ഇന്നലെ രാത്രി പ്രധാന വാർത്താ സമയത്തായിരുന്നു രണ്ടു പ്രമുഖ മലയാളം വാർത്താ ചാനലുകൾ ആയ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വൺ എന്നിവ നാല്പത്തെട്ട് മണിക്കൂർ പൂട്ടിയിടാൻ യൂണിയൻ സർക്കാർ കൽപ്പിച്ചത്. എന്തിന്റെ പേരിലായാലും നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള കൽപ്പനകൾ (മാധ്യമങ്ങൾ പൂട്ടിക്കുന്നത്) എല്ലാ നോട്ടങ്ങളിലും സംശയത്തിനിടമില്ലാത്ത വിധം അക്ഷരാർത്ഥത്തിൽ ജനാധിപത്യ വിരുദ്ധമാണ്. രാത്രി തന്നെ പ്രമുഖ പാർട്ടികളെല്ലാം അവരുടെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. അത് കൊണ്ട് തന്നെ രാവിലത്തെ പത്രവായന ഏറെ പ്രാധാന്യത്തോടെ ആണ് ആരംഭിച്ചത്.
എന്നാൽ അതിശയിപ്പിക്കുന്ന മൗഢ്യം മാധ്യമ ലോകം ഇക്കാര്യത്തിൽ പുലർത്തിയത് ജനാധിപത്യ വിശ്വാസികളെ ഉത്കണ്ഠാകുലരാക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്നിലും ഈ സംഭവം ഒന്നാം പേജിൽ വാർത്തയായില്ല. (അപ്പോഴും ദേശാഭിമാനി പത്രത്തിന്റെ പ്രധാന വാർത്ത ഇത് തന്നെയെന്നോർക്കണം) ഇന്നലെ രാത്രിയിൽ മറ്റേതെങ്കിലും ചാനലുകളിലും ഇക്കാര്യത്തിലുള്ള പ്രതിഷേധം വാർത്തയായി വരുമെന്ന് കാത്തിരുന്ന പ്രേക്ഷകരെയും മുഖ്യധാരാ ചാനലുകൾ നിരാശരാക്കി. (അവിടെയും കൈരളി ചാനൽ വേറിട്ട ചാനൽ തന്നെയായിരുന്നു) പിന്നീട് രാത്രിയുടെ അന്ത്യയാമങ്ങളിൽ നടന്ന "എന്തോ കളികളുടെ" തുടർച്ചയായി ഏഷ്യാനെറ്റ് ന്യൂസ് അവരുടെ വാർത്താ ചാനൽ തുറന്നതായിക്കാണുന്നു. "കളികൾ" എന്തായിയിരുന്നു എന്ന് ആരും അറിഞ്ഞിട്ടില്ല.
എന്റെ പരിമിതമായ അറിവിൽ ഏഷ്യാനെറ് ഉൾപ്പെടെ അംഗമായ മൂന്നു ചാനൽ അസോസിയേഷനുകൾ രാജ്യത്തുണ്ട്. 1. കേരള ടെലിവിഷൻ ചാനൽ അസോസിയേഷൻ 2. ഓൾ ഇന്ത്യ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷൻ 3. ഓൾ ഇന്ത്യ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷൻ (എന്റെ അറിവ് വച്ച് പറഞ്ഞതാണ്; തിരുത്താൻ സന്നദ്ധം) ഇതിൽ ഏതെങ്കിലും ഒരു സംഘടന ഇക്കാര്യത്തിൽ എന്തെങ്കിലും ഒരു പ്രതികരണം നടത്തിയതായി കാണുന്നില്ല. അച്ചടി മാധ്യമങ്ങൾക്കും വലിയ സംഘടനകളുണ്ട്. മാധ്യമ ലോകത്തിനു നേരെ ഉയർന്ന (ജനാധിപത്യത്തിന് നേരെ തന്നെ) മാരക നീക്കത്തിനെതിരെ അവരും ഒരക്ഷരം മിണ്ടിയതായിക്കാണുന്നില്ല. പത്ര പ്രവർത്തക യൂണിയൻ മാത്രമാണ് ഇക്കാര്യത്തിൽ അവരുടെ പ്രതികരണം നടത്തിയത്. അത് ഇന്നത്തെ പത്ര പേജുകളിൽ കണ്ടു പിടിക്കുന്നതിനു ഏറെ പാടുപെടേണ്ടി വന്നു. മാധ്യമ രംഗത്തെ ഈ അസോസിയേഷനുകൾ, തങ്ങളുടെ കൂട്ടത്തിലെ രണ്ട് കുടുംബങ്ങൾക്കുനേരെയുണ്ടായ ഭരണകൂട അതിക്രമത്തിനെതിരെ പ്രതിഷേധിക്കാത്തതിനെന്താ കാരണം ? മാധ്യമ ലോകത്തിനുണ്ടായ ഈ അപഭ്രംശം ഞെട്ടിക്കണം; എല്ലാവരെയും. വർഷങ്ങൾക്ക് മുൻപ് അടിയന്തിരാവസ്ഥകാലത്ത് പത്രലോകം പ്രതികരിച്ചത് (എഡിറ്റോറിയൽ കോളം വെറുതെ കറുപ്പടിച്ചു ബ്ലാങ്കായി വിട്ട് പത്രമിറക്കിയതൊക്കെ) ഓർത്ത് പോകുന്നു.
അതിലേറെ അത്ഭുതപ്പെടുത്തിയത്, രാത്രിയുടെ അന്ത്യയാമങ്ങളിൽ എപ്പോഴോ എന്തൊക്കെയോ നീക്കങ്ങളിലൂടെ വീണ്ടും തുറന്ന ഏഷ്യാനെറ്റ് ചാനൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായതായിപ്പോലും നടിക്കുന്നില്ല.!!!!!! ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പുകളുടെ സൂക്ഷിപ്പുകാരാണത്രെ!!!!!!! മിതമായിപ്പറഞ്ഞാൽ അധഃപതനത്തിനുമില്ലേ ഒരു മര്യാദ? അനുമതിയില്ലാത്ത യോഗത്തിനെത്തിയവരോട് "പുറത്തു പോകൂ" എന്ന് പറഞ്ഞതിനിവരുണ്ടാക്കിയ പുകിലുകൾ കേരളം മറക്കുമോ ? മുഖ്യമന്ത്രി ഇവരാവശ്യപ്പെട്ട അഭിമുഖം നൽകാത്തതിന് കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യമില്ല; എന്ന് ഗർജ്ജിച്ചവരൊക്കെ തലപ്പത്തുള്ള ചാനൽ ആണ് ഏഷ്യാനെറ്റ് എന്ന് വെറുതെ ഈ സമയത്തൊന്നു ഓർത്ത് പോകയാണ്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ഭരണകൂട വിധേയത്വം അറപ്പിക്കുന്നതാണ് !!!!!