കോണ്‍ഗ്രസിന് 50 സീറ്റിൽ കൂടുതൽ കൊടുക്കരുത് എന്നായിരുന്നത്രെ ലാലു പ്രസാദ് യാദവ് മകൻ തേജസ്വിക്ക് നൽകിയ ഉപദേശം.തേജസ്വി യാദവ് അത് കേട്ടില്ല. ഫലം എന്താണെന്ന് ഇന്നവർ അനുഭവിക്കുന്നുണ്ടാകണം.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം നിഴൽ പോലുമവശേഷിക്കാതെ നശിച്ചു തീർന്നെങ്കിൽ മാത്രമേ ഇനി ഇന്ത്യയിൽ ഫാഷിസ്റ്റ് വിരുദ്ധ ഐക്യനിരയെ കുറിച്ചു ചിന്തിക്കേണ്ടതായുള്ളൂ. കോണ്‍ഗ്രസ് പാർട്ടി നശിച്ചു പോകാതെ അൽപ്പം ബാക്കി നിൽക്കേണ്ടത് ബിജെപിയുടെ ഏറ്റവും വലിയ ആവശ്യമാണ്. ബിജെപി വിരുദ്ധ പൊതുബോധത്തെ സംഘടിത വോട്ടായി മാറുന്നതിൽ നിന്ന് രക്ഷ നേടാൻ ഒരു സേഫ്റ്റി വാൽവായി നിലനിർത്തുകയാണ് കോണ്‍ഗ്രസിനെ.
ലാലു കോണ്‍ഗ്രസിന് സീറ്റ് നൽകരുതെന്ന് ഉപദേശിക്കാൻ കാരണങ്ങളുണ്ട്. ഇന്ന് ഇന്ത്യയിൽ ബിജെപി-ആർഎസ്എസ് ബാന്ധവം ഒരിക്കലുമുണ്ടാകില്ലെന്ന് ഉറപ്പു പറയാൻ പറ്റുന്ന രണ്ടേ രണ്ടു പാർട്ടികളെയുള്ളൂ. ഒന്ന് ഇടതുപക്ഷവും മറ്റേത് ലാലുവിന്റെ ആർജെ.ഡിയുമാണ്. ജയിച്ചു കഴിഞ്ഞാൽ പണച്ചാക്കും തേടി കൂറ് മാറി പോകുമെന്ന് മാത്രമല്ല; കോണ്‍ഗ്രസ് എന്ന പാർട്ടി നാമവും കൈപ്പത്തി ചിഹ്നവും തന്നെ വോട്ട് വീഴുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്ന് ലാലു പ്രസാദ് യാദവ് എന്ന അനുഭവമേറെയുള്ള രാഷ്ട്രീയ നേതാവിനറിയാം.
ബിജെപിയുമായി നേരിട്ട് ഏറ്റ മുട്ടിയ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പിന്നിലാണ് എന്ന് കാണണം. മത്സരിച്ച നാലിലൊന്ന് സീറ്റിൽ പോലും മുന്നിലെത്താൻ കഴിഞ്ഞില്ല. കോണ്‍ഗ്രസിനെ ജയിപ്പിച്ച് വളഞ്ഞ വഴിയിൽ ബിജെപിയിലെത്തിക്കുന്നതിലും നല്ലത് നേരിട്ട് ബിജെപിക്ക് കുത്തുന്നതാണെന്ന് വോട്ടർമാർ കരുത്തിക്കാണണം. രാഷ്ട്രീയ - സാമ്പത്തിക നയങ്ങളിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് മാത്രമല്ല, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന പാർട്ടിയിൽ ഒരു അനുഭാവി വോട്ടർ എന്ന നിലയിൽ പോലും രാജ്യത്താകമാനം ജനങ്ങൾക്ക് മടുപ്പ് വന്നു എന്നത് കാണാതിരുന്നു കൂട. മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ കൂടി ഇതിന്റെ കൂടെ കൂട്ടി വായിക്കണം.അമിത് ഷായുടെ പണച്ചാക്ക് കണ്ട് കാലു മാറി ബിജെപിയിലെത്തിയ കാരണമാണ് 21ഇടത്ത് അവിടെ ഉപതിരഞ്ഞെടുപ്പ് പോലും വേണ്ടി വന്നത്. ഭൂരിഭാഗം സീറ്റുകളിലും പഴയ അതേ കോണ്‍ഗ്രസുകാർ ബിജെപി ചിഹ്നത്തിൽ അവിടെ ലീഡ് ചെയ്യുന്നുമുണ്ട്.
മീശ പിരിയൻ ആസാദും ഒവൈസിയും മറ്റു മുള്ള് മുരിക്ക് മൂർഖൻ പാമ്പുകൾക്കും അന്നത്തിന് ഫണ്ട് വരുന്നത് നാഗ്പൂരിൽ നിന്നാണോ എന്ന് അന്വേഷിക്കേണ്ട സമയം കഴിഞ്ഞിട്ടുണ്ട്.
ഇടതുപക്ഷ ഐക്യനിര മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും മുന്നേറി കരുത്തു കാട്ടി. ജനങ്ങൾക്ക് ഇടതുപക്ഷത്തേയും അവരുടെ സ്ഥാനാർത്ഥികളേയും അവരുടെ നയങ്ങളും വിശ്വാസമുണ്ട്. അവരുടെ സ്ഥാനാർഥികൾ ബിജെപി വിരുദ്ധ സഖ്യത്തിൽ ഉറച്ചു നിൽക്കുമെന്ന് ജനങ്ങൾക്കുറപ്പുണ്ട്. അത് വെറുതെ ഉണ്ടായി വന്നതല്ല. കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി റിസോർട്ട് ബുക്ക് ചെയ്യുന്ന നേരം കമ്യൂണിസ്റ്റുകാർ ബീഹാറിൽ കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട മനുഷ്യർക്കായുള്ള സമരത്തിലായിരുന്നു. രാഹുലും സംഘവും വിദേശത്ത് അവധിയാഘോഷിച്ച കാലത്ത് ഇടത് നേതാക്കൾ തെരുവിൽ വിയർപ്പൊഴുക്കുകയായിരുന്നു. അത് പ്രതീക്ഷയാണ്, അടിസ്ഥാന വർഗ്ഗത്തിന്റെ അന്നവും വസ്ത്രവും അഭയവും രാഷ്രീയ വിഷയമാക്കിയ കൂട്ടരോട് അവർ കൂറ് കാണിച്ചു.
ബീഹാർ നൽകുന്ന പാഠം ഒന്നേയുള്ളൂ. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം നയപരമായി കൈ മുതലാക്കിയ രാഷ്ട്രീയ കക്ഷികളുമായി മാത്രമേ സഖ്യം പോലും സാധ്യമുള്ളൂ. കോണ്‍ഗ്രസിനെ അടുപ്പിക്കും തോറും ബാധ്യത കൂടിക്കൊണ്ടിരിക്കും.വർഗ്ഗ രാഷ്ട്രീയം അത് ഏത് ഇരുണ്ട കാലത്തും പ്രസക്തമായി മുന്നിൽ നിൽക്കും.
(ശ്രീകാന്ത് ഫേസ്ബുക്കില്‍ എഴുതിയത്)