TopTop
Begin typing your search above and press return to search.

എല്ലാവരേയും ജയിലിലിടുന്നതോ കൊന്നൊടുക്കുന്നതോ പ്രായോഗികമല്ലെന്നിരിക്കെ ഭീഷണിയും പ്രലോഭനങ്ങളും വഴി എത്ര കാലം ഇവരെയൊക്കെ അടക്കി നിർത്താൻ മുഹമ്മദ് ബിൻ സൽമാന് കഴിയും?

എല്ലാവരേയും ജയിലിലിടുന്നതോ കൊന്നൊടുക്കുന്നതോ പ്രായോഗികമല്ലെന്നിരിക്കെ ഭീഷണിയും പ്രലോഭനങ്ങളും വഴി എത്ര കാലം ഇവരെയൊക്കെ അടക്കി നിർത്താൻ മുഹമ്മദ് ബിൻ സൽമാന് കഴിയും?

രാജ കുടുംബമായ അൽ സഊദിലെ ഏറ്റവും തല മുതിർന്ന അംഗങ്ങളും ഉന്നത ആർമി, പോലീസ് മേധാവികളും ഉൾപ്പെടെ ഡസൻ കണക്കിന് പ്രമുഖരെ മുഹമ്മദ് ബിൻ സൽമാൻ അറസ്റ്റിലാക്കിയതായാണ് വാർത്തകൾ. സൽമാൻ രാജാവിൻ്റെ സഹോദരൻ അഹ്മദ്, അഹ്മദിൻ്റെ മകനും സൈന്യത്തിൻ്റെ ഇൻ്റലിജൻസ് വിഭാഗം മേധാവിയുമായ നായിഫ് ബിൻ അഹ്മദ്, രാജാവിൻ്റെ മരണപ്പെട്ട സഹോദരൻ നായിഫിൻ്റെ മകനും പഴയ കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിൻ നായിഫ്, മുഹമ്മദിൻ്റെ തന്നെ സഹോദരൻ നവാഫ് തുടങ്ങിയവരുടെ പേരുകൾക്ക് ഇതിനകം തന്നെ സ്ഥിതീകരണം കിട്ടിയിട്ടുണ്ട്. പഴയ രാജാവ് അബ്ദുള്ളയുടെ മകൻ മുസൈബ് അടക്കമുള്ളവരുടെ പേരുകളും കേൾക്കുന്നുണ്ട്. കൊമേഴ്സ്യൽ സിനിമകളിലെ കൊലപാതകം പോലെയാണ് മുഹമ്മദ് ബിൻ സൽമാൻ്റെ അറസ്റ്റുകൾ. തുടങ്ങിയാൽ പിന്നെ അവസാനിക്കണമെങ്കിൽ സ്വയം ഇല്ലാതാവണം. വലിയൊരു എണ്ണ സമ്പന്ന രാജ്യമായ സൗദിയുടെ അധികാരം സമ്പൂർണമായും അൽ സഊദ് രാജകുടുംബത്തിൻ്റെ കയ്യിലാണ്. സ്ഥാപകനായ അബ്ദുൽ ആസീസിന് രണ്ട് ഡസനിലധികം ഭാര്യമാരിലായി ഉണ്ടായ നൂറിലധികം മക്കളും കുടുംബാംഗങ്ങളും ചേർന്ന ആയിരങ്ങളാണ് അൽ സഊദ്. ഇതിനകത്ത് നിരവധി ഗ്രൂപുകളും ഉപ ഗ്രൂപുകളും കുറു മുന്നണികളും സഖ്യങ്ങളും പരസ്പരമുള്ള പാരവെപ്പുകളുമെല്ലാം അൽ സഊദിൻ്റെ തുടക്കം മുതലുണ്ട്. അധികാരം ജനങ്ങളിലേക്കെത്തുന്നത് തടയാനും കൊള്ളയടി തുടരാനും മാത്രം ചില പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കപ്പെടും. ആധുനിക സൗദിയുടെ ചരിത്രത്തിൽ അധികാരത്തിൻ്റെ സിംഹഭാഗവും കയ്യാളിയത് അബ്ദുൽ അസീസിൻ്റെ ഇഷ്ട ഭാര്യയായിരുന്ന ഹുസ്സാ സുദൈരിയിലുണ്ടായ ഏഴ് ആൺമക്കളും അവരുടെ മക്കളും 'സഖ്യ കക്ഷികളും' ആയിരുന്നു. ഈ 'സുദൈരി ഏഴിലെ' പ്രമുഖരും അടുപ്പക്കാരു മായിരുന്നു രാജാവ്, കിരീടാവകാശി, പ്രതിരോധം, വിദേശകാര്യം, തലസ്ഥാന ഭരണം, യു എസ് അമ്പാസിഡർ തുടങ്ങിയ പ്രധാന പദവികൾ കയ്യാളിയിരുന്നത്. ഇടക്ക് സുദൈരിയിലെ തന്നെ ഫഹദ് രാജാവ് കിടപ്പിലായ വർഷങ്ങളിൽ നടത്തിയ തന്ത്ര പ്രധാന നീക്കങ്ങളിലൂടെ അധികാരം പിടിച്ചെടുത്ത അബ്ദുള്ള രാജാവായിരുന്നു പ്രധാന അപവാദം. അബ്ദുള്ളക്ക് ശേഷം സുദൈരിയിലെ തന്നെ സൽമാൻ ഇപ്പോഴത്തെ രാജാവായതോടെ അധികാരം വീണ്ടും സുദൈരിയിലെത്തി. 2017ൽ 'റിറ്റ്സ് കാൾട്ടൻ' ഹോട്ടലിൽ മുന്നൂറോളം പ്രമുഖരെ മുഹമ്മദ് ബിൻ സൽമാൻ തടവിലിട്ട് പീഡിപ്പിച്ചതിൽഅബ്ദുള്ളയുടെ ഇഷ്ട മകനായ മുസൈബുമുണ്ടായിരുന്നു(അന്ന് 1 ബില്യൻ ഡോളർ നൽകിയാണ് മുസൈബ് പുറത്തിറങ്ങിയതെന്നായിരുന്നു റിപ്പോർട്ട്) അന്നത്തേതിൻ്റെ തുടർച്ച തന്നെയാണ് ഇതും. പക്ഷേ അന്നത്തെ മുഹമ്മദ് ബിൻ സൽമാനല്ല ഇന്ന്, സൗദിയും. അന്ന് തൻ്റെ അധികാരമുറപ്പിക്കാനും ഇവരുടെ ഭീമമായ സമ്പത്തിലൊരു പങ്ക് പറ്റാനുമായിരുന്നെങ്കിൽ ഇന്നങ്ങനെയല്ല. തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥ, പാളിപ്പോയ അരാംകോ ഐ പി ഒ, നിയോം പദ്ധതികൾ, കൂപ്പ് കുത്തിയ ഓയിൽ വില, ഖശോഗ്ജി വധം, അന്താരാഷ്ട്ര തലത്തിലും നാട്ടിലുമുള്ള മോശം പ്രതിച്ചായ, ആക്റ്റിവിസ്റ്റുകളെ ഒന്നടങ്കം ജയിലിലടച്ചത്, സമഗ്ര പരാജയമേറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന യമൻ യുദ്ധം, ഇറാൻ അനുകൂല മിലീഷ്യകൾ എണ്ണ പ്ലാൻ്റുകൾ തകർത്ത സംഭവം, വിജയം കാണാതെ പോയ ഖത്തർ, ലബനൻ, സിറിയൻ ഇടപെടലുകൾ, തുടങ്ങി നിരവധി കാരണങ്ങളാൽ പ്രതിച്ചായ നഷ്ടപ്പെട്ട ഭരണാധികാരിയാണ് ഇന്നത്തെ മുഹമ്മദ് ബിൻ സൽമാൻ. സൗദിയെ 'ആധുനിക വൽക്കരിക്കുന്ന' നേതാവെന്ന അവകാശം പേരിന് പോലും ഇപ്പോൾ പറയുന്നില്ല. 'വിഷൻ 2030' ഒക്കെ കെട്ടിപ്പൂട്ടി. ഇങ്ങനെയുള്ള ഭ്രാന്തൻ നയങ്ങളുടേയും കൊള്ളയടിയുടേയും ഇരയാണ് സൗദി സമ്പദ് വ്യവസ്ഥയും ജനങ്ങളും, ഒരർത്ഥത്തിൽ മേഖല മുഴുവൻ. ദുർബലനും ഭയചകിതനുമായ ഈ മുഹമ്മദ് ബിൻ സൽമാൻ്റെ പിടി വള്ളിയായിരുന്നു ട്രംപും ക്രൂഷ്നറും. പക്ഷേ അതിനും പരിധിയുണ്ട്. അൽ സഊദിൽ വലിയൊരു വിഭാഗം മനസ്സു കൊണ്ട് എതിരാണ്. സൽമാൻ രാജാവാണെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായി ഏതെങ്കിലും രീതിയിലുള്ള ഇടപെടലിന് ശേഷിയില്ലാതെ തീർത്തും അപ്രസക്തനായി മാറി. രാജാവ് മാറേണ്ടി വന്നാൽ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടി വരും. മുതിർന്ന രാജകുടുംബാംഗങ്ങൾ ചേർന്ന കൗൺസിലിൻ്റെ അംഗീകാരം, അതെത്ര തന്നെ പ്രഹസനമാണെങ്കിലും, വേണ്ടി വരും. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളും, അൽ സഊദിലെ പ്രമുഖരും, ജനാധിപത്യമില്ലാത്ത പശ്ചിമേഷ്യൻ സ്റ്റാറ്റസ്കോ ആഗ്രഹിക്കുന്ന പാശ്ചാത്യ ഭരണകൂടങ്ങളുമെല്ലാം തൻ്റെ അധികാര മോഹത്തിന് തടസ്സമാണെന്ന മുഹമ്മദ് ബിൻ സൽമാൻ്റെ ഭയത്തിൽ നിന്നാണ് ഇപ്പോഴത്തെ അറസ്സുകൾ വരുന്നത്. കൃത്യമായും ഏറ്റവും പ്രതികൂലമാവാൻ സാധ്യതയുള്ള ഘടകങ്ങളാണ് ലക്ഷ്യമെന്ന് പേരുകളിൽ നിന്ന് തന്നെ വ്യക്തമാണ്. ബിസിനസ് പ്രമുഖരുടെ പേരുകൾ കേൾക്കുന്നില്ല. അഹമ്മദ് സുദൈരിയിലെ അവശേഷിക്കുന്ന ഏക സഹോദരനാണ്. പൊതുവേ ജനങ്ങൾക്ക് സ്വീകാര്യനും പരസ്യമായി മുഹമ്മദ് ബിൻ സൽമാൻ്റെ നയങ്ങളോടുള്ള തൻ്റെ എതിർപ്പ് പ്രകടിപ്പിച്ച ആൾ കൂടിയാണ് അഹ്മദ്. കുറേ കാലം ലണ്ടനിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. മുഹമ്മദ് ബിൻ നായിഫാണെങ്കിൽ പഴയ കിരീടാവകാശിയും മുഹമ്മദ് ബിൻ സൽമാന് പകരം ഭരണത്തിലെത്തേണ്ട ആളുമായിരുന്നു. അമേരിക്കക്കും സിഐഎക്കും ഏറ്റവും സ്വീകാര്യനുമായിരുന്നു മുഹമ്മദെന്ന് വിക്കിലീക്സിൽ തന്നെ സൂചനകളുണ്ടായിരുന്നു. ഈ അറസ്റ്റ് കൊണ്ടൊന്നും അനിവാര്യമായ മാറ്റങ്ങളെ തടഞ്ഞു നിർത്താനാവില്ലെന്നതാണ് സത്യം. ഇപ്പോൾ തന്നെ അറസ്റ്റിലായവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കാണ് നിർണായകമായ പല മന്ത്രാലയങ്ങളുടേയും സേനകളുടേയും നിയന്ത്രണം. ഇപ്പോൾ അറസ്റ്റിലായ മുഹമ്മദ് ബിൻ നായിഫിൻ്റെ ജ്യേഷ്ഠൻ്റെ മകനാണ് നിലവിൽ ആഭ്യന്തര മന്ത്രിയായ അബ്ദുൽ അസീസ്. അബ്ദുൽ അസീസിൻ്റെ തന്നെ മറ്റൊരു അമ്മാവനായ നവാഫും അറസ്റ്റിലായവരിൽ പെടും. ഇത് പോലെ നിരവധി പേരാണ് തന്ത്ര പ്രധാനമായ ഭരണ കേന്ദ്രങ്ങളിൽ ഇരിക്കുന്നത്. അവരെ എല്ലാവരേയും ജയിലിലിടുന്നതോ കൊന്നൊടുക്കുന്നതോ പ്രായോഗികമല്ലെന്നിരിക്കെ ഭീഷണിയും പ്രലോഭനങ്ങളും വഴി എത്ര കാലം ഇവരെയൊക്കെ അടക്കി നിർത്താൻ മുഹമ്മദ് ബിൻ സൽമാന് കഴിയുമെന്ന ചോദ്യം പ്രസക്തമാണ്. മുഹമ്മദാണെങ്കിൽ പരമ്പരാഗത അധികാര കേന്ദ്രങ്ങൾക്ക് പകരം ഇഷ്ടക്കാരായ കുറച്ച് ഉപദേശകർക്കനുസരിച്ചാണ് ഭരിക്കുന്നത് എന്നതും അൽ സഊദ് അംഗങ്ങളുടെ എതിർപ്പിന് കാരണമാണ്. ജനങ്ങൾക്ക് അധികാരം കൈമാറരുത് എന്ന ഒറ്റ പോയൻ്റിൽ ഒരുമിക്കുന്നവരാണ് മേഖലയിലെ എല്ലാ അധികാര കേന്ദ്രങ്ങളും അവരെ പിന്തുണക്കുന്ന പാശ്ചാത്യ ഭരണകൂടങ്ങളും. അതിനെതിരായ നിരന്തര സമരമാണ് ഇറാഖിലും ഇറാനിലും ലബനാനിലുമെല്ലാം കാണുന്നത്. സൗദിക്ക് മാത്രമായി വേറിട്ട് നിൽക്കാൻ അധിക കാലം കഴിയില്ല. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും മുഹമ്മദ് ബിൻ സൽമാൻ്റെ ഭ്രാന്തൻ നയങ്ങളും അധികാരം ജനങ്ങളിലേക്കെത്തിക്കാനുള്ള സമയം കുറക്കുമെന്നേയുള്ളൂ. അൽ സഊദ് കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര പോരിൽ ആകെയുള്ള രാഷ്ട്രീയ പ്രസക്തിയും അതാണ്.

*ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories