TopTop
Begin typing your search above and press return to search.

"ആന്റണി രാജഭക്തനാണ്, അജ്ഞനാണ് എന്നു പറഞ്ഞ് ട്രോളിയതു കൊണ്ട് ചരിത്രവസ്തുതകൾ മാറില്ല"

"ആന്റണി രാജഭക്തനാണ്, അജ്ഞനാണ് എന്നു പറഞ്ഞ് ട്രോളിയതു കൊണ്ട് ചരിത്രവസ്തുതകൾ മാറില്ല"

എ.കെ ആന്റണിയെ കൂകി ട്രോളി ഇരുത്തുമ്പോൾ ചരിത്രം മാറില്ല.

ഇപ്പോൾ ടൈംലൈനിൽ കാണുന്ന ട്രോളുകൾ എല്ലാം എ.കെ ആന്റണിയുടെ 'വിജ്ഞാന'ത്തെ കുറിച്ചും 'അജ്ഞത'യെ കുറിച്ചും 'രാജഭക്തി'യെക്കുറിച്ചുമാണ്. അതുപോലെ ആന്റണിക്ക്‌ ജനകീയ സർക്കാരുകളെ മതിപ്പ് ഇല്ലെന്ന വ്യാഖ്യാനവും.

കാരണം ആന്റണി പറഞ്ഞു എന്നു പറയുന്ന ഒരു ലൈൻ മാത്രം ഹൈലൈറ്റ് ചെയ്ത് അഴിമുഖം ചെയ്ത 'അതിമിടുക്ക്' രാഷ്ട്രീയമാണ്. ഒരു ഹെഡ്ലൈൻ എങ്ങനെ ഒരു ഇന്റർവ്യൂവിനെ വളച്ചൊടിച്ച് ചർച്ച വഴിതിരിച്ചു വിടുന്നു എന്നതിന് ഉദാഹരണം. ഇംഗ്ലീഷിൽ അതിന് ' Framing the message' എന്നാണ് പറയുന്നത്.

കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഒരു പാറ്റേൺ വളരെ ദൃശ്യമാണ്. പ്രതിപക്ഷത്തുള്ള ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരെ വെറും മണ്ടന്മാരാക്കി വെറുതെ കുറെപ്പേർ കൂവുകയാണ്.

കൂവി ട്രോളിയുള്ള വിരേചനം മാത്രം രാഷ്ട്രീയ വ്യവഹാരമാകുന്നത് ഇവിടുത്തെ കക്ഷി രാഷ്ട്രീയ സംവാദത്തിന്റ രോഗാതുര അവസ്‌ഥയെയാണ് കാണിക്കുന്നത്. കൂകുന്നതും ട്രോളുന്നതും അസഭ്യം നടത്തുന്നത്തിലുമാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നത്. അതിൽ വിദഗ്ദരായവര്‍ എല്ലാ പാർട്ടികളിലുമുണ്ട്.

പരസ്പരം ആശയസംവാദങ്ങൾ നടത്തണമെങ്കിൽ ആശയ വിമർശനങ്ങൾ നടത്തണം. അതിന് കാര്യങ്ങൾ വായിക്കണം, പഠിക്കണം, വസ്തു നിഷ്ഠമായി അവതരിപ്പിക്കണം. ഒരാളെ കളിയാക്കനോ കൂകാനോ തെറി പറയാനോ ആർക്കും കഴിയും. അതുപോലെ ട്രോളാനും.

അങ്ങനെയുള്ള അധോവായു രാഷ്ട്രീയ മന:സ്ഥിതികൾ കേരള സമൂഹത്തിലെ രാഷ്ട്രീയതിമിര പോളറൈസേഷന്റെ ഭാഗമാണ്.

എതിർ ചേരിയിൽ ഉള്ളവരെ കൂകി ട്രോളി അസഭ്യം പറഞ്ഞാൽ ഒരു വോട്ട് പോലും ആർക്കും കുറയുന്നതല്ലാതെ ഒന്നും സംഭവിക്കില്ല.

പണ്ട് കോളേജുകളിൽ കൂകി പഠിച്ചു ശീലം കൊണ്ടായിരിക്കും. ഇഷ്ടമില്ലാത്ത പാർട്ടിക്കാരോ ആളുകളോ സ്റ്റേജിൽ വന്നാൽ പുറകിൽ ഒരു വിഭാഗത്തെ കൂകനായി ഇരുത്തും.

ഇതും നേരെത്തെ പറഞ്ഞ herd mentality-യുടെ ഭാഗമാണ്.

ആന്റണി പറഞ്ഞത് എന്താണ്?

"തിരുവനന്തപുരത്ത് ജനറൽ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂർ മഹാരാജാവാണ്. വാക്സിൻ കേരളത്തിൽ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂർ രാജകുടുംബമാണ്. അത് കഴിഞ്ഞ് ക്രിസ്ത്യൻ മിഷണറിമാർ വന്നു. പിന്നെ എല്ലാ സമുദായ സംഘടനകളും വന്നു. പിന്നീട് തിരുവിതാംകൂറിലെ പട്ടം താണുപിള്ള സർക്കാരും കൊച്ചിയിലെ ഇക്കണ്ടവാര്യരും മലബാറിലെ മദിരാശി സർക്കാരും ആരോഗ്യ രംഗത്ത് വികസനം കൊണ്ടുവന്നു.

ഒടുവിൽ കേരളം വന്നു. മാറിമാറി വന്ന എല്ലാ ഗവൺമെന്റുകൾക്കും ആരോഗ്യ രംഗത്തും വിദ്യാഭ്യാസത്തിനുമാണ് ഏറ്റവും ഊന്നൽ കൊടുത്തത്. റവന്യൂ വരുമാനത്തിന്റെ ഏറ്റവും കൂടുതൽ പോകുന്നത് ഈ വിഭാഗങ്ങളിലാണ്. അങ്ങനെ തുടർച്ചയായി വന്ന വിവിധ ജനകീയ സർക്കാരുകളുടെ പ്രവർത്തന ഫലമായാണ് വേറെ ഒരിടത്തും ഇല്ലാത്ത വിധത്തിൽ ആരോഗ്യരംഗം ശക്തമായിരിക്കുന്നത്.

സംസ്ഥാന തല ആശുപത്രികളും ജില്ലാ തല ആശുപത്രികളും ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വിധത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകളും ഇവിടെയുണ്ട്. അപ്പോൾ പറഞ്ഞു വരുന്നത് രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങൾ ഒരു സർക്കാരും നിർത്തിയിട്ടില്ല എന്നാണ്.

അതിന്റെയൊക്കെ ഫലമായാണ് കേരളത്തിന് ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായത്. ഇപ്പോഴത്തെ സർക്കാരും അത് തുടരുന്നു, ആരോഗ്യ രംഗത്ത് ശ്രദ്ധിക്കുന്നു. അതാണ് കേരളം ഒന്നാം സ്ഥാനത്താകുന്നതിന്റെ പ്രധാന കാരണം", ആന്റണി വ്യക്തമാക്കി.

ഈ പറഞ്ഞതിൽ എന്ത് അജ്ഞയും വിവരക്കേടും 'രാജഭക്തിയുമാണ്' പറഞ്ഞത് എന്ന്‌ മനസ്സിലാകുന്നില്ല. ഇവിടെ രാജഭരണത്തെക്കുറിച്ചു മാത്രമാണോ പറഞ്ഞത്?

കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റ മധ്യത്തോടെ തുടങ്ങിയ ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കഴിഞ്ഞ 170 വര്ഷങ്ങളായി സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഇപ്പഴും തുടരുന്നു. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും

ഇപ്പോൾ കാണുന്ന നേട്ടങ്ങൾക്ക് കാരണം അതാതു സമയത്തുള്ള വിവിധ സർക്കാരുകളും സർക്കാർ ഇതര സാമൂഹിക സംരംഭങ്ങളുമാണ്. കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിലായി സ്വകാര്യ രംഗത്തു വളർന്ന വിദ്യാഭ്യാസ സംരഭങ്ങളും ആശുപത്രികളും പങ്ക് വഹിച്ചിട്ടുണ്ട്.

അതാണ് ആന്റണി പറഞ്ഞത്.

സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ ഇന്ത്യ യിൽ തന്നെ ഏറ്റവും ഭേദപ്പെട്ട വിദ്യാഭ്യാസ -ആരോഗ്യ സൂചികയുള്ള പ്രദേശമായിരുന്നു തിരുവിതാംകൂർ എന്നതിന് ഡേറ്റയുണ്ട്. അതു കഴിഞ്ഞ് കേരള സംസ്ഥാനം ഉണ്ടാകുന്ന സമയത്തും ആരോഗ്യ നിലവാരത്തിലും വിദ്യാഭ്യാസ നിലവാരത്തിലും കേരളത്തിന്റെ അവസ്‌ഥ ദേശീയ ശരാശരിയെക്കാൾ വളരെ ഉയർന്നതായിരുന്നു.

1951-ൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം കേരളമാണ്; 47%, 18 ശതമാനമാണ് അന്ന് ഇന്ത്യയിലെ സാക്ഷരത; 18.33%. അതായത് കേരളത്തിലെ സാക്ഷരത ദേശീയ ശരാശരിയെക്കാൾ 2.5 മടങ്ങു കൂടുതൽ.

1956-ൽ കേരളത്തിൽ ഏതാണ്ട് 60 ശതമാനം കുട്ടികളും സ്‌കൂളിൽ പോയിരുന്നു. അന്ന് ദേശീയ ആവറേജ് 28 ശതമാനം മാത്രം.

ഇന്ന് കേരളം എന്ന് പറയുന്ന പഴയ തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലയിൽ വിദ്യാഭ്യാസവും സാമൂഹിക വികസനത്തിനും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെക്കാൾ പഴക്കമുണ്ട്.

ഇന്ത്യയിൽ ആദ്യത്തെ മാറ്റങ്ങൾ ഉണ്ടായ ഇടങ്ങളിലൊന്ന് തിരുവിതാംകൂറാണ്.

ഗവര്‍ണന്‍സ് റിഫോമും പബ്ലിക് പോളിസിയും നിലവിൽ വന്നത്, 1810-ൽ ജോൺ മൺറോ ദിവാനായപ്പോഴാണ്; ഭരണത്തിന് സെക്രട്ടറിയേറ്റ് എന്ന എക്സിക്യൂട്ടീവും അതിൽ നിന്ന് വിഭിന്നമായി ജുഡീഷ്യറിയും നിലവിൽ വന്നത്. അടിമവേല ലോകത്തു നിരോധിക്കുന്നതിന് മുമ്പ് തന്നെ, 1814 -ൽ തിരുവിതാംകൂറിൽ നിരോധിച്ചു. പൊതു വിദ്യാഭ്യാസവും സാനിട്ടേഷനും പൊതു ആരോഗ്യവുമൊക്കെ പബ്ലിക് പോളിസിയുടെ പരിധിയിൽ വന്നു.

അതുപോലെ സ്വാതി തിരുനാളിന്റ കാലത്ത് 1834-ൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ സർക്കാരിന്റെ ചുമതലയെന്ന തത്വം സ്ഥാപിക്കപ്പെട്ടു. 1860കള്‍ തൊട്ട് സ്ത്രീകൾക്കുൾപ്പെടെ പൊതു വിദ്യാഭ്യാസം നൽകുവാനുള്ള പബ്ലിക് പോളിസി ഇന്ത്യയിൽ തന്നെ ആദ്യമുണ്ടായത് തിരുവിതാംകൂറിലാണ്.

1861-ൽ തിരുവനന്തപുരത്ത് ജനറൽ ആശുപത്രി. 1870 കൾ മുതൽ പകർച്ച വ്യാധികൾ തടയാൻ പബ്ലിക് പോളിസി ഉണ്ടായത് തിരുവിതാംകൂറിൽ ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി പകർച്ചവ്യാധി പ്രതിരോധ പോളിസിയുടെ ഭാഗമായി വാക്‌സിനേഷൻ നടത്തിയ ഇടങ്ങളിലൊന്ന് തിരിവിതാകൂറിലാണ്. എല്ലാം സർക്കാർ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നിർബന്ധമായി 1879-ൽ തന്നെ വാക്സിനേഷൻ ഇവിടെ നിലവിൽ വന്നു.

ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴയ മിഷൻ ഹോസ്പിറ്റൽ 1838-ൽ എൽഎംഎസ് തുടങ്ങിയ നെയ്യൂർ മിഷൻ ആശുപത്രിയാണ്. തിരുവിതാംകൂറിൽ വാക്സിനേഷൻ നടത്തിയ ആശുപത്രികളിലൊന്നു നെയ്യൂർ മിഷനാണ്. ഇന്ത്യയിൽ തന്നെ ആദ്യ വാക്‌സിനെനേഷനും പൊതുജനാരോഗ്യ വിദ്യാഭ്യാസവും പ്രവർത്തനങ്ങളും നഴ്സിങ് സ്‌കൂളും തുടങ്ങിയത് അവിടെയാണ്. 1890കളിൽ സൗത്ത് ട്രാവൻകൂർ മെഡിക്കൽ മിഷൻ ഇന്ത്യയിലും മറ്റു കോളനികളിലും ഉള്ളവയിൽ ഏറ്റവും വലുതായിരുന്നു.

കേരളത്തിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രസവം നടന്നിരുന്ന, ഒരു പക്ഷേ ഇപ്പോഴും നടക്കുന്ന, 1915-ൽ തിരുവനന്തപുരം തൈക്കാട് ആശുപത്രിയുടെ പ്രസവ വകുപ്പിന്റെ ചുമതലക്കാരിയായിരുന്ന ഡോ. മേരി പുന്നൻ ലൂക്കോസ് എന്നിവരുടെതാണ്. 1922-37 വരെ ശ്രീമൂലം പ്രജാ സഭയിലും അംഗമായി. 1938-ൽ ഇന്ത്യയിലെ ആദ്യത്തെ സർജൻ ജനറൽ ആയി നിയമിക്കപ്പെട്ട മേരിയുടെ നേതൃത്വത്തിൽ 32 സർക്കാർ ആശുപത്രികൾ, 40 ഡിസ്പെൻസറികൾ, 20 സ്വകാര്യ വൈദ്യ സ്ഥാപനങ്ങൾ ആരംഭിച്ചു. 1975-ൽ പദ്മശ്രീ നൽകി ആദരിച്ചുവന്നതും ചരിത്രം.

പത്തൊമ്പതാം നൂറ്റാണ്ടിൽ ഉടനീളം തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാക്കന്മാർ പുതിയ ആശയങ്ങൾ സ്വാംശീകരിച്ചു പബ്ലിക് പോളിസിയും ഗവര്‍ണൻസും നിരന്തരമായി പരിഷ്‌ക്കരിച്ചു.

1850-കള്‍ മുതലുണ്ടായ മാറ്റങ്ങളാണ് കേരളത്തിലെ മാറ്റങ്ങൾക്ക് നിദാനം.

1) അച്ചടി വിദ്യയും മലയാള ഭാഷയുടെ വികസനവും കൂടുതൽ പത്ര മാധ്യമങ്ങള്‍ക്കും പാഠപുസ്തങ്ങൾക്കും പുതിയ സാക്ഷരതയ്ക്കും ഇടം നൽകി.

2) നാട്ടു രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിൽ താല്പര്യമുണ്ടായിരുന്ന രാജാക്കന്മാരും അവരുടെ വിദ്യാഭ്യാസവും വിവരങ്ങളുമുള്ള ദിവാൻമാരും/റെസിഡന്റ്മാരും ഗവര്‍ണൻസ് കാര്യക്ഷമമാക്കുവാൻ പുതിയ പോളിസികളും അതു നടപ്പാക്കാനുള്ള സ്ഥാപന സംവിധാനവുണ്ടാക്കി.

3) തിരുവിതാംകൂറിലാണ് ഇന്ത്യയിലെ ആദ്യത്തെ ജനപ്രതി സഭയിലോന്നുണ്ടായത്. ഇത് ഒരു പരിധിവരെ ജനായത്ത സംവിധാനത്തിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇട നൽകി.

4) സ്ത്രീകൾക്ക്‌ ആദ്യമായി ജാതി, മത ഭേദമെന്യേ വിദ്യാഭ്യാസ അവസരമുണ്ടായതും തിരിവിതാംകൂറിലാണ്. അതു കേരളത്തിൽ പിന്നെ എല്ലായിടത്തും വ്യാപിച്ചു. കേരളത്തിലെ സാമൂഹിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്.

5) കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ വിവിധ സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും സാമൂഹ്യ സമത്വ ചിന്തകളും ജാതി വിവേചനത്തിനും സ്ത്രീ വിവേചനത്തിനും എല്ലാം പലരും പല ഇടങ്ങളിൽ പ്രവർത്തിച്ചു. അതുപോലെ പത്രമാധ്യമങ്ങൾ സാക്ഷരതയും വിജ്ഞാനവും പരത്തി.

കേരളത്തിൽ ജനായത്ത സംസ്ക്കാരവും അറിവിന്റെ സാമൂഹികവത്ക്കരണവും ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ ദശകങ്ങളിൽ ഉണ്ടായി. 1940-കളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള പാർട്ടികൾ ജനപങ്കാളിത്തത്തോട് വളരുവാൻ ഇടയായത് സ്വാതന്ത്ര്യത്തിന് മുമ്പ് കേരളത്തിൽ വളർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടാണ്.

അതിനർത്ഥം തിരുവിതാകൂറിലും കേരളത്തിലും പ്രശ്നം ഇല്ലായിരുന്നു എന്നല്ല. സവർണ്ണ ജാതിക്കാർക്ക് അല്ലാത്തവർക്ക് തിരുവിതാംകൂറിൽ ജോലി കിട്ടിയിരുന്നില്ല. (ഡോ പൽപ്പുവിന് മാത്രമല്ല, ഒരുപാടു പേർക്ക് ജാതി /മത വിവേചനം കൊണ്ടു ജോലി കൊടുത്തില്ല). ബ്രാഹ്മണ - ക്ഷത്രിയ മേധാവിത്തമുള്ള ഭരണക്രമത്തിൽ ബജറ്റിൽ വലിയ ശതമാനം ചിലവഴിച്ചത് ബ്രാഹ്മണർക്ക് സ്വജന്യ ഭക്ഷണം നൽകുന്ന ഊട്ട്പുരയ്ക്ക് വേണ്ടിയാണ്. രാജാധികാര വ്യവസ്ഥയെ വിമർശിക്കാൻ ഒരു പുസ്തകം തന്നെ എഴുതാം.

കടുത്ത സവർണ്ണ ഹൈന്ദവ പക്ഷപാതിത്തമുള്ള വ്യവസ്‌ഥയിൽ പല മാറ്റങ്ങളും ഉണ്ടായതിന് ഒരു കാരണം ബ്രിട്ടീഷ് തണലിൽ വന്ന മിഷനറി വിദ്യാഭ്യാസവും ആരോഗ്യ പ്രവർത്തനവുമാണ്. കടുത്ത ജാതി വിവേചനവും സവർണ്ണ അധികാര വ്യവസ്ഥയും ഒരുപാടു സാമൂഹിക അനാചാരങ്ങളും പട്ടിണിയും പകർച്ച വ്യാധികളും ഉള്ള സ്ഥലമായിരുന്നു തിരുവിതാകൂറും കേരളവും ഇന്ത്യയും. ഇന്നും അതൊക്കെ ഒരു പരിധിവരെയുള്ള സ്ഥലമാണ് കേരളവും ഇന്ത്യയും.

എന്നാൽ കേരളത്തെ മാറ്റിയത് ഇരുപതാം നൂറ്റാണ്ടിന്റ ആദ്യപകുതിയിൽ നടന്ന സമുദായ, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയവൽക്കരണവും ജനയാത്തവൽക്കരണ പ്രസ്ഥാനങ്ങളുമാണ്. സ്വാതന്ത്ര്യ സമര രാഷ്ട്രീയ ജനായത്തവൽക്കരണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസം അതുപോലെ പാർശവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജനായത്തവൽക്കരണത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയും പ്രവർത്തിച്ചു.

ഇതിനൊക്കെ നിദാനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ അന്നത്തെ സർക്കാരും (രാജ ഭരണം, ബ്രിട്ടീഷ് ഭരണം) സർക്കാർ ഇതര സമുദായ സാമൂഹിക സംരംഭങ്ങളും, വിദ്യാഭ്യാസവും ആരോഗ്യവും ജനങ്ങളിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ കൊണ്ടാണ്.

അതു പല രീതിയിൽ തിരുവിതാകൂറും, കൊച്ചിയിലും മലബാറിലും സംഭവിച്ചു. കേരളത്തിലെ ആദ്യ സ്കൂൾ കോഴിക്കോട്ട് ആയിരുന്നു. ഇന്നും അത് സെന്റ് ജോസഫ് സ്‌കൂൾ എന്ന പേരിൽ ഉണ്ട്. മലബാറിലെ ബേസൽ മിഷൻ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ മാറ്റമുണ്ടാക്കി. കേരളത്തിൽ സിഎംഎസ് കോളേജ് ഉണ്ടായിട്ട് ഇരുനൂറ് വർഷം കഴിഞ്ഞു. അന്ന് അതുപോലെ തുടങ്ങിയത് കൽക്കട്ടയിലെ പ്രെസിഡ ൻസി കോളേജ് മാത്രമാണ്

അന്ന് തുടങ്ങിയ പൊതുനയങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷം വന്ന തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തുടർന്ന്, ആരോഗ്യത്തിനും പൊതു വിദ്യാഭ്യാസത്തിനും മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ ബജറ്റിൽ കൂടുതൽ ചിലവഴിച്ചു.

കഴിഞ്ഞ മുപ്പതു കൊല്ലം കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മാനവിക വികസന സൂചിക വികസനത്തിനും ഒരു പ്രധാന കാരണം കേരളത്തിൽ നിന്നും വിദേശത്ത് പോയി ആളുകൾ കേരളത്തിലേക്ക് വലിയ തോതിൽ രൂപ അയച്ചു കൊടുത്തത് കൊണ്ടാണ്. അതുവരെ ഞെങ്ങി നിരങ്ങിപ്പോയ ബജറ്റിൽ കാശു വരാൻ തുടങ്ങിയത് 1990-കളിൽ കേരളത്തിലുണ്ടായ സാമ്പത്തിക വളർച്ചയാണ്.

ഇതൊക്കെ ചരിത്ര വസ്തുതകളാണ്. 19-ആം നൂറ്റാണ്ടിലെ ചരിത്രവും ഗവര്‍ണൻസും പബ്ലിക് പോളിസിയും വായിച്ചവർക്കെല്ലാം ഇത് അറിയാം.

അല്ലാതെ ആന്റണി രാജഭക്തനാണ്, അജ്ഞനാണ് എന്നു പറഞ്ഞു ട്രോളിയത് കൊണ്ട് ചരിത്ര വസ്തുതകൾ മാറില്ല

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായ ആന്റണിയോട് കലിപ്പുള്ളവർ ആരാണ് എന്ന് വ്യക്തം. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1980-കളിൽ ആന്റണിയോട് കൂടി സർക്കാർ ഉണ്ടാക്കിയ പാർട്ടിയുടെ പിൻമുറക്കാരുടെ ചരിത്രബോധം അപാരമാണ്.

ആന്റണിയെ കൂകി ഇരുത്താൻ ശ്രമിക്കുന്നതിന്റ ആൾക്കൂട്ട മന:ശാസ്ത്രം നമ്മുടെ രാഷ്ട്രീയ വ്യവഹാരം വെറും ട്രോളുകളായി ചുരുങ്ങുന്ന പരിതാപകരമായ അവസ്ഥയെയാണ് കാണിക്കുന്നത്.

ട്രോളാണ്; പ്രത്യകിച്ചു വായനയും വിദ്യാഭ്യാസവും വിവരവും വേണ്ടല്ലോ. കൂകാൻ ആർക്കും കഴിയും.

(ജെ.എസ് അടൂര്‍ ഫേസ്ബുക്കില്‍ എഴുതിയത്)


Next Story

Related Stories