വര്‍ഷങ്ങള്‍, ദശകങ്ങള്‍ നീണ്ട കളിയാക്കലുകളും ഇകഴ്ത്തലുകളും തെറിവിളിയും ഭീഷണികളും എല്ലാം സഹിച്ച ശേഷം ഒടുവില്‍ ഒരു തെണ്ടിയ്ക്ക് നല്ല നാലു കൊടുക്കാന്‍ ഒരു സംഘം സ്ത്രീകള്‍ തീരുമാനിച്ചു. അപ്പോള്‍ അവര്‍ നിയമത്തെ വിളിക്കണമായിരുന്നു, മര്യാദ കാട്ടണമായിരുന്നു, അമ്മയ്ക്കു വിളിച്ചത് നന്നായില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് കുറേപ്പേര് ഇറങ്ങിയിരിക്കുന്നു. നിയമം കൂടെയുണ്ടെന്ന് തോന്നിയിരുന്നെങ്കില്‍, നിയമം സ്ത്രീകളെ സഹായിക്കുമെന്ന് തോന്നിയിരുന്നെങ്കില്‍ അവര്‍ ഇതിനു മുതിരില്ലായിരുന്നു എന്ന് അറിയാഞ്ഞിട്ടല്ല ഇത്. കൂട്ടമായി സ്ത്രീകള്‍ പ്രവര്‍ത്തിച്ചാല്‍ എന്താവും എന്നു ഭയന്നിട്ടുതന്നെയാണ്.
ഭാഗ്യലക്ഷ്മിയും കൂട്ടരും പിടികൂടിയ അവനെ കണ്ടപ്പോള്‍ ഓര്‍മ്മവന്നത് രണ്ടു മൂന്നു വര്‍ഷം മുന്‍പ് കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന ഓണ്‍ലൈന്‍ ഹിംസയെപ്പറ്റി ഗവേഷണം നടത്തിയ സമയത്ത് ഉണ്ടായ ചില അനുഭവങ്ങളാണ്. സ്ത്രീകളുടെ ഫോട്ടോകളും മറ്റും മോഷ്ടിച്ച് അശ്ലീലസൈറ്റുകളും പോസ്റ്റുകളും ഇട്ട പല സംഭവങ്ങളെയും പറ്റി പ്രമുഖരായ ചില പോലീസുകാര്‍ പറഞ്ഞത്. ഇതു ചെയ്യുന്നവന്മാര് ശരിക്കും ദുര്‍ബലരാണ്. ശരിക്കും അശുക്കളാണ്, വെറും കൂരികളാണ് എന്നൊക്കെ. അതായത്, മതിയായ ആണത്തം ഇല്ലാത്തവരാണെന്ന്. അവരുടെ ദുര്‍ബലസ്ഥിതി, അല്ലെങ്കില്‍ പ്രായക്കുറവ്, അതുതന്നെ മതിയായ ശിക്ഷയാണെന്ന ഭാവമായിരുന്നു പോലീസ് മേധാവികള്‍ക്ക്. നിങ്ങള്‍ ഈയാളെ നോക്കൂ, സത്യത്തില്‍ അയാള്‍ എത്ര ദുര്ബലനാണെന്നു തിരിച്ചറിയൂ, അയാള്‍ക്കെതിരെ ഇനി നടപടിയെടുക്കാതിരിക്കുകയല്ലേ നല്ലത്, എന്ന മട്ടില്‍. കേരളത്തിലെ അതിപ്രശസ്തയായ ഒരു സ്ത്രീയുടെ മുഖത്തെ ഒരു ബംഗാളി പോണ്‍താരത്തിന്റെ ശരീരത്തോടു കൂട്ടിച്ചേര്‍ത്ത് വിറ്റുകാശാക്കി അവരെ ആഴമളക്കാനാവാത്ത നാണക്കേടില്‍ അകപ്പെടുത്തിയ കൗമാരക്കാരായ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രവൃത്തിയെ കേവലം മാപ്പര്‍ഹിക്കുന്ന ബാലലീലയായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിച്ചത്. കൌമാരകാലത്തു തന്നെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മതിയായ ശിക്ഷ കിട്ടാത്തതുകൊണ്ടാണ് ഇതുപോലുള്ള മൂന്നാംകിട വഷളന്മാര് ലാപ് ടോപ്പും കൊണ്ട് വിലസാന്‍ നടക്കുന്നത്. കുറ്റാരോപിതരായ യുവാക്കളുടെ മാതാപിതാക്കളോട് പോലീസും അധികാരികളും കാട്ടുന്ന സഹതാപത്തിന്റെ അളവും ആ ഗവേഷണക്കാലത്ത് ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു.
സ്ത്രീകള്‍ക്ക് മുറിവേല്‍ക്കുന്നത് -- തൊണ്ണൂറുകാരി മുതല്‍ രണ്ടു മാസം പ്രായമായ പെണ്കുഞ്ഞു വരെ ക്രൂരമായ ശാരീരകപീഡനം സഹിക്കേണ്ടി വരുന്നത് -- ഒരു പ്രശ്നമേ അല്ലാതായി വരുന്ന കേരളത്തില്‍ ഇത്തരമൊരു പൊട്ടിത്തെറിയെ ഒഴിവാക്കാനാവില്ലായിരുന്നു. പണ്ട് കോളേജുകളിലെ പല മിടുമിടുക്കന്മാരെയും സ്ത്രീകളുടെ സംഘടിതമായ ശ്രമം കൊണ്ടുതന്നെയാണ് ഒതുക്കിയിരുന്നത്. നാലു പെണ്ണുങ്ങള് ചെരുപ്പുകൊണ്ടടിച്ചു തന്നെ. പിന്നീടാണ് ലൈംഗിക പീഡനവിരുദ്ധ കമ്മറ്റികളും മറ്റും വന്നത്. അവ സ്ത്രീകളുടെ താഴെത്തട്ടില്‍ നിന്നുള്ള, സംഘടിതമായ, ശ്രമങ്ങളെ ബലപ്പെടുത്തുകയല്ല, തളര്‍ത്തുകയായിരുന്നു, ശരിക്കും, എന്ന് തോന്നിയാല്‍ അതില്‍ യാതൊരു തെറ്റുമില്ല.
മാന്സ്പളെയ്നിങ് എന്ന ലളിതകല അഭ്യസിക്കുന്നവര്‍ ദയവായി അവരുടെ ചരക്ക് മറ്റെവിടെയെങ്കിലും കൊണ്ടുപോയി ചെലവാക്കുക. ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വികാരം പൂര്‍ണമായും മനസ്സിലാക്കുന്നു.