TopTop
Begin typing your search above and press return to search.

'സാംസ്കാരിക മലയാളി എന്നത് ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടിയെ പോലെയാണ്'

സാംസ്കാരിക മലയാളി എന്നത് ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടിയെ പോലെയാണ്

സാംസ്കാരിക മലയാളി എന്നത് ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടിയെ പോലെയാണ്. ബംഗ്ലാവിന്‍റെ അധിപനായി ഇരിക്കുകയും ഭാര്യ ഉള്‍പ്പെടെയുള്ള എല്ലാ ശരീരങ്ങളുടെയും മുകളില്‍ തന്‍റെ ആണധികാര-ജാതിയധികാര ബോധം ഉറപ്പിച്ചു നിര്‍ത്തുകയും അത് നിരന്തരം പ്രേക്ഷകന് മുന്‍പില്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും.

ധര്‍മ്മജനും മനോജും ഉള്‍പ്പെടെയുള്ള ഇരുണ്ട-കീഴാള ശരീരങ്ങള്‍ വേലക്കാരായോ പാസീവ് കഥാപാത്രങ്ങളായോ വന്നു പോവുക മാത്രമാണ് പതിവ്. ബംഗ്ലാവിനെ ഒരു ജാതിയധികാര വ്യവസ്ഥയായി പരിഗണിച്ചാല്‍, ആ വ്യവസ്ഥയുടെ ഉദ്പാദകരും ഉപഭോക്താക്കളുമായ സാംസ്കാരിക മലയാളിയുടെ പ്രതിനിധിയായി പിഷാരടിയെന്ന വ്യക്തിയെ വിലയിരുത്താവുന്നതാണ്.

മലയാള കോമഡി ഷോകളിലെ വംശീയ/ജാതീയ പരാമര്‍ശങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്നത് ഇത്തരമൊരു അധികാര ഘടനയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വിമര്‍ശനമായാണ് തോന്നുന്നത്. ഭരണകൂടങ്ങള്‍, പൊതുവിടങ്ങള്‍, ബ്യൂറോക്രസി, തുടങ്ങി കേരളീയ പൊതുമണ്ഡലങ്ങള്‍ എല്ലാം ജാതി/വംശീയ/സ്ത്രീവിരുദ്ധ ബോധത്തിന്‍റെ ഉദ്പാദന-സംരക്ഷക ഇടങ്ങളായി നിലനില്‍ക്കുമ്പോള്‍ കോമഡി ഷോകളിലെ ഒരു കൂട്ടം കീഴാള പശ്ചാത്തലത്തില്‍ (ചില exceptions ഉണ്ടെങ്കിലും) നിന്ന് വരുന്ന കലാകാരന്മാര്‍ മാത്രം നിരന്തര ഓഡിറ്റിംഗുകള്‍ക്ക് വിധേയരാകേണ്ടി വരുന്നതിന്‍റെ യുക്തി എന്താണ്? ജാതി/വംശീയ ബോധത്തിന്‍റെ ഉദ്പാദകരെ അസ്വസ്ഥപ്പെടുത്താതെയും അവരുടെ അധികാര ഇടങ്ങളെ ചോദ്യം ചെയ്യാതെയും, നിലനില്‍ക്കുന്ന ഒപ്പ്രസീവ് വ്യവസ്ഥയോട് പൊരുതി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ തെരഞ്ഞുപിടിച്ച് രാഷ്ട്രീയ ശരികേടുകള്‍ പഠിപ്പിക്കുന്നത് സെക്യുലറൈസഡ് ഹൈന്ദവ ബോധ്യങ്ങളുടെ ഭാഗമായാണ് തോന്നുന്നത്. ജാതി വിരുദ്ധതയും, ജനാധിപത്യ സംരക്ഷണവും കീഴാള ശരീരങ്ങളുടെ അധിക ബാധ്യതായി ഉറപ്പിച്ചു നിര്‍ത്തുന്ന ആധുനിക ഹിന്ദു മൊറാലിറ്റിയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇത്തരം വിമര്‍ശനങ്ങള്‍.

തലമുറകളായി തങ്ങളെ ചൂഷണം ചെയ്യുകയും പുറന്തള്ളുകയും ചെയ്യുന്ന സാംസ്കാരിക മലയാളി നിര്‍മിച്ച മര്‍ദ്ദക സാമൂഹ്യ വ്യവസ്ഥയെ മോക്ക് ചെയ്തു കൊണ്ട് അതേ മലയാളിയുടെ വായിലോട്ട് തന്നെ അവരുടെ വംശീയ ബോധങ്ങളെ അടിച്ചു കയറ്റി പണം ഉണ്ടാക്കി ജീവിതം അടിച്ചു പൊളിക്കുന്ന ഫ്രീക്കന്മാരായാണ് വാസ്തവത്തില്‍ കോമഡി ഷോകളിലെ കലാകാരന്മാരെ കാണാന്‍ ഇഷ്ടപ്പെടുന്നത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയതയും വംശീയതയും സ്ത്രീവിരുദ്ധതയുമൊക്കെ ആത്മാര്‍ത്ഥമായി അഡ്രസ്സ് ചെയ്യുകയാണ് നമ്മുടെ ഉദ്ദേശമെങ്കില്‍ അധികാര ഉദ്പാദന സംവിധാനങ്ങളായ ബഡായി ബംഗ്ലാവുകളില്‍ നിന്നും പിഷാരടിമാരെ മാറ്റി നിര്‍ത്താനും ധര്‍മ്മജന്‍മാര്‍ക്കും മനോജുമാര്‍ക്കും അത്തരം ഇടങ്ങളില്‍ കയറി ഇരുന്ന് തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള സാമൂഹ്യ സംവിധാനം നിര്‍മിക്കുവാനുമാണ് നാം ശ്രമിക്കേണ്ടത്. പരിഷ്കരിക്കപ്പെടേണ്ടത് സവര്‍ണ്ണര്‍ തന്നെയാണെന്ന് അംബേദ്‌കര്‍ പറഞ്ഞു വെച്ചത് വെറുതെയല്ല.

(ശ്രുതീഷ് ഫേസ്ബുക്കില്‍ എഴുതിയത്)

ശ്രുതീഷ് കണ്ണാടി

ശ്രുതീഷ് കണ്ണാടി

പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷകന്‍

Next Story

Related Stories