TopTop
Begin typing your search above and press return to search.

അതുമിതും പെറുക്കിയെടുത്ത് പൗരത്വ നിയമത്തെ ന്യായീകരിക്കുന്ന ഗവര്‍ണറോട് പറയാനുള്ളത് - ഇതാണ് വസ്തുതകൾ

അതുമിതും പെറുക്കിയെടുത്ത് പൗരത്വ നിയമത്തെ ന്യായീകരിക്കുന്ന ഗവര്‍ണറോട് പറയാനുള്ളത് - ഇതാണ് വസ്തുതകൾ

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ അഭിമുഖങ്ങളിൽ വസ്തുതാവിരുദ്ധമായ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വാദം ജയിക്കാൻ അവിടന്നും ഇവിടന്നുമായി സംഘടിപ്പിച്ച അർദ്ധസത്യങ്ങളും അസത്യങ്ങളും എമ്പാടുമുണ്ട് അഭിമുഖങ്ങളിൽ.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌താൻ എന്നീ രാജ്യങ്ങളുടെ ഭരണഘടന, ഔദ്യോഗിക മതം അംഗീകരിക്കുന്നുണ്ട് എന്നും അതുകൊണ്ട് അവിടത്തെ മതന്യൂനപക്ഷങ്ങൾക്ക് പീഡനം ഏൽക്കേണ്ടിവരുന്നു എന്നുമാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്.

അതിന് ചുവടുപിടിച്ച് അവിടങ്ങളിൽ നടക്കുന്ന മതപീഡനങ്ങളെക്കുറിച്ച് പറഞ്ഞ ഗവർണ്ണർ കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് ഓടിവന്ന സിന്ധ് പ്രവിശ്യയിലെ ഒരു ഹിന്ദു ലെജിസ്ലേറ്ററുടെ കാര്യം ഉദാഹരണമാക്കി.

അയാൾക്ക് പൗരത്വം കൊടുക്കാൻ ഈ നിയമഭേദഗതി കൊണ്ട് സാധ്യമാകുമോ?

പറ്റില്ല. 2014-നുമുന്പ് ഇന്ത്യയിൽ അഭയം തേടിയവരായാവരാകണം അവർ.

അപ്പോൾ 2014-ഇൽ അവിടെ ഭരണഘടനാ മാറ്റിയോ? അതോ മതപീഡനം ഇല്ലാതായോ?

എപ്പോൾ വേണമെങ്കിലും ഇന്ത്യയിലേജ്ക്ക് വരാമെന്നും അപ്പോൾ സ്വീകരിക്കുമെന്നും വിഭജനകാലത്തു ഗാന്ധിജിയും കോൺഗ്രസും അവിടത്തെ മതന്യൂനപക്ഷങ്ങൾക്കു കൊടുത്ത വാക്കാണ് എന്നാണു ഗവർണ്ണർ പറയുന്നത്.

2014- വരെ എന്ന് ഗാന്ധിജി പറഞ്ഞോ? നെഹ്‌റു? കോൺഗ്രസ്? എപ്പോൾ വേണമെങ്കിലും വരാമെന്നു ഗാന്ധിജി പറഞ്ഞു എന്നല്ലേ ഗവർണ്ണർ തന്നെ പറഞ്ഞത്?

എന്നാൽപ്പിന്നെ 'മോദിജി പറഞ്ഞു' എന്ന് പറഞ്ഞു ഒരു ഓപ്പൺ ഓഫർ കൊടുത്തുകൂടെ?

എന്തുകൊണ്ട് കൊടുക്കുന്നില്ല? എന്തിനാണ് അത് ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും ചുമലിൽ കോൺഗ്രസുകാരനും ജനതാദളുകാരനും സമാജ്‌വാദിപാർട്ടിക്കാരനും പിന്നെ സംഘി സഹയാത്രികനുമായ ഗവർണ്ണർ കെട്ടിവയ്ക്കുന്നത്?

എന്ത് ലോജിക്കാണ് അദ്ദേഹം പറയുന്നത്?

--

പാകിസ്‌താനിൽ ഇപ്പോൾ ഉള്ളവർക്കല്ല, അഞ്ചുവർഷമായി ഇന്ത്യയിൽ ജീവിക്കുന്നവർക്കാണ് ഈ നിയമത്തിന്റെ ആനുകൂല്യം. അങ്ങനെ ഇന്ത്യയിൽ ജീവിക്കുന്നവർക്ക് തുല്യതയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആർട്ടിക്കിൾ 14-ന്റെ സംരക്ഷണം ലഭിക്കുമെന്നാണ് ഈ നിയമത്തെ ചോദ്യം ചെയ്യുന്ന ഒട്ടേറെപ്പേർ, ഞാനടക്കം, വാദിക്കുന്നത്. അപ്പോൾ ന്യായമായ വർഗ്ഗീകരണമാ അഥവാ റീസണബിൽ ക്‌ളാസിഫിക്കേഷൻ അനുവദനീയമാണ് എന്നാണു ഗവർണ്ണറുടെ വാദം. അങ്ങിനെയാണെങ്കിൽ പാകിസ്‌താനിലെ അമുസ്ലിങ്ങളായ അഹ്മദീയരുടെ കാര്യമോ? അപ്പോൾ ഗവർണ്ണർ ഗോൾ പോസ്റ്റ് മാറ്റും. അവർക്കു പോകാൻ എന്തുമാത്രം സ്‌ഥലങ്ങളുണ്ട്, അവരുടെ ആസ്‌ഥാനം ലണ്ടനാണ്, ബ്രിട്ടൻ അവരെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌; യൂറോപ്യൻ യൂണിയൻ സ്വാഗതം ചെയ്തിട്ടുണ്ട്; അവർക്കു അവിടെ നിറയെ സ്വത്തുണ്ട് അതുകൊണ്ടാണ് അവർ പോകാത്തത് എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ന്യായം!

'പീഢയനുഭവിക്കുന്ന ന്യൂനപക്ഷ സമുദായം' എന്നിടത്തുനിന്നു 'പോകാൻ വേറെ സ്‌ഥലമില്ലാത്ത ആളുകൾ' എന്ന ബില്ലിലില്ലാത്ത പുതിയ ന്യായം അദ്ദേഹം അവതരിപ്പിക്കുന്നു!

---

മതനിന്ദാ നിയമം മൂലം ഒട്ടേറെ ഹിന്ദുക്കൾ പാകിസ്‌താനിൽ പീഡനമനുഭവിക്കുന്നു എന്നാണ് ഗവർണ്ണർ പറയുന്ന മറ്റൊരു വാദം. ഈ നിയമം കാരണം അവിടെ ഹിന്ദുക്കൾ മാത്രമല്ല പീഡനമനുഭവിക്കുന്നത്. ഇത്തരം കേസിൽ കുടുങ്ങിയവരിൽ പകുതിയും മുസ്ലീങ്ങളാണ്. പഞ്ചാബ് ഗവർണ്ണർ സൽമാൻ തസീർ കൊല്ലപ്പെട്ടത് ഈ നിയമത്തെ തീർത്തതുകൊണ്ടാണ്. ഫുൾബ്രൈറ്റ്‌ സ്‌കോളറായിരുന്ന ജുനൈദ് ഹഫീസ് ഈ നിയാമം അനുസരിച്ച് ജയിലിലായി. എന്ത് ലോജിക്കാണ് ഗവർണ്ണർ പറയുന്നത്?

---

വിഭജനത്തിന്റെ സമയത്ത് പടിഞ്ഞാറൻ പാകിസ്താനിൽ ശതമാനം അമുസ്ലിങ്ങളുണ്ടായിരുന്നു എന്നും അതിപ്പോൾ മൂന്നു ശതമാനം ആയി എന്നും കിഴക്കൻ ബംഗ്ലാദേശിൽ അത് മുപ്പതിൽ നിന്നു ഏഴു ശതമാനം ആയി കുറഞ്ഞു എന്നും അദ്ദേഹം പറയുന്നു. അവിടന്നാണ്‌ ഈ കണക്കു കിട്ടിയത് എന്നറിയില്ല. കാരണം പടിഞ്ഞാറൻ പാകിസ്‌താനിൽ അമുസ്ലിങ്ങളുടെ ശതമാനം മൂന്നര ശതമാനം എന്ന് പറയുന്ന റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോഴും അത് ഏറെക്കുറെ അങ്ങനെയൊക്കെയാണ്. അല്ലാതെ ഈ പതിനേഴു ശതമാനം മൂന്ന് ശതമാനം ആകാൻ മാത്രം എന്ത് സംഭവിച്ചു എന്നാണ് അദ്ദേഹം പറയുന്നത്? (ബംഗ്ലാദേശിലെ ഹിന്ദു പലായനം ഒരു യാഥാർഥ്യമാണ്; ആസാം എൻ ആർ സി പൊളിയാൻ അതൊരു കാരണമാണ്). കണക്കുപറയുമ്പോൾ കൃത്യമായി പറയണമെന്ന് ഗവർണറോട് ആര് പറയും?

--

അഫ്‌ഗാനിസ്‌താൻ ഈ നിയമത്തിൽ വന്നത് അത്ര ശരിയായില്ല എന്ന് അദ്ദേഹത്തിനുതന്നെ അഭിപ്രായമുണ്ട്. എന്നിട്ടും അതിനു അദ്ദേഹം ന്യായീകരണം ചമയ്ക്കുന്നുണ്ട്. അഫ്‌ഗാനിസ്താൻ പ്രശ്നവും വിഭജനം മൂലമുണ്ടായതാണ്. കാരണം, വിഭജനം മൂലം പാകിസ്‌ഥാനുണ്ടായി , പാകിസ്‌ഥാൻ കാരണം താലിബാനുണ്ടായി; താലിബാൻ കാരണം അവിടെ മതപീഡനമുണ്ടായി. അതുകൊണ്ടു നമുക്ക് അവരോടു നമുക്ക് ബാധ്യതയുണ്ട്!

ഈ ലോജിക്ക് വച്ചു പാക്കിസ്‌ഥാനും പാകിസ്‌ഥാനുണ്ടാക്കിയ താലിബാനും ഉണ്ടാക്കിയ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഗവർണ്ണർ കേന്ദ്രത്തോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അഫ്‌ഗാനിസ്‌താൻ ഇന്ത്യയുടെ ഉത്തരവാദിത്തമാണ് എന്ന് ട്രംപ് പറഞ്ഞാലും അതിശയിക്കാനില്ല. ഒന്ന് സൂക്ഷിച്ചാൽ കേന്ദ്രത്തിനും കൊള്ളാം.

---

സൗകര്യപൂർവം ആവശ്യമായത് പെറുക്കിയെടുക്കുന്ന വിചിത്ര ലോജിക്കാണ് ഗവർണറുടേത്. അതിനൊരു പാറ്റേണുണ്ട്: അത് കേന്ദ്രസർക്കാർ ഈ നിയമം എഴുതിയ അതെ പാറ്റേണാണ്‌. മൂന്ന് രാജ്യങ്ങളിൽ ഔദ്യോഗിക മതമുണ്ട് എന്നത് മത പീഡനത്തിന് കാരണമായി എന്ന് പറയുന്ന സർക്കാർ, പാകിസ്‌ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ഭരണഘടനയിൽ മതസ്വാതന്ത്ര്യം മൗലികാവകാശമായി അനുവദിച്ചതും അതുറപ്പാക്കാൻ കോടതികൾക്ക് അവകാശം കൊടുത്തതും കാണില്ല. (സർക്കാർ ഭരണഘടന കാണിച്ച് നിയമം നിർമ്മിച്ചതുകൊണ്ടു ഞാനും ഭരണഘടന പറഞ്ഞൂ എന്നേയുള്ളൂ).

--

അപ്പോൾ നിങ്ങളും ആലോചിക്കും പിന്നെ എന്തിനാണ് സർക്കാർ ഇങ്ങിനെ ഒരു നിയമം കൊണ്ടുവന്നത് എന്ന്. എന്തിനാണ് കാശ്മീരിനെ തടവറയിൽ ഇട്ടിരിക്കുന്നത്, എന്തിനാണ് ഒരു സമുദായത്തിലെ പുരുഷന്മാർ ഭാര്യയെ ഒഴിവാക്കുന്നത് മാത്രം ക്രിമിനൽ കുറ്റമാക്കുന്നത്, ഹിന്ദു, സിക്ക്, പാഴ്‌സി, ജൈന, ബുദ്ധ, ക്രിസ്ത്യൻ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കി ബാക്കി ഓരോ നുഴഞ്ഞുകയറ്റക്കാരനെയും പിടികൂടും എന്ന് ആഭ്യന്തരമന്ത്രി പറയുന്നത് ആരെ ഉദ്ദേശിച്ചാണ്, അക്രമികളെ വേഷം കൊണ്ട് തിരിച്ചറിയാം എന്ന് പ്രധാനമന്ത്രി എന്തുദ്ദേശിച്ചാണ് പറയുന്നത്....

ഇതൊക്കെ മനസ്സിലായാൽ ഈ നിയമത്തിന്റെ ഉദ്ദേശവും മനസിലാകും. അത് നിരന്നുനിന്നു ന്യായീകരിക്കുന്നവരുടെ ഉദ്ദേശവും മനസിലാകും.

(കെ ജെ ജേക്കബിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്)


Next Story

Related Stories