TopTop
Begin typing your search above and press return to search.

'ജെ.എന്‍.യു പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും..ഇന്‍ക്വിലാബ് സിന്ദാബാദ്'-യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍നാടന്‍ എഴുതുന്നു

ജെ.എന്‍.യു പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും..ഇന്‍ക്വിലാബ് സിന്ദാബാദ്-യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍നാടന്‍ എഴുതുന്നു

കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നും ഓഫീസിലെത്താന്‍ 2 മണിക്കൂറിലേറേ എടുത്തു. സാധാരണ 20 മിനിറ്റിന്റെ യാത്രയാണ്. ല്യൂറ്റന്‍സ് ഡെല്‍ഹിയിലെ എല്ലാ വഴികളും സ്തംഭിച്ചിരുന്നു. അന്വോഷിച്ചപ്പോള്‍ ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥി സമരമാണ്. ആളുകള്‍ കാറില്‍ നിന്നും പുറത്തിറങ്ങി പരസ്പരം സംസാരിക്കുന്നു. ചിലര്‍ക്ക് നേരത്തെ വീട്ടില്‍ എത്താന്‍ കഴിയാത്തതിന്റെ നിരാശ, ദേഷ്യം ഒക്കെ. ഇടയ്ക്ക് ആരോ പറയുന്ന കേട്ടു 'അവരെങ്കിലും സമരം ചെയ്യട്ടെ.. ' സര്‍ക്കാരിനെതിരായ രോഷം. രാത്രി അറിയാന്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചെന്ന്.

അതെ, ജെഎന്‍യു സമരത്തെ അടിച്ചമര്‍ത്തുകയാണ് ഈ സര്‍ക്കാര്‍. സമരത്തെ മാത്രമല്ല, ആ സര്‍വ്വകലാശാലയേയും. ഒരു പൂര്‍വ്വകാല വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എനിക്കും വേദന തോന്നി. നമ്മള്‍ പഠിച്ച കലാലയങ്ങളോട് നമുക്ക് ഒരു വൈകാരികമായ അടുപ്പമുണ്ടാകും, അത് സ്വാഭാവികമാണ്.

ആദ്യത്തെ കലാലയം കോതമംഗലം എം എ കോളേജാണ്. സ്‌കൂള്‍ മതില്‍കെട്ടിന്റെ തടവറയില്‍ നിന്നും കൗമാര സ്വപ്നങ്ങളുമായി സ്വാതന്ത്ര്യത്തിന്റെ വിഹായസിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയ കലാലയം. തീവ്ര സൗഹൃദങ്ങളും മായാത്ത ചില മുറിവുകളുമായി ഹൃസ്വകാലത്തേക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സിലേക്ക് . പിന്നീട് നിയമ പഠനത്തിനായി, തിരുവനന്തപുരം ഗവ: ലോ കോളജിലേക്ക് . സംഭവബഹുലമായ 5 വര്‍ഷങ്ങള്‍. എല്ലാ നിലക്കും എന്റെ ജീവിതം മാറ്റിമറിച്ച കലാലയം. രാഷ്ട്രിയത്തിന്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടി, രാഷ്ട്രീയം ജീവിതത്തിന്റെ തന്നെ ഭാഗമായി. പിന്നീട് ഉപരിപഠനത്തിന് ജെ.എന്‍.യു വി ലേക്ക്. എംഫിലും പി എച്ച് ഡി യുമായി നീണ്ട 8 വര്‍ഷം ഈ സര്‍വ്വകലാശാലയിലായിരുന്നു.

ജീവിത സഖിയെ സമ്മാനിച്ചത് ജെ.എന്‍.യു വാണ് എന്നതൊഴിച്ചാല്‍, വ്യക്തിപരമായ നേട്ടങ്ങള്‍ ഒന്നും എടുത്ത് പറയാനില്ല. ആകെ ഒരു വട്ടമാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്, അതില്‍ പരാജയപ്പെട്ടു. എന്‍ എസ് യുവിനും വലിയ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, എന്റെ ജീവിതത്തില്‍, എന്നെ ഏറ്റവും സ്വാധീനിച്ചതും ഇന്നത്തെ എന്നെ രൂപപ്പെടുത്തിയും ജെ.എന്‍.യു വാണ്.

ജെ.എന്‍.യുവില്‍ ശ്വസിക്കുന്ന ശ്വാസത്തിന് പോലും ഒരു വിജ്ഞാനത്തിന്റെ ഗന്ധമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു മുന്നോട്ട് വച്ച ആശയങ്ങളില്‍ അധിഷ്ഠിതമായി ഇന്ദിരാ ഗാന്ധിയാണ് ഈ സര്‍വ്വകലാശാലക്ക് ജന്മം നല്‍കിയത്. പാശ്ചാത്യ ദേശത്തിന്റെ ചിന്തയും സംസ്‌കാരവും, ബൗദ്ധീക മേല്‍ക്കോയ്മയും നില നിര്‍ത്താന്‍ ഹാര്‍വാര്‍ഡും ഓക്‌സ്‌ഫോഡും പോലെ മൂന്നാം ലോകരാഷട്രങ്ങള്‍ക്ക് തങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് വേണ്ട ബൗദ്ധിക ശക്തി പകരാന്‍ ഒരു സര്‍വ്വകലാശാല, ഇതായിരുന്നു ജെ.എന്‍.യു വിന് പിന്നിലെ ആശയം.

ശരിയാണ് ജെ.എന്‍.യു വിന് എന്നും ഒരു പക്ഷമുണ്ട്, അത് ഇരയുടെ പക്ഷമാണ്, അടിച്ചമര്‍ത്തപ്പെടുന്നവന്റെ പക്ഷമാണ്, ദുര്‍ബലന്റെ പക്ഷമാണ്. ജെ.എന്‍.യു എന്നും വ്യവസ്ഥിതിയോട് കലഹിച്ചു കൊണ്ടിരുന്നു. അധികാര അപ്രമാദിത്വങ്ങളെ ചോദ്യം ചെയ്തു കൊണ്ടിരുന്നു. സാക്ഷാല്‍ ഇന്ദിരാഗാന്ധിയോട് പ്രതിഷേധിച്ചു, പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംന്ദിനെ കരിം കൊടി കാണിച്ചു. കോണ്‍ഗ്രസ്സിന്റെ നയങ്ങളെ എതിര്‍ത്തു. എന്‍.എസ്.യു വിന് ജയിക്കാനായില്ല. എന്നിട്ടും കോണ്‍ഗ്രസ്സുകാരനായ ഞാന്‍ ജെ.എന്‍.യുവിനെ സ്‌നേഹിച്ചു, ഇഷ്ടപ്പെട്ടു. കാരണം, ജെഎന്‍യുവിന് അങ്ങനെ ആവാന്‍ കഴിയുമായിരുന്നുള്ളൂ.

എന്റെ ചിന്തകളെ ജെ.എന്‍.യു വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളെ അനുകൂലിച്ചപ്പോഴും, ഒരവസരം കിട്ടിയപ്പോള്‍ നമ്മുടെ നയങ്ങള്‍ക്ക് മനുഷ്യ മുഖം കൂടി വേണമെന്ന് സാക്ഷാല്‍ മല്‍മോഹന്‍ സിങ്ങിനോട് പറയാന്‍ എന്നെ പ്രേരിപ്പിച്ചതും പ്രാപ്തനാക്കിയതും ഈ സര്‍വ്വകലാശാലയാണ്.

ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകളോടും ജെ.എന്‍.യു കലഹിച്ചു. അമേരിക്കയോടും, ഇസ്രായേലിനോടും കലഹിക്കുമ്പോള്‍ തന്നെ പാലസ്തീനിലെ ജനങ്ങളോടും, കമ്പോടിയ യിലെയും, സിറിയയിലേയും , സൊമാലിയയിലേയും ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. എന്തിനേറെ പറയണം, മുത്തങ്ങ സമര സമയത്ത് കേരളത്തിലെ കലാലയങ്ങള്‍ മൗനം ഭജിച്ചപ്പോള്‍ ആദിവാസി സമൂഹത്തിന് വേണ്ടി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ജെഎന്‍യു വില്‍ പന്തം കൊളുത്തി പ്രകടനം നടത്തുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്.

അങ്ങനെ ഉള്ള ഒരു സര്‍വ്വകലാശാലയെ ഇന്ന് ഇന്ത്യ ഭരിക്കുന്ന ശക്തികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. രാജ്യം മുഴുവന്‍ മൗനം അവലംബിച്ചാലും ജെ.എന്‍.യു ശബ്ദിച്ചു കൊണ്ടേയിരിക്കും, അത് കൊണ്ടാണ് അവര്‍ രാജ്യ ദ്രോഹികള്‍ എന്ന് വിളിക്കപ്പെടുന്നത്.

അതാണ് ആ അജ്ഞാതന്‍ ഇന്നലെ പറഞ്ഞതും 'അവരെങ്കിലും പ്രതിഷേധിക്കട്ടെ... ' എന്ന്.

ഒരുപാട് എഴുതണമെന്നുണ്ട് , പക്ഷെ അവസാനിപ്പിക്കട്ടെ.

ഈ സര്‍വ്വകലാശാല അതിന്റെ സ്വത്വത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ..?

ഇന്ന് ജെ.എന്‍.യു അതിന്റെ ആത്മാവിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്..

ഇന്നലെ അവിടെ പോയിരുന്നു.. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും ഐക്യദാര്‍ഢ്യം അറിയിച്ചു.

ജെ.എന്‍.യു അതിന്റെ പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും.. '

ഇന്‍ക്വിലാബ് സിന്ദാബാദ്.. '

ജെഎന്‍യുവില്‍ നിന്ന് ഈ ശബ്ദം നിലക്കുന്നത് വരെ ഈ സര്‍വ്വകലാശാല മരിച്ചിട്ടില്ലാ എന്ന് വിശ്വസിക്കാം.. *ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories