ഡീലീറ്റ് ചെയ്യേണ്ടി വന്നില്ല; #Tiktok അടക്കം 59 ആപ്പുകളിൽ ഒന്ന് പോലും ഫോണിൽ ഇല്ലാ എന്ന് അഭിമാനപൂർവം പറയുന്ന ചില സുഹൃത്തുക്കളെ കണ്ടു.
ഫേസ്ബുക്ക്, വാട്സാപ്പ് പ്ലാറ്റുഫോമുകളെ ആദ്യം എതിർക്കുകയും പിന്നീട് ഇതിന്റെയൊക്കെ കസ്റ്റമർമാരായി മാറുകയും ഫ്രൂട്ടി ജൂസിൽ എയ്ഡ്സ് രോഗികളുടെ രക്തം ഉണ്ടെന്നും കോസ്മിക് രശ്മി കടന്നുവരുന്നതിനാൽ ഫോൺ ഓഫ് ചെയ്യണം എന്നും ഇപ്പോൾ മെസേജ് അയക്കുന്ന ഒരു കേശവന് മാമൻ നിങ്ങളിൽ ഉറങ്ങിക്കിടക്കുന്നുണ്ട്.
ടിക് ടോക്കും ഹെലോയും ഉപയോഗിച്ച ആള് എന്ന നിലയിൽ പറയുകയാണ്, ലോക്ഡൌൺ കാലത്തെ ബോറടി മാറ്റിയതിൽ ഇവർക്ക് വലിയ പങ്ക് ഉണ്ട്.
പുതിയ തലമുറയിൽ അറിയപ്പെടാത്ത എത്രയോ കുട്ടികളുടെ ആട്ടവും പാട്ടും കണ്ടാസ്വദിച്ചത് ഈ പ്ളാറ്റ്ഫോം വഴിയാണ്. പ്രണയവും വിരഹവും തമാശയും ദേഷ്യവും ഒക്കെ പങ്കിട്ടതോടെ പല ടിക് ടോക് താരങ്ങളും ജനപ്രിയരായി.
ഹരിയാന തെരഞ്ഞെടുപ്പിൽ ആദംപൂരിൽ നിന്ന് മത്സരിക്കാൻ ബിജെപി കണ്ടെത്തിയത് ടിക്ടോക്കിലൂടെ ശ്രദ്ധേയയായ സൊനാലി ഫഗോത്തിനെ ആയിരുന്നു.
അച്ഛനും അമ്മയും മാത്രമല്ല അപ്പൂപ്പനും അമ്മൂമ്മയും സിസി ടിവി ക്യാമറയുമായി ഫേസ്ബുക്കില്‍ ചടഞ്ഞിരിക്കാൻ തുടങ്ങിയതോടെ പുതിയ തലമുറ ടിക് ടോക്കിലേക്കു ചേക്കേറാൻ തുടങ്ങി. പുതിയ തലമുറയുടെ പൾസ് മനസ്സിലാക്കാനാണ് ഈ പ്ലാറ്റുഫോമുകളിൽ ഞാനും അംഗമായത്. എത്ര വൈബ്രന്റ് ആയ കുട്ടികളാണ് നമുക്ക് ചുറ്റും എന്ന് അദ്ഭുതപ്പെട്ടു. മുതിർന്നവരുടെ രാഷ്ട്രീയ, സാമൂഹ്യ, ആശങ്കകൾ ഒന്നുമല്ല ഈ കുട്ടികളെ അലട്ടിയിരുന്നത്. അവരുടെ ആശങ്കകൾ നമുക്ക് തമാശ ആയി തോന്നുന്നത് പോലെ നമ്മുടെ ആശങ്കകൾ അവർക്ക് തമാശയും കാലഹരണപ്പെട്ട മറ്റെന്തൊക്കെയോ ആണ്.
തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാൻ ഇറങ്ങിയപ്പോൾ സ്ക്രിപ്റ്റും ക്യാമറയും ഒക്കെയായി ടിക് ടോക് ചെയുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. സിനിമ എന്ന വലിയ ലോകത്തിലേക്ക് അവരുടെ ചുവട് വയ്പ്പിന് സാധ്യത തേടുന്ന വീഡിയോ ആണ് നിർമ്മിച്ചിരുന്നത്.
ടിക് ടോക് നിരോധിച്ചത് കൊണ്ട് ഇവരുടെ കഴിവുകളുടെ പ്രകടനം ഇല്ലാതാകുന്നില്ല. അടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രതിഭ പുറത്തെടുക്കും.
കാലം മുന്നോട്ട് ഒഴുകിക്കൊണ്ടേയിരിക്കും. കാലത്തിന്റെ ഈ നദിയിൽ ഒരു തോണി ഇറക്കിയാൽ ഒഴുക്ക് നമുക്ക് ആസ്വദിക്കാം. (പിടിച്ചിരുന്നില്ലെങ്കിൽ നദിയിൽ വള്ളം മുങ്ങും).
ഇതൊന്നും ചെയ്യാതെ കരയ്ക്ക് നിന്ന് "ഈ ആപ്പുകളൊന്നും ഉപയോഗിച്ചില്ല" എന്ന് മേനിപറയുന്നവർ ശ്രദ്ധിക്കുക: നിങ്ങൾക്ക് പ്രായമായിരിക്കുന്നു.
(ധനസുമോദ് ഫേസ്ബുക്കില്‍ എഴുതിയത്)