TopTop
Begin typing your search above and press return to search.

'ആനയുടെ ദാരുണ മരണം വേദനിപ്പിക്കുന്നതാണ്, പക്ഷേ വന്യ ജീവികളുടെ ആക്രമണത്തിന് നടുവിൽ ജീവിക്കുന്ന കർഷകന്റെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ'

ആനയുടെ ദാരുണ മരണം വേദനിപ്പിക്കുന്നതാണ്, പക്ഷേ വന്യ ജീവികളുടെ ആക്രമണത്തിന് നടുവിൽ ജീവിക്കുന്ന കർഷകന്റെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ

ഒരു ആനയുടെ ദാരുണ മരണം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട് പക്ഷെ വന്യ ജീവികളുടെ ആക്രമണത്തിന് നടുവിൽ കൃഷി ചെയ്ത് ജീവിക്കുന്ന ഒരു കർഷകന്റെ ദാരുണ അവസ്ഥയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

കേരളത്തിൽ വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ജനങ്ങളാണ് ഇന്നും കാർഷിക വൃത്തിയെ അന്യം നിന്ന് പോകാതെ കൊണ്ട് നടക്കുന്നത്. പക്ഷെ അവർ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് വന്യ ജീവികളുടെ ശല്യം. കാട്ടാനയും , കാട്ടുപോത്തും തുടങ്ങിയ മൃഗങ്ങൾ കൃഷി ഇടത്തിൽ വന്ന് കൃഷി നശിപ്പിക്കുകയും , ചിലപ്പോ ജനങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചകൾ സാധാരണമാണ്. ഇത് സാധാരണമായത് കൊണ്ടാണ് ആർക്കും അവരെ കുറിച്ച് ഓർക്കാനോ അവരുടെ കഷ്ട്ടപാടുകൾ മനസ്സിലാക്കാനോ ഉള്ള ക്ഷമ ഇല്ലാതെ പോകുന്നത്. ഇങ്ങനെ കൃഷി നശിച്ച് ഒരു കൊല്ലത്തെ അധ്വാനവും പണവും പോകുന്ന എത്രയോ കർഷകരാണ് നമുക്ക് ചുറ്റുമുള്ളത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഒരു ദിവസം 10 കർഷക ആത്മഹത്യകൾ നടക്കുന്നുണ്ട് എന്നതാണ്. അതായത് തന്റെ കൃഷി നശിച്ചത് കൊണ്ടോ ലാഭകരമല്ലാത്തത് കൊണ്ടോ ഒരു രാജ്യത്ത് ദിനം പ്രതി 10 ആളുകൾ ജീവൻ സ്വയം ഹോമിക്കുന്നുണ്ട് എന്നത് ഈ രാജ്യത്തെ ഒരാൾക്കും ഇന്ന് ചിന്തിക്കാൻ സാധിക്കുന്നില്ല എന്നത് എത്ര മാത്രം വൈരുധ്യമാണ് ?

വീട്ടിലെ അടുക്കള തോട്ടത്തിലെ കൃഷിക്ക് പക്ഷികളിൽ നിന്നും പ്രാണികളിൽ നിന്നും സംരക്ഷണം കൊടുക്കാൻ വല കെട്ടുന്നിടത്തും , വിഷ മരുന്ന് അടിക്കുന്നിടത്തും തുടങ്ങുന്നതാണ് നമ്മുടെ കൃഷി ഇടത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ. അത് വനാതിർത്തിയോട് ചേരുമ്പോൾ ഇലക്ട്രിക് വേലികളും , പടക്കങ്ങളും ഒക്കെ ആകും.

എങ്ങനെ ആണ് വലിയ പടക്കത്തിന് ' പന്നി ' പടക്കം എന്ന് പേര് വീണത് ?

അത് പന്നികളെ കൃഷി ഇടത്തിൽ നിന്ന് ഓടിക്കാൻ ഉപയോഗിക്കുന്നത് കൊണ്ടാണ്.

എന്തിന് വേണ്ടിയാണ് കൃഷി ആവശ്യത്തിന് തോക്ക് ലൈസൻസുകൾ സർക്കാർ കൊടുക്കുന്നത് ?

അത് കൃഷി ഇടത്തിലെ ആക്രമകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് വേണ്ടിയാണ്.

അത് കൊണ്ട് വേലി കെട്ടിയിട്ടും , ഇലക്ട്രിക് ലൈൻ വലിച്ചിട്ടും , വിഷം വച്ചിട്ടും ഒന്നും കൃഷി ഇടത്തിലെ ആക്രമണം നിർത്താത്ത കാട്ടാനയെ ഓടിക്കാൻ പിന്നെ എന്താണ് ചെയ്യേണ്ടത് എന്ന് കർഷകരെ വിമർശിക്കുന്ന യഥാർത്ഥ മൃഗസ്നേഹികളും അഭിനവ മൃഗ സ്നേഹികളും പറഞ്ഞു തരണം. ആ കർഷകൻ ആത്മഹത്യ ചെയ്താൽ നിങ്ങളുടെ ടൈംലൈനിൽ ഒരു എഴുത്തും വരില്ലായിരുന്നു പക്ഷെ ഒരു മൃഗം ആയപ്പോ നിങ്ങൾക്കൊക്കെ വേദന കൊണ്ട് പുളയുകയാണോ ?

ഇനി ഇതിന്റെ അടിയിൽ താൻ എന്ത് മനുഷ്യനാണ് , തനിക്ക് കരുണ എന്നത് ഇല്ലേ , എന്തിനാണ് കാട്ടിൽ കൃഷി നടത്തുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നത് അല്ല എന്ന് കൂടി അറിയിക്കട്ടെ.

എന്തായാലും ആനയുടെ ആ അന്ത്യത്തിൽ വിഷമമുണ്ട് പക്ഷെ എനിക്കതിന് ഒപ്പം വിഷമം ഈ രാജ്യത്ത് വന്യ ജീവികളുടെ ആക്രമണത്തിൽ മരിച്ചതും , അംഗവൈകല്യം ആയി പോയവരും , കൃഷി നശിച്ചവരും , കൃഷി ലാഭകരമല്ലാത്തത് കൊണ്ട് ലോൺ എടുത്തവരും , ആത്മഹത്യ ചെയ്യേണ്ടി വന്നതുമായ കൃഷിക്കാരോട് കൂടി ഉണ്ട് എന്ന് അറിയിക്കട്ടെ.

മണ്ണിൽ ഇന്നും പണിയെടുത്ത് പരിസ്ഥിതിയെ സംരക്ഷിക്കുന്നവർക്ക് ആകട്ടെ ഇന്നത്തെ പരിസ്ഥിതി ദിന ആശംസകൾ..


Next Story

Related Stories