TopTop
Begin typing your search above and press return to search.

'സാമ്പത്തിക സംവരണം ക്ഷേമപ്രവർത്തനത്തിന്റെ മറ്റൊരു രൂപമാണ്, അത് വേണമോ വേണ്ടയോ എന്നതാണ് യഥാർത്ഥപ്രശ്നം'

സാമ്പത്തിക സംവരണം ക്ഷേമപ്രവർത്തനത്തിന്റെ മറ്റൊരു രൂപമാണ്, അത് വേണമോ വേണ്ടയോ എന്നതാണ് യഥാർത്ഥപ്രശ്നം

കേരളത്തിലെ സാമൂഹ്യവിശകലനങ്ങളില്‍ ഇപ്പോള്‍ മേല്‍കൈ നേടുന്നത് ലിബറല്‍ നിലപാടുകളോ വര്‍ഗ്ഗവിശകലനമോ അല്ല, വംശീയതയാണ്. ഈയടുത്ത കാലത്തെ ചര്‍ച്ചകളെല്ലാം വംശീയതയെ ചൊല്ലിയായിരുന്നു. ഒരു സമയത്തു പ്രവാസിയും തദ്ദേശവാസിയും തമ്മിലുള്ള ഭിന്നതയെ പറ്റിയുള്ള ചര്‍ച്ചകളില്‍ വംശീയത പ്രത്യക്ഷപ്പെട്ടു. പിന്നീട് തീരദേശവാസികളെ സംബന്ധിച്ച ചില ചര്‍ച്ചകളില്‍ വംശീയത കടന്നു വന്നു. ഇപ്പോള്‍ സംവരണത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ സവര്‍ണരും അവര്ണരും തമ്മിലുള്ള വേര്‍തിരിവുകളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ വീണ്ടും വംശീയത കടന്നു വരുന്നു.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പാശ്ചാത്യലോകത്തില്‍ നിന്നു ഇറക്കുമതി ചെയ്യപ്പെട്ട കള്ളനാണയമാണ് വംശീയത. പാശ്ചാത്യലോകത്തില്‍ വംശീയത സൃഷ്ടിച്ച ദുരന്തങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയാം. വെള്ളക്കാരുടെ വംശീയവെറിയുടെ കൊടുമകളാണ് അവിടത്തെ ആഫ്രിക്കക്കാരും ഏഷ്യക്കാരും ഇപ്പോഴും അനുഭവിക്കുന്നത്. ഇതേ വംശീയവെറി തന്നെയാണ് ഫാഷിസത്തെ സൃഷ്ടിച്ചത്. ഫാഷിസത്തിനെതിരായി സിയോണിസത്തെ സൃഷ്ടിച്ചത് ഇസ്രായേല്‍ എന്ന രാജ്യത്തെ ഉണ്ടാക്കിയതും സാമ്രാജ്യത്വം കൂടി അംഗീകരിച്ച വംശീയത ആയിരുന്നു. തുടര്‍ച്ചയായ ഇസ്രായേല്‍ അറബി യുദ്ധങ്ങള്‍ക്കും കാരണം ഇതായിരുന്നു. പാന്‍ ഇസ്ലാമിസം വളര്‍ന്നു വന്നത് ഇതിന്റെ മറുവശം എന്നനിലയിലാണ്. ഇപ്പോള്‍ ഹിന്ദുത്വവും അതിനെ എതിര്‍ക്കുന്ന സമുദായികവാദികളുമായുള്ള സംവാദങ്ങള്‍ നടക്കുന്നതും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെ. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ വിതച്ച നിലപാടും വംശീയതയാണ്. മതപരമായ ഭിന്നതകള്‍ പോലും വംശീയതയുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുകയും കൃത്യമായ അകലങ്ങളില്‍ മതങ്ങള്‍ തമ്മില്‍ പാലിക്കണമെന്ന് വാശി പിടിക്കുകയും ചെയ്യുന്ന എത്രയോ അനുഭവങ്ങളുണ്ട്. ജാതീയതയെ വംശീയതയായി വിലയിരുത്താനുള്ള ശ്രമങ്ങളും നിരവധിയാണ്. അവയുടെ അശാസ്ത്രീയത തെളിയിക്കപ്പെട്ടിട്ടും ഇന്നും തുടരുന്നു.

സവര്‍ണസംവരണത്തെ എതിര്‍ക്കുന്നതിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ വര്‍ഗ്ഗപരമാണ്. ഒരു കാലത്തു ആധിപത്യം സ്ഥാപിച്ച വിഭാഗങ്ങള്‍ ദരിദ്രരായി മാറുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വളര്‍ന്നു വരുന്ന മുതലാളിത്തമാണ്. മുതലാളിത്തം ഇല്ലായ്മ ചെയ്യാതെ കേവലമായ അവസര സമത്വം കൊണ്ടു മാത്രം ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. അതായത് സാമ്പത്തിക സംവരണം ക്ഷേമപ്രവര്‍ത്തനത്തിന്റെ മറ്റൊരു രൂപം മാത്രമാണ്. അത് വേണമോ വേണ്ടയോ എന്നതാണ് യഥാര്‍ത്ഥപ്രശ്‌നം.

പക്ഷെ ഈ വാദമല്ല സാമുദായിക വാദികള്‍ ഉന്നയിക്കുന്നത് അവര്‍ ഉന്നയിക്കുന്ന വാദം വംശീയപരമാണു. സവര്‍ണരും അവര്ണരും അവര്‍ക്ക് രണ്ടു വംശീയവിഭാഗങ്ങളാണ്. അതുകൊണ്ട് ഒരു വിഭാഗത്തിനുള്ള അവകാശങ്ങള്‍ മറുഭാഗത്തിനു നിഷേധിക്കപ്പെടണം ഇതേ വാദം മറുഭാഗത്തിനും ഉന്നയിക്കാന്‍ കഴിയും എന്ന് അവര്‍ ആലോചിക്കുന്നില്ല. അതാണ് ഇപ്പോള്‍ സംഘ് പരിവാര്‍ സമര്‍ത്ഥമായി ചെയ്യുന്നതും.സംഘ് പരിവാറിന് ആധിപത്യം നേടാന്‍ കഴിഞ്ഞത് തന്നെ ഇതിനെ ഫലപ്രദമായി ഉപയോഗിച്ചാണ്. വംശീയവാദം തന്നെ ഉപയോഗിച്ച് ഇതിനെ എതിര്‍ക്കാനാവില്ല. അത് തികച്ചും വിഭാഗീയമാകുകയും ചെയ്യും. അതുണ്ടാക്കുന്ന വേര്‍തിരിവുകള്‍ സമൂഹത്തെ നശിപ്പിക്കും. താല്‍കാലികരാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് ഏറ്റവും അപകടകരമാകുക.

കേരളത്തില്‍ വര്‍ഗ്ഗവിശകലനത്തില്‍ നിന്നുള്ള ഈ പിറകോട്ടു പോക്ക് അപകടകരമാണ്. സംവരണപ്രശ്‌നം ഇതിനു മുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇനിയും ചര്‍ച്ച വേണ്ടി വരും. വഴി ഇതല്ലെന്നു മാത്രം.


Next Story

Related Stories