TopTop
Begin typing your search above and press return to search.

ദു:ഖകരമായ ഒരു ആത്മഹത്യയെ രാഷ്ട്രീയനേട്ടത്തിനായി തെറ്റിദ്ധരിപ്പിക്കുന്നവര്‍ രാജ്യം നേരിടുന്നത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്നത് തമസ്കരിക്കരുത്

ദു:ഖകരമായ ഒരു ആത്മഹത്യയെ രാഷ്ട്രീയനേട്ടത്തിനായി തെറ്റിദ്ധരിപ്പിക്കുന്നവര്‍ രാജ്യം നേരിടുന്നത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്നത് തമസ്കരിക്കരുത്

ജോലി ലഭിക്കാത്ത നിരാശയിൽ ഒരാൾ ആത്മഹത്യ ചെയ്‌താൽ ആ സമൂഹം ആത്മപരിശോധനയ്ക്ക് തയ്യാറാവുകതന്നെ വേണം. അത് കേവലമായ വിഷാദകാവ്യങ്ങളാക്കുന്നത് ഒട്ടും ആത്മാർത്ഥതയില്ലാത്ത തട്ടിപ്പാണ്. ആ മരണത്തെ ദുർബ്ബലന്റെ ഒഴിഞ്ഞുപോക്കായി പുച്ഛിക്കുന്നത് അതിലേറെ മനുഷ്യത്വരഹിതമാണ്. എന്നാൽ മരണം ഒരു പ്രശ്‌നത്തിന്റെ വസ്തുതകളെയും അതിന്റെ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങളെയും തമസ്കരിക്കാനുള്ള ഒരായുധമാക്കി മാറ്റുന്നത് തുറന്നു കാണിക്കപ്പെടണം.

തങ്ങൾക്കില്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന പ്രതീതിയുണ്ടാക്കി വിമർശനവും എതിർപ്പും ഉന്നയിക്കുന്നവരെ വിലക്കാനും ഭീഷണിപ്പെടുത്താനുമൊക്കെയുള്ള കേരള പി എസ് സിയുടെ നീക്കം തീർത്തും ജനാധിപത്യവിരുദ്ധം തന്നെയാണ്. പി എസ് സിക്കെതിരെ ആരെങ്കിലും തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ട് ആരുമിവിടെ ജോലിക്കപേക്ഷിക്കാതിരിക്കുന്നില്ല. അത്ര ആഡംബരം കേരളത്തിലെ തൊഴിൽ രംഗത്തില്ല. എസ് എഫ്‌ ഐ പ്രവർത്തകരായി നടന്നിരുന്ന ചില ഗുണ്ടകൾക്ക് പി എസ് സി പരീക്ഷയിൽ ഉയർന്ന റാങ്കുകൾ തട്ടിപ്പിലൂടെ ലഭിച്ചു എന്ന വാർത്ത സത്യമാണെന്നു വന്നപ്പോൾ അതാണ് പി എസ് സിയുടെ വിശ്വാസ്യത തകർത്തത്. ആ സംഭവമാകട്ടെ മുന്മാതൃകകൾ ഇല്ലാത്തതാകാൻ ഒരു സാധ്യതയുമില്ല . പി എസ് സിയുടെ ചരിത്രത്തിലെ ആദ്യത്തെ തട്ടിപ്പാകാനും വഴിയില്ല. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ നടന്ന തട്ടിപ്പും നമുക്കോർമ്മയുണ്ട്. ലക്ഷക്കണക്കിന് മനുഷ്യരാണ് വഞ്ചിക്കപ്പെടുന്നത്. അത്തരത്തിലുള തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ വഴിപാടായി മാറുകയാണ് പതിവും.

ഇപ്പോൾ തൊഴിലില്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഒരു ചെറുപ്പക്കാരൻ പക്ഷെ പി എസ് സിയുടെ കെടുകാര്യസ്ഥതയുടെ ഇരയാണ് എന്ന് വരുത്തിത്തീർക്കുന്നത് യഥാർത്ഥ കാരണങ്ങളിൽ നിന്നുള്ള ശ്രദ്ധ തിരിക്കലോ ഒളിച്ചോട്ടമോ ആണ്. ഒരു മരണമുണ്ടാക്കുന്ന പൊതുവൈകാരിക അന്തരീക്ഷത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ഉപയോഗിക്കുക മാത്രമാണ് അതിലുള്ള ദുഷ്ടലാക്ക്.

സർക്കാർ ഒരു സുപ്രധാന തൊഴിൽ ദാതാവായിരുന്ന കാലം മാറിക്കഴിഞ്ഞിരിക്കുന്നു. വളരെ ചുരുക്കം ചില ഒഴിവുകളിലേക്ക് ലക്ഷക്കണക്കിനാളുകൾ അപേക്ഷിക്കുന്ന നിയമന പരീക്ഷകളാണ് നടക്കുന്നത്. സേവന, തൊഴിൽ മേഖലകളിൽ നിന്നും സർക്കാർ വലിയ തോതിൽ പിൻവാങ്ങുക എന്ന നയം കോൺഗ്രസ് സർക്കാർ തുടങ്ങിവെക്കുകയും ഇപ്പോൾ ബി ജെ പി പിന്തുടരുകയും ചെയ്യുന്ന സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമാണ്. വലിയ ലാഭത്തിൽ പ്രവർത്തിക്കുന്നതടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ് വിറ്റഴിക്കുന്നത്. ഉത്പാദന മേഖലകളിലെ പൊതുനിക്ഷേപവും ചെലവും വെട്ടിക്കുറക്കുകയാണ്. സ്വകാര്യ തൊഴിൽ മേഖലയാകട്ടെ സംവരണം അടക്കമുള്ള ഒരു സാമൂഹ്യനീതി മാനദണ്ഡവും ബാധകമാക്കാതെയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ തൊഴിൽ വളർച്ച നിരക്ക് കഴിഞ്ഞ 45 കൊല്ലക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. കേരളത്തിലെ മാത്രമായ ഒരാവസ്ഥയല്ല തൊഴിലവസരങ്ങളുടെ ദൗർലഭ്യം.

ഈ ദുരവസ്ഥ ഇനിയും രൂക്ഷമാകാനാണ് പോകുന്നത്. കോവിഡ് കാലത്തെ അടച്ചിടലിനു മുമ്പ് തന്നെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് മോദി ഭരണകാലത്ത് കുത്തനെ താഴോട്ടു പതിക്കുകയായിരുന്നു. കോവിഡ് കാല അടച്ചിടൽ കൂടിയായപ്പോൾ അത് ഏതാണ്ട് 10 ശതമാനത്തോളം ചുരുങ്ങും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാലയളവിൽ ഏതാണ്ട് 1.8 ദശലക്ഷം ശമ്പളക്കാരായ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. അസംഘടിത മേഖലയിലെ വ്യാപകമായ തൊഴിൽ നഷ്ടത്തിന്റെ കണക്ക് ഭയപ്പെടുത്തുന്നതാണ്. ഇത് സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന തരംഗാഘാതം ഗുരുതരമായിരിക്കും. ഈയൊരു പൊതുപശ്ചാത്തലത്തിൽ തൊഴിലില്ലായ്മ എന്ന പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കൊണ്ടുവരുന്നതിനു പകരം ഒരു ആത്മഹത്യയുടെ ദുഃഖകരമായ പശ്ചാത്തലത്തെ രാഷ്ട്രീയനേട്ടത്തിനായി തെറ്റിദ്ധരിപ്പിക്കുകയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. ഒരു വൈകാരിക പ്രശ്നമായതുകൊണ്ട് അതിനെതിരെ സംസാരിച്ചാൽ ഹൃദയശൂന്യനായി മുദ്രകുത്തപ്പെത്തപ്പെടും എന്ന സാധ്യതയുള്ളതുകൊണ്ട് മിണ്ടാതിരിക്കാവുന്നതാണ്. പക്ഷെ അത് നിക്ഷിപ്ത താത്പര്യങ്ങൾ വെച്ച് അജണ്ട ഉണ്ടാക്കുന്നവരെ ഭയപ്പെട്ട് ഒളിച്ചിരിക്കുന്ന ആത്മനിന്ദ നമ്മളിലുണ്ടാക്കും എന്ന് മാത്രം.

പി എസ് സിയുടെ റാങ്ക് ലിസ്റ്റ് അതിന്റെ നിശ്ചിത കാലാവധി കഴിഞ്ഞാൽ ന്യായമായ കാരണങ്ങൾ ഇല്ലെങ്കിൽ നീട്ടിക്കൊടുക്കരുത്. അത് വാസ്തവത്തിൽ യുക്തിരഹിതവും അന്യായവുമായ ഒരു കാര്യമാണ്. ഒരു തസ്തികയിലേക്ക് ആചന്ദ്രതാരമുള്ള ഒഴിവുകൾ നികത്താനല്ല പരീക്ഷ നടത്തുന്നത്. ഒരു നിശ്ചിത എണ്ണം തസ്തികകളിലേക്കാകണം പട്ടികയിൽ നിന്നുള്ള നിയമനം. വർഷം തോറും പുറത്തുവരുന്ന ആയിരക്കണക്കിനായ തൊഴിൽ തേടുന്നവർക്ക് അവസരം കൂടി നൽകേണ്ടതുണ്ട്. മുൻ പറഞ്ഞ കാലയളവിനു മുമ്പായി പട്ടിക റദ്ദാക്കുന്നത് തെറ്റാണ്. എന്നാൽ പട്ടികയുടെ കാലാവധി ഓരോ കാരണം പറഞ്ഞു നീട്ടുന്നത് മറ്റുള്ളവരോട് ചെയ്യുന്ന അനീതി കൂടിയാണ്.

സർക്കാർ ചെലവ് എന്ന് പറഞ്ഞാൽ ആളുകളെ ഉദ്യോഗത്തിൽ നിയമിക്കുകയും അങ്ങനെ ഒരു കുടുംബത്തെക്കൂടി സുരക്ഷിതമാക്കുകയും ചെയ്യുക എന്ന പ്രാഥമിക ലക്‌ഷ്യം വെച്ചാണ് എന്നത് നമ്മുടെ നാട്ടിലെ പ്രബലമായ തെറ്റിദ്ധാരണയാണ്. സർക്കാരുകളും ആ ധാരണ പലപ്പോഴും വെച്ചുപുലർത്തുന്നുണ്ട്. അതുകൊണ്ടാണ് ഒരു പരീക്ഷയും കൂടാതെ ചോദിച്ചവർക്കെല്ലാം ജോലി നൽകുന്ന ഉമ്മൻചാണ്ടി രാജാവിന്റെ ജനസദസൊക്കെ നടന്ന കാലമുണ്ടായിരുന്നത്. പൊലീസ് ഉരുട്ടിക്കൊന്നയാളുടെ ഭാര്യയോട് നീതി ചെയ്യുന്നത് അവർക്ക് സർക്കാർ ജോലി കൊടുത്താണ്. തെറ്റാണത്. സർക്കാർ ജോലിക്ക് ആളെ എടുക്കുന്നത് കൃത്യമായ ചട്ടങ്ങൾ പാലിച്ചായിരിക്കണം. കൃത്യമായ യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം.

താത്ക്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ എന്നിവയാണ് മറ്റൊരു തട്ടിപ്പ്. തങ്ങൾക്ക് താത്പര്യമുള്ള ആളുകളെ തിരുകിക്കയറ്റാനുള്ള ഒരു തന്ത്രമാണത്. കരാർ നിയമനകൾക്കും താത്ക്കാലിക നിയമനങ്ങൾക്കും യോഗ്യത പരിശോധനയോ മറ്റു പരീക്ഷകളോ വേണ്ടെന്ന് എന്തിനാണ് നിശ്ചയിക്കുന്നത്? പലപ്പോഴും സംഭവിക്കുന്നത് താത്ക്കാലിക നിയമനങ്ങളിൽ ജോലി ലഭിച്ചവരെ സ്ഥിരപ്പെടുത്തുക എന്നത് സർക്കാരിന്റെ വലിയൊരു ഉദാര ശരിയായി വ്യാഖ്യാനിക്കും. യോഗ്യരായ അനേകായിരം പേരുള്ളിടത്താണ് ഇങ്ങനെയുള്ള പിൻവാതിൽ നിയമനം.

തീർച്ചയായും ഇത്തരം രാഷ്ട്രീയ തട്ടിപ്പുകൾ എല്ലാ രാഷ്ട്രീയകക്ഷികളും തുടർന്നുവരുന്നതാണ്. അതിനോടോന്നും യാതൊരുവിധ എതിർപ്പുകളും ഉയർത്താതെ തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള അവസരമാക്കി അതെല്ലാം ഉപയോഗിച്ചവർ ഇപ്പോൾ ഈ മരണം മുതലെടുത്തു നടത്തുന്ന നാടകം അപഹാസ്യമാണ്. അതീ മരണത്തെ നിസ്സാരവത്കരിക്കുകയും അതിനെ ഒരു വില്പനച്ചരക്കാക്കി മാറ്റുകയും മാത്രമാണ്.

ആദിവാസി സ്ത്രീകളുടെയും കുട്ടികളുടെയും/ മാതൃശിശു മരണനിരക്കുകൾ സംബന്ധിച്ച കണക്കുകളും ആരോപണങ്ങളും വന്നപ്പോൾ ഞങ്ങളുടെ കാലത്തെ ഗർഭമല്ല എന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളുള്ള നാടാണ് കേരളം. ഇവിടെ പ്രകടനാത്മകതയും പ്രദർശനാത്മകതയുമാണ് മിടുക്ക്. രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങൾ ആളുകളെ ബോറടിപ്പിക്കുന്ന ഒന്നാണെന്ന തരത്തിലാക്കി മാറ്റി പകരം ഗോപാലകൃഷ്ണനും പി സി ജോർജ്ജും അവതാരകരിലെ most dreaded self styled don കടയാടി ബേബിമാരുമൊക്കെ നടത്തുന്ന കരടി നെയ്യിന്റെ വിൽപ്പന പോലെയുള്ള ചർച്ചകളിൽ ഇത്തരം വ്യാജ വൈകാരികതക്കും കപടക്ഷോഭത്തിനുമാണ് വിപണിമൂല്യം. ആത്മഹത്യ ചെയ്ത തൊഴിൽരഹിതൻ കമ്മ്യൂണിസത്തിന്റെ ശത്രുവാണെന്ന തരത്തിലൊക്കെ ഫേസ്ബുക്ക് കുറിപ്പുകളിട്ട് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കാൻ ശ്രമിക്കുന്നവരും ഇക്കളിയുടെ സമാന തന്ത്രങ്ങൾ പയറ്റുന്നവരാണ്.

ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ പി എസ് സികളിലൊന്നാണ് കേരളത്തിലേത്. എല്ലാ ഘടകക്ഷികൾക്കും വീതിച്ചുകൊടുക്കുന്ന ഒരു രാഷ്ട്രീയ ലാവണമാക്കൻ വേണ്ടിയുള്ള എണ്ണം തികയ്ക്കലാണ് അതിനുള്ള കാരണം. ലക്ഷക്കണക്കിന് രൂപ ശമ്പളവും ആനുകൂല്യങ്ങളുമുള്ള ആ പദവിയിൽ കയറിപ്പറ്റുന്നവരുടെ യോഗ്യതകൾ സ്കറിയാ തോമസിന്റെ കേരള കോൺഗ്രസിലെ ആസ്ഥാന മണിയടി വിദ്വാൻ എന്നൊക്കെയാണ്. ചീഞ്ഞുനാറുന്ന ഇത്തരം സുഖലാവണങ്ങളോടുള്ള ജനങ്ങളുടെ അതൃപ്തിയും വെറുപ്പും ന്യായമാണ്.

ഉത്പാദനക്ഷമമായ നിരവധി മേഖലകളിലേക്ക് നിക്ഷേപം നടത്താനുള്ളത് കൂടിയാണ് സർക്കാർ പണം. പരോക്ഷമായ തൊഴിലവരസങ്ങൾ ധാരാളമായി സൃഷ്ടിക്കുകയും ഉത്‌പാദനമേഖലകളെ വളർത്തുകയും അതുവഴി സമ്പത്തിന്റെ തിരശ്ചീനമായി വ്യാപനം ഉണ്ടാക്കുകയുമാണ് ചെയ്യേണ്ടത്. പക്ഷെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളുടെ സംസ്ഥാപകരും നടത്തിപ്പുകാരുമായ കോൺഗ്രസും ബിജെപിയും ഒരു മൃതദേഹത്തിനെ വെച്ചുകളിക്കുന്ന ഈ നാടകം രാഷ്ട്രീയമായി തിരിച്ചറിയുക തന്നെ വേണം.

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)


പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

സുപ്രീം കോടതി അഭിഭാഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍

Next Story

Related Stories