TopTop
Begin typing your search above and press return to search.

Blog | 'സ്ത്രീവിരുദ്ധ ഉള്ളടക്കമുള്ള വനിത, ഗൃഹലക്ഷ്മികളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ അതേ സ്ത്രീവിരുദ്ധതയുടെ ബോധം വെച്ച് ആക്രമിക്കുന്നത് ന്യായമല്ല'

Blog | സ്ത്രീവിരുദ്ധ ഉള്ളടക്കമുള്ള വനിത, ഗൃഹലക്ഷ്മികളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ അതേ സ്ത്രീവിരുദ്ധതയുടെ ബോധം വെച്ച് ആക്രമിക്കുന്നത് ന്യായമല്ല

"ഇന്റർവ്യൂ അയച്ചു കൊടുത്ത് അനുവാദം വാങ്ങിയ ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന്‌ ഞാൻ പഠിച്ച ജേർണലിസം പാഠങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടുമില്ല."

വനിത- താര അഭിമുഖ വിവാദത്തിൽ ഇന്നിപ്പോൾ കണ്ടതാണ്. ഇങ്ങനെയാണ് Journalism school -കളിലെ പഠനമെങ്കിൽ അത് പുതുകാലത്തിലേക്ക് വേണ്ടത്ര എത്തിയിട്ടില്ല എന്നാണ് പറയേണ്ടത്. ഒരു വാർത്താസമ്മേളനം റിപ്പോർട് ചെയ്യുന്നതോ അല്ലെങ്കിൽ മുൻകൂട്ടി നിശ്ചയിക്കാതെ വാർത്താശേഖരണത്തിന്റെ ഭാഗമായി അഭിപ്രായം ചോദിച്ചു നൽകുന്നതോ പോലെയല്ല ഇത്തരം അഭിമുഖങ്ങൾ. അത് Academic ആയതോ വ്യക്തിപരമായതോ തൊഴിലുമായി ബന്ധപ്പെട്ടതോ എന്തുമാകട്ടെ; അഭിമുഖം പ്രസിദ്ധീകരിക്കുന്നതിന് മുമ്പുള്ള edited copy താങ്കൾക്ക് അയച്ചുതരേണ്ടതുണ്ടോ എന്നും അങ്ങനെയൊരു option ഉണ്ടെന്നും Interviwee-യോട് പറയേണ്ടത് professional ബാധ്യതയും Journalistic ethics -ഇന്റെ ഭാഗവുമാണ്. Record ചെയ്ത അഭിമുഖസംഭാഷണം വള്ളിപുള്ളി വിടാതെ കൊടുക്കുന്ന ഒന്നാണെങ്കിൽ ഈ practice നടന്നില്ലെങ്കിലും അത് വസ്തുതാപരമായ മാറ്റങ്ങളുണ്ടാക്കില്ല. എന്നാൽ വായനക്കാർക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്ന വിധം തങ്ങളുടെ ശൈലിയിൽ മാറ്റിയെഴുതുന്ന ഒരു അഭിമുഖം, ഇനിയിപ്പോൾ അതിന്റെ സത്തയിൽ മാറ്റം വന്നില്ലെങ്കിൽക്കൂടി, കണിശമായും അഭിമുഖം തന്നയാൾക്ക് അയച്ചുകൊടുക്കേണ്ടതുണ്ട്.

കാരണം അത് അവരുടെ സ്വകാര്യതയും വ്യക്തിത്വവുമായി ബന്ധപ്പെട്ട ഒന്നാണ്. തങ്ങൾ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് അഭിമുഖത്തിൽ വള്ളിപുള്ളി വിടാതെ വരേണ്ടത് എന്ന ശാഠ്യം അത് പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനത്തിനു എത്ര അലോസരമുണ്ടെങ്കിലും സ്വീകരിച്ചേ മതിയാകൂ. അല്ലെങ്കിൽ പാഠത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് സമ്മതം വാങ്ങണം. ഒരാളുടെ സംസാരഭാഷ അയാളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട് കാണാനുള്ള എല്ലാ അവകാശവും ഒരു വ്യക്തിക്കുണ്ട്. സ്വകാര്യതയുടെ അവകാശം വളരെ വിപുലമാണ്. പുതിയ കാലത്ത് അതുകൂടി ചേർത്താണ് മാധ്യമപ്രവർത്തനം പഠിപ്പിക്കേണ്ടത്.

രാഷ്ട്രീയ-മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമായി Illan Pappe, David Barsamian, അരുന്ധതി റോയ്, ബിനായക് സെൻ തുടങ്ങി പലരുമായും വർഷങ്ങൾക്ക് മുമ്പ് ഞാൻ നടത്തിയ ദീർഘ അഭിമുഖങ്ങളിലെല്ലാം ഇത്തരത്തിൽ അച്ചടിക്ക് മുമ്പുള്ള final edited version അയച്ചുകൊടുക്കാനുള്ള option ഉണ്ടെന്ന് അവരോട് കൃത്യമായി പറഞ്ഞിരുന്നു. അരുന്ധതിയെപ്പോലുള്ള പലരും അത് ഇങ്ങോട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കാരണം ഒരഭിമുഖത്തിൽ നമ്മൾ അത്ര പ്രസക്തമല്ല എന്ന് കരുതുന്നത് അവർക്ക് പ്രസക്തമാകും. അത് നിശ്ചയിക്കാനുള്ള അന്തിമ അവകാശം അവരുടെതാണ് താനും. ഇതൊക്കെ Journalism School -കളിൽ പഠിപ്പിക്കുന്നുണ്ടെന്നാണ് കരുതിയത്. ഇല്ലെങ്കിൽ പഠിപ്പിച്ചേ മതിയാകൂ.

സ്വകാര്യത ഒരു അവകാശമാണ് എന്നത് പല മാധ്യമങ്ങൾക്കും ഇനിയും ദഹിക്കാത്ത കാര്യമാണ്. അതൊരു അധികാര പ്രയോഗമായി കൊണ്ടുനടക്കുന്നതുകൊണ്ടുള്ള പ്രശ്നം കൂടിയാണ്. ഉദാഹരണത്തിന് ഒരു സ്ത്രീ ഒരു കേസിൽ പ്രതിയായാൽ "കുത്തഴിഞ്ഞ ജീവിതം" എന്നും അവരുടെ പേര് കൂട്ടിവെച്ച് ദ്വയാർത്ഥ തലക്കെട്ടുകൾ ഉണ്ടാക്കുന്നതാണ് കേമത്തമെന്നും ധരിക്കുന്നതാണ് കേരളത്തിലെ വമ്പൻ പത്രങ്ങളും ദൃശ്യ വാർത്താ മാധ്യമങ്ങളും. അതിലൊന്നും സ്വകാര്യതാ ലംഘനം ആലോചിക്കാൻ പോലുമുള്ള സാമൂഹ്യ ബോധമോ മാധ്യമ ധാർമിക ബോധമോ ഇല്ല എന്ന് മാത്രമല്ല അതിലെ പച്ചയായ നിയമലംഘനവും ഇരകൾക്ക് മേലുള്ള മറ്റു കുറ്റാരോപണങ്ങളുടെ മറവിൽ മാഞ്ഞുപോകുന്നു.

കേരളത്തിലെ സ്ത്രീവിരുദ്ധമായ പുരുഷാധിപത്യ സാമൂഹ്യ ഘടനയുടെ മൂല്യബോധത്തെ പേറുന്നവയും തികച്ചും സ്ത്രീവിരുദ്ധമായ ഉള്ളടക്കമുള്ളവയുമാണ് 'വനിത', 'ഗൃഹലക്ഷ്മി' തുടങ്ങിയ പ്രസിസിദ്ധീകരണങ്ങൾ. എന്നാലതൊന്നും അവയിൽ തൊഴിലെടുക്കുന്ന സ്ത്രീകളെ അതേ സ്ത്രീവിരുദ്ധതയുടെ ബോധം വെച്ച് ആക്രമിക്കാനുള്ള ന്യായമല്ല.

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)


പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

സുപ്രീം കോടതി അഭിഭാഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍

Next Story

Related Stories