഹാര്യമായ പെരുമാറ്റ ദൂഷ്യത്തിൽ കലവറയില്ലാതെ കുറ്റബോധം പ്രകടിപ്പിച്ച് കൊണ്ട് ഡോക്ടർ എന്ന നിലയിൽ ഞാൻ കേരളത്തിലെ ജനങ്ങളോടെ മാപ്പു ചോദിക്കുന്നു.


Next Story

Related Stories