TopTop
Begin typing your search above and press return to search.

മനുഷ്യവിരുദ്ധതയാണ് ഒന്നാമത്തെ ഭാവം, ധാര്‍ഷ്ട്യം പോലും രണ്ടാമതാണ്; അടുത്ത എ.ഐ.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ വരെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടിരുന്ന ആളായിരുന്നു ടിയാന്‍

മനുഷ്യവിരുദ്ധതയാണ് ഒന്നാമത്തെ ഭാവം, ധാര്‍ഷ്ട്യം പോലും രണ്ടാമതാണ്; അടുത്ത എ.ഐ.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ വരെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടിരുന്ന ആളായിരുന്നു ടിയാന്‍

2004-ല്‍ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിലെ ഏതോ ഗ്രാമത്തില്‍ വച്ചാണ് അയാളെ ആദ്യം കാണുന്നത്. മുപ്പതുകളുടെ ആദ്യ പകുതിയിലുള്ള ചെറുപ്പക്കാരന്‍. ഇരുപതുകള്‍ പിന്നിട്ടിട്ടില്ലാത്ത ഭാര്യ. ഇരുവരുടേയും കാല്‍ക്കലേയ്ക്ക് വീഴുന്ന വയോ വൃദ്ധരായ മനുഷ്യരെ കാണുകപോലും ചെയ്യാതെ അവരെ മുഖം കൊണ്ടോ കൈ കൊണ്ടോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം കൊണ്ട് അക്‌നോളഡ്ജ് പോലും ചെയ്യാത്ത അയാള്‍ പോകുമ്പോള്‍ എന്തൊരു തരം ക്രൂരജന്മങ്ങളാണ് എന്നായിരുന്നു ഓര്‍ത്തത്. അതുവരെ അത്തരം മനുഷ്യരെ കാണാത്തത് കൊണ്ടാകും. പക്ഷേ ആ കാഴ്ച കാണ്ടപ്പോള്‍ സ്‌ക്കൂള്‍ കാലത്ത് മാതൃഭൂമി പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത ഓര്‍മ്മവന്നു. അയാളുടെ അച്ഛന്റെ അമ്മ, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ്, (മാധ്യമങ്ങള്‍ വിനയത്തോടെ രാജമാത എന്ന പ്രെഫിക്‌സ് മാത്രം ചേര്‍ത്ത് വിളിച്ചിരുന്ന) വിജയരാജ സിന്ധ്യ എറണാകുളം ഗസ്റ്റ് ഗൗസില്‍ വന്നപ്പോള്‍ പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കിയില്ല എന്ന വാര്‍ത്ത. തന്നെ കാണാന്‍ ആവശ്യപ്പെടുക എന്ന ധിക്കാരത്തില്‍ അനുയായികള്‍ എന്ന പ്രജകള്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് അവര്‍ക്ക് മനസിലാക്കാണില്ല. അവസാനം മുകളിലെ നിലയില്‍ നിന്ന് അന്നത്തെ പത്തമ്പത് ആര്‍.എസ്.എസുകാരെ കൈപൊക്കി കാണിച്ച് പറഞ്ഞയച്ചുവെന്നായിരുന്നു വാര്‍ത്ത. രാജമാതാവിന്റെ കാഴ്ച പുണ്യമായി കരുതി അന്നത്തെ ആര്‍.എസ്.എസുകാര്‍ തിരികെ ആഹ്ലാദത്തോടെ പോയി കാണും. ഒരു രാഷ്ട്രീയ നേതാവ് അനുയായികളെ കാണാന്‍ വിസമ്മതിക്കുന്നത് എന്താണെന്ന് സ്‌ക്കൂള്‍ കാലത്തെനിക്ക് മനസിലായിരുന്നില്ല. ഗുണയില്‍ ആ സ്ത്രീയുടെ കൊച്ചുമകനെ അന്ന് കണ്ടപ്പോഴാണ് എനിക്കാ സംശയം മാറിയത്. പിന്നീട് ആ യുവാവിനെ ഡല്‍ഹിയിലെത്രയോ തവണ കണ്ടിട്ടുണ്ട്. മനുഷ്യവിരുദ്ധതയാണ് ഒന്നാമത്തെ ഭാവം. ധാര്‍ഷ്ട്യം പോലും രണ്ടാമതാണ്. ഒരു അബദ്ധമേ ആ കുടുംബത്തിന് പറ്റിയിട്ടുള്ളൂ. വിജയരാജയുടെ മകന്‍ മാധവറാവുവിനെ വിദേശത്ത് പഠിക്കാനയച്ചപ്പോള്‍ ഇന്ദിരാഗാന്ധിയുടെ മകന്റെ സുഹൃത്തായി പോയി. സോണിയയുടെയും രാജീവിന്റെയും സുഹൃത്തെന്ന നിലയില്‍ കുടുംബത്തിന്റെ ആര്‍.എസ്.എസ് ബന്ധം മറികടന്ന് മാധവറാവു കോണ്‍ഗ്രസിലെത്തി. സഹോദരിമാര്‍ രണ്ടുപേരും -യശോധരയും വസുന്ധരയും- കുടുംബ പാരമ്പര്യമുള്‍ക്കൊണ്ട് ബി.ജെ.പിയിലും. മാധവറാവുവിന്റെ രാജീവ്-സോണിയ സൗഹൃദമില്ലായിരുന്നുവെങ്കില്‍ ഗ്വാളിയോറിലെ രാജാവ് എന്ന് സ്വയം വിളിച്ച് എന്നോ മധ്യപ്രദേശ് മുഖ്യമന്ത്രിയാകേണ്ടയാളായിരുന്നു ജ്യോതിരാദിത്യന്‍. അല്ലെങ്കില്‍ മോഡി മന്ത്രിസഭയിലെ ഉന്നതന്‍. നോക്കൂ, ഇപ്പോഴും കുലമഹിമ വിട്ടു കളിച്ചിട്ടില്ല. അച്ഛന്റെ വാക്ക് തെറ്റിച്ചിട്ടില്ല. അച്ഛന്റെ സുഹൃത്തുക്കളുടെ മകന്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കൂടെ നിന്നിരുന്നതാണ്. അയാളായിരുന്നു കോണ്‍ഗ്രസുമായുള്ള ജ്യോതിരാദിത്യന്റെ ഒരേയൊരു ബന്ധം. അല്ലാതെ ഖദറിന്റെ പരുപരുപ്പോ സത്യാഗ്രഹത്തിന്റെ ത്യാഗമോ അഹിംസയുടെ സമരമോ ഒന്നും അയാളുടെ വിഷയമേ അല്ലായിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടും ജ്യോതിരാദിത്യനെ തഴഞ്ഞ് -കൊല്‍ക്കത്തയില്‍ നിന്ന് ഇന്ദിരാഗാന്ധി ചിന്ത്‌വാഡയില്‍ കൊണ്ട് വന്ന് പ്രതിഷ്ഠിച്ച -കളിയേറെ പഠിച്ച കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ തന്നെ അറിയാമായിരുന്നു ഗ്വാളിയോര്‍ 'രാജാവി'ന് അധികാരമില്ലാതെ അധികകാലം കഴിയാനാവില്ല എന്ന്. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ വലം കൈയ്യായിരുന്ന് ആഭ്യന്തരമോ ധനമോ സ്വപ്‌നം കണ്ടിറങ്ങിയ 2019-ലെ തിരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ ലക്ഷം വോട്ടിനാണ് ഗുണയില്‍ തോറ്റത്. ഇനിയെന്ത് നോക്കാന്‍! മുത്തശ്ശിയുടെ, കുടംബത്തിന്റെ, പാരമ്പര്യം തുടരുക തന്നെ.

അങ്ങനെ കോണ്‍ഗ്രസിന്റെ അനിവാര്യമായ മറ്റൊരു പതനം കൂടി സംഭവിക്കുകയാണ്. അത്ഭുതമൊന്നുമില്ലെങ്കിലും ജനാധിപത്യം അട്ടിമറിക്കുന്നതിന് ഫാഷിസ്റ്റ് ശക്തികള്‍ക്ക് മറ്റൊരു അവസരം കൂടി ലഭിച്ചിരിക്കുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ കനത്ത ദുഖവും രോഷവുമുണ്ട്. ജനരോഷത്തിന്റെ, ബി.ജെ.പി വിരുദ്ധതയുടെ, തണലില്‍ ജയിച്ച് കയറിയിട്ട് ജനാധിപത്യത്തെ ഇത്തരത്തില്‍ അട്ടിമറിക്കുന്നതിലും. അടുത്ത എ.ഐ.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ വരെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടിരുന്ന ആളായിരുന്നു ഇയാളെന്ന് കൂടി ഓര്‍ക്കുമ്പോഴാണ് ആ പാര്‍ട്ടി എവിടെയാണ് നില്‍ക്കുന്നത് എന്ന് ബോധ്യമാകുന്നത്. *ഫേസ്ബുക്ക് പോസ്റ്റ്


Next Story

Related Stories