TopTop
Begin typing your search above and press return to search.

കോവിഡ്; 'മൂന്നു മണിക്കൂര്‍ നീണ്ട പരീക്ഷ പോലല്ല മാസങ്ങള്‍ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം'

കോവിഡ്; മൂന്നു മണിക്കൂര്‍ നീണ്ട പരീക്ഷ പോലല്ല മാസങ്ങള്‍ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം

ഇലക്ഷനുകള്‍ മാറ്റിവെയ്ക്കണം. പ്രതേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്. ബൈ ഇലക്ഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനും തുടര്‍ന്നു നിയമസഭ ഇലക്ഷനും തയ്യാറെടുപ്പുകള്‍ നടത്തുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. കോവിഡ് 19 കാലഘട്ടത്തില്‍ ഒരു ഇലക്ഷന്‍ വേണമെന്ന് വാശി പിടിക്കുന്നവര്‍ ലോകത്തിന്റെ ചില കണക്കുകള്‍ കൂടി കണ്ടാല്‍ നന്നായിരിക്കും.

അസാധാരണ സാഹചര്യത്തില്‍ അസാധാരണ തീരുമാനങ്ങളെന്നാണ്. തെരഞ്ഞെടുപ്പുകള്‍ക്ക് അത് തീര്‍ച്ചയായും ബാധകമാക്കണം. ലോകത്തെ ഏതാണ്ട് എഴുപതോളം രാജ്യങ്ങളാണ് ദേശീയ തിരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചത്. 33 രാജ്യങ്ങള്‍ റഫറണ്ടം നടത്തുന്നതില്‍നിന്നും മാറിനിന്നു. ആഫ്രിക്കയിലെ 15 രാജ്യങ്ങള്‍, അമേരിക്കയിലെ പതിനെട്ടോളം പ്രദേശങ്ങള്‍, ഏഷ്യാ പെസഫിക് മേഖലയിലെ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, മാലി ദീപുകള്‍, പാകിസ്ഥാന്‍. യൂറോപ്പിലെ ഫ്രാന്‍സ് ,ജര്‍മനി. മിഡില്‍ ഈസ്റ്റിലെ ഇറാന്‍, ഒമാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളാണ് വിവിധ തരത്തിലുള്ള ഇലക്ഷനുകള്‍ കോവിഡ്19 മൂലം മാറ്റിവെച്ചത്.

മുന്നറിയിപ്പുകള്‍ അവഗണിച്ച രാജ്യങ്ങള്‍ക്ക് വലിയ വിലനല്‍കേണ്ടിവന്നുവെന്നും ഓര്‍ക്കണം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ഷന്‍ തീര്‍ച്ചയായും മാറ്റിവെയ്‌കെണ്ടതാണ്. ഏതാണ്ട് ഒരു ലക്ഷത്തോളം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഈ തദ്ദേശസ്വയംഭരണ സ്ഥാപന ഇലക്ഷനുകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വലിയ ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കും. ഒരു ലക്ഷം സ്ഥാനാര്‍ഥികളോടൊപ്പം കുറഞ്ഞത് അഞ്ച് ആള്‍ക്കാര്‍ കൂടി ഉണ്ടെങ്കില്‍ 5 ലക്ഷം ആള്‍ക്കാര്‍ വീടുവീടാന്തരം കയറി ഇറങ്ങുന്ന ഒരു രീതിയെ തടയുവാന്‍ നമുക്ക് തീര്‍ച്ചയായും കഴിയില്ല.

റിവേഴ്‌സ് ക്വാറെന്റിന്‍ മൂലം വീടുകളില്‍ തന്നെ നില്‍ക്കണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രായാധിക്യമുള്ള ആള്‍ക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനം ആണ്. അവര്‍ക്ക് വോട്ട് ചെയ്യുവാന്‍ സാഹചര്യമോരുക്കുവാനായി വന്‍ തുക ചെലവാക്കേണ്ടി വരും. മൊത്തത്തില്‍ വോട്ടിംഗ് പ്രോസസ് നടത്തുവാനായി കോടിക്കണക്കിന് രൂപയുടെ അധിക ചെലവാകും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഈ സാഹചര്യത്തില്‍ ഉണ്ടാവുക

കോവിഡ് പോസിറ്റീവായ ആള്‍ക്കാര്‍ക്കും വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകണം. പ്രായം കൂടിയവര്‍ക്കു വോട്ട് ചെയ്യുവാന്‍ പ്രത്യേക ബൂത്തുകള്‍ സജ്ജമാക്കണം.കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ ഈ തിടുക്കത്തിന്റെ ആവശ്യമെന്താണ് എന്നുള്ള ചോദ്യം പ്രസക്തം. ഇതെല്ലാം തീര്‍ച്ചയായും താല്‍ക്കാലികമായെങ്കിലും ഒഴിവാക്കപ്പെടാവുന്നതാണ്യ അതെ ഇത് അസാധാരണ സാഹചര്യം.

കോവിഡ് 19 കേരളത്തില്‍ വീണ്ടും വ്യാപകമായി പടര്‍ന്നു പിടിക്കാനുള്ള സാഹചര്യത്തില്‍ ഇലക്ഷനുകള്‍ മാറ്റിവെക്കണം. തല്‍ക്കാലം അദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിഞ്ഞതിനുശേഷം മാത്രം ആലോചിക്കുന്നത് ഉചിതം. അത് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കകം നിയമസഭാ ഇലക്ഷന് നടത്താന്‍ കഴിയും. അപ്പോഴേക്കും ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ കോവിഡ് 19 ഒരു പരിധിവരെയെങ്കിലും നിയന്ത്രണവിധേയമാകും.

ലോകത്ത് പല രാജ്യങ്ങളിലും കോവിടു 19 രണ്ടാം വ്യാപനം ഉണ്ടായി എന്നുള്ളത് വസ്തുതയാണ്. അവിടെയെല്ലാം അടിസ്ഥാന പൊതുജനാരോഗ്യ തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്തിരുന്നു. അത് ഇവിടെയും നമുക്ക് ആവര്‍ത്തിക്കാന്‍ പാടില്ല. മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷ പോലല്ല മാസങ്ങള്‍ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം. അതു കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാം.


Next Story

Related Stories