TopTop
Begin typing your search above and press return to search.

'തകര്‍ന്ന തലച്ചോറുകളും വാരിയെല്ലുകളും ഹൃദയങ്ങളും തകര്‍ക്കുന്നത് എന്നെയും കൂടിയാണ്'; ഒരു ഫോറന്‍സിക് സര്‍ജ്ജന്റെ കുറിപ്പ്

തകര്‍ന്ന തലച്ചോറുകളും വാരിയെല്ലുകളും ഹൃദയങ്ങളും തകര്‍ക്കുന്നത് എന്നെയും കൂടിയാണ്; ഒരു ഫോറന്‍സിക് സര്‍ജ്ജന്റെ കുറിപ്പ്

രുപാട് പേര് ഒരുപാട് തവണ ഇതിനേക്കാളും മെച്ചമായി എഴുതിയ കാര്യങ്ങളാണ്. എന്നാലും എഴുതുവാ. പറ്റുമെങ്കിൽ ഒന്ന് സഹിച്ചേരേ..കുറിപ്പ് ഇച്ചിരി disjointed ആയി തോന്നാം. തോന്നലല്ല, ആന്ന്. അതിന് കാരണവുമുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ചേച്ചിയേ ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് വിളിച്ചോണ്ട് വരാൻ പത്തനംതിട്ടയിലേക്ക് പോകുവാരുന്നു. ഇടയ്ക്കെവിടെയോ വച്ച് വഴി തെറ്റി ചുറ്റി തിരിഞ്ഞ്. Google map നോക്കിയപ്പോ അങ്ങോട്ടേക്ക് എത്താന്‍ ഇനീം അമ്പത് കിലോമീറ്റര്‍ കൂടിയുണ്ടെന്ന് മനസ്സിലാക്കി. ഒറിജിനലി നാൽപ്പത്തിനാല് കിലോമീറ്റർ മാത്രമുള്ള ട്രിപ്പായിരുന്നു. അത്രേം വഴിതെറ്റി പോയി.

ഹരിപ്പാട്ടൂന്ന് ഇറങ്ങുന്നതിന് തൊട്ട് മുമ്പാണ് SPB പോയ വിവരം അറിഞ്ഞത്. ആകെ വിഷമവും കരച്ചിലും വന്ന്. ഒന്നാമതേ ഒരാഴ്ച്ചയായി ഇച്ചിരി ഡൗണായിരുന്നു. അതിന്റെ മേലാണ് ഇതും കൂടി.

അടിതെറ്റി പോയവന് വഴീം തെറ്റീന്ന് പറഞ്ഞാ മതി.

SPB Covid പോസിറ്റീവായി, തുടക്കത്തിൽ വളരെ mild ആയ രോഗലക്ഷണമുണ്ടായിരുന്ന അദ്ദേഹത്തിന് പിന്നീട് രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്നു. അദ്ദേഹം ഏതാണ്ട് ഒരു മാസത്തിന് ശേഷം കേവിഡ് നെഗറ്റീവായി സ്ഥിതി മെച്ചപ്പെട്ടു. എങ്കിലും രോഗം തുടങ്ങി വച്ച chain of morbid events അവസാനം അദ്ദേഹത്തിനേയും കൊണ്ട് പോയി.

പെട്ടെന്നുള്ള മരണം (sudden death - death occurring within 24 hours of onset of symptoms) അല്ലായിരുന്നെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതം (unexpected) ആയിരുന്നു. രക്ഷപ്പെട്ട് പോരുംന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്… അറ്റ്ലീസ്റ്റ് ഞാനെങ്കിലും. അത് കൊണ്ട് വിഷമം വന്ന് കരഞ്ഞ് പോയി.

അങ്ങനെ വഴി തെറ്റിയാണേലും ചെന്നിട്ട് പത്തനംതിട്ടേന്ന് ചേച്ചിയേം കൊണ്ട് തിരിച്ച് പോരുമ്പോ, ഏതാണ്ട് അഞ്ചാറ് കിലോമീറ്ററായിക്കാണും, ഒരു മിന്നായം പോലെ എന്തോ ഒരു സാധനം എന്റെ വണ്ടീടെ ഇടത് സൈഡിക്കൂടി കടന്ന് മുന്നിലെത്തീട്ട് പിന്നെ എന്റെ മുന്നിലുള്ള ഒരു വണ്ടീടെ വലത് വശത്തൂടി എതിരേ വന്ന ഒരു കാറിനേ തൊട്ടു തൊട്ടില്ലെന്ന മാതിരി ഒരു പാച്ചിൽ. ഒരു ബൈക്ക്… അതില് രണ്ട് പേരും. കാലീന്ന് ഒരു തരിപ്പ്ഇരച്ച്കേറി…

പിന്നേയും കുറച്ചൂടെ മുന്നോട്ട് എത്തുമ്പോൾ രണ്ട് പേര് നിലത്ത് റോഡില്‍ ഇരിപ്പുണ്ട്. ചുറ്റിനും കുറച്ചാളുകളും.

വീണതാണ്.

വല്യ കുഴപ്പമൊന്നുമില്ലെന്ന് തോന്നുന്നു. എഴുനേറ്റ് നടക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

നല്ല മഴയും.

ഫോറെൻസിക്ക്സിലാണ്.. ഒത്തിരി തകർന്ന ശരീരങ്ങളും ജീവിതങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഞാനിത് വരെ ഒരു മരവിച്ച മനുഷ്യനായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം ടേബിളിൽ ചിലര് കിടക്കുന്നത് കാണുമ്പോ എനിക്ക് ഭയങ്കര വിഷമവും കരച്ചിലും ഒക്കെ ഇപ്പോഴും വരാറുണ്ട്. തകർന്ന തലച്ചോറുകളും വാരിയെല്ലുകളും ശ്വാസകോശങ്ങളും ഹൃദയങ്ങളും തകർക്കുന്നത് എന്നേം കൂടിയാണ്.

മരിച്ച് പോയവരുടെ ബന്ധുക്കളുടെയും ഉറ്റവരുടേയും വിഷമത്തിന്റെ തോത് ആ മരിച്ച വ്യക്തിയുടെ വിയോഗം അവർക്കുണ്ടാക്കുന്ന നഷ്ടത്തിന്റെ വലിപ്പമനുസരിച്ചായിരിക്കുമെന്നത് എന്റെ ഒരു പെറ്റ് തിയറിയാണ്. The quantum of grief suffered by a person due to another's death is directly proportional to the loss suffered by the former due to latter's absence. മേൽപ്പറഞ്ഞ എന്റെ തിയറി പൊട്ടി തരിപ്പണമാകുന്ന ഒരു അപവാദം ഈ തിയറി ഉണ്ടാക്കിയ എന്റെ കാര്യത്തിൽ തന്നെയാണ്. ഞാനെന്ന ഫോറെൻസിക്ക് സർജ്ജന്റെ കാര്യത്തിൽ.

ജീവിതത്തിൽ ഇതിന് മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത തികഞ്ഞ അപരിചിതന്റെ തകർന്ന ഉടല് കണ്ട് ഞാനെന്തിനു ഇങ്ങനെ തകരണം?

ഇൻകോറിജിബ്ൾ ഇമോഷണൽ ക്രിപ്പ്ൾ.

പൊട്ടൻ.

ടേബിളിലേ നിസ്സാഹയരേ കാണുമ്പോഴുള്ള വിഷമത്തിന്റെ കാരണം ആ മനുഷ്യന് അന്നേരം മരിക്കേണ്ട കാര്യമില്ലായിരു്ന്നു എന്ന് തോന്നുന്നത് കൊണ്ടാണ്. അപകടമരണങ്ങളും, സ്വയഹത്യകളും, കൊലപാതകങ്ങളും, മരണകാരണം എന്തെന്ന് അറിവാകുന്നതിന് മുമ്പ് അപ്രതീക്ഷിതമായ പെട്ടെന്നുള്ള മരണങ്ങളും (പരിശോധനയ്ക്ക് ശേഷം natural disease കൊണ്ടാണെന്ന് മനസ്സിലാവുന്നതുമായ) ശേഷിപ്പുകളാണല്ലോ എന്റെ ടേബിളിലിൽ എത്താറുള്ളത്.

ചൈനയൊഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും കോവിഡ് ഇറക്കുമതിയാണ്. മറ്റേത് പാൻഡെമിക്കിനേം പോലെ അത് ആദ്യം പുറത്ത് നിന്ന് വന്നവരിലൂടെ എത്തി അവിടുള്ളവരെ ബാധിച്ചു. ആദ്യമൊക്കെ വരുത്തരിൽ കൂടുതലായി കണ്ട ദീനം പിന്നീട് എല്ലാ സമൂഹങ്ങളിലും അവിടെത്തന്നെയുള്ളവരിൽ കൂടുതൽ കണ്ട് തുടങ്ങും. പിന്നീട് സമുഹ വ്യാപനവും. എണ്ണത്തിൽ കരകവിയുകയും.

ആദ്യമൊക്കെ നമ്മുടെ അടുത്തൊന്നും ആർക്കും വരാത്ത അസുഖം ക്രമേണ നമ്മുടെ പരിചയക്കാരിലും അയൽപക്കത്തും ഒക്കെ എത്തും. വന്ന് പോകുന്ന ഏതാണ്ട് 80% ശതമാനം ആൾക്കാരിലും കാര്യമായ രോഗലക്ഷണം ഒന്നും ഉണ്ടാക്കാത്ത രോഗത്തേ ക്കുറിച്ച് ജനങ്ങൾക്ക് തന്നെ ഒരു പുച്ഛം തോന്നി തുടങ്ങും. ഇത്രയല്ലേ ഒള്ളു എന്ന തോന്നലും.

അങ്ങനെ ഒരു ചിന്ത ആത്ര സേഫായ ഒന്നല്ല.

വിശദമാക്കാം.

ഇപ്പോ,

ദൈവം വന്ന് നിങ്ങളോട് പറയുന്നു… മകനേ.. നിനക്ക് ഒരു വൈറസ് ഇൻഫക്ഷൻ വന്നേ തീരൂ… ഒന്നുകിൽ നിപ്പ അല്ലെങ്കിൽ കോവിഡ്… നിനക്ക് ഇതിൽ ഏത് വേണം എന്ന് ചോദിച്ചൊരു ചോയ്സ് തന്നാൽ നിങ്ങള് എന്ത് ചെയ്യും?

ഉത്തരം നിങ്ങൾ ആരാണ് എന്നത് ആശ്രയിച്ചിരിക്കും.

ഒരു വ്യക്തി എന്ന നിലയ്ക്ക്, സംശയമൊന്നും വേണ്ട, നിങ്ങൾ പറയും കോവിഡ് മതീന്ന്.

എന്താ കാരണം?

Case fatality rate (എന്ന് വെച്ചാല്‍ നൂറു പേര്‍ക്ക് അസുഖം വന്നാൽ എത്ര പേര് മരിക്കുമെന്ന നിരക്ക്) ഏതാണ്ട് തൊണ്ണൂറിനടത്തുള്ള നിപ്പ പിടിപെട്ടാൽ നമുക്ക് മരിക്കാനുള്ള സാധ്യത വളരെ കൂടുതലാന്ന് നമുക്കറിയാം എന്നത് കൊണ്ട്… അല്ലേ?

എന്നാല്‍ കോവിഡ്, വരുന്ന ഏതാണ്ട് 80% ശതമാനം ആൾക്കാരിലും കാര്യമായ ഒരു രോഗലക്ഷണവും ഉണ്ടാക്കാത്ത ഒന്നാണെന്ന് അറിയുന്ന നമ്മൾ, രോഗം വന്ന് പോയ നമ്മുടെ അയൽക്കാരിലും നമുക്ക് പരിചയമോ കേട്ട്കേൾവിയോയുള്ള പരിചയക്കാരിലും ബഹുഭൂരിപക്ഷം മനുഷ്യരിലും കാര്യമായ തകരാറൊന്നും ഉണ്ടാക്കാതെ പോയ സ്ഥിതിക്ക് അസുഖം നമുക്ക് വന്നാലും നമ്മളും രക്ഷപ്പെടും എന്ന വിശ്വാസത്തിലാണ് അങ്ങനെ ചിന്തിക്കുന്നത്.

പക്ഷെ നിങ്ങൾ ഒരു പൊതുജനാരോഗ്യ വിദഗ്ദ്ധനോ ഒരു രാജ്യത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രിയോ ആണെന്ന് വയ്ക്കുക. നിങ്ങൾ എന്ത് തീരുമാനിക്കും?

Case fatality rate കൂടുതല്‍ ആണെങ്കിലും താരതമ്യേന കുറച്ചു മനുഷ്യരില്‍ മാത്രം വന്നിട്ട് വേഗം തന്നെ നിയന്ത്രണ വിധേയമാവുന്ന നിപ്പ മതീന്ന് തീരുമാനിക്കും. കാരണം നൂറ് പേരിൽ വന്ന് 90 പേർ മരിച്ച് അതോടെ തീരുന്ന ഒരു സാഹചര്യവും, കോടി കണക്കിന് ആൾക്കാരിൽ വന്ന് ( അതിന്റെ മൂന്നോ നാലോ ശതമാനം പേർ മാത്രം മരിച്ചാൽ പോലും) ലക്ഷകണക്കിന് ആൾക്കാർ മരിക്കുന്ന കോറോണയേക്കാൾ ഭേദമെന്ന സാഹചര്യവും തമ്മിലുള്ള ഒരു favourable tradeoff ആണ്.

ഇങ്ങനൊക്കെയാണെങ്കിലും കാര്യങ്ങൾ അത്ര സിമ്പിളല്ല.

ആദ്യമൊക്കെ കോവിഡിനേ പറ്റിയുള്ള നമ്മുടെ ധാരണ അത് ഒരു mild അസുഖമാണെന്നും, പ്രായം കൊണ്ടോ മറ്റ് അനാരോഗ്യങ്ങൾ കൊണ്ടോ Vulnerable ആയിട്ടുള്ള മനുഷ്യരേ മാത്രം മരണത്തിലേക്ക് നയിക്കുന്ന ഒരു അസുഖം എന്ന നിലയ്ക്കായിരുന്നു. ഒരു പനി ഉണ്ടാക്കുന്ന അധികമായ സ്ട്രെസ്സ് താങ്ങാനുള്ള കഴിവില്ലാത്ത മനുഷ്യരിൽ മാത്രമല്ല, അല്ലാത്തവരിലും അത് SARI ( Severe Acute Respiratory Infection) ഉണ്ടാകുമെന്നും നമ്മൾ മനസ്സിലാക്കി. എന്നാലും അസുഖം പ്രധാനമായും ഒരു ശ്വാസകോശ സമ്പന്ധമായ അസുഖം എന്ന നിലയിലായിരുന്നു അണ്ടർസ്റ്റാന്റിങ്ങ്.

പിന്നീട്, ചിലരിൽ കോവിഡ് രക്തക്കുഴലുകളേയും, രക്തത്തിന് കട്ടിപ്പിടിക്കാനുള്ള പ്രവണതയേയും കൂട്ടി ധമനികളിൽ രക്തം കട്ടി പിടിച്ച് clot ഉണ്ടായി മസ്തിഷ്കത്തിൽ stroke, ഹൃദയാഘാതം, ശ്വാസകോശങ്ങളിൽ രകതതടസ്സം (pulmonary thrombosis /thromboembolism) തുടങ്ങിയ മാരകമായ അവസ്ഥകളും ഉണ്ടാക്കിയേക്കാം എന്നും തെളിയിക്കുന്ന പഠനങ്ങള്‍ പുറത്ത് വന്നു.

അതിനും ശേഷം നമ്മുടെ പ്രതിരോധ ശേഷിയേ വികലമായി ബാധിച്ചിട്ട് allergic / hyperimmune response വരുത്തി cytokine storm വന്ന് ശരീരത്തിലെ സുപ്രധാന അവയവങ്ങൾക്ക് മാരകമായ പരിക്കേൽപ്പിച്ചും അത് വരെ പ്രത്യക്ഷത്തിൽ ആരോഗ്യവാനായ മനുഷ്യനെ പോലും മരണത്തിലേക്ക് തള്ളി വിടാമെന്നും നമുക്ക് മനസ്സിലായി.

ഇത് കൊണ്ടുള്ള പ്രശ്നമെന്താന്ന് വച്ചാൽ ഒരാൾക്ക് ഈ അസുഖം പിടിപ്പെട്ടാൽ അയാളിൽ ഇത് കാര്യമായ തകരാറൊന്നുമില്ലാതെ കടന്ന് പോകുമോ, അതോ മേൽപ്പറഞ്ഞ ഏതെങ്കിലും രീതിയിലുള്ള clinical course ആയിരിക്കുമോ നടക്കുക എന്ന് നമുക്ക് മുൻകൂട്ടി പ്രവചിക്കാനാവില്ല എന്നതാണ്. എനിക്കോ നിങ്ങൾക്കോ ഈ അസുഖം വന്നാല്‍ നമ്മുടെ ശരീരത്തിന് ഇത് ഏത് കോലത്തിൽ പണി തരും എന്ന് നമുക്ക് മുൻകൂട്ടി പറയാനാവില്ല.

ഇത്രയും ഒരു വ്യക്തി എന്ന നിലയിൽ അറിയേണ്ട കാര്യങ്ങൾ.

കോവിഡ് ഇത്ര വലിയ ഒരു മഹാമാരിയാവുന്നത് ഒരു സമൂഹത്തിലെ ഒരുപാട് മനുഷ്യരേ ഒരേ സമയത്ത് ചികിത്സ വേണ്ടുന്ന തരത്തിലാക്കും എന്നത് കൊണ്ടാണ്. ഇത്രയും പേരേ ഒരേ സമയം ചികിത്സിക്കേണ്ടി വരുമ്പോ അത് ആ സമൂഹത്തിന്റെ health care delivery systemത്തിനേ ദുർബലമാക്കി തകർത്ത് കളയും എന്നത് കൊണ്ടാണ്.

ഇപ്പോ oxygenന്റെ കാര്യം എടുക്കുക. Covid വന്ന് ventilatorഉം ozygenഉം വേണ്ടിവരുന്ന ഒരു രോഗിക്ക് ഒരു മണിക്കൂറിൽ 10 litre oxygen വേണം ശരിയായ ചികിത്സ കിട്ടി രക്ഷപ്പെടാൻ എന്ന് കരുതുക (ഈ figure ഒരു ഉദാഹരണം).

ഒരു health care സിസ്റ്റത്തിന് ഒരു മണിക്കൂറിൽ 150 litre oxygen കൊടുക്കാനുള്ള ശേഷി ഉണ്ടെന്നും കരുതുക.

സോ,

150/10 = 15 രോഗികള്‍ക്ക് മണിക്കൂറിൽ 10 litre oxygen കൂട്ടുന്ന ideal ചികിത്സ കിട്ടും,

അവര്‍ രക്ഷപ്പെടും.

അന്നേരം ആ systemത്തിലേക്ക് 30 രോഗികള്‍ കടന്ന് വരുന്നു എന്ന് വിചാരിക്കുക.

അപ്പോഴോ..?

ഒന്നുകിൽ 15 പേരേ മാത്രം ചികിത്സിച്ചിട്ട് ബാക്കി പതിനഞ്ച് പേരേ മരിക്കാൻ വിടണം.

അല്ലെങ്കിൽ ഈ 150 litre capacity 30 പേർക്കുമായി വീതിച്ച് നൽക്കണം. പത്ത് കിട്ടേണ്ടിടത്ത് അഞ്ച് മാത്രം കിട്ടി മിക്കവാറും എല്ലാരും മതിയായ oxygen കിട്ടാതെ മരിക്കും.

ഒരുപാട് ആൾക്കാരുടെ വിചാരം കോവിഡ് കാലത്ത് കോവിഡ് വന്ന് മാത്രമേ മരിക്കുന്നൊള്ളു എന്നാണ്. ഒരു കാര്യം ഓർക്കുക.

അറിയാല്ലോ… Covid രോഗികള്‍ക്ക് മാത്രമല്ല oxygenഉം ventilatorഉം ഒക്കെ വേണ്ടി വരുന്നത്.

ചുരുക്കി പറഞ്ഞാല്‍ ഒരു health care delivery systemത്തിന് താങ്ങാനാവാത്ത സ്ഥിതി വന്നാൽ കോവിഡെന്നല്ല ഒരു അസുഖവും മര്യാദയ്ക്ക് ചികിത്സിക്കാൻ കഴിയാതെയാകും.

മതിയായ ചികിത്സ കിട്ടിയിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്ന ഒരുപാട് പേര് "അനാവശ്യമായി" മരിക്കേണ്ടി വരും.

അത് കൊണ്ട് SMS (Sanitizer Mask Social distancing) മാത്രം പോരാ. Coronaയേ മാത്രം തടുത്താൽ പോരാ. കേരളം ശരിക്കും ഒരു cliff edgeൽ ആണ്. കോവിഡ് ദിവസകണക്ക് ഏഴായിരമൊക്കെയായി. അതിനീം കൂടുമെന്നൊക്കെ ഉത്തരവിദിത്വപ്പെട്ട ആൾക്കാര് പറയുന്നു. ദിവസേനയുള്ള മരണം ഇപ്പോ സ്ഥിരമായി ഇരുപതില്‍ കൂടുതലായിട്ടുണ്ട്. നമ്മുടെ health care system അതിന്റെ കപ്പാസിറ്റിയുടെ limitsനോട് അടുക്കുന്നു.

നേരത്തെ പറഞത് പോലെ,

കൊറോണയേ മാത്രം പ്രതിരോധിച്ചാൽ പോരാ. ജനങ്ങൾ ആശുപത്രിയിൽ എത്തേണ്ടി വരുന്ന സാഹചര്യം നമ്മളാൽ കഴിയുന്ന എന്തെങ്കിലും ചെയ്താൽ കുറയുമെങ്കിൽ അതെല്ലാം ചെയ്യണം.

SMS ന് പുറമേ..

സ്ഥിരമായി എന്തെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നവർ അത് കൃത്യമായി കഴിക്കണം.

ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന ഓരോ പ്രവർത്തിയും സൂക്ഷിച്ച് സുരക്ഷിതമായി ചെയ്യുക.

വാഹനം ഓടിക്കുന്നവർ ഏറ്റവും സുരക്ഷിതമായി അത് ചെയ്യുക.

സ്വന്തം ആരോഗ്യത്തിന് ഹാനികരമായ എന്തെങ്കിലും കാര്യം ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കുക.

കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട്ട് വീടിന്റെ പിറക് വശത്ത് തലചുറ്റി വീണിട്ട് കൈമുട്ടിലെ തൊലിയുരഞ്ഞ് തോളിൽ ക്ഷതവുമേറ്റിട്ട് അന്നും അടുത്ത ദിവസവും കഴിഞ്ഞ് ഇന്നലേ മാത്രം എന്നോട് ആ വിവരം പറഞ്ഞ ഒരു പാവം അമ്മയുണ്ട് എനിക്ക്.

എനിക്ക് കൊച്ചി മെഡിക്കൽ കോളേജിലേ MBBS students ന്റെ പരീക്ഷ നടത്താൻ examiner ആയത് കൊണ്ട്, രാവിലെ എട്ടരക്ക് എങ്കിലും അവിടെ എത്തണം എന്നുള്ളത് കൊണ്ട് തിങ്കളാഴ്ച അതിരാവിലെ കൊല്ലത്ത് നിന്ന് ഇറങ്ങി. ഹരിപ്പാട് എത്തി അമ്മയോടൊപ്പം ഒരു ചായകുടിച്ച് ഇരുന്നപ്പോഴും പറഞ്ഞില്ല. രണ്ട് ദിവസത്തെ പരീക്ഷ ഡ്യൂട്ടി ഒക്കെ കഴിഞ്ഞു ഇന്നലെ, ചൊവാഴ്ച, സന്ധ്യയോടെ വീട്ടിലെത്തിയപ്പോ മാത്രമാണ് അമ്മ വീണ കാര്യം എന്നോട് പറയുന്നത്. വെറുതെ എന്നേ വിഷമിപ്പിക്കേണ്ടന്ന് വച്ച് പോയിട്ട് വരട്ടേന്ന് കരുതി അമ്മ രണ്ട് ദിവസം പറയാതിരുന്നു.

എന്റെയോപ്പമുള്ള അമ്മയേ പോലെയും, ഒപ്പമില്ലാത്ത SPB യേ പോലെയും,

എല്ലാവരും ആരുടെയെങ്കിലുമൊക്കെ പ്രിയപ്പെട്ടവരാണ്.

അറിയാം.

പക്ഷെ, എന്റെ പോസ്റ്റുമോർട്ടം ടേബിളിൽ നിസ്സഹായരായി കിടന്നിട്ടാണേങ്കിലും എന്നോട് സ്നേഹത്തോടെ കഥകൾ പറയുന്ന, അങ്ങനെ കഥകൾ പറയുമ്പോ എന്നേ പൊള്ളലേൽപ്പിക്കുന്ന, ശ്വാസംമുട്ടിക്കുന്ന, വേദനിപ്പിക്കുന്ന മനുഷ്യരിൽ ചിലരെങ്കിലും ചിലപ്പോ എന്നേ കരയിപ്പിക്കാറുണ്ട്.

അവർ അനുഭവിച്ച വേദനയും സഫ്റിങ്ങിനേക്കാളും കൂടുതൽ നമ്മുടെ മനസ്സിനേ നോവിക്കുന്നത് അവരൊക്കെയും അന്നേരം മരിക്കേണ്ട മനുഷ്യരല്ലായിരുന്നു, കുറച്ച് കാലം കൂടി ജീവിക്കേണ്ടവരായിരുന്നു എന്നോക്കെയുള്ള ഉറച്ച തോന്നലുകളാണ്.

അങ്ങനെ മരിച്ചവരേ കാണുമ്പോ,

അവരുടെ തണുത്ത കൈകളിൽ വിരലോടിക്കുമ്പോ,

നിശ്ചലനിശ്ശബ്ദത അനുഭവിക്കുമ്പോ,

വിഷമം വരും.

ചിരപരിചിത പാതകളിലാണെങ്കിലും പോലും ചിലപ്പോ വഴി തെറ്റി പോകും.

കുറച്ച് കാലം കൂടി അവര് ജീവിച്ചിരുന്നേനേ എന്നോർക്കുമ്പോ കരഞ്ഞും പോകും.

ഇത്രയും കാലമായിട്ടും,

ഇന്നും.


Next Story

Related Stories