TopTop
Begin typing your search above and press return to search.

തന്റെ പ്രണയത്തിൽ തന്നെ മരിച്ചുവീണ ശോഭയ്ക്കുള്ള മ്യൂസിയമാകാം ഈ ഓര്‍മ്മ പരസ്യം

തന്റെ പ്രണയത്തിൽ തന്നെ മരിച്ചുവീണ ശോഭയ്ക്കുള്ള മ്യൂസിയമാകാം ഈ ഓര്‍മ്മ പരസ്യം

“ശരദിന്ദു മലർദീപനാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതിമീട്ടി.” മട്ടുപ്പാവിൽ നിന്ന് ശോഭ പാടുകയാണ്. എന്നാൽ നമ്മൾ അവരെ കാണുന്നതേയില്ല. നമ്മൾ കാണുന്നത് അകത്ത് ചിത്രശാലയിൽ നില്ക്കുന്ന വേണു നാഗവള്ളി പാട്ടു കേട്ട് തിരിഞ്ഞുനോക്കുന്നതാണ്‌. പുറംതിരിഞ്ഞു നടന്നുകൊണ്ട് കടലാസിൽ നോക്കി ശോഭ പാടുന്നത് കാണുമ്പോഴാണ് അവർ ആദ്യമായി ഫ്രെയിമിലെത്തുന്നത്. വേണു ഏറ്റുപാടുമ്പോൾ ശോഭ തിരിഞ്ഞുനോക്കുന്നു. അവർ ലജ്ജയോടെയും പുഞ്ചിരിച്ച അനുരാഗം നിറഞ്ഞ കണ്ണുകളോടെയും വേണുവിനെ നോക്കുന്നു. അവരെ സമീപിക്കുന്ന വേണുവിന്റെ മുഖവും പ്രണയാർദ്രമാണ്‌. ഗാനം തുടരുകയാണ്. "ഇതുവരെ കാണാത്ത കരയിലേക്കൊ, ഇനിയൊരു ജന്മത്തിൻ കടവിലേക്കോ..." 1978ൽ പുറത്തിറങ്ങിയ കെ ജി ജോർജ്ജ് ചിത്രമായ ഉൾക്കടലിൽ മലയാളികൾ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന ഗാനരംഗമാണ് ഇത്. 2016ൽ മാതൃഭൂമിയുടെ കഥാപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സക്കറിയയുടെ 'സിനിമാക്കമ്പം' എന്ന കഥയിലും ഈ ഗാനമാണ് ഒരു പ്രധാനകഥാപാത്രം.'സിനിമാക്കമ്പം' എന്ന കഥയിൽ കഥ പറയുന്ന ആൾ സിനിമയുമായി അമിത പ്രണയത്തിലാണ്. പിണക്കത്തിലായ കാമുകിയുമായി അവസാനമായി പിണക്കം തീർക്കലിന്‌ ബസ്സിൽ പോകുന്നതിനിടയിൽ ആൾക്കൂട്ടം കണ്ട അയാൾ അതൊരു സിനിമാചിത്രീകരണമാണെന്നറിയുകയും ചാടിയിറങ്ങുകയും ചെയ്യുന്നു. അത് ഉൾക്കടൽ എന്ന ചിത്രമാണെന്നറിയുകയും അതെല്ലാം ആവേശത്തോടെ കാണുകയും കാമുകനായ നായകൻ പാടിയ സിനിയിൽ കാണുന്ന ആ മട്ടുപ്പാവിൽ ചെന്നു കയറി ഒന്നിനും വേണ്ടിയല്ലാതെ അവിടെയെല്ലാം നോക്കുകയും ചെയ്യുന്നു. ബസ് നഷ്ടമായ അയാൾക്ക് പ്രണയവും നഷ്ടമായി. എന്നാൽ സിനിമയിലെ പ്രണയം വിജയിക്കുന്നുണ്ട്. സിനിമയിൽ മാത്രം വിജയിക്കുന്ന പ്രണയത്തെ യൂടുബിലൂടെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന പഴയ പട്ടാളക്കാരനാണ് ഈ കഥയിലെ നായകൻ. നിരാശനായ കാമുകൻ എല്ലാറ്റിൽനിന്നുമകന്ന് പട്ടാളജീവിതം നയിച്ചതിനുശേഷം വിരമിച്ച് വിശ്രമജീവിതം നയിക്കുമ്പോഴും പഴയ സിനിമയിലെ പാട്ടും അതുയർത്തുന്ന നീറുന്ന അനുഭൂതികളും അയാളെ വേട്ടയാടുന്നതാണ് കഥ. പഴയ സിനിമാപ്പാട്ടുകൾ ഒരു ശക്തമായ മാദ്ധ്യമം തന്നെയാണ്. അവ മനസ്സിലുണർത്തുന്ന അന്തരീക്ഷവും അനുഭൂതികളും നമ്മെ ഭൂതകാലത്തിലേക്കാനയിക്കുന്നു. യൂടുബിൽ പാട്ട് കേൾക്കുമ്പോൾ തന്റെ പ്രണയ നഷ്ടത്തിലേക്ക് സഞ്ചരിക്കുകയാണ് കഥയിലെ നായകൻ. കഥ എന്നെഴുതിയില്ലെങ്കിൽ അനുഭവകഥ എന്നു തെറ്റിദ്ധരിച്ചേക്കാവുന്ന ഒരു കഥയാണ് ‘സിനിമാക്കമ്പം’. ഒരു സിനിമയും അതിലെ ഒരു ഗാനവും അതിലെ നായികാ നായകന്മാരും ഇങ്ങനെയൊക്കെ കാലങ്ങളോളം മനുഷ്യരുടെയുള്ളിൽ ജീവിച്ചിരിക്കുമോയെന്ന് ആർക്കും സംശയം തോന്നാം.ഇന്നലെ (മെയ് 7ന്) ദ ഹിന്ദു ദിനപ്പത്രത്തിൽ വന്ന ഒരു പരസ്യം കഥയിലെ ചിന്ത സംഭവിക്കാവുന്നതാണെന്ന് തെളിയിക്കുന്നു. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് തന്റെ 18ാം വയസ്സിൽ അന്തരിച്ച നടി ശോഭയെ അനുസ്മരിച്ചു കൊണ്ടാണ് ഈ പരസ്യം. അതും മെയ് ഒന്നിലെ ചരമ വാർഷികം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ. ഒരു അഭ്യുദയകാംക്ഷിയാണ് ഈ പരസ്യം നൽകിയിരിക്കുന്നത്. ശരിക്കും അസൂയ തോന്നുന്നു ഈ പരസ്യം കാണുമ്പോൾ. മരണത്തിന് പോലും കീഴടക്കാനാകാത്ത ശോഭയോട് മാത്രമല്ല, കാലമിത്ര കഴിഞ്ഞിട്ടും അവരോടുള്ള ആരാധനയ്ക്ക് ഇടിവ് തട്ടാത്ത അജ്ഞാതനായ ആ ആരാധകനോട് അല്ലങ്കിൽ ആരാധികയോടും. ഒരുപക്ഷെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏതൊരു അഭിനേതാവിനും ലഭിച്ചിട്ടുളളതിൽ വച്ച് ഏറ്റവും വലിയ ആദരവാകും ഇത്. മരണത്തിന് 40 വർഷങ്ങൾക്ക് ശേഷവും ഇതമാത്രം കടുത്ത ആരാധന മറ്റാർക്കാണ് ലഭിച്ചിട്ടുണ്ടാക്കുക. മലയാളത്തിൽ നടൻ ജയന് ഇത്തരം ആരാധകരുണ്ടെന്നത് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ജയനെ പോലെ ഒട്ടനവധി ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്ര ക്രെഡിറ്റൊന്നും ശോഭയ്ക്ക് അവകാശപ്പെടാനില്ല. തന്റെ മൂന്നാം വയസിൽ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശോഭയുടെ ഫിലിമോഗ്രഫിയിൽ ഏറെയും ബാലതാരമായുള്ളതോ സഹനടിയായുള്ളതോ ആണ്. എന്നാൽ ശാലിനി എന്റെ കൂട്ടുകാരി, അണിയാത്ത വളകൾ, ഉൾക്കടൽ തുടങ്ങിയ ഈ ചിത്രങ്ങളിലെ വേഷങ്ങൾ ശോഭയെ പ്രേക്ഷകരുടെ മനസിൽ എന്നെന്നും ജീവിപ്പിക്കുന്നവയാണ്. അതിൽത്തന്നെ ശോഭയെന്ന പേരിനൊപ്പം പ്രേക്ഷകൻ എന്നും ചേർത്തുവയ്ക്കുന്ന രംഗമാണ് ഉൾക്കടലിലെ ഗാനരംഗം. നാൽപ്പത് വർഷങ്ങൾക്ക് ശേഷവും ഒരു നടിയെ ഒരാൾക്ക് ഇങ്ങനെ ആരാധിക്കാൻ സാധിക്കുന്നതെങ്ങനെയാണ്. മനസിൽ യാതൊരു ഉടവും തട്ടാത്ത സ്ത്രീ രൂപമായി ജീവിക്കാൻ ശോഭയ്ക്കും ജീവിപ്പിക്കാൻ ആരാധകർക്കും സാധിക്കുന്നതെങ്ങനെയാകും? ആ ചരമ വാര്‍ഷിക പരസ്യമാണ് ശോഭ മലയാളിക്ക് ആരായിരുന്നുവെന്ന് വ്യക്തമാക്കുന്നത്. ചെലപ്പോൾ അതൊരു തമിഴ് ആരാധകനോ/ആരാധികയോ ആകാം. കാരണം തമിഴിലെ നിരവധി ചിത്രങ്ങളിൽ ദേവിയായും കാമുകിയായുമെല്ലാം അവർ വേഷമിട്ടിട്ടുണ്ട്. മുഖത്തെ കുസൃതിയും അഭിനയത്തിലെ അനായാസതയുമായിരുന്നു ശോഭയുടെ പ്രത്യേകത. മറ്റ് അഭിനേതാക്കൾ ഓവർ ആക്ടിംഗ് നടത്തുമ്പോഴും യാതൊരു അതിഭാവുകത്വവുമില്ലാത്ത അഭിനയമായിരുന്നു അവരുടേത്. വർഷങ്ങൾക്ക് ശേഷമാണ് മറ്റ് അഭിനേതാക്കൾ ഈ സ്വാഭാവിക അഭിനയത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞതൊന്നും ഇവിടെ ഓർക്കേണ്ടതുണ്ട്. അതേസമയം മലയാളികളുടെ പരമ്പരാഗതമായ സൗന്ദര്യ സങ്കൽപ്പത്തിൽ ശോഭ ഒരിക്കലും ഉണ്ടാകില്ല. മറ്റ് നടിമാരുമായി താരതമ്യം ചെയ്യുമ്പോൾ അവർ ആ സങ്കൽപ്പത്തിൽ ഒതുങ്ങുന്നില്ല. സൗന്ദര്യ സങ്കൽപ്പത്തിലെ മൂക്കോ കണ്ണോ ഒന്നുമായിരുന്നില്ലെങ്കിലും നിഷ്കളങ്കവും ആകർഷകവുമായ ചിരിയിൽ കുട്ടിത്തം നിറഞ്ഞിരുന്നു. ശരിക്കും പ്രണയം തോന്നുകയും അതേസമയം ഓമനിക്കാൻ തോന്നുന്നതുമായ മുഖം. ഒരു സ്ത്രീ മോളേ എന്നോ കുട്ടി എന്നോ വിളിക്കപ്പെടുമ്പോൾ അവൾ അത്രയും കാലം ജീവിച്ചു തീർത്ത കാലവും ജീവിതാനുഭവങ്ങളും റദ്ദ് ചെയ്യപ്പെടുകയാണെന്നാണ് ഒരിക്കൽ ഒരു കൂട്ടുകാരി പറഞ്ഞത്. ശോഭ ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഒരു 58കാരിയായിരിക്കും. എന്നാൽ ആ 58 വർഷത്തെയും അനുഭവത്തെയും റദ്ദാക്കുന്ന വിധത്തിൽ അവർ ആരാധകർക്ക് ഇന്നും ഒരു കുട്ടിയും കാമുകിയുമാണ്.ശോഭ ആത്മഹത്യ ചെയ്യുമ്പോൾ ഇതെഴുതുന്ന ഈയുള്ളവൻ ജനിച്ചിട്ടു പോലുമില്ല. ബാലു മഹേന്ദ്രയുമായുള്ള അവരുടെ ബന്ധം തകർന്നതാണ് മരണത്തിലേക്ക് അവരെ എത്തിച്ചതെന്നൊക്കെ ചില സിനിമാ പ്രസിദ്ധീകരണങ്ങളിൽ വായിച്ചിട്ടുണ്ട്. ശോഭയുടെ ബയോപിക് ആയ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമയിലൂടെയും അവരുടെ ജീവിതം വ്യക്തമായി. ഒരുപക്ഷെ ആ പരസ്യം നൽകിയ ആരാധകനും/ആരാധികയും ആ സമയത്ത് ജനിച്ചിട്ടു കൂടിയുണ്ടാകണമെന്നില്ല. എന്നിട്ടും അവർ തന്റെ ചിത്രങ്ങളിലൂടെയും ഗാന രംഗങ്ങളിലൂടെയും വിതറിയിട്ട് പോയ പ്രണയ ഭാവത്തിലൂടെ അവർ അമരത്വം നേടുകയാണ്. തന്റെ പ്രണയം അവർ സിനിമയിൽ അഭിനയിച്ച് പ്രതിഫലിപ്പിക്കുക മാത്രമല്ല ചെയ്തത് നഷ്ടപ്പെട്ട പ്രണയത്തിനായി ആ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. ആത്മഹത്യയെ ന്യായീകരിക്കുന്നില്ല. പക്ഷെ ആ പ്രണയമില്ലാതെ അവർക്ക് ജീവിക്കാനാകില്ലായിരുന്നു.ഓർഹാൻ പാമുഖിന്റെ മ്യൂസിയം ഓഫ് ഇന്നസെൻസ് എന്ന നോവലിലും അത്തരമൊരു പ്രണയമാണ് വിവരിക്കുന്നത്. എട്ട് വർഷത്തോളം കാത്തിരുന്ന് തിരികെ ലഭിക്കുന്ന കാമുകിയെ വീണ്ടും നഷ്ടമാകുമ്പോൾ അവളെ ഓർമ്മിപ്പിക്കുന്ന ഓരോ വസ്തുക്കളും ശേഖരിക്കുകയാണ് ഇതിലെ കാമുകൻ. ഒടുവിൽ വർഷങ്ങൾക്ക് ശേഷം അവളുടെ വീട് അയാൾ ആ വസ്തുക്കൾ വച്ച് ഒരു മ്യൂസിയം ആക്കിത്തീർക്കുന്നു. നഷ്ടപ്പെട്ട പ്രണയത്തെ ഓർമിപ്പിക്കുന്ന ഓരോ ഇടങ്ങളിലൂടെയും വീണ്ടും വീണ്ടും യാത്ര ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്. ഉള്ളിൽ ഒരു ദേവദാസ് ഉള്ളതിനാലാകാം ഞാനെന്തായാലും അത് ആഗ്രഹിക്കുന്നു. പരസ്യം നൽകിയ അഭ്യുദയകാംക്ഷി ആണായാലും പെണ്ണായാലും ശോഭയോടുള്ള പ്രണയമാകാം അവരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വയ്ക്കാൻ പ്രേരിപ്പിക്കുന്നത്. തന്റെ പ്രണയത്തിൽ തന്നെ മരിച്ചുവീണ ശോഭയ്ക്കുള്ള മ്യൂസിയമാകാം ഈ പരസ്യം.പ്രണയത്തിന് ഒരിക്കലും മരണമില്ലെന്ന ചിന്തയാണ് ഇവിടെ ചൂണ്ടിക്കാട്ടാനാകുന്നത്. മനുഷ്യൻ ഓർമ്മകളിലൂടെ മരണത്തെ അതിജീവിക്കുന്നുവെന്നും ഓർമ്മകൾ ഒരിക്കലും മറക്കുന്നില്ലെന്നുമുള്ള ചിന്തകളും ഇവിടെ ഉയരുന്നു. യൂടൂബിലൂടെ ശോഭ അഭിനയിച്ച ഗാനരംഗങ്ങൾ കാണുന്ന ആരാധികയ്ക്ക്/ധകന് അവരുടെ മരണം ഇക്കഴിഞ്ഞ നിമിഷം മാത്രം നടന്നതാണ്. അതിനാൽ തന്നെ ഏറെ ഹൃദയ വേദനയോടെ മാത്രമേ ഈ പരസ്യത്തെ കാണാനാകൂ. അവർ ഒരു മൂടൽമഞ്ഞിനിടയിലൂടെ മാഞ്ഞ് പോകുന്നത് ആ പരസ്യത്തിനപ്പുറത്ത് നമുക്ക് കാണാനാകും."ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ" എന്ന് പാടി അവസാനിപ്പിച്ചു കൊണ്ട്.


Next Story

Related Stories