TopTop
Begin typing your search above and press return to search.

ശരണ്യ ആദ്യമല്ല കേരളത്തിൽ, അന്ത്യമില്ലാത്ത ക്രൂരതകൾക്ക് മുന്നിലെ ചോദ്യം; മനുഷ്യനെ ആരു നന്നാക്കും?

ശരണ്യ ആദ്യമല്ല കേരളത്തിൽ, അന്ത്യമില്ലാത്ത ക്രൂരതകൾക്ക് മുന്നിലെ ചോദ്യം; മനുഷ്യനെ ആരു നന്നാക്കും?

ശരണ്യ ആദ്യമല്ല കേരളത്തിൽ. ക്രിമിനലുകളുടെ പേരുകൾ ഓർത്തുവെക്കാൻ മാത്രം മെമ്മറിയില്ലാത്തതു കൊണ്ട് ഉദാഹരണങ്ങൾ നിരത്താനാവില്ല. കേരളം കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ ധാരാളം ശരണ്യമാർക്ക് സാക്ഷ്യം വഹിച്ചു. പക്ഷേ മലയാളി പുതുമയോടെ സ്വീകരിക്കും, മേമ്പൊടികൾ ചേർത്ത് വാർത്തയാക്കും, അതിശയങ്ങളും രോഷങ്ങളും സോഷ്യൽ മീഡിയകളിൽ അയവിറക്കും. സ്വന്തം മകനെ അകാരണം നിർദ്ദയം തലക്കടിച്ച് കൊന്ന് ചാക്കിൽ പൊതിഞ്ഞ് കത്തിച്ചവൾ മുതൽ പിഞ്ചു കുഞ്ഞിനെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന അമ്മവരെ കേരളത്തിലെ നിത്യ വാർത്തകളിൽ പ്രധാന കളം പിടിക്കുന്ന ഒരു പ്രതിഭാസമായിത്തുടങ്ങിയിട്ട് കുറേയായി. പ്രണയത്തിൻ്റെ പേരിലുള്ള കൊലപാതകങ്ങൾക്കും കുറവില്ല. പ്രണയിനിയെ പെട്രോളൊഴിച്ച് തീകൊളുത്തിയത് മുതൽ കൊന്ന് കാട്ടിൽ തള്ളുന്നത് വരെ നിത്യവാർത്തയാണ്. ഇത്തരം ക്രൂര കൃത്യങ്ങളെ അപലപിക്കുന്ന മലയാളിയുടെ പ്രതിയോടുള്ള രോഷമടക്കാനാവാത്ത പ്രതികരണങ്ങൾ രസകരമാണ്. പ്രതി നിർവഹിച്ച കുറ്റകൃത്യം കൊണ്ട് തന്നെ പ്രതിയെ ശിക്ഷിക്കണമെന്നാണ് പ്രധാന പ്രതികരണ ആക്രോശങ്ങൾ. മനുഷ്യനല്ലെ ഇവൾ/ഇവൻ എന്ന് ചോദിക്കുന്ന അതേ നാവ് കൊണ്ടാണ് പ്രതിയെ അടിച്ച് കൊന്നും കല്ലെറിഞ്ഞും ശിക്ഷിക്കാൻ ആവശ്യപ്പെടുന്നത്. പറഞ്ഞു വന്നത് ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല. പ്രതിയെപ്പോലെ പ്രതിക്കെതിരെ അട്ടഹസിക്കുന്നവരും മൃഗീയരാണെന്ന് ആക്ഷേപിച്ച് എനിക്ക് നല്ല പിള്ള ചമയാനുമല്ല. ഈ പറഞ്ഞ രണ്ടു വിഭാഗങ്ങൾക്കും എനിക്കുമുള്ള മനുഷ്യ മനസ്സിനെ കുറിച്ചാണ് പറയുന്നത്. പലരും പറയുന്നതുപോലെ മനുഷ്യ മനസ്സ് അതിസങ്കീർണ്ണവും അസാധാരണവുമാണ്. ഇതു വെച്ച് എല്ലാ ക്രൂരകൃത്യങ്ങളെയും സ്വാഭാവികവൽക്കരിച്ച് വെള്ളപൂശുകയാണോ എന്ന് തോന്നരുത്. ക്രൂരതകൾ ശിക്ഷിക്കപ്പെടേണ്ടതാണ് എന്നതിൽ സംശയമില്ല. പക്ഷേ ക്രൂരതകൾ ജനിക്കുന്ന മനസ്സുകളെ ശുശ്രൂഷിക്കാൻ പദ്ധതികളില്ലാതെ ക്രൂരതകളെ എത്ര കാലം ഇങ്ങനെ അപലപിച്ച് ശിക്ഷിച്ച് മുന്നോട്ട് പോകാനാകുമെന്നാണ് ആലോചിക്കേണ്ടത്. പ്രതികാരദാഹം പോലുള്ള എല്ലാ മനസ്സുകൾക്കും സമാനമായി കാണുന്ന സ്വഭാവങ്ങൾ മുതൽ വിചിത്രതയോടെ നാം കേൾക്കുന്ന ക്രൂരകൃത്യങ്ങൾ വരെ തലപൊക്കുന്ന മനുഷ്യമനസ്സിനെ സംസ്കരിക്കാതെ നാം നാവ് കൊണ്ട് എത്ര വലിയ മനുഷ്യത്വം സംസാരിച്ചാലും മനുഷ്യനാകാൻ കഴിയണമെന്നില്ല. അതിനാണ് ശരണ്യക്ക് നേരെ ആക്രോശിക്കുന്നവരിലെ വൈരുദ്ധ്യങ്ങൾ മുകളിൽ ഉദാഹരിച്ചത്. മക്കളെ വളർത്തുന്ന മാതാപിതാക്കൾ മുതൽ അക്ഷരാഭ്യാസം നടത്തുന്ന ഗുരുക്കള്‍വരെ ആദ്യം തൻ്റെ യോഗ്യത കണ്ടത്തേണ്ടത് തൻ്റെ മുന്നിലുള്ള മകൻ്റെ/മകളുടെ ശിഷ്യൻ്റെ/ശിഷ്യയുടെ മനസ്സ് തിരിച്ചറിഞ്ഞ് തനിക്ക് പ്രവർത്തിക്കാനാവുമെന്ന തിരിച്ചറിവിലാണ്. അതുകൊണ്ട് മാതാപിതാക്കൾ മുതൽ ഗുരുക്കന്മാർ വരെ ഒന്നാമതായി മാനസിക ജ്ഞാനത്തിൽ പ്രാപ്തിയുള്ളവർ ആകേണ്ടതുണ്ട്. അണുകുടുംബ വ്യവസ്ഥിതിയിലെ ഒറ്റപ്പെടലുകൾ മുതൽ വളർന്നു വരുന്ന സാങ്കേതിക വിദ്യയുടെ അപരിമേയവും അപ്രതിരോധ്യവുമായ സാധ്യതകൾ തുറന്നിടുന്ന വിഹായിസ്സുകൾ സാമൂഹിക ജീവിയായ മനുഷ്യന് എത്രത്തോളം ഗുണാത്മകമായി ഭവിക്കുന്നുവെന്ന സാമാന്യ ചിന്തതന്നെ മതി, മാറുന്ന കാലത്ത് നാം നേരിടുന്ന ഏറ്റവും വലിയ വിഭവ ദാരിദ്യം അത് മാനുഷികതയാൽ നിറം പകർന്ന മനുഷ്യമനസ്സിൻ്റെ സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കാൻ. സാമൂഹിക ബന്ധങ്ങളാണ് മനുഷ്യൻ്റെ ഉണ്മയുടെ നിദാനമെന്ന് ആധുനിക ദാർശനികർ പലരും മൊഴിഞ്ഞിട്ടുണ്ട്. ആധുനിക ജനാധിപത്യ വ്യവസ്ഥിതിയുടെ തന്നെ കാതലായ ആദർശമായി അംബേദ്ക്കർ ഉൾപ്പടെയുള്ള രാഷ്ട്രീയ വിചക്ഷണർ സാഹോദര്യമെന്ന സങ്കൽപത്തിന് അടിവരയിടുന്നത് സാമൂഹിക മൂല്യങ്ങൾ കേവലം സാങ്കേതിക നിർമ്മിതികൾ കൊണ്ട് മാത്രം രൂപപ്പെടില്ല എന്ന അടിസ്ഥാന ബോധ്യത്തിൽ നിന്നുകൊണ്ടാണ്. ഇന്ന് മനുഷ്യബന്ധങ്ങൾക്ക് സാങ്കേതികതയുടെ ഭാഷ മാത്രമേയുള്ളൂ. ബന്ധങ്ങൾ കുറഞ്ഞിട്ടില്ല, കൂടിയിട്ടേയുള്ളൂ. പക്ഷേ മനുഷ്യൻ ധ്രുവീകരിക്കപ്പെട്ട ഗുഹകൾക്കകത്ത് നിന്ന് പരസ്പരം ബന്ധപ്പെടുന്നു. ആശയങ്ങൾ മാത്രമല്ല, സ്നേഹവും കൈമാറുന്നു. ഉപകരണങ്ങൾക്കകത്താണ് അവൻ്റെ വികാരങ്ങൾ പ്രവർത്തിക്കുന്നത്. സ്വയം ഉപകരണമായി രൂപാന്തരപ്പെട്ട് ഒടുവിൽ ഉപകരണത്തിൻ്റെ ഭാഷയിൽ മാത്രം പെരുമാറുന്നവനായി അവൻ പരിവർത്തനപ്പെടുന്നു. അതാണ് ഇന്ന് കാണുന്ന ശരണ്യമാരുടെ വിധികൾ നിർണ്ണയിക്കുന്നത്. മനുഷ്യപ്പറ്റ് എല്ലാവർക്കും ഇന്ന് അന്യമാണ്. ഉപകരണപ്പറ്റ് മാത്രമേയുള്ളൂ. ഭൗതിക പ്രമത്തത വർദ്ധിച്ചു വരുന്ന മനുഷ്യജീവികളെയാണ് ഇന്ന് നാം ചുറ്റുപാടിൽ കാണുന്നത്. (അതിൽ മത മതരഹിതർക്കിടയിൽ വ്യത്യാസമില്ല. പലപ്പോഴും മതകീയരായ ആത്മീയവാദികളാണ് ക്രൂരമായ ഭൗതിക സ്വാർത്ഥതയുടെ മുമ്പന്തിയിൽ കാണുന്നതെന്നത് വസ്തുതയാണ്) ഇതൊരു ആഗോള പ്രതിഭാസമാണെന്ന് പറയാൻ പറ്റില്ലെങ്കിലും പക്ഷേ ആഗോള മാറ്റങ്ങൾ ഇവയുടെ പരിസരങ്ങളെ സ്വാധീനിക്കുന്നുവെന്ന് പറയാതെ വയ്യ. സ്വാർത്ഥതക്കും മത്സരങ്ങൾക്കുമപ്പുറമുളള മനുഷ്യനെ, ശാരീരിക അടുപ്പങ്ങൾ കൊണ്ട് സാങ്കേതികതയുടെ ഉപകരണ ഭാഷകൾ വെടിയുന്ന പരസ്പരം തിരിച്ചറിവുള്ള മനുഷ്യനെ വളർത്താനുള്ള നന്മ മനസ്സുകളാണ് ഇനി നാം നമ്മിൽ നിർമിച്ചെടുക്കേണ്ടത്. അതിന് സംഘടിതമായ യാതൊരു തീരുമാനവുമല്ല ആവശ്യം, ആദ്യം അവനവൻ സ്വയം നന്നാവുക, പതിയേ നാടും വീടും നന്നായിക്കൊള്ളും. ഞാൻ നന്നാവണ്ടെ, ഞാൻ നന്നാവട്ടെ എന്ന മുദ്രാവാക്യം ഓരോ നിമിഷവും നമുക്ക് നമ്മുടെ ഹൃദയങ്ങളുടെ ചുവരുകളിൽ എഴുതിക്കൊണ്ടിരിക്കാനാവണം. എങ്കിൽ മാത്രമേ ഞാൻ നന്നാവൂ, കൂടെ എൻ്റെ നാടും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories