ഫ്ലവേഴ്സ് ടിവിയിലെ 'സ്റ്റാര്‍ മാജിക്' എന്ന പരിപാടിയിലെ റേസിസ്റ്റ് കോമഡിയെക്കുറിച്ച് ഒരു ലേഖനം ഈയിടെ വായിച്ചിരുന്നു. ചാനല്‍ മാറ്റിക്കൊണ്ടിരുന്നതിനിടെ ഇന്ന് കുറച്ച് സമയം മുമ്പ് ആ വിവാദ എപ്പിസോഡിന്റെ (എപ്പിസോഡ്. 138) ഹൈലൈറ്റും കണ്ണില്‍പ്പെട്ടു. അതുകൊണ്ട് തന്നെ പരിപാടി കണ്ടു. കാരണം ഉണ്ട്. കറുത്ത നിറമുള്ളവരെയും ഗോത്രവര്‍ഗക്കാരെയും മാത്രമല്ല അവര്‍ അധിക്ഷേപിച്ചിരിക്കുന്നത്. ഗോത്രവര്‍ഗങ്ങളെയും കറുത്ത നിറമുള്ളവരെയും കളിയാക്കി കഴിഞ്ഞതിനു ശേഷം ഒരു ഗെയിം സെഗ്മെന്റ്. അതാണ് ഈ കുറിപ്പിന്റെ വിഷയം. എഴുതിയതു കൊണ്ട് പ്രത്യേകിച്ച് വലിയ മാറ്റമൊന്നും ഉണ്ടാകുമെന്ന് ഉറപ്പില്ലെങ്കിലും എന്റെ ഒരു തൃപ്തിക്ക് വേണ്ടിയാണ് ഇതെഴുതുന്നത്.
ഗെയിമിന്റെ ചില രംഗങ്ങള്‍ എപ്പിസോഡ് ഹൈലൈറ്റ് കണ്ടതുകൊണ്ടാണ് ഇത്രയും നേരം കുത്തിയിരുന്നു കണ്ടത്. ഗെയിമില്‍ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും പ്രധാന വസ്തു വീല്‍ച്ചെയര്‍ ആണ്! ഓരോ മത്സരാര്‍ത്ഥി വീതം രണ്ടു ടീമില്‍ നിന്ന് വീല്‍ച്ചെയറില്‍ ഇരിക്കുന്നു. ഒരു ഗ്ലാസ് വെള്ളം തലയില്‍ വെച്ചതിന് ശേഷം ഫിനിഷിങ്ങ് പോയിന്റ് വരെ വീല്‍ച്ചെയര്‍ തളളിയെത്തുന്നു. ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടാതെ എത്തുന്നയാള്‍ വിജയി. ഇതാണ് ഗെയിം. ഇടക്ക് 'ചന്ദ്രലേഖ' സിനിമയിലെ 'താമരപ്പൂവില്‍' എന്ന പാട്ടിന്റെ ബിജിഎം. എങ്ങനെ ഞാന്‍ അത് മുഴുവന്‍ കണ്ടിരുന്നു എന്നറിയില്ല. അത്രമാത്രം ഏബ്ലിയിസ്റ്റ് ആയ ഒരു പേക്കൂത്ത് ആയിരുന്നു അത്.
വീല്‍ച്ചെയര്‍ ഇവര്‍ക്കൊക്കെ വെറും ഒരു കളിയുപകരണമാണ്. എന്നെപ്പോലുള്ള ഒരുപാട് പേര്‍ക്ക് വീല്‍ച്ചെയര്‍ അങ്ങനെയല്ല. ജീവിതത്തിന്റെ തന്നെ ഭാഗമാണ്. പലപ്പോഴും മുന്നോട്ടു പോകാന്‍ ഒരു കൂട്ടാണ്. ഞാന്‍ ഒരു വീല്‍ച്ചെയര്‍ യൂസര്‍ ആണ് എന്നാണ് ഞാന്‍ സ്വയം വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ വീല്‍ച്ചെയറില്‍ ആയിപ്പോയല്ലോ എന്നോര്‍ത്ത് ദു:ഖിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും ഉണ്ട് സമൂഹത്തില്‍. അങ്ങനെയുള്ള സമൂഹത്തിന്റെ മുന്നിലേക്കാണ് ഇതുപോലുള്ള ആഭാസങ്ങള്‍ കോമഡി, ഗെയിം എന്ന് ഒക്കെ പറഞ്ഞു അവതരിപ്പിക്കുന്നത്. സമൂഹത്തില്‍ പല തരത്തിലുള്ള അവഗണനകളും ബുദ്ധിമുട്ടുകളും നേരിടുന്ന ഒരു ഡിസേബിള്‍ഡ് വിഭാഗത്തെയാണ് അവഹേളിച്ചിരിക്കുന്നത്. ഇത് കാണുന്ന എത്ര പേരെയാകും സ്വാധീനിക്കുക? ഇപ്പോള്‍ത്തന്നെ പൊതു സമൂഹത്തിന് വീല്ച്ചെയറിലുള്ളവരോടുള്ള സമീപനം അത്ര നല്ലതല്ല.
വീല്‍ച്ചെയറിലിരുന്ന് കളിച്ചു രസിച്ച സിനിമാ-സീരിയല്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് വീല്‍ച്ചെയറില്‍ എന്നെന്നേക്കുമായി ഇരിക്കേണ്ടി വരുമ്പോഴുള്ള അനുഭവമെന്താണെന്ന് അറിയില്ല. അതിന് അവര്‍ക്ക് ഭാഗ്യം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രം എഴുതി നിര്‍ത്തുന്നു. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ഉപയോഗിച്ച് അല്ല മറ്റുള്ളവരെ രസിപ്പിക്കുകയും സ്വയം രസിക്കുകയും ചെയ്യേണ്ടത്.
ഇതിലൊക്കെ പ്രശ്നം എന്ത് എന്ന് ചിന്തിക്കുന്നവരോട് എനിക്ക് ഒന്നും പറയുവാനില്ല. *ഫേസ്ബുക്ക് പോസ്റ്റ്