ഇ ഡിയുടെ അധികാരശക്തി ബിനീഷ് പക്ഷത്തിനും ബിനീഷ് പക്ഷത്തിന്റെ അധികാരശക്തി ഇ ഡിക്കും ബോദ്ധ്യപ്പെട്ടു കാണും. രണ്ടു കൂട്ടരും കൊള്ളാമെന്ന് പൊതു സമൂഹവും മനസ്സിലാക്കുന്നു. അധികാരമുള്ള വരേണ്യ പക്ഷങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ഭൂമി കുലുങ്ങുന്നുണ്ട്.
ഇരുപത്തിനാലു മണിക്കൂറിലേറെ നീളുന്ന റെയ്ഡ് എവിടെയാണെങ്കിലും ശരിയല്ല. സ്ത്രീകളും കുട്ടികളുമുള്ള വീട്ടില്‍ കുറെകൂടി അനുഭാവപൂര്‍വ്വമാണ് റെയ്ഡ് നടത്തേണ്ടത്. മനുഷ്യാവകാശം ലംഘിക്കപ്പെടാന്‍ ഇടയാവരുത്. ദേശീയ ഏജന്‍സികളുടെ ഇത്തരം സമീപനങ്ങള്‍ പലയിടത്തും നാം കണ്ടിട്ടുണ്ട്. ഒരു ജനാധിപത്യ റിപ്പബ്ലിക്കില്‍ നടക്കരുതാത്ത കാര്യങ്ങളാണ്.
സ്വന്തം നേരെ വരുമ്പോഴേ പലര്‍ക്കും പൊള്ളുന്നുള്ളു. വാളയാര്‍ കുഞ്ഞുങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകളിലും പൊലീസ് കസ്റ്റഡിയിലും കൊല്ലപ്പെട്ട മനുഷ്യര്‍ക്കും നീതി നല്കാന് മനുഷ്യാവകാശ കമ്മീഷനോ ബാലാവകാശ കമ്മീഷനോ ഇത്ര ധൃതിയില്‍ പാഞ്ഞെത്തുന്നത് നാം കണ്ടിട്ടില്ല. അലനെയും താഹയെയും കൊണ്ടു പോയപ്പോള്‍ അമ്മമാരുടെ നിലവിളി കേള്‍ക്കാന്‍ ആരും പാഞ്ഞെത്തിയില്ല. ബിനീഷ് കോടിയേരിയുടെ കാര്യത്തിലുള്ള ഈ ഭരണകൂട ജാഗ്രത നമ്മെ രോമാഞ്ചം കൊള്ളിക്കണം!
ഇ ഡി അതിരുവിടുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിവെക്കാന്‍ വലിയ ഉത്സാഹം ഇ ഡി പ്രകടിപ്പിച്ചുവെന്ന് കരുതണം. കേരള പൊലീസിനെക്കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പലപ്പോഴും ഇതുതന്നെ പറഞ്ഞിട്ടുണ്ട്. അതിരില്ലാത്ത അവകാശമാണ് നമ്മുടെ സേനാവിഭാഗങ്ങള്‍ പ്രകടിപ്പിക്കുന്നത്. നിയമത്തിനും നീതിക്കും അപ്പുറം കടന്ന് ശരിയായ കൃത്യങ്ങളെപ്പോലും സംശയ നിഴലിലാക്കാന്‍ അവര്‍ക്കു വലിയ ആവേശമാണ്. പിടിക്കപ്പെടുന്നവര്‍ അത്ര നിഷ്കളങ്കരൊന്നുമല്ല, അവര്‍ ചായ കുടിക്കാനിറങ്ങിയപ്പോള്‍ പിടികൂടിയതല്ലല്ലോ എന്നൊക്കെ പിന്തുണയ്ക്കുന്ന ആഭ്യന്തര മന്ത്രിമാരും നാട്ടിലുണ്ട്. നിയമം സാധാരണക്കാര്‍ക്കു നേരെ വരുമ്പോള്‍ എങ്ങനെയെന്നും വലിയവര്‍ക്കു നേരെ വരുമ്പോള്‍ എങ്ങനെയെന്നും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞു .സന്തോഷം.
ആസാദ്
05 നവംബര്‍ 2020