ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ വീണ്ടും ബലാത്സംഗം ചെയ്യപ്പെടുന്നത് ഒഴിവാക്കണം, അല്ലെങ്കിൽ മരിക്കണം എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന കേരളത്തിലെ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞത്. അയാൾ കോൺഗ്രസുകാരനാണെന്നും ആ കക്ഷിയുടെ സംസ്ഥാന അധ്യക്ഷനാണെന്നും സ്ത്രീവിരുദ്ധ ലൈംഗികാക്ഷേപങ്ങൾ ഇതാദ്യമല്ലെന്നും നമ്മളോർക്കണം. പീഡിപ്പിക്കാൻ ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പാടുള്ളൂ എന്ന് ചോദിച്ച രമേശ് ചെന്നിത്തലയെന്ന മറ്റൊരു കോൺഗ്രസ് നേതാവായ പ്രതിപക്ഷ നേതാവ് ആ പരാമർശത്തിന് ശേഷം നടത്തിയ മാപ്പ് പറച്ചിൽ (അതും തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പ്രയോഗത്തിന്!) എത്ര ഉദാത്തമധുരമനോഹര മാനസം എന്ന് പറഞ്ഞു കൊണ്ടാടിയതിനു ശേഷം ഇനി മുല്ലപ്പള്ളിയെന്ന ഗാന്ധിയൻ സന്യാസിയെ ആഘോഷിക്കാനുള്ള അവസരമാണ്, അതേ വേദിയിൽ വെച്ച് പറഞ്ഞ ആ വലിയ മനസിനെ തിരിച്ചറിയാതെ പോകരുതേ എന്ന അഭ്യർത്ഥനയോടെ.
മുല്ലപ്പള്ളി എന്ന കോൺഗ്രസിന്റെ ശ്രീരാമചന്ദ്രൻ പറഞ്ഞതിൽ ഒളിക്കാതെതന്നെ ദുർഗന്ധവാഹിനിയായി പരന്നൊഴുകുന്ന ആ പ്രസംഗത്തിലുള്ളത് ഒരു സ്ത്രീയെ സംബന്ധിച്ച് ബലാത്സംഗം ഒരു തെരഞ്ഞെടുപ്പാണ് എന്നതാണ്. ഒന്നിലേറെത്തവണ ബലാത്സംഗം ചെയ്യപ്പെട്ടാൽ അതാ സ്ത്രീയുടെ തെരഞ്ഞെടുപ്പാണ് എന്നാണ് അയാൾ പറഞ്ഞത്. എത്ര എളുപ്പത്തിലാണ് കോൺഗ്രസ് നേതാക്കൾ തന്നെ ബലാത്സംഗം ചെയ്തു എന്ന് പരാതി നൽകിയ ഒരു സ്ത്രീയെ അഭിസാരിക എന്ന് വിളിച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന ഹീനൻ തീർത്തും വ്യാജമായ ഒരു നിർവ്യാജ ഖേദപ്രകടനത്തിന്റെ വാർത്താമുറികളുടെ വിചാരണകളെ വളരെ ലളിതമായി ഒരു pre-emptive strike ലൂടെ ഒഴിവാക്കിപ്പോകുന്നത്.
ഒരു സ്ത്രീയുടെ എല്ലാ പ്രതിഷധത്തേയും ശബ്ദത്തെയും തള്ളിക്കളയാവുന്ന ഒരാരോപണം അവൾക്ക് 'ശാരീരിക വിശുദ്ധി' ഇല്ല എന്നതാണ്. അതോടെ എല്ലാത്തരം ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും ഇല്ലാത്ത, പൗരന്മാരിലെ രണ്ടാംതരം പൗരകളായ സ്ത്രീകളിലെ, വീണ്ടും തരംതാഴ്ത്തപ്പെട്ട വിഭാഗമായി അവൾ മാറുന്നു. അതായത് പേരില്ലാത്ത വെറും 'സാധനം' ആയി മാറുന്നു. അതുകൊണ്ടാണ് ലൈംഗിക താത്പര്യം തോന്നുന്ന സ്ത്രീകളെക്കുറിച്ച് 'ചരക്കാണ്' എന്ന് പുരുഷന്മാർ പറയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും അതാണ് പറയുന്നത്, ഒരു 'സാധന'ത്തിന് തന്റെ ശരീരത്തിന്റെ മുകളിൽ എന്തവകാശം എന്ന്.
ഇതാദ്യമല്ല ഇയാൾ ഇങ്ങനെ പറയുന്നത്. കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ റോക് ഡാൻസർ എന്നും നിപാ രാജകുമാരി എന്നും കോവിഡ് റാണി എന്നും ഇയാൾ ആക്ഷേപിച്ചു. ഗാന്ധിയന്മാരുടെ അഹിംസാത്മകമായ ഹിംസ മാത്രമായി വാർത്താമുറികൾ അതിനെ കഴുകി വെളുപ്പിച്ചു. ഇപ്പോൾ കാലപ്പഴക്കം കൊണ്ട് ബലാത്സംഗം ഒരു അഭിസാരികയുടെ അശ്ലീലമായ ഓർമ്മക്കുറിപ്പുകൾ മാത്രമാക്കി മാറ്റുന്ന പുതിയ തന്ത്രമാണ് നടക്കുന്നത്. ബലാത്സംഗം ഒരിക്കലും സൂചനകൾ തരുന്നില്ല, സമ്മർദ്ദമുണ്ടാക്കുന്നില്ല, കുരുക്കുകൾ മുറുക്കുന്നില്ല, അത് ആണുങ്ങളിൽ ആണുങ്ങളായ മനുഷ്യരുടെ കേവലമായ വിനോദങ്ങൾ മാത്രമായി മറക്കേണ്ടതാകുന്നു.
ശബരിമലയിൽ യുവതികളുടെ പ്രവേശനം തടഞ്ഞപ്പോൾ അതിനെ എതിർത്ത സ്ത്രീകളേയും ഇതേ അഭിസാരിക പ്രയോഗങ്ങൾ കൊണ്ടാണ് നേരിട്ടത് എന്ന് നാമോർക്കണം. എത്ര നിസ്സാരമായാണ് കോൺഗ്രസ് അധ്യക്ഷൻ ബലാത്സംഗത്തെക്കുറിച്ച് സംസാരിക്കുന്നത്. ഒരു സ്ത്രീയെ, അവർക്ക് സർക്കാർ കരാറുകളും ആനുകൂല്യങ്ങളും ക്രമവിരുദ്ധമായി നൽകാമെന്ന് വാഗ്ദാനം നൽകി അഴിമതിക്ക് വേണ്ടി അവരുമായി കൂട്ടുചേർന്ന്, പിന്നീടവരെ പരസ്പരം കൈമാറി ബലാത്സംഗം ചെയ്ത ലൈംഗികാതിക്രമ കുറ്റവാളികളും അഴിമതിക്കാരുമായ ഒരു കൂട്ടമാണ് ഇപ്പോൾ തെരുവിൽ നിന്ന് അഭിസാരിക എന്നാക്രോശിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തിന്റെ ജനകീയതയൊക്കെ ആലോചിച്ചു കുളിരുന്ന സകലർക്കും അഭിസാരികകൾക്കും ബലാത്സംഗം ചെയ്യപ്പെട്ടവർക്കും വേണ്ടി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഒരുക്കുന്ന ചിതയൊരുക്കാൻ കൂടാവുന്നതാണ്.
(പ്രമോദ് ഫേസ്ബുക്കില് എഴുതിയത്)