TopTop
Begin typing your search above and press return to search.

കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ നടത്തിയിട്ടുള്ളത് മാവോവാദികളല്ല; എന്നിട്ടും അവരാണ് കൊല്ലപ്പെടുന്നത്

കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ നടത്തിയിട്ടുള്ളത് മാവോവാദികളല്ല; എന്നിട്ടും അവരാണ് കൊല്ലപ്പെടുന്നത്

കേരളത്തിൽ ഏറ്റവും ഒടുവിലായി 4 മാവോവാദി പ്രവർത്തകരെ വെടിവെച്ചുകൊന്നത് ഭരണകൂടഭീകരതയുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ പട്ടികയിലേക്ക് ചേർത്തുവെക്കാനുള്ളതാണ്. നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകരെയാണ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ഇന്ത്യയൊട്ടാകെയായി കഴിഞ്ഞ പതിറ്റാണ്ടുകളിൽ കൊന്നുതള്ളിക്കൊണ്ടിരിക്കുന്നത്. ഭരണകൂടഭീകരതയുടെ ഈ വേട്ടയിൽ അത്യാവേശത്തോടെ മുൻനിരയിൽ കയറി കൊലവിളി നടത്തുകയാണ് പിണറായി വിജയൻ സർക്കാർ. തണ്ടർ ബോൾട്ടെന്ന കൊലപാതക സംഘത്തെ കാട്ടിലേക്ക് കയറ്റിവിടുകയും അവർ പുറത്തുകൊണ്ടുവരുന്ന മൃതദേഹങ്ങൾക്ക് ഏറ്റുമുട്ടൽ കൊലയുടെ മുദ്ര പതിച്ചുനൽകുകയും ചെയ്യുന്ന ഈ സർക്കാർ ജനാധിപത്യസമൂഹത്തെയും അതിന്റെ നീതിന്യായ ബോധത്തെയും വെല്ലുവിളിക്കുകയാണ്. കടുത്ത ചൂഷണത്തിനും ഭരണകൂടത്തിന്റെയും കോർപ്പറേറ്റ് മൂലധനത്തിന്റെയും അതിഭീകരമായ ആക്രമണങ്ങൾക്കും വിധേയരാകുന്ന നിസ്വരിൽ നിസ്വരായ ഒരു ജനതയാണ് ഇന്ത്യയിൽ മാവോവാദി രാഷ്ട്രീയ പ്രസ്ഥാനത്തോടൊപ്പം നിലകൊള്ളുന്നത്. ശതകോടീശ്വരന്മാർ മത്സരിക്കുന്ന, കോർപ്പറേറ്റ് മൂലധനത്തിന്റെ ദല്ലാളുമാരെ തെരഞ്ഞെടുക്കൽ മാത്രം അജണ്ടയാകുന്ന തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാത്ത ഒരു രാഷ്ട്രീയ പ്രവർത്തനത്തിനും സ്ഥാനമുള്ളതാണ് ഈ രാജ്യം. ഒരു നിലവിളി പോലുമില്ലാതെ മാഞ്ഞുപോകുന്ന ജനത അതിന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ പോരാട്ടവും നടത്തുന്നത് നിങ്ങളുടെ ശരികളിൽക്കൂടിയാകണമെന്നില്ല. വിശിഷ്യാ മുഖ്യധാരാ രാഷ്ട്രീയ മേലാളന്മാരുടെ ശരികൾക്ക് മുതലാളിത്ത ചൂഷണത്തിന്റെ ദല്ലാൾപ്പണി എന്ന തർജ്ജമ കൂടിയുള്ളപ്പോൾ. വിജയിയുടെ ശരികൾ മാത്രമല്ല രാഷ്ട്രീയം, അത് ചെറുത്തുനിൽക്കുന്നവന്റെ പിടച്ചിലും കൂടിയാണ്. കാല്പനികതയുടെ ആഘോഷമല്ല മാവോവാദികളുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരായ പ്രതിഷേധം. അതൊരു രാഷ്ട്രീയമാണ്. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടോളമായിട്ടും കൊള്ളയടിക്കാൻ പുതിയ വ്യാപാരികൾ പല രൂപത്തിൽ വരികയും അവര്‍ക്ക് വഴിയൊരുക്കാൻ വെടിയുണ്ടകളുടെ ഭരണകൂടം ഒരുക്കിയെടുത്ത സായുധസേന വേട്ട നടത്തുകയും ചെയ്യുന്ന ഒരു രാജ്യത്ത്, തിരിഞ്ഞുനോക്കുമ്പോൾ പട്ടിണിയും നിന്ദയും പീഡയുമല്ലാതെ ഒന്നും കാണാനാകാത്ത ചരിത്രവും മുന്നിൽ കത്തിത്തീരുന്ന ഒറ്റപ്പുരയും കാണുന്ന മനുഷ്യർക്ക് രാഷ്ട്രീയത്തിന്റെ വർത്തമാനം ഇനി അഞ്ചുവർഷത്തിലൊരിക്കൽ അദാനിയുടെയും അംബാനിയുടെയും ദല്ലാളുമാരെ തെരഞ്ഞെടുക്കാൻ നടത്തുന്ന പൊറാട്ടു നാടകത്തിലല്ല എന്ന് തോന്നിയാൽ അതിന്റെ കൂടി പേരാണ് മാവോവാദികളുടെ രാഷ്ട്രീയ പ്രവർത്തനം. ഇന്ത്യൻ ജനതയുടെ സമരം അവസാനിച്ച ഒരു രാഷ്ട്രീയ പ്രക്രിയയല്ല. അത് നാനാവിധ രൂപങ്ങളിലൂടെ നടന്നുകൊണ്ടേയിരിക്കുകയാണ്. അത്തരത്തിലൊരു ജനകീയ പോരാട്ട ധാരയാണ് മാവോവാദികൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. അത് നിലവിലെ വ്യവസ്ഥിതിയുടെ ചട്ടക്കൂടിനെ പൊളിക്കാൻ നടത്തുന്ന സമരമാണ്. ആ സമരം നടത്തുമെന്ന് ഇപ്പോഴും ആണയിട്ടു പറഞ്ഞാണ് ഇവിടെയുള്ള സകല കമ്മ്യൂണിസ്റ്റ് കക്ഷികളും ഇപ്പോഴും രാഷ്ട്രീയപാരമ്പര്യം പൊടിതട്ടിവെക്കുന്നത്. വ്യവസ്ഥിതിയെ മാറ്റണമെന്ന് തോന്നുന്ന മനുഷ്യരെക്കൂടി ഉൾക്കൊള്ളാൻ പാകത്തിലാകണം ഈ രാജ്യത്തെ ജനാധിപത്യവ്യവസ്ഥ എന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. എന്ത് സുരക്ഷാഭീഷണിയുടെ പുറത്താണ് പിണറായി സർക്കാർ 7 രാഷ്ട്രീയപ്രവർത്തകരെ വെടിവെച്ചുകൊന്നത്? അടിയന്തരമായി വെടിവെച്ചുകൊല്ലാനുള്ള എന്ത് ഭീഷണിയാണ് അവർ സൃഷ്ടിച്ചത്? മനുഷ്യരെ വെടിവെച്ചുകൊന്നുകൊണ്ട് എന്ത് സമാധാനമാണ് നിങ്ങൾ ഉണ്ടാക്കുന്നത്? കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ നടത്തിയിട്ടുള്ള സംഘടന മാവോവാദികളല്ല. അങ്ങനെ ഒന്നുപോലും അവർ നടത്തിയിട്ടില്ല എന്നതാണ് വസ്തുത. എന്നിട്ടും അവരാണ് കൊല്ലപ്പെടുന്നത്. മധ്യേന്ത്യയിലും മഹാരാഷ്ട്രയിലും ഒഡിഷയിലുമൊക്കെ മാവോവാദികൾക്കെതിരായ ആക്രമണമെന്നത് ഖനന കമ്പനികൾക്ക് കാട് തീറെഴുതി നൽകാനുള്ള ഭരണകൂട തന്ത്രത്തിന്റെ ഭാഗമാണ്. മനുഷ്യാവകാശത്തിനെയും ഭരണഘടനാ മൂല്യങ്ങളെയുമെല്ലാം കാറ്റിൽപ്പറത്തിയാണ് ആയിരക്കണക്കിന് ആദിവാസികളെ അവിടെ കൊന്നൊടുക്കിയതും ഇപ്പോഴും തുടരുന്നതും. ഇന്നിപ്പോൾ ഏറ്റുമുട്ടൽക്കൊലയെന്നൊക്കെ പറയുന്ന കോൺഗ്രസുകാരുടെ സർക്കാരാണ് മധ്യേന്ത്യയിലും ബംഗാളിലും ഒഡിഷയിലും മഹാരാഷ്ട്രയിലും നൂറുകണക്കിന് ആദിവാസികളെ കൊന്നൊടുക്കിയ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന മാവോവാദി വേട്ട ആരംഭിച്ചത്. നക്സലൈറ്റ് രാഷ്ട്രീയ പ്രവർത്തകരെ പിടിച്ചുകൊണ്ടുപോയി കൊന്ന് അതിനെ ഏറ്റുമുട്ടൽ കൊലപാതകങ്ങളാക്കി മാറ്റുന്ന, ആന്ധ്രയിലെ നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകരെ ഉന്മൂലനം ചെയ്ത ഭരണകൂട ഭീകരതയുടെ മറ്റൊരു പതിപ്പാണ് കേരളത്തിൽ അരങ്ങേറുന്നത്. അദാനി മുതൽ യൂസഫലി വരെയുള്ള മുതലാളിമാരുടെയും മൂലധനക്കൊള്ളക്കായുള്ള ഓഹരി കച്ചവടത്തിന്റെയും ദല്ലാൾ ദാസ്യം പേറുന്ന പിണറായി വിജയന് പൊറുക്കാനാകാത്ത രാഷ്ട്രീയമാണ് അയാളുടെ ഭരണകൂടം കൊന്നുതള്ളിയ ഈ രാഷ്ട്രീയ പ്രവർത്തകർക്കുള്ളത്. അതുതന്നെയാണ് ആ പോരാട്ടത്തിന്റെ കാമ്പും. മാവോവാദി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപോരാട്ടത്തിന്റെ പ്രതിസന്ധികൾ വിപ്ലവരാഷ്ട്രീയപ്രവർത്തകർ ചർച്ച ചെയ്യേണ്ടതാണ്. പക്ഷെ അതൊന്നും ഈ രാജ്യത്തെ രാഷ്ട്രീയ പോരാട്ടങ്ങളെ അടിച്ചമർത്താൻ ഭരണകൂടത്തിന് ന്യായം പറയുന്നതല്ല എന്ന് തന്നെ ഉറപ്പാക്കണം. കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകൻ കൂപ്പു ദേവരാജിന്റെ മൃതദേഹത്തിനരികിൽ നിന്ന അയാളുടെ സഹോദരന്റെ കഴുത്തിനു കുത്തിപ്പിടിച്ച പോലീസുകാരൻ പിണറായിയുടെ പോലീസായിരുന്നു. ഏതു ഇരുണ്ടകാലത്തെ നീതിയാണ് ഇയാൾ നടപ്പാക്കുന്നത്? വിജയന്‍റെ പൊള്ളയായ മൈതാനപ്രസംഗങ്ങൾക്ക് കയ്യടിച്ച് വീട്ടിൽപോകലാണ് രാഷ്ട്രീയം എന്ന ധാരണയുള്ള അനുസരണയുള്ള ആട്ടിൻകൂട്ടമാണ് ജനം എന്നത് ഒരു വ്യക്‌തിപരമായ ധാർഷ്ട്യമല്ല, അതയാൾ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടത്തിന്റെ വർഗസ്വഭാവമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണി ഇടതുപക്ഷ തീവ്രവാദമാണെന്ന് കോൺഗ്രസ് പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രഖ്യാപിച്ചത് കോർപ്പറേറ്റുകൾക്കായി കാടുകൾ ഒഴിപ്പിക്കാനുള്ള സൽവാ ജുദും, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് വേട്ടയ്ക്ക് വേണ്ടിയായിരുന്നു. ആയിരക്കണക്കിന് മനുഷ്യരെ തെരുവിൽ വെട്ടിയും ചുട്ടും കൊന്ന സംഘപരിവാർ ഹിന്ദുത്വ ഭീകരവാദികൾ അര്‍ബന്‍ നക്സല്‍ എന്ന പുത്തൻ ശത്രുവിനെ കണ്ടെത്തിയതും മനുഷ്യാവകാശ, ഇടതു രാഷ്ട്രീയ പ്രവർത്തകരെ ജനാധിപത്യ വിരുദ്ധ നിയമങ്ങൾ ഉപയോഗിച്ച് തടവിലാക്കുന്നതും ജനകീയ പോരാട്ടമെന്ന ആശയത്തെയും രാഷ്ട്രീയത്തെയും ഇല്ലാതാക്കാൻ വേണ്ടിയാണ്. അതുകൊണ്ടുതന്നെ മോദി സർക്കാരിന്റെ കയ്യാളുകളായി നിന്നുകൊണ്ട് രാഷ്ട്രീയയപോരാട്ടങ്ങളെ കൊന്നുതള്ളാനുള്ള പിണറായി വിജയൻ സർക്കാരിന്റെ ഭരണകൂട ഭീകരതയെ ചെറുക്കുകയും നേരിടുകയും തന്നെ വേണം. ചൂഷണത്തിന്റെ ആക്രോശങ്ങൾക്കിടയിൽ പിടയുന്ന മനുഷ്യരുള്ളിടത്തോളം കാലം നാനാവിധത്തിലുള്ള പോരാട്ടങ്ങൾ ഉണ്ടാവുകതന്നെ ചെയ്യും. സ്വതന്ത്രമായ, ചൂഷണരഹിതമായ ഒരു ലോകത്തിനുവേണ്ടിയുള്ള സമരത്തിൽ ശരിയായ പാത മാറിയും മറിഞ്ഞുമിരിക്കും. പുതുക്കുകയും മാറ്റിവരക്കുകയും വേണ്ടിവന്നേക്കാം. എന്നാൽ അതിലെ സന്ദിഗ്ധതകളും സന്ദേഹങ്ങളുമൊന്നും പോരാട്ടത്തിന്റെ ശരികളെ ഇല്ലാതാക്കുന്നില്ല. മരണത്തെ കാല്പനികവത്കരിക്കുന്ന കവിതയെഴുത്തല്ല രക്തസാക്ഷികൾ ആവശ്യപ്പെടുന്നത്. വീണ്ടും ഉയരുന്ന രാഷ്ട്രീയ സമരങ്ങളാണ്. കൊല്ലപ്പെട്ട മാവോവാദി രാഷ്ട്രീയ പോരാളികൾക്ക് അഭിവാദ്യങ്ങൾ! * ഫേസ്ബുക്ക് പോസ്റ്റ്


പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

സുപ്രീം കോടതി അഭിഭാഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍

Next Story

Related Stories