TopTop
Begin typing your search above and press return to search.

'അയാളെ മിണ്ടാപ്പൂച്ചയെന്ന് വിളിക്കാൻ ഒരിന്ത്യക്കാരനും പേടി തോന്നിയിട്ടില്ല, അന്ന് 'അൻപത്താറിഞ്ചിന്റെ വീരവാദങ്ങളില്ലായിരുന്നു, മണ്ടത്തരങ്ങളും'

അയാളെ മിണ്ടാപ്പൂച്ചയെന്ന് വിളിക്കാൻ ഒരിന്ത്യക്കാരനും പേടി തോന്നിയിട്ടില്ല, അന്ന് അൻപത്താറിഞ്ചിന്റെ വീരവാദങ്ങളില്ലായിരുന്നു, മണ്ടത്തരങ്ങളും

ഡിപ്ലോമാറ്റിക് തീരുമാനങ്ങളെടുക്കാൻ തള്ളുകളോ സ്തുതിപാടലോ അല്ല വേണ്ടതെന്ന് ഇനിയെങ്കിലും മിത്രങ്ങൾക്ക് മനസിലാവുമോ എന്ന് അറിയില്ല.അതിർത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ച് കേൾക്കുമ്പൊ ഓർമ വരുന്നത് ഇതാണ്.

മിണ്ടാപ്രാണിയെന്ന് വിളിച്ച്‌ പരിഹസിച്ചിരുന്ന, സാധാരണ നെഞ്ചളവ്‌ മാത്രം പറയാനുണ്ടായിരുന്ന ഒരു പ്രൈം മിനിസ്റ്ററുടെ കഥയാണ്.

2005 ജൂലൈ 18

അന്നായിരുന്നു ഇന്ത്യയും അമേരിക്കയും തമ്മിലെ ആണവക്കരാർ ഒപ്പു വച്ചുവെന്ന പ്രഖ്യാപനം വരേണ്ടിയിരുന്നത്‌. തൊട്ടുതലേന്ന് പ്രധാനമന്ത്രി മന്മോഹൻ സിംഗ്‌ പറയുന്നു നമുക്ക്‌ അത്‌ വേണ്ട എന്ന്.

സംഭവിച്ചതെന്തായിരുന്നു?

അമേരിക്കയിലേക്ക്‌ പോവുന്നതിനു മുൻപേ ആറുതൊട്ട്‌ എട്ട്‌ ആണവറിയാക്ടറുകളുടെ കാര്യം വരെ തീരുമാനമായിരുന്നു.

എന്നാൽ ഇന്ത്യയ്ക്ക്‌ ഒരു പണി കൊടുക്കാനാണോ എന്നറിയില്ല, അവിടെച്ചെല്ലുമ്പോൾ രണ്ട്‌ റിയാക്ടറിന്റെ കാര്യമേ നടക്കൂ എന്ന് പറയുന്നു. സിംഗ്‌ ഇടപെട്ടത്‌ അങ്ങനെയാണ്. അറ്റോമിക്‌ എനർജി കമ്മീഷന്റെ ചെയർമാനും നാഷണൽ സെക്യൂരിറ്റി അഡ്വൈസറും ഈ സംഖ്യയുമായി ഒത്തുപോവുന്നില്ലെങ്കിൽ നമുക്ക്‌ ഈ ഡീൽ വേണ്ടെന്ന് വയ്ക്കാമെന്ന് അന്ന് തീരുമാനിച്ചു.

വിവരം വൈറ്റ്‌ ഹൗസിൽ അറിഞ്ഞു. കിട്ടുന്നതും വാങ്ങി ഇന്ത്യ പോവുമെന്ന് കരുതിയവർ ഒന്ന് ഇളകി. യു.എസ്‌. സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ കോണ്ടലീസ റൈസിനെ മന്മോഹൻ സിങ്ങിനെ കണ്ട്‌ സംസാരിക്കാൻ പ്രസിഡന്റ്‌ അയച്ചു. മന്മോഹൻ സിംഗ്‌ റൈസിനെ കാണാൻ കൂട്ടാക്കിയില്ല. പകരം എക്സ്റ്റേണൽ അഫയേഴ്സ്‌ മിനിസ്റ്ററെ അവർ കാണുന്നു. ഇന്ത്യയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല എന്ന് വ്യക്തമായി അറിയിക്കുന്നു

ഇന്ത്യയ്ക്ക്‌ സമ്മതമുള്ള ഒരു ഡീലിലെത്തിയാണു മന്മോഹൻ സിംഗ്‌ ഡീലിനു സമ്മതം നൽകിയത്‌. . .

അമേരിക്കയോട് പോയി പണി നോക്കിക്കൊള്ളാൻ പറയാൻ അയാൾക്ക് യാതൊരു മടിയുമില്ലായിരുന്നു. അത് പാടിനടക്കാൻ അധികമാരും ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രം.

തീർന്നില്ല..2005 ൽ ജെ.എൻ.യുവിൽ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനു കരിങ്കൊടി കാണിച്ചു. സംഭവം വലിയ വാർത്തയായി. ജെ.എൻ.യു അഡ്മിനിസ്റ്റ്രേഷൻ ഇടപെട്ടു. വിദ്യാർത്ഥികൾക്കെതിരെ നടപടിയാരംഭിച്ചു. അപ്പൊ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരിട്ടിടപെട്ട്‌ നടപടികൾ നിർത്തിവയ്പിച്ചുവത്രെ.

ഞാൻ പറഞ്ഞതല്ല,ജെ.എൻ.യുവിൽ നിന്നുതന്നെയുള്ള വിദ്യാർത്ഥി നേതാവ്‌ ഉമർ ഖാലിദിന്റെ വാക്കുകളാണവ. അന്ന് അദ്ദേഹം കരിങ്കൊടി കാണിച്ച വിദ്യാർത്ഥികളുടെ മുന്നിൽ പ്രസംഗമാരംഭിച്ചത്‌ വോൾട്ടയറുടെ വാക്കുകൾ കടമെടുത്തുകൊണ്ടായിരുന്നു.

" നിങ്ങൾ പറയുന്നതിനെ ഞാൻ അനുകൂലിക്കണമെന്നില്ല. പക്ഷേ നിങ്ങൾക്ക്‌ അത്‌ പറയാനുള്ള അവകാശത്തിനായി അവസാനം വരെ ഞാൻ പോരാടും " എന്ന്.

അയാൾ ഭരണത്തിലുണ്ടായിരുന്ന പത്ത്‌ കൊല്ലം ഇന്ത്യക്കാർക്ക്‌ ഭയം തോന്നിയിരുന്നില്ല. അയാളെ മിണ്ടാപ്പൂച്ചയെന്ന് വിളിക്കാനോ ഒരിന്ത്യക്കാരനും പേടി തോന്നിയിട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയെ അപമാനിക്കരുതെന്ന് പറഞ്ഞ്‌ ഒരു ദേശസ്നേഹിയും വന്നിരുന്നില്ല. അതിന്റെ പേരിൽ പാക്കിസ്ഥാനിലേക്ക്‌ പോവാനും പറഞ്ഞിട്ടില്ല. അയാൾ മിണ്ടാതിരിക്കുന്നെന്ന് കളിയാക്കൽ കേട്ടിട്ടും അന്ന് എല്ലാ ഇന്ത്യക്കാർക്കും ഭയമൊന്നുമില്ലാതെ മിണ്ടാൻ കഴിഞ്ഞിരുന്നു. . .

അന്ന് ഇന്ത്യ ചർച്ച ചെയ്തിരുന്നത്‌ ചാണകത്തെപ്പറ്റിയല്ല , ചന്ദ്രനെപ്പറ്റിയായിരുന്നു. പ്രതിമ പണിയുന്നതിന്റെ പത്തിലൊന്ന് ചിലവിൽ ചൊവ്വയിലേക്ക്‌ പര്യവേക്ഷണം നടത്തിയിരുന്നു. അൻപത്താറിഞ്ചിന്റെ വീരവാദങ്ങളില്ലായിരുന്നു. മണ്ടത്തരങ്ങൾ പറയാറില്ലായിരുന്നു. ചെയ്തത്‌ വച്ച്‌ പരസ്യമടിക്കാനോ പുകഴ്ത്തിപ്പാടാനോ ആളുമില്ലായിരുന്നു.

ചരിത്രത്തിനു തന്നോട്‌ ദയ കാണിക്കാനാവും എന്ന് ഉറപ്പുണ്ടായിരുന്ന പ്രധാനമന്ത്രി.


Next Story

Related Stories