തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എന്തുകൊണ്ട് സ്പ്രിംഗ്ളര്‍ ഒരു മോശം പ്രതിപക്ഷ സ്ട്രാറ്റജിയാണ് എന്ന് പറയുകയാണ് ശ്രീജിത് ദിവാകരന്. ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തിന്റെ പിന്നീടുള്ള ഗതിഎന്തായി എന്ന ഉദാഹരണവും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം മുന്നോട്ടു വയ്ക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം
സ്പ്രിംഗ്ലര്‍ പ്രതിപക്ഷത്തിന്റെ ഒരു മോശം സ്ട്രാറ്റജിയാണ് എന്ന് തോന്നുന്നത് എന്തുകൊണ്ട് എന്നതിനെ കുറിച്ചാണ് ഇത്. ലേശം ദീര്‍ഘമാണ്.
**********
മൂന്ന് നാല് ആഴ്ചകള്‍ക്കിടയില്‍ ആദ്യമായാണ് ടി.വി വാര്‍ത്തകള്‍ കാണുന്നത്. മാറി മാറി വച്ച് നോക്കി. പത്രവും വായിച്ചു. പാനൂര്‍ ഒരു കുഞ്ഞിനെ ഉപദ്രവിച്ച സംഭവവും അതില്‍ പോലീസിനുണ്ടായ വീഴ്ചയും പ്രതിയുടെ ബിജെപി ബന്ധവുമൊന്നും ഒരു ചര്‍ച്ചയുമല്ല. സര്‍ക്കാരിനെതിരെ ഒരു ചെറു അവസരത്തില്‍ പോലും ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും പോലും ഒരു മാസത്തോളം വൈകിയ അറസ്റ്റും പ്രതിയുടെ ബന്ധങ്ങളും പോലീസിന്റെ ഇടപെടലുമെല്ലാം വലിയ വാര്‍ത്തയൊന്നുമല്ല. ഇല്ലെന്നല്ല, വലിയ ഉത്സാഹമില്ല. ഇന്നലെ അറസ്റ്റിന് മുമ്പ് വെറുതെ കീ വേഡ്സ് വച്ച് മലയാളത്തില്‍ ഗൂഗ്ളില്‍ ഒന്ന് പരതി നോക്കി. സ്വതന്ത്ര ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലല്ലാതെ ബിജെപി നേതാവ് എന്നത് കീ വേഡായി ഈ വാര്‍ത്ത സംബന്ധിച്ച് വരുന്ന റിസള്‍ട്ടില്‍ മുകളിലുള്ളത് മീഡിയവണ്ണിന്റേയും മാധ്യമത്തിന്റേയും മാത്രം വാര്‍ത്തകള്‍. ചാനലുകാര്‍ക്കും പത്രങ്ങള്‍ക്കും സര്‍ക്കാരിനെതിരായുള്ള ആഘോഷം സ്പ്രിംഗ്ലര്‍ തന്നെയാണ്. അത് കണ്ട കരുത്തിലാകും ഇത് മാത്രം പിടിച്ച് പ്രതിപക്ഷ നേതാവ് മുന്നോട്ട് പോകുന്നത്. ഇന്ന് രാഹുല്‍ ഗാന്ധി കേരളത്തെ പ്രശംസിച്ചു എന്ന് എഴുതിക്കാണിക്കുന്നതിന് താഴെ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന് ചെന്നിത്തല എന്ന് പ്രാസത്തില്‍ ടിക്കര്‍ പോകുന്നത് കണ്ടു. ഡസ്കിലിരിക്കുന്നവര്ക്കും വേണ്ടേ എന്തേലും തമാശ.
***
ഇടതുപക്ഷ ഭരണത്തെക്കുറിച്ച് നല്ലഭിപ്രായവും മോശമഭിപ്രായവുമൊക്കെയുണ്ട്. പക്ഷേ ഭരണം മെച്ചപ്പെടുന്നതിനുള്ള വഴിയായി എപ്പോഴും ഞാന്‍ കാണുന്നത് മെച്ചപ്പെട്ട പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനമാണ്. നിയമസഭ തിരഞ്ഞെടുപ്പ് ഒരു കൊല്ലത്തിനകം ഉണ്ടാകും. അഥവാ അവസാന വര്‍ഷമാണ് എന്നുള്ളത് കൊണ്ട് സംസ്ഥാനമൊരു കലാമിറ്റി നേരിടുമ്പോള്‍ തങ്ങളുടെ എംഎല്‍എമാരുടെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടേയും മിടുക്കുകള്‍ പോലും ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത ഗതികേടിലാണ് പ്രതിപക്ഷം. അത് മോശം സ്ട്രാറ്റജിയാണ്.
കലാമിറ്റി ഭരണപക്ഷത്തേക്കാളും കുഴപ്പമുണ്ടാക്കുക പ്രതിപക്ഷത്തിനാണ്. അടവുകള്‍ തെറ്റിപ്പോകും. കലാമിറ്റി സര്‍ക്കാര്‍ ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് വര്‍ഷത്തേയ്ക്ക് കരുതി വയ്ക്കുന്ന മറ്റടവുകളൊന്നും വേണ്ട പ്രതിപക്ഷത്തിന്. ഭരണപക്ഷം ദയനീയമായി ഫെയ്ഡ് ഓഫ് ചെയ്യും. പക്ഷേ ഫലപ്രദമായി കൈകാര്യം ചെയ്താല്‍ പ്രശ്നമാണ്. ഒരു വഴി ധൈര്യമുള്ള പ്രതിപക്ഷത്തിന് മാത്രം പറ്റുന്ന വഴിയാണ്. സര്‍ക്കാരിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നില്ക്കുക. ഒരു സര്‍ക്കാരിനും, എംഎല്‍എമാരുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരുടേയും പിന്തുണയില്ലാതെ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. ഇവര്‍ക്കൊന്നും കലാമിറ്റി കാലത്ത് കൈകെട്ടി നില്‍ക്കാനും പറ്റില്ല. ജനം കാണുന്നത് അവരെയാണ്. കേരളത്തില്‍ പ്രതിപക്ഷത്തിന് പകുതിയോളമോ അധികമോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണമുണ്ട്. കുറച്ചധികം എംഎല്‍എമാരുണ്ട്. മിക്കവാറും പേര് അടുത്ത തിരഞ്ഞെടുപ്പിനുള്ള കുപ്പായം ഇപ്പോഴേയിട്ടവര്. അവര്‍ ചെയ്യുന്ന പണികളുടെ ക്രെഡിറ്റെടുക്കുകയും തങ്ങള്‍ ഒരുമിച്ചുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്താല്‍ വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രിക്ക് പ്രസിനെ കാണുമ്പോള്‍ പ്രതിപക്ഷ നേതാവിനെ കൂടെ കൂട്ടേണ്ടി വന്നേനെ. കേരളം മാത്രമല്ല, ലോകം മുഴുവന്‍ കേരളത്തിന്റെ മാതൃക പാടി പുകഴ്ത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ മഹനീയ മാതൃക എടുത്ത് പറഞ്ഞേനെ.
പക്ഷേ ധൈര്യമുണ്ടായില്ല. പോട്ടെ. ഇനിയിപ്പോ അടുത്ത അവസരം നോക്കാം.
***
അതൊക്കെയാണെങ്കിലും സ്പ്രിംഗ്ലര്‍ ഒരു മോശം ഐഡിയയാണ്. അതില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നോ ഡാറ്റ ചോര്‍ന്നിട്ടുണ്ടോ എന്നുള്ളതൊന്നും പ്രശ്നമല്ല. അതിനെന്താ കാരണമെന്നറിയണമെങ്കില് എന്താണീ ഇഷ്യുവെന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഏതെങ്കിലും സ്വന്തം അണിയോട് ചോദിച്ച് നോക്കണം. അണിയൊക്കെ പോട്ടെ, എംഎല്‍എമാര്‍ക്കെല്ലാം ഈ വിഷയമെന്താണ് എന്നറിയുമോ? ചാനലില്‍ ഈ വാര്‍ത്ത പോകുമ്പോള്‍ മുഖവും ചെവിയും കൂര്‍പ്പിച്ച് ഇത്തിരി നേരമിരിക്കും പിന്നെ സ്വയം പ്രാവി ചാനല്‍ മാറ്റും. പത്രത്തില്‍ സ്പ്രിംഗ്ലര്‍ എന്ന് കണ്ടാ കൂട്ടി പേജ് മറയ്ക്കും. സത്യമായിരിക്കും. ചോദിച്ച് നോക്ക്.
നമുക്ക് സ്വയം മനസിലാകാത്ത ഒരു വിഷയം മറ്റൊരാളെ പറഞ്ഞ് ബോധിപ്പിക്കാന്‍ പറ്റില്ല. അത് ഇലക്ഷന് വര്‍ഷത്തില്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിനുള്ള കരുതലിന്റെയും പ്രവര്‍ത്തനത്തിന്റേയും മറുമരുന്നായി ഉപയോഗിച്ചാല്‍ നിങ്ങളുടെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി അമ്പാടെ പാളി.
സംശയമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ചോദിക്കൂ.
ഈ സ്പ്രിംഗ്ലറ് പോലെ ഒന്നുമല്ലാത്ത വളരെ സീരിയസായ പ്രശ്നമായിരുന്നു റാഫേല്‍ ഇടപാട്. കര്‍ഷക സമരവും ദളിത് പീഡനവും മുസ്ലീം വംശഹത്യയുമൊക്കെയുണ്ടെങ്കിലും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ സിംഗിള്‍ കീ അജണ്ടയായി രാഹുല്‍ ഗാന്ധിയെടുത്തത് റാഫേല്‍ ഇടപായിരുന്നു. ചൗക്കീദാര്‍ ചോര്‍ ഹേ എന്ന് രാഹുല്‍ ശക്തമായി പറഞ്ഞു. പക്ഷേ പ്രശ്നമെന്താന്ന് വച്ചാ രാഹുല്‍ ഗാന്ധിക്കല്ലാതെ കോണ്‍ഗ്രസിലെ മറ്റ് പലര്‍ക്കും എന്താണീ റാഫേല്‍ ഇടപാടിലെ പ്രശ്നമെന്ന് അറിയില്ലായിരുന്നു. ഈ പറഞ്ഞ മാതിരി അതിന്റെ വാര്‍ത്ത കണ്ടാ ജനം പത്രം മറിക്കും. വലിയ അഴിമതിയാണ്. ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പക്ഷേ തിരഞ്ഞെടുപ്പില്‍ ജനത്തിന് അറിയേണ്ടത് ഋജുവായ, നേര്‍വര പോലെ വെളിച്ചം നിറഞ്ഞ കാര്യങ്ങളാണ്. എന്തുകൊണ്ട് ഈ പാര്‍ട്ടിക്കും ഈ നേതാവിനും വോട്ട് ചെയ്യരുത് എന്നതിന്റെ കൃത്യം കാരണം. അതിനുള്ള കാരണം പറഞ്ഞു ബോധിപ്പിക്കുമ്പോള്‍ കേട്ടു നില്‍ക്കുന്നയാള്‍ക്ക് ക്ഷോഭം വരണം, വെറുപ്പ് വരണം, ജനാധിപത്യരാജ്യത്തെ പൗരനെന്ന നിലയില്‍, ഞാന്‍ എന്ന വ്യക്തി, സാമൂഹിക ജീവി, വിശ്വാസ ജീവി വഞ്ചിക്കപ്പെടുകയാണ് എന്ന് തിരിച്ചറിയണം. അല്ലാതെ ഉറക്കം വരുന്ന വിധം വിരസമായ കാര്യങ്ങളാകരുത്.
നോക്കൂ, ഇത് പല തിരഞ്ഞെടുപ്പിലും പലര്‍ക്കും പറ്റിയിട്ടുണ്ട്. 2004-ല്‍ ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച ഇടതുപക്ഷത്തെ ഓര്‍ക്കുന്നില്ലേ. ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ ആദര്‍ശത്തിന് ചെയ്യാവുന്ന ഏറ്റവും നല്ല നീക്കം നടത്തി അവര്‍ ബിജെപിയെ പുറത്ത് നിര്‍ത്താന്‍ കോണ്‍ഗ്രിനെ പുറത്ത് നിന്ന് പിന്തുണച്ചു. ഭരണത്തില്‍ ഫലപ്രദമായി ഇടപെട്ടു. തൊഴിലുറപ്പ് പദ്ധതിപോലുള്ള പരിപാടികള്‍ക്ക് കരുത്ത് നല്കി. ബാങ്കിങ് ലയനങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ച് ലോകമാന്ദ്യത്തില് നിന്ന് താത്കാലിക രക്ഷയ്ക്ക് കളമൊരുക്കി. യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇടത്പക്ഷം തീരുമാനിച്ച ദിവസം മുതല്‍ ഈ നാട്ടിലെ എല്ലാവര്‍ക്കുമറിയാം, അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അവര്‍ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കുമെന്ന്. ഏത് വിഷയം എന്നതായിരുന്നു ജനം കാത്തിരുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി എന്ന നിലയില്‍ പാളിപ്പോയ തീരുമാനമായിരുന്നു ആണവക്കരാര്‍. സങ്കീര്‍ണ്ണവും ദീര്‍ഘവുമായ ആണവക്കരാര്‍ പ്രശ്നങ്ങള്‍ ജനങ്ങളുടെ തിരഞ്ഞെടുപ്പ് കാലത്തെ തീരുമാനങ്ങളെ ബാധിക്കാന്‍ തക്കതല്ലായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റമോ കാര്‍ഷിക പ്രശ്നങ്ങളോ പൊതുവേ ഉണ്ടായ വന്‍ വിലക്കയറ്റമോ ഏതെങ്കിലും യുപിഎക്കോ കോണ്‍ഗ്രസിനോ എതിരെയുള്ള നിലപാടിന് കാരണമായി ഇടത്പക്ഷം ചൂണ്ടിക്കാണിച്ചിരുവെങ്കില് ഒരു പക്ഷേ 2009-ല്‍ അതിനേക്കാള്‍ മെച്ചപ്പെട്ട ജയം ഇടത്പക്ഷത്തിന് ലഭിച്ചേനെ.
***
പിന്നെ ഡാറ്റ. 2009 ജനുവരി 28-നാണ്, കോണ്‍ഗ്രസ് നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന മന്മോഹന് സിങ്ങ് അദ്ദേഹം നേരിട്ട് ഭരിച്ചിരുന്ന ഐ.റ്റി വകുപ്പിന്റെ കീഴില്‍ ആധാര്‍ എന്ന സംവിധാനം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള അഞ്ചര വര്‍ഷക്കാലം കോണ്‍ഗ്രസിനെതിരെയും തുടര്‍ന്നുള്ള അഞ്ചര വര്‍ഷത്തോളമായി ഇപ്പോള്‍ ബിജെപിക്കെതിരെയും ഇന്നാട്ടില് ഇടത്പക്ഷമടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ബുദ്ധിജീവികളും, സ്വകാര്യ കമ്പനികള്‍ പൊതുജനങ്ങളുടെ ഡാറ്റ അടിച്ച് കൊണ്ടുപോകുമെന്ന വിഷയം ഗൗരവമായി ഉന്നയിക്കുന്നു. കോടാനുകോടി മനുഷ്യര്‍ അന്നന്നത്തെ ഭക്ഷണത്തിന് എന്ത് ചെയ്യുമെന്ന് സംശയമുള്ള നാടായതുകൊണ്ടാണോ എന്നറിയില്ല, ഒരു തിരിച്ചറിയല്‍ രേഖകളുമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുമ്പില്‍ നിരന്തരം അപമാനിക്കപ്പെടുന്ന, ഡിസ്ക്രിമിനേറ്റ് ചെയ്യപ്പെടുന്ന കോടാനുകോടികള്‍ ഉള്ള നാടായത് കൊണ്ടാണോ എന്നുമറിയില്ല, ഡാറ്റ മോഷണം, ചൂഷണം ഒന്നും ഇന്നാട്ടില് ഒരു ചെറു ജനരോഷമുയര്ത്താനുള്ള പ്രശ്നം പോലും ആയിട്ടില്ല. അഞ്ഞൂറു രൂപയ്ക്കോ മറ്റോ ഡാറ്റ തൂക്കി വില്‍ക്കുന്നുവെന്ന വാര്‍ത്ത വന്നിട്ടും ഒരു മനുഷ്യനും ഇവിടെ ഞെട്ടിയിട്ടില്ല.
പ്രശ്നമല്ല എന്നല്ല, തിരഞ്ഞെടുപ്പ് വിഷയമാകാന്‍ പ്രയാസമാണ്.
***
ഇതിപ്പോ എനിക്കെന്തിന്റെ വിഷമമാണ് എന്ന് ചോദിച്ചാ പ്രത്യേകിച്ച് ഒന്നുമില്ല. നേരത്തേ പറഞ്ഞത് പോലെ മെച്ചപ്പെട്ട ഭരണത്തിന് മെച്ചപ്പെട്ട പ്രതിപക്ഷമെന്നത് എന്റെ താത്പര്യമാണ്. പിന്നെ 1. രമേശ് ചെന്നിത്തല ഇരിക്കേണ്ട സ്ഥലത്ത് രമേശ് ചെന്നിത്തല ഇരുന്നില്ലെങ്കില്‍ സുരേന്ദ്രന്മാരിരിക്കും. അതെനിക്കിഷ്ടമല്ല. 2. ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കൊടുക്കരുത് എന്ന് ഒരു എംഎല്‍എ പറയുന്ന തരത്തിലേയ്ക്ക് ഇങ്ങനെയൊരു മഹാമാരിയുടെ കാലത്ത് പ്രതിപക്ഷം അധ:പതിക്കുകയാണെങ്കില്‍ ഭരണം ഈസിയാകും. അത് വലിയ ദോഷമാണ്.