TopTop
Begin typing your search above and press return to search.

മാറ്റം ഉണ്ടാകേണ്ടത് സിസ്റ്റത്തിലാണ്, അത് ചെയ്യേണ്ടത് സർക്കാരാണ്, അതിന് പ്രേരണ നൽകേണ്ടത് സമൂഹമാണ്

മാറ്റം ഉണ്ടാകേണ്ടത് സിസ്റ്റത്തിലാണ്, അത് ചെയ്യേണ്ടത് സർക്കാരാണ്, അതിന് പ്രേരണ നൽകേണ്ടത് സമൂഹമാണ്

ഇന്നലെ നടന്ന സംഭവമാണ്.

പാമ്പുകടിയേറ്റ് ഒരാൾ ആശുപത്രിയിൽ എത്തുന്നു. പീരുമേട് താലൂക്ക് ആശുപത്രി. വെള്ളിക്കെട്ടൻ കടിച്ചതാണ്. നമ്മുടെ നാട്ടിൽ ഏറ്റവും വീര്യമുള്ള വിഷമുള്ള പാമ്പ്. നാഡീവ്യൂഹ വ്യവസ്ഥയെ ബാധിക്കുന്ന വിഷം.

വന്നപ്പോൾ വിഷബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ല.

അധികം വൈകാതെ കാഴ്ച മങ്ങലും വയറിനു മുകളിൽ വേദനയും തുടങ്ങി.

താലൂക്ക് ആശുപത്രിയിൽ നിന്ന് ആന്റിവെനം നൽകി.

അപ്പോൾ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫോൺ ചെയ്ത് വിവരം അറിയിച്ചു. ഉടനെ തന്നെ റഫർ ചെയ്യുമെന്നും സജ്ജീകരണങ്ങൾ ഒരുക്കണമെന്നും പറഞ്ഞു.

ആംബുലൻസിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക്. മുക്കാൽ മണിക്കൂർ കൊണ്ട് അവിടെ എത്തി.

അവിടെ എത്തിയപ്പോഴേക്കും കുട്ടിയുടെ അവസ്ഥ മോശമായി തുടങ്ങി. അവിടെയും ചികിത്സിക്കാൻ ആവശ്യമായ ഐസിയു സൗകര്യങ്ങളില്ല.

ഐസിയു സൗകര്യങ്ങൾ ഉള്ള ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക്.

ആൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ. അപകട നില തരണം ചെയ്തു എന്ന് പറയാം.

കഴിഞ്ഞ ആഴ്ച ഏതാണ്ട് സമാനമായ ഒരു അവസ്ഥ പേരാവൂർ സർക്കാർ ആശുപത്രിയിൽ ഉണ്ടായി എന്നും വായിച്ചിരുന്നു, രക്ഷപ്പെട്ടത് 10 വയസ്സുള്ള ഒരു കുട്ടി.

ആശുപത്രിയിൽ എത്തിച്ചിട്ട് എന്താണ് കാര്യം എന്ന് പലരും ചോദിച്ചു കണ്ടതിനാൽ എഴുതിയതാണ്. ഇങ്ങനെ രക്ഷപ്പെടുന്ന ധാരാളം അവസരങ്ങളുണ്ട്.

ബത്തേരിയിൽ സംഭവിച്ച കാര്യങ്ങളിൽ അതിയായ ദുഃഖമുണ്ട്.

വ്യാജ ചികിത്സകൾക്ക് ഇരയാക്കി ജീവിതം കളയരുത് എന്ന് പലതവണ എഴുതിയ വ്യക്തി എന്ന നിലയിൽ നിരാശയുമുണ്ട്. പക്ഷേ, ശാസ്ത്രീയമായ ചികിത്സ രീതി തന്നെ പിന്തുടരണം എന്ന് മാത്രമേ ഇപ്പോഴും പറയാനുള്ളൂ.

വിഷയം ലളിതമല്ല. വിഷയം ഒരു സിസ്റ്റത്തിൽ ഉണ്ടാവേണ്ട മൊത്തം മാറ്റമാണ്.

വെന്റിലേറ്റർ-ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത ആശുപത്രിയിൽ ആണെങ്കിൽ പോലും ആന്റിവെനം ഉണ്ടെങ്കിൽ അത് നൽകിയ ശേഷം മാത്രമേ റഫർ ചെയ്യാവൂ എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രോട്ടോകോളിൽ പറയുന്നു എന്ന് എത്ര ഡോക്ടർമാർക്ക് അറിയാം ?

2016-ൽ പുറത്തിറങ്ങിയ പ്രോട്ടോകോൾ ആണ്. എനിക്ക് അറിയില്ലായിരുന്നു എന്ന് തുറന്നു പറയുന്നു. ഫേസ്ബുക്കിൽ നടന്ന ചർച്ചയിൽ ഇന്നലെ ജയ് ആണ് പ്രോട്ടോകോൾ കാണിച്ചു തന്നത്.

ആന്റിവെനം നൽകിയാൽ റിയാക്ഷൻ സാധ്യത എന്ന റിസ്ക് ഉണ്ട്. ഗുരുതരമായ അനാഫൈലക്സിസ് ഉണ്ടായാൽ മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. പക്ഷേ മണിക്കൂറുകൾ കൊണ്ട് മറ്റൊരു ആശുപത്രിയിൽ എത്തിച്ചേരാൻ സമയം ലഭിച്ചു എന്നും വരില്ല. അതിനിടയിൽ മരണം സംഭവിക്കാനും വളരെ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സൈൻസ് ഓഫ് എൻവെനമേഷൻ ഉണ്ടെങ്കിൽ ആദ്യ ആശുപത്രിയിൽ റിസ്ക് എടുത്ത് ആന്റിവെനം നൽകണം എന്ന് തന്നെയാണ് അഭിപ്രായം, ഇപ്പോൾ മാത്രമല്ല മുൻപും അതുതന്നെയായിരുന്നു അഭിപ്രായം.

ഇടതുപക്ഷ സർക്കാർ രൂപീകരിച്ച ആരോഗ്യ നയരൂപീകരണ കമ്മിറ്റിയുടെ മുൻപിൽ ഒരു അപേക്ഷയും വെച്ചിരുന്നു. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലെ ആശുപത്രികളിൽ എല്ലാം ആന്റിവെനം നൽകാനുള്ള സജ്ജീകരണങ്ങൾ ഉണ്ടാവണമെന്ന്. പാമ്പുകടി ഏൽക്കുന്നത് ഭൂരിപക്ഷവും ഗ്രാമപ്രദേശങ്ങളിലും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ ഭൂരിപക്ഷവും നഗരങ്ങളിലും ആണ് എന്ന കാരണത്താൽ. പക്ഷേ അഭ്യർത്ഥന കമ്മിറ്റി തള്ളുകയാണ് ചെയ്തത്. കാരണം പറഞ്ഞത് അലർജി-അനാഫൈലക്സിസ് സാധ്യതകൾ ആയിരുന്നു.

എനിക്ക് വീണ്ടും പറയാനുള്ളത് അത് തന്നെയാണ്. 24 X 7 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എങ്കിലും സൗകര്യങ്ങൾ ഒരുക്കുക. അത് സാധിച്ചില്ലെങ്കിൽ കുടുംബ-സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ എങ്കിലും സൗകര്യങ്ങൾ ഉണ്ടാവണം. അതുമല്ലെങ്കിൽ താലൂക്ക് ആശുപത്രികളിൽ എങ്കിലും...

മരുന്നിനുള്ള അലർജി മാത്രമല്ല പ്രശ്നം. നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷമാണ് എങ്കിൽ റെസ്പിറേറ്ററി പരാലിസിസ് ഉണ്ടാവാൻ സാധ്യതയുണ്ട്. വെൻറിലേറ്റർ ആണ് ആവശ്യം. ഇല്ലെങ്കിൽ സൗകര്യങ്ങളുള്ള ആംബുലൻസുകൾ ഉടനടി ലഭ്യമാവണം.

പല ആശുപത്രികളിലും ഉള്ള ആംബുലൻസുകൾ ആവശ്യസമയത്ത് ഉപകാരപ്പെടുന്നില്ല. ഡോക്ടറുടെ കാറിൽ രോഗികളെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയിട്ടുണ്ട്. തിരക്കുള്ള ആശുപത്രികളിൽ ഇതൊന്നും നടക്കുന്ന കാര്യമല്ല.

പല ആശുപത്രികളിലും ഇന്റുബേറ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ പോലും ഇല്ല. അത്യാവശ്യമായ ലാരിഞ്ചോസ്കോപ്പ് പോലും പ്രവർത്തിക്കാത്ത സ്ഥലങ്ങളുണ്ട്.

കോട്ടയം ജനറൽ ആശുപത്രിയിൽ വാങ്ങിയ സി ടി സ്കാൻ മെഷീൻ പ്രവർത്തനം ആരംഭിക്കാതെ ഇരുന്നത് എത്ര വർഷമാണ് എന്നറിയുമോ ? അവിടെ എത്ര വർഷങ്ങൾ വെറുതെ ഇരുന്ന ശേഷമാണ് അത് പ്രവർത്തിച്ചു തുടങ്ങിയത് എന്ന് അറിയുമോ ?

ഇതൊക്കെ കൃത്യമായി ഓഡിറ്റ് ചെയ്ത് പോരായ്മകൾ പരിഹരിക്കുക എന്നത് ഇനിയെങ്കിലും ചെയ്യേണ്ടതാണ്.

മാത്രമല്ല ഇതുപോലുള്ള കാര്യങ്ങളിൽ ട്രെയിനിങ്ങ് വളരെ അത്യാവശ്യമാണ്. അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങൾക്കുപോലും ആരോഗ്യവകുപ്പ് ട്രെയിനിങ് നൽകുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ ഇതുപോലുള്ള പ്രാധാന്യമുള്ള കാര്യങ്ങൾക്ക് ട്രെയിനിങ് നൽകിയാൽ എന്താണ് പ്രശ്നം ?

വ്യക്തമായ ഒരു പ്രോട്ടോകോൾ എല്ലാ അസുഖങ്ങൾക്കും ഉണ്ടാവണം. പകർച്ചവ്യാധികൾ വരുമ്പോൾ നമ്മൾ പിടിച്ചു കെട്ടുന്നത് പ്രോട്ടോകോൾ കൊണ്ട് മാത്രമാണ്. അല്ലാത്ത അവസരങ്ങളിൽ എല്ലാം ഓരോ ഡോക്ടർമാരുടെ പ്രാഗത്ഭ്യം. പകരം എല്ലായിപ്പോഴും പ്രോട്ടോകോൾ ഉണ്ടാവണം. ആൻറിബയോട്ടിക് ഉപയോഗത്തിൽ പോലും പ്രോട്ടോകോൾ ഉണ്ടാവണം. ആൻറിബയോട്ടിക് റസിസ്റ്റൻസ് ഗണ്യമായി കുറക്കാം. ഏറ്റവും കുറഞ്ഞത് ഒരു മെഡിക്കൽ കോളേജിന് ഒരു ആന്റിബയോട്ടിക്ക് പോളിസി എങ്കിലും സാധ്യമല്ലേ ?

മോശമായി കൊണ്ടിരിക്കുന്ന ഡോക്ടർ രോഗി ബന്ധം ഒരു വിഷയം തന്നെയാണ്.

ബത്തേരിയിൽ ആ കുട്ടിയെ ആദ്യം കൊണ്ടുപോയ അസംപ്ഷൻ ആശുപത്രിയിൽ കുറച്ചു കാലങ്ങൾക്കു മുൻപ് വരെ ആൻറിവെനം നൽകിയിരുന്നു. പാമ്പ് വിഷ ബാധയേറ്റ ധാരാളം രോഗികൾ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ ഒരിക്കൽ ആന്റിവെനം നൽകുന്നതിനിടയിൽ പ്രശ്നമുണ്ടായി. തുടർന്ന് രോഗിയെ റഫർ ചെയ്തു. പക്ഷേ ആശുപത്രിയിൽ ബഹളവും അക്രമവും ഒക്കെയായി. അതോടെ ആൻറിവെനം ചികിത്സ അവർ നിർത്തി. ഇത് ഒരു സുഹൃത്ത് പറഞ്ഞ വിവരമാണ്. ബത്തേരിയിൽ ഉള്ളവർ ഒന്ന് അന്വേഷിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചാൽ നന്നായിരുന്നു.

"നിങ്ങൾക്ക് പറ്റുമോ എന്ന് പറ... ഇല്ലെങ്കിൽ പറ, കൊണ്ടുപോകുവാ..." ഞാൻ നേരിട്ട് കേട്ടിട്ടുള്ള കാര്യമാണ്.

ഒരു ഡോക്ടർ സ്വന്തം കുട്ടിക്ക് ആ സാഹചര്യത്തിൽ എന്ത് ചികിത്സ നൽകുമോ, ആ ചികിത്സയാണ് മുൻപിൽ എത്തുന്ന രോഗിക്ക് നൽകേണ്ടത്. ഒരു ഡോക്ടറും മനപ്പൂർവ്വം രോഗിയെ മരണത്തിലേക്ക് തള്ളി വിടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ പലപ്പോഴും നഷ്ടമാകുന്ന പരസ്പരവിശ്വാസം ഡിഫൻസീവ് പ്രാക്ടീസിൽ എത്തിക്കുന്നു. ഇത് ലോകത്ത് എല്ലാ സ്ഥലങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ ഈ പരസ്പര വിശ്വാസം തിരിച്ചു പിടിക്കാൻ സാധിക്കില്ല.

അത്യാഹിത വിഭാഗങ്ങളെ ജനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഒരു വലിയ പ്രശ്നമാണ്. ജലദോഷം ഉണ്ട് എന്ന് പറഞ്ഞ് അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയെ കണ്ടിട്ടുണ്ട്. അപകടങ്ങളിൽ പെട്ട് കയ്യും കാലും ഒടിഞ്ഞവരും ഹൃദയാഘാതം സ്ട്രോക്ക് ഒക്കെ വന്നവരും വരുന്ന സമയത്ത്... ഗുരുതരമായ അസുഖങ്ങൾക്ക് പ്രയോറിറ്റി നൽകാൻ മാത്രമേ സാധിക്കൂ.

ജലദോഷം ചികിത്സിക്കേണ്ട സ്ഥലമല്ല അത്യാഹിത വിഭാഗം. അടുത്ത ദിവസം ഓപിയിൽ വരാൻ പറഞ്ഞു വിടുകയാണ് വേണ്ടത്. കാരണം നഷ്ടമാകുന്ന സമയം പലപ്പോഴും അപഹരിക്കുന്നത് അത്യാവശ്യമുള്ള രോഗികളുടെ ചികിത്സയെയാണ്.

ഇതുകൂടാതെ മാൻപവർ ഒരു വലിയ പ്രശ്നമാണ്. ഓരോ ദിവസവും ആശുപത്രിയിൽ ഓരോ ഡോക്ടറും എത്ര രോഗികളെ കാണുന്നു എന്ന കണക്ക് പരസ്യമായി ലഭിക്കുന്ന സംവിധാനം ഉണ്ടാവണം. ഓരോ രോഗിക്കും കുറഞ്ഞത് നാലു മിനിറ്റ് എങ്കിലും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഒരു മണിക്കൂറിൽ അൻപതും അറുപതും പേര് കണ്ട് നടത്തുന്ന പരിപാടിക്ക് ചികിത്സ എന്ന പേര് പറയാൻ പറ്റില്ല. ഒരു മണിക്കൂറിൽ പരമാവധി 12 പേർ, അല്ലെങ്കിൽ 20 പേർ, അതിൽ കൂടുതൽ രോഗികളെ കാണാൻ പാടില്ല എന്ന നിബന്ധന ഉണ്ടാവണം. ഈ കണക്കുകൾ ദിവസവും പരസ്യമായി ലഭിക്കുന്ന സംവിധാനം ഉണ്ടായാൽ നല്ല വ്യത്യാസം ഉണ്ടാകും എന്ന് തോന്നുന്നു.

ഇതൊക്കെ സിസ്റ്റത്തിൽ ഉണ്ടാവേണ്ട ചെറിയ ചെറിയ തിരുത്തലുകൾ മാത്രമാണ്. ഞാൻ പറയുന്നതെല്ലാം 100% പ്രായോഗികമാണ് എന്നൊന്നും പറയുന്നില്ല. പക്ഷേ കുറെയെങ്കിലും മാറ്റം വരാതെ ഇപ്പോഴത്തെ അവസ്ഥയിൽ മുൻപോട്ടു പോയാൽ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിച്ചുകൊണ്ടിരിക്കും. ഓരോ തവണയും സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമങ്ങളിലും വിചാരണ നടക്കുകയും അപ്പപ്പോൾ മുന്നിൽ വരുന്നവർക്ക് ശിക്ഷ ലഭിക്കുകയും മാത്രം ചെയ്യുന്നു.

മാറ്റം ഉണ്ടാകേണ്ടത് സിസ്റ്റത്തിലാണ്. അത് ചെയ്യേണ്ടത് സർക്കാരാണ്. അതിന് പ്രേരണ നൽകേണ്ടത് സമൂഹമാണ്.

ഇപ്പോൾ ബത്തേരിയിൽ ഉണ്ടായ ഈ വിഷയം ഇല്ലേ, ഏതാണ്ട് ഇരുപത് വർഷം മുൻപ് ഇതേ വിഷയം ഇതേ രീതിയിൽ വാർത്ത വന്നിരുന്നു എന്നത് മറക്കരുത്.

ഇപ്പോൾ തന്നെ നോക്കൂ... പീരുമേട്ടിൽ നിന്നും ഒരു ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ട് അവിടെ ചികിത്സാ സൗകര്യങ്ങളില്ല. അവിടെനിന്നും മെഡിക്കൽ കോളേജിലേക്ക് പോവേണ്ട സാഹചര്യം വന്നു. നമ്മുടെ ജില്ല-ജനറൽ ആശുപത്രികൾ എങ്കിലും സജ്ജമാക്കി കൂടെ ? വലിയ വ്യത്യാസങ്ങൾ ഉണ്ടാകും.

നമ്മുടെ അറിവ് ഒരു വലിയ പ്രശ്നമാണ്. പാമ്പുകടിയേറ്റാൽ കടിയേറ്റ ഭാഗത്തിന് മുകളിൽ കെട്ടരുത് എന്ന് എത്രപേർക്കറിയാം ? പ്രഥമ ശുശ്രൂഷയിൽ പെടുന്ന കാര്യമാണ്. ആരും അറിഞ്ഞിരിക്കേണ്ട കാര്യം.

പക്ഷേ... മാറ്റം ഉണ്ടാകേണ്ടത് സമൂഹത്തിൽ ഒന്നടങ്കമാണ്. ഇതൊക്കെ സ്കൂളുകളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട വിഷയമാണ്.

വെൻറിലേറ്റർ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത പീരുമേട് ആശുപത്രിയിൽ എടുത്ത തീരുമാനം കൊണ്ട് ഒരു ജീവൻ രക്ഷപ്പെട്ടു. എന്തെങ്കിലും കാരണവശാൽ അലർജിയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ആ ഡോക്ടർമാർ ആൾക്കൂട്ട വിചാരണയുടെ ഇരകൾ ആകുമായിരുന്നില്ലേ എന്നതും ഒരു ചോദ്യമാണ്.

അതുകൊണ്ട് മാറ്റം ഉണ്ടാകേണ്ടത് സമൂഹത്തിൽ മൊത്തം ആണ്. സിസ്റ്റത്തിൽ മാറ്റങ്ങൾ ഉണ്ടാവണം.

ആരോഗ്യമേഖലയിൽ കേരളം ഇന്ത്യയിലെ പ്രഥമ സ്ഥാനത്ത് തന്നെ. പക്ഷേ അത് മാത്രം പോരാ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച അവസ്ഥയിലേക്ക് സഞ്ചരിക്കണം.

എല്ലാവരും മഹാരാഷ്ട്രയുടെ തിരക്കിലാവും... എങ്കിലും സമയം കിട്ടുന്നവർ ശ്രദ്ധിക്കണം.


Next Story

Related Stories