'സിനിമ നിലനില്ക്കും. എന്തെന്നാല്‍ എവിടെയാണോ ജീവിതം നമ്മെ നേരിട്ട് സ്പര്‍ശിക്കുന്നത്, അവിടെ സിനിമ ഉണ്ടാകും.'' സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പറഞ്ഞതാണ്. അത്തരമൊരു ജീവിതത്തെയാണ് 'ഹലാല്‍ ലവ് സ്റ്റോറി' എന്ന സിനിമയിലൂടെ സക്കരിയ പറഞ്ഞുപോകുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതിമനോഹരമായ സിനിമ.
ജീവിതവും സിനിമയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പലപ്പോഴും നേര്‍ത്തതാണ്. മനസ്സിലാകാതെ പോവുന്നുണ്ട്. സിനിമയില്‍നിന്നും ജീവിതത്തിലേക്കും തിരിച്ചുമുള്ള നടത്തങ്ങളുണ്ട് സിനിമയില്‍. തൗഫീഖ് ഇത് സിനിമയിലൊരിടത്ത് പറയുന്നുമുണ്ട്.''കഥാപാത്രത്തിലൂടെ അഭിനേതാവെന്ന വ്യക്തിയുടെ മനസ്സിനെ സ്വാധീനിക്കുക''. അത് വേറൊരു സിനിമയ്ക്കുള്ള സബ്ജക്റ്റാണെന്നുപറയുന്നുണ്ട് സഹസംവിധായകന്. ആ സിനിമയാണ് സിനിമയ്കകുള്ളിലെ ഹലാലായ ഈ സിനിമ. സംവിധായകന്റെ ബ്രില്യന്‍സ് എന്നൊക്കെ പറയുന്നത് ഇത്തരം സിനിമകളെയാണ്. മലയാള സിനിമയുടെ ഭാവിവാഗ്ദാനമാണ് സക്കരിയ. എന്നാല്‍ ഇതൊരു കടംവീട്ടല്ക്കൂടിയാണെന്നു പറയാനാണെനിക്കിഷ്ടം. ഈ കടമെന്തെന്നറിയാത്തവരാണ് തിരിച്ചും മറിച്ചും ഈ സിനിയര്ഹിക്കാത്തവിധത്തിലുള്ള മലിനപ്പെടുത്തലുകള് നടത്തുന്നത്.
'ഞങ്ങള്‍ക്കും കാണണ്ടേസിനിമ ഞങ്ങള്‍ക്കും ചെയ്യേണ്ടേ സിനിമ' എന്ന് തൗഫീഖിന്റെ നിര്‍ണായകമായ ചോദ്യം ഉന്നയിക്കപ്പെടുന്നത് ആരോടാണ് ?
സംവിധായകനോടാണോ അല്ല. മറ്റാരോടുമല്ല അയാളുടെതന്നെ മുന്ഗാമികളോടാണ്.
സിനിമയെ 'ഹറാമാ'ക്കിയ തലമുറയോടാണ്. ഈ ചോദ്യമുന്നയിക്കുന്പോള്, ഈ സിനിമയില്‍ വേഷമിട്ട നിലന്പൂര്‍ ആയിഷയും സീനത്തും മാമുക്കോയയും ഉള്ളാലെ ചിരിക്കുന്നുണ്ടാകും. ഹറാമായ സിനിമയുടെപേരില്‍ അരനൂറ്റാണ്ടുകള്ക്കുമുന്പ് ആക്രമിക്കപ്പെട്ടവരാണവര് 'ചൊരേറങ്ങുന്ന ബസ്സല്ലേ'' എന്ന സീനത്തിന്റെ മറുപടിയിലൂടെ ആ പരിഹാസമത്രയും ശക്കരിയ ഒളിച്ചുകടത്തുന്നുണ്ട്.
'കയിലുകള്‍ പിടിക്കണ കൈകളുണ്ടുയരണ്
കൈകളില്‍ കിലുങ്ങണ വളകളൊച്ച കൂട്ടണ്...
വാതില്‍ തൊറക്കണ ഒച്ചയുണ്ട് കേക്കണ്
കാതില്‍ തറയ്ക്കണ മാതിരി പരക്കണ്..
കറുപ്പായ കയിലുകള്‍ കൊടികളായ് പുടിക്കണ്
കറുത്തോരടുക്കള വിട്ട് പടയ്ക്കിറങ്ങണ്..
പെണ്ണായി പിറന്നോര് പൊണ്ണത്തികളാണെന്ന്
വണ്ണത്തില്‍ പറഞ്ഞോര് മണ്ടന്മാര് വിറയ്ക്കണ്..'
കെ.ടി.മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' നാടകത്തിലെ പാട്ടുകളാണിത്. കെ.ടി.മുഹമ്മദു തന്നെ എഴുതി ചിട്ടപ്പെടുത്തിയത്.
ഈ നാടകത്തെ അക്കാലത്തെ മതമൗലികവാദികള്‍ നേരിട്ടത് സഹിഷ്ണുതയോടെയായിരുന്നില്ല. നാടകത്തില്‍ പെണ്‍വേഷം കെട്ടിയതിന് വിഖ്യാത നടന് കെ.പി.ഉമ്മറിനെപ്പോലുള്ളവര് നേരിട്ട യാതനകള്‍ ഉണ്ട്.നാടകത്തില്‍ അഭിനയിക്കാന്‍ പോയ നിലന്പൂര്‍ ആയിഷ നേരിട്ട പീഢനങ്ങള്‍ ഉണ്ട്.
നാടകമവതരിപ്പിച്ച് മുസ്ലീം സമുദായത്തില്‍ നവോത്ഥാനത്തിന്റെ വെളിച്ചംവീശാന്‍ ശ്രമിച്ച കെ.ടി.മുഹമ്മദിന്റെ അനുഭവങ്ങള്‍ പൊള്ളിക്കുന്നതാണെന്ന്, കൂടെ പ്രവര്‍ത്തിക്കുകയും ഈ സിനിമയില്‍ അഭിനയിക്കുകയും ചെയ്ത മാമുക്കോയയും മുന്‍പൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത് ഭൂമിയാണെന്ന നാടകത്തിലാണ് സിനിമ ഹറാമാണെന്നു പറയുന്നത്.
'അനിശ്ലാമികമായ പാതകം' സിനിമ കാണല്‍ തന്നെയാണ്.
''ഓനോളേം കൂട്ടി സിനിമക്ക് പോന്നുണ്ടോലോ....... '
എന്ന നാടകത്തിലെ സംഭാഷണം ഇന്നും ഓര്‍മ്മയുണ്ട്.
അത്തരമൊരു തലമുറയിലെ പിന്മുറക്കാര് ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഞങ്ങള്‍ക്കും സിനിമവേണമെന്നാണ്. ഇത് ഹറാമല്ല, ഹലാലാണ് എന്നുതന്നെയാണ് പലിശപ്പണം ഈ സിനിമയ്ക്ക് വേണ്ടെന്നു പറയുന്നതിലൂടെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍, ആവര്‍ത്തിച്ചുറപ്പിക്കുന്നതും. മദ്രസപോലെ പള്ളിപോലെ പവിത്രമായി സിനിമ മാറുകയാണ്.
'പുരോഗമനപ്രസ്ഥാനമായിട്ട് ഒരു പുരോഗതിയൊക്കെവേണ്ടേ''യെന്നു സിനിമയുടെ തുടക്കത്തില്‍ റഹീം സാഹിബിനോട് ചോദിക്കുന്നുമുണ്ട് പുതിയ തലമുറ. സിനിമയെ പോസിറ്റീവായി സമീപിക്കാന്‍ സംഘടന തീരുമാനിക്കുന്നത്, അമേരിക്കയിലെ ഇരട്ട ടവറിനുനേരെ നടന്ന ആക്രമണത്തിനുശേഷവും ഇറാഖ് അധിനിവേശത്തിനുശേഷവുമാണ്. ലോകത്തെ രണ്ടായിപ്പകുത്തുവെന്നു അമേരിക്കതന്നെ പറഞ്ഞ ചരിത്രസന്ദര്ഭവുമാണല്ലോ അത്. പൊളിറ്റിക്കല്‍ ഇസ്ലാം 'സാമ്രാജ്യത്വവിരുദ്ധ'മാകുന്ന ചരിത്രസന്ദര്ഭംകൂടിയാണത്.
'ഹലാല്‍ ആയി ചെയ്യുന്നതെല്ലാം ഹറാമായിപ്പോകുന്നല്ലോ... ' എന്ന റഫീഖ് ഭായിയുടെ ആത്മഗതത്തിന് സീനത്തിന്റെ ഭാര്യ പറയുന്നത് 'ഇങ്ങളൊക്കെ കുറേ നടന്നതല്ലേ, എന്നിട്ട് ശരിയായില്ലല്ലോ. ഇനി ആ ബസ് വരുന്പോ ഇങ്ങളങ്ങോട്ട് കയറിയാല്‍ മതി'എന്ന സംഭാഷണം, ആമസോണ്‍ പ്രൈമിലല്ല സിനിമ വന്നതെങ്കില്‍ അതുയര്‍ത്തിയവര്‍ കേട്ടേനേ. കൃത്യമാണ് ഡയലോഗുകള്‍. ചരിത്രസന്ദര്‍ഭങ്ങളെ തിരിച്ചുവിളിക്കുകയാണ് സംവിധായകന്.
തൗഫീക്കിന്റെ ഉമ്മയെ നോക്കൂ. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള തന്റെ മകനുവേണ്ടി ആ ഉമ്മ ആലോചിക്കുന്നത് മതനിഷ്ഠ മാത്രമുള്ള യുവതിയെയല്ല. കലാബോധവും വേണമെന്നുപറയുന്നുണ്ട്. ഇതൊക്കെ ഏതു സമൂഹത്തെയാണ് അഭിസംബോധനചെയ്യുന്നതെന്ന് ആഹ്ലാദക്കമ്മറ്റിക്കാരും ആലോചിക്കുന്നത് നല്ലതാണ്. സംവിധായകനെ കാണാന്‍ പോകുന്ന ബാറിന്റെ പേരില്‍പ്പോലും പ്രത്യേകതയുണ്ട്. 'പാരഡൈസ് ബാര്‍'. സ്വര്‍ഗത്തില്‍ കള്ള് ഇഷ്ടംപോലെയാണെന്നാണല്ലോ വെപ്പ്. മുഹമ്മദ് നബിയെക്കുറിച്ച് സിനിമയില്‍ ഒരുതവണമാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. അതാകട്ടെ ഈ ബാറിന്റെ പേരിന്റേയും മദ്യത്തിന്റേയും പശ്ചാത്തലത്തിലും.
സാമ്രാജ്യത്വവിരുദ്ധ നിലപാടുകളുടെ ഭാഗമായി കൊക്കോക്കോളാ വിരുദ്ധ സമരവും കവിയരങ്ങും കോലംകത്തിക്കലും തെരുവുനാടകങ്ങളുമൊക്കെ നടത്തിയ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന സിനിമയില്‍ തന്നെ കൊക്കോക്കോള ഉപയോഗിക്കുന്നുണ്ട്. ഒരുഭാഗത്ത് നിസ്കാരം നടക്കുമ്പോള്‍ തൊട്ടടുത്ത് കഞ്ചാവും വെള്ളമടിയും നടക്കുന്നുമുണ്ട്. ഇതൊക്കെ മറ്റേതെങ്കിലും മതസമൂഹത്തിന്റെ ഭാഗമായി പറഞ്ഞുപോകാന്‍ കഴിയുമോ? അതിനുള്ള ധൈര്യം ഇന്ന് സമകാലിക മലയാളം സിനിമയിലുണ്ടോ അതുള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഈ സമൂഹത്തിനുണ്ടോ എന്ന മൗലികമായ ചോദ്യംകൂടി ഉയര്‍ത്തുന്നുണ്ട് സിനിമ.
'ആരാധനാലയത്തിനടുത്ത് ഒരു മദ്യഷാപ്പുകൂടി വേണമെന്നു'' പാടിയത് മിര്സാഗാലിബാണ്. കൊക്കോകോള കുടിക്കാമോയെന്ന മാമുക്കോയയുടെ പരിഹാസത്തോടെയുള്ള ചോദ്യം 'കൊക്കോക്കോള നിന്നെ കടിച്ചോ'' എന്ന അറബിക്കഥയിലെ രംഗത്തെ ഓര്‍മ്മിപ്പിക്കുന്നതായി.
സംവിധായകന് കടന്നുപോകുന്ന വൈയക്തികമായ പ്രതിസന്ധികള്‍ മറ്റുചില പ്രതിസന്ധികളുടെ പരിഹാരത്തിലേക്കാണ് നയിക്കുന്നത്. ഒരു പ്രശ്നം മറ്റൊരു പ്രശ്നത്തെ എങ്ങനെയാണ് പരിഹരിക്കുന്നതെന്നു കാണിച്ച ആ മിടുക്ക് അപാരംതന്നെയാണ്. സിനിമയും ജീവിതവും രണ്ടല്ലാതാവുകയാണ്. പറയാന്‍ വന്ന കാര്യങ്ങള്‍ മറക്കുന്നു എങ്കിലും പ്രശ്നങ്ങള്‍ മറികടക്കുന്നു. തുടര്‍ന്ന് സിനിമയ്ക്കുള്ളിലെ സിനിമയില്‍ ഉമ്മയും മകളുംതമ്മിലുള്ള കോന്പിനേഷന് സീനുകളില്‍ സംവിധായകന്റെ മുഖത്ത് കാണുന്ന സംതൃപ്തി സിനിമയില്‍ വേറൊരിടത്തും നാം കാണുന്നില്ല.
സൂക്ഷ്മരാഷ്ട്രീയത്തിന്റെ ഒരുപാട് അടരുകള്‍ അടുക്കിവെച്ചാണ് അതിമനോഹരമായ ഒരു ശില്പം കണക്ക് ഈ സിനിമ സക്കറിയ പടുത്തുയര്‍ത്തിയിരിക്കുന്നത്.
'പൊതു സ്വീകാര്യതയുള്ള സംവിധായകന്', സര്‍ഗവേദിയുടെ ഓഫീസിലെ ബോര്‍ഡില്‍ കാണിക്കുന്ന 'ഇഖ്ബാല്‍ കവിതയിലെ ദര്‍ശനം' ഇരട്ടക്കെട്ടിടത്തകര്ച്ചയോടെ മാറുന്ന ലോകക്രമം, അമേരിക്കയുടെ പുത്തന്‍ അധിനിവേശം, സദ്ദാംഹുസൈന്, മോഡി, ഗുജറാത്ത് എല്ലാം ദൃശ്യവല്‍ക്കരിച്ചുകൊണ്ടാണ് സിനിമ മുന്നേറുന്നത്. അതൊരു ജനതയുടെ വീര്‍പ്പടക്കലാണ്. വീര്‍പ്പുമുട്ടലാണ്. അതിന്നും തുടരുന്നതുമാണ്. കുടുംബപ്രശ്നത്തെ പശ്ചിമേഷ്യയാക്കി, അമേരിക്കയുടെ ഇടപെടലുമായുള്ള സമീകരണമൊക്കെ നന്നായിത്തന്നെ തോന്നി.
ഹലാലായതിന്റേയും ഹറാമായതിന്റേയും ഇടയിലെ ഗ്രേ നിലങ്ങളെക്കുറിച്ചുതന്നെയാണ് ഉസ്താദും പറയുന്നത്.
'എഴുത്തുകാരന് എന്നേ മരിച്ചുകഴിഞ്ഞു. അത് മനസ്സിലാക്കണം.''
''അപ്പോ മയ്യത്തിന്റെ മേലാണ് കളിയല്ലേ'' എന്നു തൗഫീഖിന്റെ മറുപടിയും
'നേതാക്കന്മാരെവിട്. നമ്മള് ചെയ്യുന്നത് പടച്ചോന് കാണുന്നുണ്ട് എന്നു പറയുന്പോ
'പടച്ചോന്റെ കാര്യം എനിക്ക് പേടിയില്ല. പടച്ചോന് നമ്മുടെ അവസ്ഥ മനസ്സിലാവും.'' എന്നൊക്കെ ചാട്ടൂളിപോലെ പായുന്ന സംഭാഷണങ്ങള്‍ എവിടേക്കാണെന്നെങ്കിലും ആലോചിച്ചുനോക്കിയാല്‍ ഉയര്‍ത്തിയ ആഘോഷക്കൊടി ചിലപ്പോള്‍ താഴ്ത്തിക്കെട്ടാന്‍ ഇടവരുത്തിയേക്കുന്നതുതന്നെയാണ് എന്റെ തോന്നല്‍.
മതത്തിലും കുടുംബത്തിനകത്തും സമൂഹത്തിനകത്തും നടക്കേണ്ട ജനാധിപത്യത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള ഉറക്കെയുള്ള ചിന്തകള്‍ കൊരുത്തുവെച്ചിട്ടുണ്ട് സംവിധായകന്. സെക്സിനല്ലാത്ത കെട്ടിപ്പിടുത്തങ്ങളുടെ ആവശ്യകത, ചുംബനസമരമുള്പ്പെടെയുള്ള സമരങ്ങളുയര്‍ത്തിയ ചോദ്യങ്ങള്‍ മുന്നോട്ടുകൊണ്ടുവരുന്നുണ്ട്. 'കെട്ടിപ്പിടിക്കുന്നത് പ്രസ്ഥാനത്തിന് നാണക്കേടാവുമോ' എന്നാണവളുടെ ചോദ്യം. കോളകുടി സംബന്ധിച്ചും സൗബിന് വരുന്ന രംഗങ്ങളിലുമൊക്കെ കടന്നുവരുന്ന സ്വാഭാവിക ഹാസ്യം വളരെ നന്നായിത്തോന്നി.
'ഇത് മറ്റവനാണ്' എന്നു പറയുന്നതിനു തൊട്ടുവരുന്ന രംഗങ്ങള്‍ കൈലാസത്തെ ഓര്‍മ്മിപ്പിച്ചത് എനിക്കു മാത്രമാണോ ? സാമ്രാജ്യത്വവിരുദ്ധ കവിയരങ്ങില്‍ പ്രിയകവി മുരുകന് കാട്ടാക്കട ബാഗ്ദാദ് ചൊല്ലിയത് വളരെയേറെ ഇഷ്ടമായി. അഭിനേതാക്കളെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ കുറഞ്ഞുപോകും. കാണുന്ന കാഴ്ചകള്‍ക്കും പറഞ്ഞുപോകുന്ന സംഭാഷണങ്ങള്‍ക്കുമപ്പുറം സിനിമ തിയറ്റര്‍വിട്ട് പുറത്തിറങ്ങുന്നു. നിസ്കാരത്തെസംബന്ധിച്ച പരാമര്‍ശങ്ങളോടൊപ്പം, നിസ്ക്കാരത്തിനോടൊപ്പം സമാന്തരമായി മൂകമായി അവരൊരുക്കിയ സിനിമയും 'ഹലാലാ'യി കടന്നുപോവുകയാണ്.
''സിനിമയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത് വിഢിത്തമായിരിക്കും. കാരണം സിനിമ അതിന്രെ അന്വേഷണത്തിന്റെ ആരംഭത്തിലാണ്'' ദെല്യൂസ്.