TopTop
Begin typing your search above and press return to search.

'മള്‍ട്ടി ടാസ്‌കിംഗ് തിയറി സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള എളുപ്പവഴി'

മള്‍ട്ടി ടാസ്‌കിംഗ് തിയറി സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള എളുപ്പവഴി

അടുക്കളയില്‍ നിന്നുള്ള പെണ്‍ സ്വാതന്ത്യം കുടുംബമുപേക്ഷിക്കലാണെന്ന സന്ദേശത്തിലേക്ക് എത്തിച്ച ഒരു സിനിമയോട് പൂര്‍ണ യോജിപ്പില്ലങ്കിലും തള്ളിപ്പറയാനാവാത്തത് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി എന്നതിനാലാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി അനുഭവിച്ച ചില സീനുകളില്‍ മനസില്‍ കുരുങ്ങിയപ്പോഴും എന്തുകൊണ്ട് സ്വയം ഞാനുണ്ടാക്കിയെടുത്ത ചെറിയമാറ്റങ്ങള്‍ സിനിമയില്‍ സാധ്യമാകാതെ പോയിയെന്ന് ആലോചിച്ചു. (കഥയില്‍ ചോദ്യമില്ലെന്ന് അറിയുന്നു).

മൂന്ന് പെണ്മക്കള്‍ മാത്രമുള്ള വീട്ടില്‍ സര്‍വാധികാരവും ഏറ്റെടുത്ത് പോന്ന ഞാന്‍ വിവാഹത്തിന് ശേഷം അമ്മിയില്‍ അരയ്ക്കുന്ന മീന്‍ കറിയ്ക്കേ ടെയ്സ്റ്റുള്ളൂവെന്ന് കേട്ടിരുന്നു. എനിക്ക് മുന്നേ വീട്ടിലെത്തിയയാളാവാട്ടെ ആ ടെയ്സ്റ്റിനെ വീട്ടിലുള്ളവരേക്കാള്‍ ശരിവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ രണ്ടാളും മാസത്തില് വലിയ വ്യത്യാസങ്ങളില്ലാതെ ഗര്‍ഭിണിയായപ്പോഴും അമ്മിയ്ക്ക് വിശ്രമമൊന്നും കൊടുത്തില്ല. അരച്ച മീന്‍കറിയുടെ ടെയ്സ്റ്റില് വിശ്വാസമില്ലാത്തോണ്ട് ഞാനതില്‍ വല്യ ഉത്സാഹം കാണിച്ചിരുന്നില്ലന്നത് സത്യം. എങ്കിലും ഗര്‍ഭാവസ്ഥയിലും മിക്സിയിലെ രുചി പരീക്ഷിക്കാതെ ആ അരകല്ലിനോട് മല്ലിട്ടതിപ്പോ ഓര്‍ക്കുമ്പോ ഗര്‍ഭാരംഭത്തിലുണ്ടായതിനേക്കാള്‍ വലിയ ഓക്കാനമാണുണ്ടാവുന്നത്.

മീന്‍ കറിയ്ക്ക ഇത്രയും ടേയ്സ്റ്റ് നോക്കുമ്പോ സ്വാഭാവികമായും പൊരിച്ച മീനും ആണുങ്ങളുടെ റിസര്‍ വേഷനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. വീട്ടിലെ അമ്മിയും ഉരളുമെല്ലാം അത്ര പന്തിയല്ലെന്ന് തോന്നിയ ഉടന്‍ ഞാന്‍ ജോലിയ്ക്ക് ശ്രമിച്ചു. സ്ത്രീകള്‍ അവരുടെ ഉത്തരവാദിത്വങ്ങളൊക്കെ നിറവേറ്റി ജോലിക്ക് പോകാമെന്ന കാഴ്ചപാടെങ്കിലുള്ളമുള്ള ഭര്‍ത്താവിനെ കിട്ടയതുകൊണ്ട് അക്കാര്യത്തില്‍ തടസമില്ലായിരുന്നു. ജോലി ചെയ്യാനാരംഭിച്ചതോടെ കുറച്ചൊക്കെ വീട്ടിലെ സാഹചര്യങ്ങളെ മാറ്റാനും ശ്രമം നടത്തി.അംഗങ്ങളുടെ കൊഴിഞ്ഞുപോക്കോടെ കുടുബം ചെറുതായി. പിന്നീടാണ് ശരിയ്ക്കും ജീവിതത്തിലെ കോമാളി വേഷം കെട്ടിയത്. ഭര്‍ത്താവ്. ഭര്‍ത്യമാതാവ്, രണ്ട് കുട്ടികള്‍ ഇവരുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുക. എല്ലാവരുടെയും നോട്ടത്തില്‍ എന്റെ സന്തോഷത്തിനായി ഞാന്‍ ജോലി ചെയ്യുന്നു. വീട്, ജോലി ഒപ്പം നിയമ പഠനവും. മള്‍ട്ടി ടാസ്‌കിംഗ് സ്ത്രീകള്‍ക്കേ പറ്റൂവെന്നും അത് സ്ത്രീകള്‍ക്ക് ദൈവം നല്കിയ കഴിവാണെന്നും വീട്ടില്‍ നിന്നുള്‍പ്പെടെ പല തവണ കേട്ടിരുന്നു. അത് സ്വയമങ്ങ് വിശ്വസിച്ചു. ഈ മള്‍ട്ടി ടാസ്‌കിംഗ് തിയറി സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള എളുപ്പവഴിയാണെന്ന് മനസിലാക്കാനൊക്കെ വളരെ വൈകി. വീട്ടിലെ എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്യുമ്പോ വരാന്തയിലിരുന്ന് പത്രം വായ്ക്കുന്നവരോടോ വെറുതെ ഇരിക്കുന്ന മക്കളോടോ ഒന്നും പറയാന്‍ തോന്നാതിരുന്നതും ഞാനൊരു വലിയ സംഭവമാണെന്നൊക്കെ സ്വയമങ്ങ് വിശ്വസിച്ചതുകൊണ്ടാണ്. പിന്നീടെപ്പോഴോ മള്‍ട്ടി ടാസ്‌കിംഗ് പരിപാടി അത്ര പന്തിയല്ലെന്ന് തോന്നാന് തുടങ്ങി. കഴിക്കുന്ന പാത്രങ്ങള്‍ അവരവര്‍ കഴുകണമെന്ന് സ്വയമങ്ങ് പ്രഖ്യാപിച്ചു. ഈ വീട്ടിലെ ജോലിക്കാരിയല്ല ഞാനെന്ന് എല്ലാവരും കേള്‍ക്കേ പലതവണ പറഞ്ഞു. പതിയെ പതിയെ കഴിച്ച പാത്രമെടുക്കാതെ എഴുന്നേക്കാന്‍ എല്ലാവര്‍ക്കും മടിയായി. അതിപ്പോ ശീലമായി. ഭക്ഷണം തനിയെ എടുത്ത് കഴിക്കാന്‍ പറ്റാത്തവര്‍ കഴിക്കണ്ടെന്ന് ഞാന്‍ തീരുമാനിച്ചതോടെ അതിനുമൊരു തീരുമാനമായി. സ്വന്തം വസ്ത്രങ്ങള്‍ തനിയെ കഴുകണമെന്നും ചായ കുടിക്കാന്‍ തോന്നുമ്പോള്‍ തനിയെ ഉണ്ടാക്കി കുടിക്കണമെന്നും രണ്ട് ആണ്‍ മക്കളോടും പറഞ്ഞതോടെ അതൊക്കെ ആ വഴിക്കങ്ങ് മാറി. വീട്ടിലെ ജോലിയെല്ലാം ചെയ്ത് തീര്‍ത്ത് ഓഫിസിലേക്കൊടണമെന്ന ആ പഴയ ചിന്തയൊക്കെ പതിയെ മാറ്റി. പണത്തിന് അത്യാവശ്യമുള്ള ഒരു പെണ്‍കുട്ടിയെ വല്ലപ്പോഴും വിളിച്ച് വീടൊന്ന് വ്യത്തിയാക്കി ഞാന്‍ ജോലി ചെയ്യുന്നതില് നിന്ന് ചെറിയൊരു വീതം അതിനും നല്കിയപ്പോ കിട്ടിയത് രണ്ട് സന്തോഷങ്ങളാണ്. ആ പഴയ അമ്മിക്കല്ല് പറമ്പിലെവിടെയോ ഉണ്ട്. പിന്നെ ചപ്പാത്തിയൊക്കെ 50 രൂപയ്ക്ക് 10 എണ്ണം കിട്ടുന്ന പായ്ക്കറ്റുണ്ട്. ഏറിയാല്‍ ഒന്നോ രണ്ടോ മണിക്കൂര് അടുക്കളിയിലൊക്കെ ചിലവഴിക്കും. അതിനിടയില്‍ പാട്ടുകേള്‍ക്കും. അടുക്കളിയെ ഈ രണ്ട് മണിക്കൂറിലെ കൂടുതല്‍ സമയവും വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും കറങ്ങി നടക്കും. അതിനിടയില്‍ അത്യാവശ്യം കഴിക്കാനുള്ളതൊക്കെ തനിയെ അങ്ങ് ഉണ്ടാകും. അല്ലാതെ വെയ്സ്റ്റ് വെള്ളം എടുത്ത് മുഖത്തൊഴിച്ച് സ്പീഡില്‍ ഇറങ്ങിയങ്ങ് പോകാനൊന്നും ഞാനില്ല. വീടിനുള്ളും ആസ്വാദനം തന്നെ. ഇതിനിടയില്‍ ചില അപസ്വരങ്ങളൊക്കെ കേട്ടാല്‍ .........സോറിയെന്ന് മാത്രം പറയും..... NB... ആര്‍ത്തവ സമയത്ത് ഇങ്ങനെ വെറുതെയിരുന്ന് ഫുഡ് ഒക്കെ കഴിച്ച് വിശ്രമിക്കാനുള്ള സൗകര്യം കൂടി കിട്ടിയാല്‍ വളരെ നന്നായേനെ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


ഷബ്‌ന സിയാദ്

ഷബ്‌ന സിയാദ്

ഷബ്‌ന സിയാദ്

Next Story

Related Stories