TopTop
Begin typing your search above and press return to search.

'സർക്കാരിന്റെ ചെലവിനെ ജനം ചോദ്യം ചെയ്യരുത് എന്ന നിലപാട് പറ്റില്ല'

സർക്കാരിന്റെ ചെലവിനെ ജനം ചോദ്യം ചെയ്യരുത് എന്ന നിലപാട് പറ്റില്ല

കോവിഡാനന്തര കേരളത്തിൽ സർക്കാർ ചെലവ് കുറയ്ക്കണം എന്ന കാര്യത്തിൽ തർക്കമില്ലല്ലോ. ദുർവ്യയം ആദ്യം കുറയ്ക്കണം.

ദുർവ്യയം/ധൂർത്ത് എന്നതൊക്കെ ആപേക്ഷികമാണ്. പണമുള്ളവർക്ക് ആകാവുന്ന ചെലവ്, പണം ഇല്ലാത്തവർക്ക് ധൂർത്ത് ആയി തോന്നാം. വരുമാനമുണ്ടായിരുന്ന 2020 ഫെബ്രുവരി മാസം ഞാൻ പ്ലാൻ ചെയ്ത പലതും വരുമാനമില്ലാത്ത ഏപ്രിൽ മാസം ആയപ്പോൾ എനിക്ക് ദുർവ്യയമായി തോന്നുന്നു, അത്തരം പ്ലാനുകൾ റദ്ദാക്കി. അതുപോലെ സർക്കാരിനും, ഇതുവരെ ദുർവ്യയമായി തോന്നാത്ത പലതും പണമില്ലാത്ത കാലത്ത് ദുർവ്യയമായി തോന്നാം. കുടുക്ക പൊട്ടിച്ചു കുട്ടികൾ 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF)യിലേക്ക് നൽകുന്നത് വലിയ മാതൃകയാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന കാലത്ത് സർക്കാരിന്റെ ചെലവിൽ 3000 രൂപ പോലും ലാഭിക്കുന്നത് ഒരു മാതൃകയായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ, ചെലവിന്റെ മാനദണ്ഡങ്ങൾ 3000 രൂപ ആയി സെറ്റ് ചെയ്യാൻ സർക്കാരിന് ധാർമ്മികമായ ബാധ്യതയില്ലേ?

ദുർവ്യയമല്ലാതിരുന്നിട്ടു കൂടി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വെട്ടിക്കുറച്ചത് വളരെ നല്ല തീരുമാനമായിരുന്നു. ശരി, ഏതൊക്കെ ദുർവ്യയമാണ് ഇതുവരെ കുറച്ചത്? ഏതൊക്കെയാണ് കുറയ്ക്കാൻ പോകുന്നത്? അത് പൊതുജനത്തിന് കാൺകെ പിആര്‍ഡിക്ക് പ്രസിദ്ധീകരിച്ചുകൂടെ? അതുവഴി കൂടുതൽ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചു കൂടെ? Public Trust building അല്ലേ പ്രധാനം?

അല്ലാതെ സർക്കാരിന്റെ ചെലവിനെ ജനം ചോദ്യം ചെയ്യരുത് എന്ന നിലപാട് പറ്റില്ലല്ലോ.

മുന്നോക്കവിഭാഗ കമ്മീഷൻ, യുവജന കമ്മീഷൻ, വനിതാ കമ്മീഷൻ തുടങ്ങിയ ഒരുപാട് കമ്മീഷനുകൾ ഉണ്ടല്ലോ, ഇവരുടെയൊക്കെ പ്രവർത്തനം എന്ത് ഫലമാണ് നാല് വർഷം ഉണ്ടായത് എന്നു സർക്കാർ പറയൂ. അത് ദുർവ്യയമല്ലെങ്കിൽ അത് ജനങ്ങളെ ബോധ്യമാക്കൂ. ദുർവ്യയമാണെന്നു സർക്കാരിന് തന്നെ ബോധ്യമുള്ളത് ആദ്യം നിർത്തലാക്കൂ. എന്നിട്ട് ജനങ്ങളോട് സഹായം ചോദിക്കൂ, അപ്പോൾ കൂടുതൽ സഹായം ലഭിക്കില്ലേ? ഈ തിരക്കിനിടയിൽ വേണ്ട, പക്ഷെ അങ്ങനെയൊരു റിവ്യൂ ഉണ്ടാകുമെന്ന് അനൗൺസ് ചെയ്യണം. അതിനുള്ള സംവിധാനവും.

സർക്കാരിന്റെ ദുർവ്യയത്തെപ്പറ്റി പരാതിയുള്ളവർക്ക് വിജിലൻസ് ഡയറക്ടറേയോ ധനകാര്യ സെക്രട്ടറിയേയോ അറിയിക്കാൻ ഒരു അവസരം നൽകൂ. ജനം ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ പരിശോധിച്ച് അവർ ജൂണ്‍ അവസാനത്തോടെ ഒരു റിപ്പോർട്ട് സർക്കാരിന് നൽകട്ടെ. ഒരു മാസത്തിനകം അതിൽ ബോധ്യമായ ദുർവ്യയങ്ങൾ സർക്കാർ കുറക്കട്ടെ. അതല്ലേ മാതൃക?

അല്ലാതെ കുടുക്ക പൊട്ടിച്ചു കുട്ടികൾ തരുന്ന 3000 രൂപ ഒരു ജോലിയും ചെയ്യാത്ത ചിലർക്ക് വെറുതേ ശമ്പളവും വാഹനവും കൊടുക്കാനാണ് എന്നു ജനത്തിന് തോന്നിയാൽ, പണം സ്വമേധയാ കൊടുക്കാൻ ആളുകൾക്ക് തോന്നുമോ? അതിനു അവരെ കുറ്റം പറഞ്ഞത് കൊണ്ടായോ? അപ്പോൾ 'നമ്മളെല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി നിൽക്കണം' എന്നു മുഖ്യമന്ത്രി പറയുന്ന ലക്ഷ്യത്തിൽ എത്താൻ കഴിയുമോ?

അതോ അത് കുറച്ചുള്ള അക്കൗണ്ടബിലിറ്റി സർക്കാരിന് മതി എന്നാണോ? റിവ്യൂ പറ്റില്ല എന്നാണോ? ആവില്ല.

(വരുമാനം ഇല്ലാത്ത - ചെലവുള്ള മാസമായിട്ടും ഒരു തുക ഞാൻ CMDRF ൽ കൊടുത്തു. അടുത്ത മാസങ്ങളിലും കൊടുക്കണമെന്ന് കരുതുന്നു. അത് ദുർവ്യയത്തിലെ സർക്കാരിന്റെ നിലപാട് അറിഞ്ഞിട്ടേ കൊടുക്കുന്നുള്ളൂ. ഇപ്പോൾ സഹായിച്ചവർക്കേ സർക്കാരിനെ വിമര്‍ശിക്കാനുള്ള ധാർമ്മിക ബാധ്യതയുള്ളൂ എന്ന മുൻപോസ്റ്റിലെ നിലപാട് ആവർത്തിക്കുന്നു)

*അഡ്വ. ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ എഴുതിയത്


Next Story

Related Stories