TopTop
Begin typing your search above and press return to search.

'പുസ്തകങ്ങൾ തെളിവുകളാവുന്നിടത്ത് നാം കൊടുംകുറ്റവാളികളാണ്, ദൈവത്തിന്റെ പേരിൽ മനുഷ്യരെ തല്ലിയവർ സംരക്ഷകരും'

പുസ്തകങ്ങൾ തെളിവുകളാവുന്നിടത്ത് നാം കൊടുംകുറ്റവാളികളാണ്, ദൈവത്തിന്റെ പേരിൽ മനുഷ്യരെ തല്ലിയവർ സംരക്ഷകരും

അലനെ എനിക്ക് നേരിട്ട് പരിചയമില്ല. പറഞ്ഞ്കേട്ടും ഫേസ്ബുക്കിലൂടെയും ഉള്ള പരിചയമേ ഉള്ളൂ. എന്നാൽ അലന്റെ കുടുംബത്തിലെ പലരേയും നന്നായി അടുത്തറിയാം. വ്യക്തമായി പറഞ്ഞാൽ അച്ഛനമ്മമാരുടെ വലിയ സൗഹൃദ വലയത്തിലെ രണ്ട് കണ്ണികളാണ് ഞങ്ങൾ. അവനേക്കാൾ പത്ത് വയസ്സ് കൂടുതലുള്ള ഒരു കണ്ണിയാണ് ഞാനെന്ന് മാത്രം. അതുകൊണ്ടാകാം അലന്റെ നേരെയുണ്ടായ പോലീസ് ഭീകരത എന്നിൽ ഇത്രയേറെ നിസ്സഹായത വിതച്ചതും.

ഈ വലിയ സൗഹൃദവലയം വെറുതേ ഒരുനാൾ രൂപപ്പെട്ടതല്ല. അതിന് സമരങ്ങളുടേയും നിലപാടുകളുടേയും പ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയ-സാമൂഹിക അടിത്തറയുണ്ട്. വ്യത്യസ്ത രാഷ്ട്രീയ നിലപാട് പുലർത്തുന്നവരാണവരിൽ പലരും. പരസ്പരം അറിഞ്ഞുകൊണ്ട്-ബഹുമാനിച്ച്കൊണ്ട് വിയോജിക്കുന്നവർ. അതുകൊണ്ടാകാം ഞങ്ങളിൽ പലരും വളർന്ന സാഹചര്യങ്ങൾ ഏറെക്കുറെ ഒരുപോലെയാണ്. പുസ്തകങ്ങളും തുറന്ന മനുഷ്യരുമാണ് വഴികാട്ടികളായിട്ടുള്ളത്. ഏതൊരാശയത്തോട് വിയോജിക്കുമ്പോഴും ആശയത്തെ പൂർണമായി വായിച്ച് മനസ്സിലാക്കിയിരിക്കണം എന്നാണ് പഠിച്ചിട്ടുള്ളത്. വ്യത്യസ്ത രാഷ്ട്രീയത്തോട് മുഖം തിരിഞ്ഞ് നിൽക്കണമെന്നല്ല, സംവാദത്തിന് ഇടമുണ്ടാകണമെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ചിന്തിക്കരുതെന്നോ അഭിപ്രായം പറയരുതെന്നോ അല്ല, മറിച്ച് സ്വന്തം അഭിപ്രായത്തിന് വ്യക്തതയുണ്ടാവണമെന്നാണ്‌. ആത്മാഭിമാനത്തോടെ അതിൽ ഉറച്ചു നിൽക്കണമെന്നാണ്. കൺമുന്നിൽ കാണുന്ന കഷ്ടതകൾക്കും നീതി നിഷേധത്തിനും നേരെ കണ്ണടയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. കൂടെയുള്ളവരുടെ ബുദ്ധിമുട്ടിലും പ്രശ്‌നങ്ങളിലും ഇടപെട്ട് ജീവിക്കാനാണ് പഠിച്ചിട്ടുള്ളത്. സ്വന്തം കാര്യം മാത്രം നോക്കി മുന്നേറാനല്ല. നമ്മെ രക്ഷിക്കാൻ മതങ്ങളോ ദൈവങ്ങളോ വരില്ല. കാരണം അവരല്ല നമ്മെ നയിച്ചിരുന്നത് ഒരിക്കലും. ഉറച്ച രാഷ്ട്രീയബോധമാണ് നമ്മെ മുന്നോട്ട് നയിച്ചതും പിടിച്ച് നിർത്തിയതും. എന്നാൽ പുസ്തകങ്ങൾ തെളിവുകളാവുന്നിടത്ത് നാം കൊടുംകുറ്റവാളികളാണ്. ദൈവത്തിന്റെ പേരിൽ നടുറോഡിലിറങ്ങി മനുഷ്യരെ തല്ലിയവർ സംരക്ഷകരും. ഇടത് പക്ഷം ഭരിക്കുന്ന നാട്ടിൽ പോലീസ് രാജാണെന്ന് പറയേണ്ടി വരുന്നത് അത്രയേറെ വിഷമിപ്പിക്കുന്നതും ഈ രാഷ്ട്രീയ വ്യക്തത ഉള്ളതുകൊണ്ടുതന്നെയാണ്.

കേന്ദ്ര സർക്കാരും മറ്റ് ഏജൻസികളും നല്‍കുന്ന റാങ്കിംങിൽ ഒന്നാമതാവാനുള്ള ഓട്ടത്തിലാണ് നമ്മുടെ നാട്. ആ മത്സര ഓട്ടത്തിൽ പല മേഖലയിലും നേട്ടം കൈവരിയ്ക്കാനായി. പക്ഷേ ഭരണകൂടത്തിന്റെ ശ്രദ്ധ പാളിപ്പോയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന നിലപാടുകളിൽ നിന്നാണ്. എന്തിന്റെ പേരിലായാലും കൊന്നുതള്ളൽ ഇടത് പക്ഷത്തിന് യോജിച്ച നയമല്ല. സി പി എമ്മിലെ മാവോയിസ്റ്റ് ബന്ധം എന്ന കേന്ദ്രത്തിന്റെ - സംഘപരിവാറിന്റെ തിരക്കഥയ്ക്കനുസരിച്ച് കേരള പോലീസ് പ്രവർത്തിക്കുമ്പോൾ പ്രതിക്കൂട്ടിലാവുന്നത് ഇടത് മുന്നണിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. കാലങ്ങളായി പോലീസിന്റെ ഭാഷ ഭയപ്പെടുത്തലിന്റെയും വിരട്ടിയോടിക്കലിന്റേതുമാണ്. അതൊരു പുതിയ കഥയല്ല. കേരള പോലീസിലെ കാവിവൽക്കരണവും മറ്റും നമ്മളെകാളേറെ ഇടത് പക്ഷത്തിനും ആഭ്യന്തര മന്ത്രിയ്ക്കും അറിയാവുന്നത് തന്നെ. കേരളത്തിൽ പോലീസ് രാജ് അല്ല ജനാധിപത്യമാണ് പുലരേണ്ടതെന്നും, പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായല്ല ഭരണകൂടവും പോലീസും പെരുമാറുന്നതെന്നും ഉറപ്പുവരുത്താനാവാതിരുക്കുന്നോൾ തകരുന്നത് പാർട്ടിക്കൊപ്പം നിൽക്കുന്നവരുടെ വിശ്വാസമാണ്.

അലനും താഹയും തികച്ചും വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് ഉള്ളവരാണ്. പക്ഷേ രണ്ടുപേരുടേയും അമ്മമാർ എടുത്ത് പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തങ്ങൾക്കുള്ള വിശ്വാസമാണ്. അടിസ്ഥാന പരമായി ജനങ്ങളുടെ വിശ്വാസമാണ് പാർട്ടിയുടെ അടിത്തറ. ഭീതിയല്ല.

ഇന്നലെ കേരളത്തിന്റെ തെരുവുകളിൽ ഉയരാതെ പോയ മുദ്യാവാക്യങ്ങളിൽ, സംഘടിപ്പിക്കാതിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ, ഭീതിയും അരക്ഷിതാവസ്ഥയും നിഴലിയ്ക്കുന്നില്ല എന്ന് ആത്മാർഥമായി നമുക്ക് പറയാനാകുമോ?


Next Story

Related Stories