ഡെക്സാമെത്തസോണ്‍ കോവിഡിന് പ്രതിരോധ മരുന്നായി ഉപയോഗിക്കാമോ എന്നൊരു ചോദ്യം ലഭിച്ചു. ഇല്ല എന്നാണ് ഉത്തരം. അതൊരു സ്റ്റിറോയ്ഡ് വിഭാഗത്തില്‍ പെടുന്ന മരുന്നാണ്. ഗുരുതരമായ ശ്വാസംമുട്ടല്‍ പോലുള്ള പല അവസ്ഥകളിലും വളരെ സാധാരണയായി ആശുപത്രികളില്‍ ഉപയോഗിക്കാറുള്ള മരുന്നാണിത്. ശരീരത്തില്‍ ഉണ്ടാകുന്ന അലര്‍ജി പോലുള്ള അവസ്ഥകളിലും സ്റ്റിറോയ്ഡ് മരുന്നുകള്‍ നല്‍കാറുണ്ട്.
സത്യത്തില്‍ ഒരു വണ്ടര്‍ ഡ്രഗ് ആണ് സ്റ്റിറോയ്ഡ്. പലപ്പോഴും ജീവന്‍രക്ഷാ മരുന്ന്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയി ഓക്സിജനും വെന്റിലേറ്ററും ആവശ്യമുള്ളവര്‍ക്ക് dexamethasone കൂടി നല്കിയാല് ഗുണകരമാണ് എന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. അതായത് ഇത് ഉപയോഗിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ മരണ നിരക്ക് കുറയുന്നു എന്നാണ് പഠനം. അതല്ലാതെ വൈറസിനെതിരെ പ്രതിരോധശേഷി നല്കുന്ന മരുന്ന് അല്ല ഇത്.
അനാവശ്യമായി ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നാണ് സ്റ്റിറോയ്ഡ്. പനി ഉണ്ട് എന്ന് കരുതി വാങ്ങി കഴിക്കാനും പാടില്ല. കാരണം നിങ്ങളുടെ രോഗലക്ഷണങ്ങള്‍ സ്റ്റിറോയ്ഡ് ഉപയോഗിച്ചാല്‍ മാസ്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. പക്ഷേ രോഗകാരണം ഇല്ലാതാവില്ല. അത് ഗുണത്തേക്കാളേറെ ദോഷമാണ്. കാരണം രോഗലക്ഷണങ്ങള്‍ കുറയുന്നതോടെ ശരിയായ പരിശോധനയും ചികിത്സയും ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. എന്തുതരം പനിയാണ് എന്ന് കണ്ടുപിടിക്കാന്‍ പോലും വൈകും. അത് ഗുരുതരാവസ്ഥയില്‍ എത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇതല്ലാതെ തന്നെ പ്രതിരോധ ശേഷിയെ ബാധിക്കുന്നതടക്കമുള്ള മറ്റു പല പ്രശ്നങ്ങള്‍ വേറെയുമുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. ഓര്‍ക്കുക, ബാധിക്കുന്നവരില്‍ ഏതാണ്ട് 85 ശതമാനം പേരിലും ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്നും സൃഷ്ടിക്കാത്ത അസുഖമാണ് കോവിഡ്. അവര്‍ക്കൊന്നും ഈ സ്റ്റിറോയ്ഡ് ആവശ്യമില്ല.
കോവിഡിനെ പ്രതിരോധിക്കാന്‍ നമ്മള് ചെയ്യേണ്ടത് ശരീരിക അകലം പാലിക്കുക, കൈകള്‍ കഴുകുക, കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക, മാസ്ക് ധരിക്കുക എന്നിവയാണ്. അതിബുദ്ധി കാട്ടി, പ്രതിരോധം എന്നും കരുതി സ്റ്റിറോയ്ഡ് വാങ്ങിക്കഴിച്ച് പണി വാങ്ങരുത്.