കഴിഞ്ഞ ദിവസം രാജ്യസഭയിൽ കാർഷിക ബില്ലുകൾ പാസ്സാക്കിയപ്പോൾ ഉണ്ടായ ചട്ട ലംഘനത്തെക്കുറിച്ച് ഏഷ്യാനെറ്റിന്റെ എട്ട് മണിക്കുള്ള ന്യൂസ് അവറിൽ ഞാൻ സംസാരിച്ചിരുന്നു. അത് കേൾക്കാത്ത ചില ആളുകൾ എന്നോട് അതിനെക്കുറിച്ച് ആരായുകയുണ്ടായി. അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്.
ബില്ലുകൾ പാർലമെൻറിൽ പാസ്സാക്കാൻ അവതരിപ്പിക്കുമ്പോൾ ബില്ലിന് അനുകൂലമായി സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിൽ ബില്ല് ശബ്ദ വോട്ടോടുകൂടി പാസ്സാക്കാവുന്നതാണ്.
എന്നാൽ ഒരു മെമ്പർ ഡിവിഷൻ (വോട്ടെടുക്കണമെന്ന്) ആവശ്യപ്പെട്ടാൽ ഡിവിഷൻ അനുവദിക്കാൻ ചെയർ ബാധ്യസ്ഥനാണ്.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലുകൾക്ക് ഭൂരിപക്ഷ പിന്തുണ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ പലർക്കും സന്ദേഹം ഉണ്ടായിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായിട്ടും വോട്ടെടുപ്പ് നടന്നില്ല. പ്രതിപക്ഷ അംഗങ്ങൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഒരു മെമ്പർ ഡിവിഷൻ ചോദിച്ചാൽ പോലും നിർബന്ധമായും അനുവദിക്കണമെന്നാണ് സഭാ ചട്ടങ്ങളിൽ പറയുന്നത് എന്നിട്ടും ഡിവിഷൻ അനുവദിക്കാതിരുന്നത് നഗ്നമായ ചട്ട ലംഘനമാണ്.
പ്രധാന ബില്ലുകൾ വിശദമായ പഠനത്തിനായി പാര്‍ലമെന്ററി സ്റ്റാന്റിംങ് കമ്മിറ്റികൾക്ക് അയയ്ക്കുക എന്ന പതിവ് ഉണ്ട്. പാർലമെന്ററി സ്റ്റാന്റിംങ് കമ്മിറ്റിയിൽ അംഗങ്ങൾ രാഷ്ട്രീയത്തിനതീതമായി ബില്ലുകളുടെ മെറിറ്റ് മാത്രം ചർച്ച ചെയ്ത് തീരുമാനം എടുക്കുകയാണ് പതിവ്. അവിടെ അംഗങ്ങൾ പാർട്ടി ലൈൻ സ്വീകരിക്കാറില്ല. സ്റ്റാന്റിംങ് കമ്മിറ്റിക്ക് അയച്ചിരുന്നുവെങ്കിൽ ബില്ലിന്റെ ഗുണദോഷങ്ങൾ വിശദമായി പഠിച്ച് ഒരു സമഗ്ര റിപ്പോർട്ട് സഭയ്ക്ക് ലഭിക്കുമായിരുന്നു. അംഗങ്ങൾക്ക് മാത്രമല്ല പൊതു സമൂഹത്തിനും അത് സഹായകരം ആകുമായിരുന്നു. ബില്ല് സ്റ്റാന്റിംങ് കമ്മിറ്റിയ്ക്ക് അയയ്ക്കണോ വേണ്ടയോ എന്നത് ചെയർമാന്റെ തീരുമാനമാണ്. സ്റ്റാന്റിംങ് കമ്മിറ്റിയ്ക്ക് അയയ്ക്കാതിരുന്നതിൽ ചട്ടലംഘനമില്ല.
എന്നാൽ വോട്ടെടുപ്പ് അനുവദിക്കാതെ ബില്ല് പാസ്സാക്കിയത് തികച്ചും ചട്ട ലംഘനമാണ്. റൂൾ ബുക്കിലെ ഈ ചട്ടം ഭരണഘടനയുടെ 100- വകുപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ആയതിനാൽ ഈ ചട്ടലംഘനം ഭരണഘടനാ ലംഘനവും ആയിത്തീരുന്നു.
(പിജെ കുര്യന് ഫേസ്ബുക്കില്‍ എഴുതിയത്)