മലയാളസാഹിത്യത്തില്‍ ആധുനികത എന്നൊരു പ്രസ്ഥാനം ഉണ്ടായിരുന്നതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ.. കേരള സമൂഹം ഇന്നും ആധുനികതയില്‍ നിന്ന് എത്രയോ കാതം പിന്നിലാണ്! ഒരു സമൂഹത്തെ മൊത്തമായി പിന്തള്ളിക്കൊണ്ട് സാഹിത്യ ലോകത്തിന് മാത്രമായി മുന്നേറാന്‍ സാധിക്കുമോ! എങ്കില്‍ അതൊരു കപട സാഹിത്യ പ്രസ്ഥാനമായിരുന്നെന്നല്ലേ കരുതേണ്ടത്?
സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാലാ അദ്ധ്യാപകര്‍ക്കും പല എസ്റ്റാബ്ലിഷ്ഡ് സാംസ്കാരിക നായകന്മാര്ക്കും ഈ സത്യം അംഗീകരിക്കാന്‍ സാധിക്കില്ല, കാരണം സിലബസില്‍ ഇല്ലാത്തതൊന്നും അവര്‍ക്ക് സ്വീകാര്യമല്ല.
വ്യക്തിസത്തയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള വ്യക്തി കേന്ദ്രീകൃതമായ സ്വാതന്ത്ര്യസങ്കല്പമാണ് ആധുനികതയുടെ അടിസ്ഥാനം. കുടുംബം, ജാതി, മതം തുടങ്ങിയ ഇടുങ്ങിയ ലോകങ്ങളില്‍ നിന്ന് മുക്തമാകാതെ ഒരാള്‍ക്ക് ആധുനിക വ്യക്തിത്വം സ്വാംശീകരിക്കാന്‍ സാധിക്കില്ല.
എഴുപതുകള്‍- ലോകമാകമാനം ബൗദ്ധികവും സാംസ്കാരികവുമായ ഉണര്‍വ്വു സംഭവിച്ച കാലഘട്ടമാണ് എഴുപതുകള്‍. ലോക ജനസംഖ്യയുടെ പാതിയായ സ്ത്രീകള്‍ സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞതാണ് ഇതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. നവ ലോകത്തിന്റെ അഴിച്ചുപണിയില്‍ ഏറ്റവും വലിയ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് ഫെമിനിസം എന്ന പുതിയ ആശയസംഹിത തന്നെയായിരുന്നു.
അടിക്കടിയുണ്ടായ യുദ്ധങ്ങളും കൂടുതലായി സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളും സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിച്ചു. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളുടെ കണ്ടെത്തലും ഭ്രൂണഹത്യാ നിയമങ്ങളും അംഗീകരിക്കപ്പെട്ടു. ശാരീരിക സ്വാതന്ത്ര്യം കൈവരിച്ചതോടെ ഫെമിനിസ്റ്റ് മൂവ്മെന്റ്സ് ലോകമെമ്പാടും ശക്തി പ്രാപിച്ചു.
കേരളത്തിലും ഈ എഴുപതുകള്‍ കുറേയേറെ കൊട്ടിഘോഷിക്കപ്പെട്ടു. ഫെമിനിസ്റ്റ് മൂവ്മെന്റ് നമ്മുടെ സാംസ്കാരിക സാഹിത്യ ചക്രവാളങ്ങളെ വികസ്വരമാക്കിയെന്ന് വിശ്വസിക്കാം. എഴുപതുകളില്‍ ഇവിടുത്തെ കവിയരങ്ങുകളും പ്രസംഗവേദികളും ആണുങ്ങള്‍ക്ക് മാത്രമുള്ളതായിരുന്നോ? ഫിലിംഫെസ്റ്റിവലുകളില്‍ കാഴ്ചക്കാരായി നിരവധി സ്ത്രീകള്‍ പങ്കെടുത്തിരുന്നോ? അതോ എഴുപതുകളുടെ തീപ്പൊരി അവരുടെ അടുക്കളകളില്ത്തന്നെ ഒതുങ്ങിപ്പോയോ? എന്തായിരുന്നു അന്നത്തെ അവസ്ഥ?
മാധവിക്കുട്ടി ഒരിക്കല്‍ പറയുകയുണ്ടായി, കവിതയെഴുതാന്‍ ഒട്ടും പറ്റാത്ത കാലാവസ്ഥയാണ് കേരളത്തിന്റേതെന്ന്. കാരണം കവിത സത്യമാണ്. സ്വാതന്ത്ര്യം ഉള്ള മനസ്സിലേ കവിത പിറക്കൂ. കേരളത്തിനു വെളിയിലായതുകൊണ്ടുമാത്രം രക്ഷപ്പെട്ടുപോയ ഒരു എഴുത്തുകാരിയാണ് അരുന്ധതി റോയ്. (അവര്‍ മലയാളത്തിലാണ് God of small things എഴുതിയിരുന്നതെങ്കില്‍ എന്തായേനെ !)
എഴുപതുകളില്‍ ജീവിച്ച ഒരാളല്ലാത്തതുകൊണ്ട് സാഹിത്യത്തില്‍ ''ആധുനികത'' നിറഞ്ഞാടിയ ആ കാലത്തെ ഉള്ളില്‍ നിന്ന് നോക്കി വിലയിരുത്താന്‍ ഞാനാളല്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എഴുതുകയും ജീവിക്കുകയും ചെയ്യുന്ന ഇക്കാലത്തെക്കുറിച്ച് ചിലത് പറയേണ്ടിയിരിക്കുന്നു.
ഇപ്പോള്‍ മലയാളസാഹിത്യത്തില്‍ ഉത്തരാധുനികതയാണെന്നൊക്കെയാണ് പലരും പ്രസംഗിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ നിന്ന് എനിക്ക് അനുഭവപ്പെടുന്നത് ചുറ്റുമുള്ള മനുഷ്യര്‍ ഏതോ പ്രാകൃത നൂറ്റാണ്ടിലേതുപോലെയാണെന്നാണ്!
കുടുംബകേന്ദ്രീകൃതവും ജാതീയവുമായ ഒരു സമൂഹമാണ് എനിക്ക് ചുറ്റുമുള്ളത്. ഇതുരണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജാതിനിയമങ്ങളോ ആണ്‍മേധാവിത്വ നയങ്ങളോ (മനുസ്മൃതി) അംഗീകരിക്കാത്ത ഒരാള്‍ക്ക് കുടുംബത്തിനകത്തും പ്രവേശനമില്ല. എഴുത്തുകാരുടെ ലോകം വ്യത്യസ്തമാണെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അവിടെ ഞാന്‍ കണ്ട ചില പ്രവണതകള്‍ എന്തെന്നു പറയാം.
രണ്ടുവര്‍ഷം മുമ്പ് ഒരു സാഹിത്യ സദസില്‍ കണ്ടതാണ്. കവയിത്രിയും സാംസ്കാരിക നായികയും അദ്ധ്യാപികയുമായ പ്രാസംഗിക ഭര്‍ത്താവിനോടൊപ്പം അയാള്‍ ഓടിക്കുന്ന കാറില്‍ സാരിയില്‍ ഒരു ഉടവുപോലും വീഴാതെ രാജകീയമായി എത്തി. വേദിയില്‍ അവര്‍ നടത്തിയ നീണ്ട സംഭാഷണത്തിന്റെ ചുരുക്കം ഇതായിരുന്നു: ''കുടുംബവ്യവസ്ഥയും അതിലെ അടുക്കള എന്ന അനിവാര്യമായ ഇടവും തന്റെ കവിതയെഴുത്തിനെ ശുഷ്കിപ്പിച്ചു കളയുന്നു. കേരളത്തിലെ സ്ത്രീകളില്‍ നിന്ന് മഹത്തായ സാഹിത്യം ഉണ്ടാകാത്തതിന്റെ കാരണം ഇതാണ്.''
മാസംതോറും അഞ്ചക്ക ശമ്പളം വാങ്ങുന്ന മറ്റൊരു കവയിത്രി കുടുംബം അവരുടെ സര്‍ഗ്ഗശേഷിയെ തളര്‍ത്തുന്ന വിധം വിവരിച്ചപ്പോള്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ ''എന്നിട്ടും ഈ കഷ്ടനഷ്ടങ്ങളൊക്കെ സഹിച്ച് ഇതില്‍ തുടരുന്നതെന്തി''നെന്ന് ഞാന്‍ ചോദിച്ചുപോയി. മകളുടെ ഭാവിയാണ് പ്രധാനമെന്നും അവളെ 'നല്ലരീതിയില്‍ കല്യാണം കഴിപ്പിച്ചു കൊടുക്കാന്‍' അച്ഛന്റെ സ്ഥാനത്ത് ഒരാള്‍ വേണമെന്നുമാണ് അവര്‍ പ്രതികരിച്ചത്!
മലയാളത്തിലെ പ്രശസ്തയായ ഒരു കഥാകാരി, സാഹിത്യ അക്കാദമി അംഗം, ഒരിക്കല്‍ മാധവിക്കുട്ടിയെപ്പറ്റി പറഞ്ഞത്: ''പ്രണയത്തെയും ലൈംഗികതയേയും കുറിച്ചൊക്കെ ഒരുപാട് എഴുതിയിട്ടുണ്ടെങ്കിലും അവര്‍ അത്തരക്കാരിയല്ലായിരുന്നു. മാധവിക്കുട്ടി വളരെ ഇന്റലക്ച്വലായ ഒരു മാന്യസ്ത്രീയായിരുന്നു.''
അതേ സദസില്‍ മറ്റൊരു കവയിത്രി പറഞ്ഞത് : ''ഒരു സ്ത്രീയെന്ന നിലയില്‍ കുടുംബത്തോടുള്ള എല്ലാ കര്‍ത്തവ്യങ്ങളും ഭംഗിയായി നിര്‍വഹിച്ചിട്ടാണ് ഞാന്‍ കവിതയെഴുത്തിലേക്കു വന്നത്. അങ്ങനെ ചെയ്യാത്തവര്‍ക്കാണ് കുടുംബം തകരുന്നത്, അല്ലാതെ കവിതകൊണ്ടൊന്നുമല്ല.''
കുറച്ചുനാള്‍ മുമ്പ് ഒരു എഴുത്തുകാരി ഫേസ്ബുക്കില്‍ ആത്മകഥയെഴുതി പ്രശസ്തയായി. അതുകണ്ടിട്ട് ഒരു ഫെമിനിസ്റ്റ് കവയിത്രി ഫേസ്ബുക്കില്‍ തന്നെ പ്രതികരിച്ചത്: ''അവര്‍ സ്വന്തം മകളുടെ മോഡെസ്റ്റി തുരങ്കം വെച്ചു. നല്ലൊരു കുടുംബജീവിതം നയിക്കുന്ന, ഗര്‍ഭിണിയായ മകളോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ ഈ സ്ത്രീ ഇങ്ങനെയൊക്കെ തുറന്നെഴുതാന്‍ പാടില്ലായിരുന്നു!''
ലോകം 3rd wave ഫെമിനിസത്തിന്റെ അലയൊലികള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇവിടെ ഇപ്പോഴും ''ഞങ്ങള്‍ ഉത്തമ കുടുംബിനികളും വിശ്രമവേള കൂടുതല്‍ കിട്ടിയാല്‍ മികച്ച കവിതയെഴുതാനാകുമെന്ന് സ്വപ്നം കണ്ടിരിക്കുന്ന കൂട്ടിലെ തത്തകളുമാണെ''ന്ന് നാണമില്ലാതെ സ്വയം പ്രഖ്യാപിക്കുന്നു! സ്വന്തം ഭര്‍ത്താവിനെയോ കുടുംബത്തെയോ ഒരു ട്രോഫിപോലെ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീകള്‍ 'കുടുംബം ഞങ്ങളെ അടിച്ചമര്ത്തുന്നേ' എന്ന് വിലപിക്കുകയാണ്! വെറും കള്ളക്കണ്ണീര്.
ഇതാണ് കാലഘട്ടത്തിന്റെ മുദ്രാവാക്യം: ലോകം മാറട്ടെ, എന്നിട്ട് ഞങ്ങള്‍ മാറാം ('ready to wait'). അല്ലെങ്കില്‍ അപകടകരമായ Cynderella complex- പാട്രിയാര്‍ക്കിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഏതോ ഒരു അവതാരം വരുമെന്നുള്ള കാത്തിരുപ്പ്!
സ്ത്രീകള്‍ ഈ മനോഭാവത്തില്‍ തുടരുന്നിടത്തോളം കാലം ഇവിടെ ആധുനികതയും ഒരു കോപ്പും സംഭവിക്കാന്‍ പോകുന്നില്ല! കാരണം സ്ത്രീയാണ് സമൂഹത്തിന്റെ അസ്ഥിവാരം. കുനിഞ്ഞു നില്‍ക്കുന്നവളുടെ മുതുകിലാണ് ചീഞ്ഞുനാറിയ വ്യവസ്ഥിതി പടുത്തുയര്‍ത്തിയിരിക്കുന്നത്. ഒന്നു നടുനിവര്‍ക്കാന്‍ പോയിട്ട് ഒന്ന് ഉറക്കെ ശ്വാസംവിടാന്‍ പോലും ഭയമാണെങ്കില്‍ ? സ്ത്രീ എഴുതുമ്പോള്‍ അവള്‍ക്കുമീതേ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരങ്ങളെല്ലാം തകര്‍ന്നുവീഴണം. വിപ്ലവകരമായി എഴുതണമെങ്കില്‍ വിപ്ലവകരമായി ജീവിക്കണം. അല്ലെങ്കില്‍ എഴുതുന്നതെന്തിന്?? എഴുപതുകളുടെ പൊള്ളത്തരം ആവര്‍ത്തിക്കാനോ?
*ഫേസ്ബുക്ക് പോസ്റ്റ്