ഇരുപത് വർഷങ്ങൾക്കപ്പുറം ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന കാലം. ഒരു പുസ്തകം മുഴുവനായി ഫോട്ടോ സ്റ്റാറ്റെടുക്കണം. കോഴിക്കോട് നഗരത്തിലുള്ള ഒരഞ്ചാറ് സെൻ്ററിൽ കയറി. ഏകദേശം 400 രൂപയാവും. എൻ്റെയടുത്താണെങ്കിൽ കഷ്ടി അതിൻ്റെ പകുതിയേ ഉള്ളൂ. അവസാനം മാവൂർ റോഡിനോട് ചേർന്ന ഒരു ഫോട്ടോസ്റ്റാറ്റ് സെൻ്ററിൽ കയറി. അവരുടെ വീടിനോട് ചേർന്നതാണ് പീടിക. എന്നെ കണ്ടതോടെ പ്രായമായ ഒരാൾ മുന്നോട്ട് വന്നു,
"എന്താ വേണ്ടത് ? "
"ഈ പുസ്തകം മുഴുവനായി ഫോട്ടോസ്റ്റാറ്റ് എടുക്കണം. പരമാവധി കുറച്ച് എത്രക്ക് ചെയ്യാനാവും ? "
എല്ലാവരും പറഞ്ഞത് തന്നെ മൂപ്പരും ആവർത്തിച്ചു. ഞാൻ പോവാനും നോക്കി. പക്ഷേ എങ്ങനെയാണെന്നോർമ്മയില്ല, ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. ഇടക്കെന്നോട് പേര് ചോദിച്ചു. പേര് കേട്ടപ്പോൾ ചിരിച്ച് കൊണ്ട് സന്തോഷം പ്രകടമാക്കി.
"നിങ്ങള് കയ്യിലുള്ള കാശ് തന്നാൽ മതി. പുസ്തകം ഞാൻ ഫോട്ടോസ്റ്റാറ്റെടുത്ത് തരാം !"
എനിക്ക് സന്തോഷവും അതിലേറെ കൗതുകവും തോന്നി.
"നിങ്ങളെ പേര് ? " ഞാൻ ചോദിച്ചു.
"എൻ്റെ പേര് കേട്ടാൽ നിങ്ങൾക്കറിയില്ല. പക്ഷേ എൻ്റെ ഏട്ടൻ്റെ പേര് കേട്ടാൽ നിങ്ങളൊക്കെ തിരിച്ചറിയും.... "
ഏട്ടൻ്റെ പേര് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. കാരക്റ്റർ, വില്ലൻ വേഷങ്ങൾ അസാമാന്യ പാടവത്തോടെ അവതരിപ്പിച്ച നടൻ. നാടക, സിനിമാ വേദികളിലും ബ്ലാക് & വൈറ്റ്, കളർ യുഗങ്ങളിലും ഒരേ പോലെ തിളങ്ങി നിന്ന പ്രതിഭ. അതേ മുഖഛായയുള്ള അനിയൻ്റെ വാക്കുകളിലൂടെ മുമ്പ് കണ്ട സിനിമകളിലെ കഥാപാത്രങ്ങൾ പലതും ഓർമയിലേക്കോടിയെത്തി. മൂപ്പര് തുടർന്നു,
"നിങ്ങളുടെ ആളുകളെ ഞങ്ങൾക്കൊക്കെ ഒരു പാടിഷ്ടാണ്.... ഏട്ടൻ അസുഖമായപ്പോൾ കാര്യമായി സഹായിച്ചതൊക്കെ നിങ്ങളുടെ ആൾക്കാരാണ്.... പ്രത്യേകിച്ചും ദുബായിൽ നിന്നൊക്കെ....."
അപ്പോളതായിരുന്നു കാര്യം. മൂപ്പരുടെ ചുറ്റുപാടുള്ള മുസ്ലിങ്ങളിൽ നിന്ന് കിട്ടിയ ഹൃദ്യമായ പെരുമാറ്റമാണ് ഒരു മുൻ പരിചയവുമില്ലാത്ത ഞാനെന്ന മുസ്ലിമിന് പ്രത്യേക സ്നേഹവും പരിഗണനയും നൽകാൻ കാരണം, പ്രത്യേകിച്ചും അദ്ദേഹത്തിൻ്റെ ഏറ്റവുമടുത്തൊരാൾ ജീവൻ മരണ പോരാട്ടത്തിലേർപ്പെട്ട നിർണായക ഘട്ടത്തിൽ. ഏതായാലും ഫോട്ടോസ്റ്റാറ്റും കഴിഞ്ഞ് ഞാനവിടം വിട്ടു.
പിന്നീട് പല നാടുകളിൽ ജീവിച്ചപ്പോൾ സമാന രീതിയിലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്, മോശമായതും.
ഇപ്പോൾ വിമാനാപകടത്തിന് ശേഷം കൊറോണയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് അൽഭുതകരമായ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടിക്കാരെ പറ്റിയുള്ള വാർത്തകളാണ് സ്ട്രീം നിറയെ. മലപ്പുറത്തെയും അവിടെയുള്ളവരെയും പ്രതിസ്ഥാനത്ത് നിർത്തിയുള്ള സംഘി വംശീയ പ്രചാരണങ്ങൾ അതിൻ്റെ പാരമ്യതയിൽ നിൽക്കുമ്പോഴാണ് സർഗാത്മക മറുപടിയായി മാറുന്ന ഈ ഇടപെടലുകൾ വരുന്നത്. ആ വിമാനത്തിൽ നാനാ ജാതി, മതസ്ഥരും നാട്ടുകാരുമുണ്ടായിരുന്നു. പക്ഷേ ജീവൻ ബലിയർപ്പിച്ച ക്യാപ്റ്റനും എല്ലാ പ്രതികൂല സാഹചര്യത്തേയും അവഗണിച്ച് ജീവൻ രക്ഷിക്കാനിറങ്ങിയ നാട്ടുകാരുമൊക്കെ ഒരു പാട് പേരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഏതെങ്കിലും നാടിൻ്റെയോ മതത്തിൻ്റെയോ പേരിൽ വംശീയ അജണ്ടയും നുണ പ്രൊപഗണ്ടയും അടിച്ചിറക്കുന്നവർ നേരിടേണ്ടി വരിക ഈ ഹൃദയങ്ങളെ കൂടിയാവും. അതും ഒരു രാഷ്ട്രീയ പ്രതിരോധം തന്നെയാണ്. അതി ശക്തമായ രാഷ്ട്രീയം.