TopTop
Begin typing your search above and press return to search.

'റിസർവ് ബാങ്ക് നോട്ടടിച്ചുതരും എന്ന് പറഞ്ഞാൽ കൊടുങ്ങല്ലൂർ ഭാഗത്ത് നോട്ടടിപ്പിക്കുന്ന പോലത്തെ കലാപരിപാടിയല്ല'

റിസർവ് ബാങ്ക് നോട്ടടിച്ചുതരും എന്ന് പറഞ്ഞാൽ കൊടുങ്ങല്ലൂർ ഭാഗത്ത് നോട്ടടിപ്പിക്കുന്ന പോലത്തെ കലാപരിപാടിയല്ല

റിസർവ്വ് ബാങ്ക് നോട്ടടിക്കുമ്പോൾ-

നിങ്ങൾ ഒരു കർഷകനാണ്; നിങ്ങളുടെ കൃഷിയാകെ വെള്ളം കയറിപ്പോയി. ഒന്നും വിളവെടുക്കാനില്ല. അടുത്ത സീസൺ ആയി; കൈയിൽ കാര്യമായി നീക്കിയിരുപ്പൊന്നുമില്ല. നിങ്ങൾക്കു ചില ഓപ്‌ഷനുകളുണ്ട്.

ഒന്ന്: പോയതൊക്കെ പോട്ടെ. നിങ്ങളും മക്കളും കൂടി ചേർന്ന് കൃഷി ചെയ്‌താൽ ജീവിക്കാനുള്ള വക കിട്ടും. അപ്പൂപ്പൻ ടൗണിൽ പണിത നാല് കടമുറിയുണ്ട്; അതിന്റെ വാടകകൂടി കിട്ടിയാൽ കഷ്ടിച്ച് ജീവിച്ചുപോകാം.

രണ്ട്: കടം എടുക്കുക. കൃഷിയ്ക്കുമുൻപ് നിലമൊരുക്കണം, അതിനു തൊഴിലാളികൾക്ക് കൂലികൊടുക്കണം; വിത്തും വളവും വാങ്ങണം, വിത്ത് പാകണം; ഇടയ്ക്കുള്ള പണികൾ ചെയ്യണം. വിളവെടുക്കണം, അത് മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കണം. അതിനാവശ്യമായ അത്രയും പണം കടം വാങ്ങണം.

ആദ്യത്തേതാണ് നിങ്ങളുടെ ഓപ്‌ഷനെങ്കിൽ അടുത്ത സീസണിലും നിങ്ങൾക്കു പണം മിച്ചമുണ്ടാകില്ല. നിങ്ങളുടെ പല തൊഴിലാളികൾക്കും തൊഴിൽ ഉണ്ടാകില്ല; അവര്‌ മിക്കവാറും പട്ടിണിയിലായിരിക്കും. നിങ്ങൾ വാങ്ങുന്ന വിത്തും വളവും വളരെ കുറവായിരിക്കും; അത് വിൽക്കുന്നവരും കഷ്ടത്തിലാകും. വിൽക്കാൻ നിങ്ങള്ക്ക് കൃഷിഫലം കാര്യമായി ഉണ്ടാകില്ല. മാർക്കറ്റിൽ ഉൽപ്പന്നം ഇല്ലാതാകുന്നു. നാട്ടിൽ തൊഴിലും ഭക്ഷ്യോൽപ്പന്നവും ഉണ്ടാവുക എന്ന

പ്രക്രിയ ദുർബലമാകുന്നു.

ഇനി രണ്ടാമത്തെ ഓപ്‌ഷനാണ് നിങ്ങൾ എടുക്കുന്നതെങ്കിലോ? നിങ്ങൾ പണം കടം വാങ്ങുന്നു; പണം കൊടുത്ത് വിത്തും വളവും വാങ്ങുന്നു; തൊഴിലാളികൾക്ക് തൊഴിൽ കിട്ടുന്നു; നിങ്ങൾ കൂടുതൽ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നു; അതിൽ കുറെയേറെ നിങ്ങൾ വാഹനത്തിൽ കയറ്റി വിപണിയിൽകൊണ്ടുപോയി വിൽക്കുന്നു; കടത്തിന്റെ ഒരു ഭാഗം തിരിച്ചടയ്ക്കുന്നു. മാർക്കറ്റിൽ ഉൽപ്പന്നം ഉണ്ടാകുന്നു; നാട്ടിൽ തൊഴിലും ഭക്ഷ്യോൽപ്പന്നവും ഉണ്ടാകുന്നു.

ആകെ വെള്ളം കയറിക്കിടക്കുന്ന അവസ്‌ഥയിൽ വളം വില്പനക്കാരനും വിത്തുവിൽപ്പനക്കാരനും കര്ഷകത്തൊഴിലാളിയ്ക്കും വിപണി നടത്തുന്നവനും വാഹനമോടിക്കുന്നവനും പണം കടമെടുത്തിട്ടു ഒന്നും ചെയ്യാനില്ല; ഇവിടെ പണം ചെലവാക്കാൻ പറ്റുന്ന ഒരേയൊരാൾ കൃഷിക്കാരനാണ്.

അപ്പോൾ ഒരു സംശയം വരാം: കടം വാങ്ങി കൃഷിക്കാരൻ ഇറങ്ങുമ്പോൾ, അയാൾ കൂടുതൽ വിത്തും വളവും വാങ്ങുമ്പോൾ അവയുടെ വില ഉയരില്ലെ? കൂലി കൂടില്ലേ? ഇല്ല എന്നാണ് ഉത്തരം. സാധാരണ സന്ദർഭമാണ് എങ്കിൽ, എല്ലാവരും സാധാരണ പോലെ കൃഷി ചെയ്യുമ്പോൾ നിങ്ങൾ കൂടുതൽ പണം വാങ്ങി കൃഷി ചെയ്യാൻ പോയാൽ ചിലപ്പോൾ വളത്തിനും വുത്തിനും തൊഴിലാളിയ്ക്കും ദൗർലഭ്യം വന്നേക്കാം; വില കൂടിയേക്കാം. സാധരണ ഗതിയിലേക്ക് വരുന്നതുവരെ അങ്ങിനെ ഒരു വിലക്കയറ്റം ഉണ്ടാകില്ല.

ഇത്രയും നിങ്ങൾക്ക് ബോധ്യമായെങ്കിൽ ഡോ. തോമസ് ഐസക് പറഞ്ഞതും ബോധ്യമാകും: നിങ്ങൾ പണം കടം വാങ്ങി കൃഷിയിറക്ക്.

----

ഇക്കഴിഞ്ഞ മാർച്ചു മാസത്തെ ജി എസ് ടി കളക്ഷൻ 97,597 കോടി രൂപയാണ്. കഴിഞ്ഞ മാർച്ചിൽ ഇത് കോടി 1,06,577 രൂപയായിരുന്നു;

9000 കോടി രൂപയോളം കുറവ്. സർക്കാർ ലക്‌ഷ്യം 1.25 ലക്ഷം കോടി രൂപയായിരുന്നു.

ആരെയും പറഞ്ഞിട്ട് കാര്യമില്ല. മാർച്ച് അവസാന ആഴ്ച മുഴുവൻ രാജ്യം ലോക്ഡൗണിലായിരുന്നു. അടുത്ത മാസങ്ങളിൽ ഇതിലും പരിതാപകരമാകും അവസ്‌ഥ. ഏപ്രിൽ മാസം പകുതിവരെ ലോക് ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്; അത് മിക്കവാറും നീട്ടും. ഇക്കണോമി സാധാരണ രീതിയിലേക്ക് തിരിച്ചുപോകാൻ എത്രകാലം വേണമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. വരുമാനമില്ലെങ്കിൽ കേന്ദ്രവും സംസ്‌ഥാനങ്ങളുമെല്ലാം അവരവരുടെ ബജറ്റുകൾ പുതുക്കിപ്പണിയേണ്ടിവരുന്ന അവസ്‌ഥ.

വ്യവസായ-സേവന മേഖലകൾ കടുത്ത പ്രതിസന്ധിയിലാണ്. ഉൽപ്പാദനം എന്ന് പുനരാരംഭിക്കാൻ പറ്റും, പറ്റിയാൽത്തന്നെ ആവശ്യക്കാരുണ്ടാകുമോ എന്ന ചോദ്യം ഓരോ ഉൽപ്പാദകനെയും തുറിച്ചുനോക്കുന്നു. പ്രധാന വിളവെടുപ്പിന്റെ സമയമാണ് ഇപ്പോൾ; ചിലയിടങ്ങളിൽ അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പിന്റെയും. അതെങ്ങിനെ നടക്കും എന്നത് കാർഷികമേഖലയെ മാത്രമല്ല ഭക്ഷ്യ സുരക്ഷയെയും ബാധിക്കും. കാർഷിക വ്യവസായ മേഖലയിലെ നിശ്ചലാവസ്‌ഥ വളരെ സ്വാഭാവികമായും സേവന മേഖലയിലും പ്രതിഫലിക്കും.

ഒന്നിനും ഉറപ്പില്ലാത്ത അവസ്‌ഥയിൽ ആകെ ഇടപെടാൻ പറ്റുന്ന ഒരേയൊരു ഘടകം സർക്കാരുകളാണ്. സർക്കാർ പണമില്ല എന്ന് പറഞ്ഞു കൈ കഴുകുകിയിരുന്നാൽ അടുത്തകാലത്തൊന്നും സമ്പദ്ഘടനയ്ക്ക് ഒരു തിരിച്ചുവരവുണ്ടാവുക സാധ്യമല്ല. ലോകമെങ്ങുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്ന മാർഗ്ഗം ഇതുതന്നെയാണ്. നോബൽ സമ്മാനം നേടിയ അഭിജിത് ബാനർജിയും റിസർവ് ബാങ്ക് മുൻ ഗവർണ്ണർ സി രംഗരാജനും ഇതുതന്നെ പറഞ്ഞിട്ടുണ്ട്. അമേരിക്കൻ ഫെഡറൽ റിസേർവും യൂറോപ്യൻ സെൻട്രൽ ബാങ്കും ഒക്കെ ചെയ്യുന്നതും ചെയ്യാൻ പോകുന്നതും ഇതാണ്.

ഇതാണ് ഡോ. ഐസക്കും പറഞ്ഞത്.

(റിസർവ് ബാങ്കിനോട് പറഞ്ഞാൽ മതി അവർ നോട്ടടിച്ചുതരും എന്ന് പറഞ്ഞാൽ ഉടനെ കൊടുങ്ങല്ലൂർ ഭാഗത്ത് പ്രസ് സംഘടിപ്പിച്ചു നോട്ടടിപ്പിക്കുന്ന പോലത്തെ കലാപരിപാടിയല്ല. അത് സർക്കാർ കടപ്പത്രം ഇറക്കുകയും റിസർവ് ബാങ്ക് അത് വാങ്ങുകയുമാണ്. ഇക്കണോമി മെച്ചപ്പെടുകയും സർക്കാർ വരുമാനം വർദ്ധിക്കുകയും ചെയ്യുമ്പോൾ തിരിച്ചുകൊടുന്ന പണം. അത്തരം തിരിച്ചടവുകൾക്കു കൃത്യമായ പാറ്റേണുണ്ട്)

ഇത് അദ്ദേഹം കഴിഞ്ഞ ദിവസമായിട്ടു പറഞ്ഞതല്ല. ഇതെന്റെ ഐഡിയ അല്ലെന്നും കെയ്ൻസിന്റെതാണെന്നും അദ്ദേഹം പലപ്പോഴും അപറയാറുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മാന്ദ്യം വന്നപ്പോഴും ഇപ്പോൾ കൊറോണവന്നപ്പോഴും അദ്ദേഹം പറയുന്നത് അതുതന്നെ. കോൺട്രാക്ടര്മാര്ക്ക് കൊടുക്കാനുള്ള പണം കൊടുത്താൽ അതുകൊണ്ടു നാട്ടുകാർക്ക് എന്ത് മെച്ചം എന്ന ചോദ്യം എം എൽ എ മാർ വരെ ചോദിക്കുന്ന നാടാണ് നമ്മുടേത്. കൊടുക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം പിറ്റേദിവസം തന്നെ മാർക്കറ്റിൽ എത്തുമെന്നും കൂടുതൽ പണികൾ അവർ ഏറ്റെടുക്കുമെന്നും അത് സമ്പദ്‌വ്യവസ്‌ഥയെ ചിലിപ്പിക്കുമെന്നും അവർക്കു മനസ്സിലായില്ലെങ്കിൽ എന്ത് ചെയ്യാനാണ്? കടമെടുത്തു കുടുംബശ്രീയ്ക്ക് കൊടുക്കുന്നതിൽ എന്ത് കാര്യം എന്ന് ചോദിക്കുന്നവരുണ്ട്; വരുമാനം നിലച്ച കേരളത്തിലെ കുടുംബങ്ങൾ വട്ടിപ്പലിശക്കാരന്റെ കൈയിൽ വീണുപോകുന്നത്തിൽ നിന്നും രക്ഷപ്പെടുത്താനുള്ള വഴിയാണതെന്നു ആരെ പറഞ്ഞു മനസ്സിലാക്കാനാണ്! കേരളത്തിൽ ആകെയുള്ള 74 ലക്ഷം കുടുംബങ്ങളിൽ 54 ലക്ഷം വീടുകളിൽ പലതരം പെൻഷനും കുടിശ്ശികയും ക്ഷേമനിധിയും വായ്പയുമൊക്കെയായി എണ്ണായിരം രൂപ മുതൽ മുകളിലേയ്ക്കു പണം സർക്കാർ കടമെടുത്തതു കൈമാറിയതാണ് കേരളം നിശ്ചലമാകാതിരിക്കാൻ കാരണമെന്ന് അവർക്കെന്നു മനസ്സിലാകാനാണ്!

ഡൽഹിയിൽനിന്ന് ആഹ്വാനം വരുമ്പോൾ ബാൽക്കണിയിൽ കയറിനിന്നു തുണിയഴിച്ചു തുള്ളി കൊറോണയെ ഓടിക്കുന്ന പാർട്ടികൾക്കുവേണ്ടി എഴുതിയതല്ല; അവർക്കു ഡോ. ഐസക് കയറുപിരി ശാസ്ത്രജ്ഞനാണ്. ആ വിളി അവർക്കറിയാവുന്ന ജ്ഞാന വ്യവഹാരത്തിന്റെ പരമാവധിയില്നിന്നു വരുന്നതാണ്. പക്ഷെ കൊറോണക്കാലത്തു പിണറായി വിജയനും കെ കെ ശൈലജ ടീച്ചറും ചെയ്യുന്ന കാര്യങ്ങൾ ലോകം ശ്രദ്ധിക്കുന്നതുപോലെത്തന്നെ ഡോ ഐസക്ക് ചെയ്യുന്നതും അദ്ദേഹം പറയുന്നതും ശ്രദ്ധിക്കപ്പെടും. കേരളം ചെയ്യുന്നത് ഇന്ത്യ നാളെ ചെയ്യേണ്ടിവരും.


Next Story

Related Stories