TopTop
Begin typing your search above and press return to search.

കെജ്രിവാളിൻ്റെ ആദർശാനന്തര രാഷ്ട്രീയത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ

കെജ്രിവാളിൻ്റെ ആദർശാനന്തര രാഷ്ട്രീയത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ

പ്രത്യയശാസ്ത്രം മനുഷ്യന് പ്രത്യക്ഷ കവചം മാത്രമാണ്. എല്ലാ പ്രത്യയശാസ്ത്ര വൈജാത്യങ്ങൾക്കും രാഷ്ട്രീയ തത്വ വൈരുദ്ധ്യങ്ങൾക്കുമപ്പുറം മനുഷ്യൻ ഒരു ഭൗതിക വസ്തു മാത്രമാണ്. പ്രത്യയശാസ്ത്രങ്ങൾ, വിശ്വാസങ്ങൾ എല്ലാം മനുഷ്യനെ നിരന്തര വ്യാപൃതനാക്കി മാറ്റുന്നു. വിശപ്പ് മാറാത്ത വയറിനു മീതെ ആദർശം പ്രതിഷ്ഠിക്കപ്പെടുന്നു. അത് മനുഷ്യൻ്റെ ഒരു അസ്തിത്വപരമായ ദൗർബല്യമാണ്. ചില വിശ്വാസങ്ങളും ആദർശങ്ങളും കൊണ്ട് നടക്കുമ്പോൾ മനഷ്യന് അത് ഒരു സുരക്ഷാ കവചമായി അനുഭവപ്പെടുന്നു. വൈകാരിക പ്രത്യയശാസ്ത്ര ശാഠ്യങ്ങൾക്കതീതമായി ജനങ്ങളുടെ ഭൗതിക പുരോഗതിക്ക് വേണ്ടി പ്രയത്നിക്കുന്ന രാഷ്ടീയ നേതാക്കളുടെ അഭാവം ഇന്ത്യ ഇന്ന് അനുഭവിക്കുന്നുണ്ട്. പ്രത്യയശാസ്ത്ര ഭാണ്ഡങ്ങൾ അഴിച്ചു വെച്ചാൽ എല്ലാവരും പച്ച മനുഷ്യരാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കി, കലഹവും ശത്രുതയും മാത്രം ബാക്കി വെക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അധികാരാരോഹണ ഉപകരണമാക്കുന്ന വൃത്തികേടിൽ നിന്ന് മാറി രാഷ്ട്രത്തിൻ്റെയും സമൂഹത്തിൻ്റെയും പുരോഗതിക്കായ് അത്തരം പ്രത്യയശാസ്ത്ര ശാഠ്യങ്ങളെ തമസ്കരിക്കാൻ പാകത്തിൽ ജനങ്ങളെ പരിവർത്തനപ്പെടുത്തുന്ന രാഷ്ട്രീയ നേത്യത്വമാണ് ഇന്ന് ഇന്ത്യയുടെ ആവശ്യം. അത് കെജ്രിവാളിലൂടെ ഡൽഹിയിൽ ഉടലെടുത്തു എന്ന ശുഭോദർക്കമായ കാര്യമുണ്ട് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ. കെജ്രിവാൾ വിമർശകരുടെ അരാഷ്ട്രീയ-രാഷ്ട്രീയ ദ്വന്ദങ്ങൾ ആദർശ രഹിതരെ ബ്രാൻഡ് ചെയ്യുന്ന പദമാണ് 'അരാഷ്ട്രീയൻ'. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ബദൽ തിരി കത്തിച്ച് ഡൽഹി രാഷ്ട്രീയത്തിൽ വെളിച്ചത്തിൻ്റെ പുതിയ അടരുകൾ സൃഷ്ടിച്ച കെജ്രിവാളിന് നാം ആദ്യം നൽകിയ പേരാണ് അരാഷ്ട്രീയൻ. രാഷ്ട്രീയത്തിലെ ആപൽ പൊത്തുകളിൽ നിന്ന് കണ്ണ് തിരിച്ച് സേഫ് സോണുകൾ മാത്രം അന്വേഷിക്കുന്ന അരാഷ്ട്രീയനായ നേതാവെന്ന പട്ടം ഈ ഞാനും നൽകിയിരുന്നു കെജ്രിവാളിന്. അപ്രമാദിത്തം അവകാശപ്പെടാനുള്ള യോഗ്യതകളൊന്നും എൻ്റെ വാദങ്ങൾക്ക് ഇല്ലാത്തതിനാൽ എൻ്റെ ഏതു വാദത്തെയും വിമർശനാത്മകമായി സമീപിച്ച് തിരുത്താൻ ഞാൻ ബാധ്യസ്ഥനാണ്. രാഷ്ട്രീയം അരാഷ്ട്രീയം എന്ന രണ്ടു കളങ്ങൾ സൃഷ്ടിച്ച് ആളുകളെ ചാപ്പയടിക്കുന്നവരിൽ മുന്‍പന്തിന്തിയിലിരിക്കുന്നത് ഇടതുപാർട്ടിക്കാരാണ്. എപ്പോഴും ആദർശം സംസാരിക്കുകയും വിപ്ലവം മൊഴിഞ്ഞു കൊണ്ടിരിക്കണമെന്നുമാണ് ഇവരുടെ 'രാഷ്ട്രീയതാ' ശാഠ്യത്തിൻ്റെ അടിസ്ഥാനം. ഇങ്ങനെ പ്രത്യയശാസ്ത്ര യുദ്ധം നടത്തുന്നവർ അവർക്ക് രാഷ്ട്രീയനാണ്. അതിനൊന്നും നിൽക്കാതെ വിശക്കുന്നവൻ്റെ പശിയടക്കാനും, ഒട്ടിയ വയറിൽ ആദർശം പറഞ്ഞ് കലഹിക്കുന്നവരുടെ മനസിൽ പ്രത്യയശാസ്ത്ര ഭക്തി തമസ്കരിച്ച് സാമൂഹിക പുരോഗതി കൊണ്ടു വരാനും ശ്രമിക്കുന്നവർ അവരുടെ കണ്ണിൽ അരാഷ്ട്രീയനാണ്. ഏറ്റവും വലിയ പ്രഹസനം; ഈ 'രാഷ്ട്രീയതാ '-വാദികളായ ഇടതുപാർട്ടിക്കാരിൽ മാർക്സിനു സ്ഥാനമില്ലെന്നതാണ്. വിപ്ലവമെന്ന വാക്കിനെ നാണം കെടുത്തും വിധം പ്രവൃത്തിയുടെ നാലയലത്ത് പോലും വിപ്ലവാംശം എത്തുന്നില്ലെങ്കിലും അത് മൊഴിയാതെ തന്നെ വിപ്ലവാത്മക പുരോഗമന പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്നവരെ പുഛിച്ച് ചാപ്പയടിക്കാൻ ഇവർ മുമ്പന്തിയിലെത്തുകയും ചെയ്യുന്നു. ഫിലോസഫിയെ ഒരു സ്വയംഭോഗ താൽപര്യമായി പുഛിച്ചു കൊണ്ടാണ് മാർക്സ് തൻ്റെ പ്രായോഗിക ചിന്തകൾക്ക് രൂപം നൽകിയത്. പ്രത്യയശാസ്ത്രങ്ങൾക്ക് മേൽപ്പുരയുടെ സ്ഥാനം മാത്രം നൽകിയ മാർക്സ് ഒരു ഭൗതികശക്തിയായി മാറുന്ന പ്രത്യയശാസ്ത്ര മൂടുപടങ്ങളെ തകർക്കുന്നതിനെ കുറിച്ചു ആലോചിച്ചിട്ടുണ്ട്. അത്തരം ഒരു പ്രത്യയശാസ്ത്ര ആവരണത്തിൻ്റെ തകർച്ചയായിരുന്നു ഡൽഹിയിൽ നാം കണ്ടത്. മാർക്സ് വിശ്വാസത്തെ എപ്രകാരമാണോ കണ്ടിരുന്നത്, ഇന്ന് തദ് രീതിയിൽ മാർക്സിൻ്റെ പേരിൽ പാർട്ടി പടുത്തുയർത്തിയവർ പരിണാമപ്പെട്ടിരിക്കുന്നു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയും അവിടെയിരിക്കട്ടെ, നമുക്ക് ആശയങ്ങൾ നിവർത്തി പോരടിക്കാം എന്നാണ് ഇന്നത്തെ ഇത്തരം രാഷ്ട്രീയ ലൈൻ പറയുന്നത്. രാഷ്ട്രീയം എന്ന പദം പോലും മലീമസപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക അവസ്ഥയിൽ രാഷ്ട്രീയ അരാഷ്ട്രീയ ദ്വന്ദ്വം സൃഷ്ടിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. വർഗീയത തീറ്റിച്ച് വിളവ് കൊയ്യുന്ന ബിജെപി രാഷ്ട്രീയത്തെ ജനങ്ങളുടെ ഭൗതികാവസ്ഥ മാത്രം ലക്ഷ്യം വെച്ചുള്ള മാർക്സിയൻ തത്വം കാഴ്ചവെച്ചാണ് കെജ്രിവാൾ മറുപടി നൽകിയത്. പ്രത്യയശാസ്ത്ര മേൽപ്പുരയെ അടിസ്ഥാന ഭൗതികവാദം കൊണ്ട് തകർക്കാമെന്ന് അദ്ദേഹം കാണിച്ച് തന്നു. ആദർശ വാദങ്ങൾക്കെതിരെ നിശബ്ദത ഒരു സ്ട്രാറ്റജിയായി നിർമിച്ചെടുക്കുകയും പുരോഗതിയുടെ ഭാഷണങ്ങൾ മാത്രം ശീലമാക്കുകയും ചെയ്തു. പ്രത്യയശാസ്ത്ര കലഹങ്ങൾ അസ്ഥാനത്താവുക മാത്രമല്ല എന്താണ് യഥാർത്ഥ രാഷ്ട്രീയമെന്ന് ഇന്ത്യക്ക് കാണിച്ചു കൊടുക്കുകയായിരുന്നു കെജ്രിവാൾ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories