TopTop
Begin typing your search above and press return to search.

'ഖുർആൻ എന്നതിന് ഖുറാൻ എന്നുപയോഗിച്ചാൽ മനസിലാകുന്ന ജനാധിപത്യ സംവാദ സദസുകളിൽ മതമൗലികവാദികളുടെ സെന്‍സറിംഗ് ആവശ്യമില്ല'

ഖുർആൻ എന്നതിന് ഖുറാൻ എന്നുപയോഗിച്ചാൽ മനസിലാകുന്ന ജനാധിപത്യ സംവാദ സദസുകളിൽ മതമൗലികവാദികളുടെ സെന്‍സറിംഗ് ആവശ്യമില്ല

ഖുർആൻ എന്നതിന് ഖുറാൻ എന്നു മുഖ്യധാര മാധ്യമങ്ങളടക്കം പറയുന്നത് മുസ്ലീം സമുദായത്തോടും വിശ്വാസത്തോടും മതബോധത്തോടുമുള്ള അവഹേളനവും അജ്ഞാതയുമാണെന്ന വാദത്തെ ഏറ്റുപിടിക്കാതിരിക്കലാണ് യുക്തി. ഒരു പൊതുവിജ്ഞാനം എന്ന നിലയ്ക്കപ്പുറം ഇസ്ലാം അടക്കമുള്ള ഒരു മതത്തിന്റെയും സൂക്ഷ്മതകളുമായി ആ മതവിശ്വാസത്തിനു പുറത്തുള്ള മനുഷ്യർക്കും പൊതുസമൂഹത്തിനും ബന്ധമില്ല, അതൊരു തെറ്റുമല്ല.

ലോകത്തുള്ള നാനാവിധ ഭാഷകളിൽ എഴുതിയ കാര്യങ്ങൾ അതേ ഉച്ചാരണത്തിൽ പറയാനുള്ള നിർബന്ധബുദ്ധി ഉള്ളവർക്കാകാം. അത് പക്ഷെ മതനിന്ദയുടെ തലത്തിലേക്ക് കൊണ്ടുപോകാനുള്ള യാഥാസ്ഥിതിക, ഇസ്‌ലാമിക് രാഷ്ട്രീയത്തിന്റെ കുബുദ്ധിയാണ് ഈ ഖുറാൻ, ഖുർആൻ സംശോധന യജ്‌ഞം. ഖുർആൻ അടക്കമുള്ള മതഗ്രന്ഥങ്ങൾക്ക് ആധുനിക നാഗരികതയുടെ മുന്നോട്ടുപോക്കിൽ ഇപ്പോൾ ജനാധിപത്യ വിരുദ്ധവും പിന്തിരിപ്പനുമായ സ്ഥാനം മാത്രമാണുള്ളത്.

മുന്നൂറ് രാമായണത്തിന്റെ വൈവിധ്യങ്ങളെ സംഘപരിവാർ ആക്രമിക്കുന്നതും ഈ പരിശുദ്ധിവാദ യുക്തി വെച്ചാണ്. ഇസ്ലാം പ്രവാചകനായി കരുതുന്ന മുഹമ്മദിനെ കഥാപാത്രമാക്കി കാർട്ടൂൺ വരയ്ക്കാനുള്ള അവകാശമില്ല എന്നു പറഞ്ഞ് ഫ്രഞ്ച് മാസിക ചാർളി ഹെബ്‌ദോക്കെതിരെ ഇസ്‌ലാമിക മതമൗലികവാദികൾ ആക്രമണം നടത്തിയപ്പോൾ ലോകമാകെ അതിനെ അപലപിച്ചത് ജനാധിപത്യത്തിൽ വിശുദ്ധപശുക്കളില്ല എന്ന ബോധത്തിൽ നിന്നാണ്.

മലക്കുകളും ജിന്നുകളും ഏഴ് ആകാശങ്ങളും നരകത്തീയും സ്വർഗ്ഗത്തിലെ നിത്യകന്യകമാരായ എഴുപത്തിരണ്ട് ഹൂറിമാരുമൊക്കെയായി ശുദ്ധ അസംബന്ധവും കെട്ടുകഥകളുമാണ് ഖുർആനിലുമുള്ളത്. ഇത് തന്നെയാണ് മറ്റെല്ലാ മതങ്ങളുടെയും അവസ്ഥ. എന്നാൽ അത്തരം വിശ്വാസങ്ങൾ പൊതുസമൂഹത്തിന്റെ ജനാധിപത്യാവകാശങ്ങളെ ഹനിക്കാതെ, കൂട്ടായും വ്യക്തിമണ്ഡലത്തിലും കൊണ്ടുനടക്കാനുള്ള സമ്പൂർണ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ആ അവകാശം മറ്റുള്ളവരെ തങ്ങളുടെ മതനിഷ്ഠകൾ ഓർത്തുമാത്രം സംസാരിക്കണം എന്ന ഭീഷണിക്ക് ന്യായീകരണമല്ല. ഹിന്ദുത്വ ഫാഷിസത്തിന്റെ രീതിയും ഇതാണെന്ന് ഓർക്കണം. അതുകൊണ്ടാണ് എം എഫ് ഹുസൈന് സരസ്വതിയെ വരച്ചതിന് രാജ്യത്തു നിന്ന് സംഘപരിവാർ ഭ്രഷ്ട് കൽപ്പിച്ചത്.

ഭഗവദ്ഗീതയെ ചാതുർവർണ്യത്തിന്റെയും അതിന്റെ ഹിംസയുടെയും ഒക്കെ ഒരു പിന്തിരിപ്പൻ പാഠമായി കണക്കാക്കുമ്പോൾ, ശ്രീമദ് ഭഗവദ്ഗീത എന്ന് ഇനി മുതൽ എല്ലാവരും പറയണമെന്ന് സംഘപരിവാർ തീട്ടൂരമിറക്കിയാലും ഇതേ ന്യായമായിരിക്കും ഉപയോഗിക്കുക.

അതുകൊണ്ട്, മതത്തേക്കുറിച്ചുള്ള സംവാദങ്ങളിൽ മതത്തിന്റെ ഭാഷ ഉപയോഗിക്കണം എന്ന വാദത്തിന് തലവെച്ചുകൊടുക്കേണ്ടതില്ല. ഖുർആൻ എന്നതിന് ഖുറാൻ എന്നുപയോഗിച്ചാൽ മനസിലാകുന്ന ജനാധിപത്യ സംവാദ സദസുകളിൽ മതമൗലികവാദികളുടെ സെന്‍സറിംഗ് ആവശ്യമില്ല.

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)


പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

സുപ്രീം കോടതി അഭിഭാഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍

Next Story

Related Stories