TopTop
Begin typing your search above and press return to search.

അലന്റേയും താഹയുടേയും കേസിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റേത് ചരിത്രപരമായ വഞ്ചന

അലന്റേയും താഹയുടേയും കേസിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റേത് ചരിത്രപരമായ വഞ്ചന

UAPA ചുമത്തി തടവിലിട്ട അലനും താഹയ്ക്കും ജാമ്യം ലഭിച്ചിരിക്കുന്നു. രാഷ്ട്രീയപ്രവർത്തനത്തെയും രാഷ്ട്രീയബോധ്യങ്ങളെയും ജനാധിപത്യവിരുദ്ധ നിയമങ്ങളുടെ പിൻബലത്തിൽ തടങ്കലിലാക്കുന്ന ഭരണകൂടവേട്ടയുടെ പിടിയിലായ രണ്ടു പേരാണ് തടവിൽ നിന്നും ജാമ്യം നേടി പുറത്തുവന്നിരിക്കുന്നത്. മാവോവാദവും രാഷ്ട്രീയപ്രവർത്തനവുമൊക്കെ തടങ്കലിലാക്കേണ്ട കുറ്റമാണെന്ന് തോന്നുന്ന കാലം ദേശസുരക്ഷയുടെ കാലമാണെന്ന വ്യാജബോധത്തിന്റെ അകമ്പടിയിലായിരുന്നു താഹയും അലനും തടവിലായത്. ഇന്ത്യയെങ്ങും Urban Naxal-കൾ എന്ന പേരിട്ടു നടത്തിയ ജനകീയ രാഷ്ട്രീയ പ്രതിരോധങ്ങൾക്കെതിരായ ഭരണകൂട അടിച്ചമർത്തലിന്റെ ഭാഗമായിരുന്നു അത്.

Operation Greenhunt എന്ന സൈനികനടപടിക്ക് ശേഷം ഇന്ത്യൻ ഭരണകൂടം നഗരങ്ങളിലും സർവകലാശാലകളിലും മറ്റു സംവാദ,വ്യവഹാര മേഖകളിലും ഉയർന്നിരുന്ന ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കാനുള്ള ജനാധിപത്യവിരുദ്ധമായ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. ഡൽഹിയിലും വടക്കേ ഇന്ത്യയിലെ ചില ചെറു നഗരങ്ങളിലും പൂനെയിലുമൊക്കെയുള്ള മാവോവാദി മുന്നേറ്റത്തോട് രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കുന്ന ചിലർക്കെതിരെയാകും ഇതെന്ന ആത്മവിശ്വാസത്തിൽ ഉറങ്ങാൻ പോയ ഇന്ത്യൻ ലിബറലുകൾ അർദ്ധരാത്രിയിൽ വാതിലിൽ മുട്ടുകേട്ട് ഉണരുന്നതും ഈ ഭരണകൂട നടപടിയിലാണ്. ഇതൊരു രാഷ്ട്രീയ പദ്ധതിയാണ്. ആത്മഹത്യയോ മരണമോ മാത്രമാണ് പ്രതിഷേധത്തിന്റെ പാതിരാവിൽ കാത്തിരിക്കുന്നത് എന്ന താക്കീതാണിത്.

ഈ ഭരണകൂട വേട്ടയുടെ രാഷ്ട്രീയത്തെ ചെറുക്കേണ്ടതിനുപകരം അതിനോട് സകലവിധത്തിലും ചേർന്നുനിന്നു എന്ന ചരിത്രപരമായ വഞ്ചനയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ കാണിച്ചത്. Operation Greenhunt നടപ്പാക്കുകയും ആയിരക്കണക്കിന് ആദിവാസികളെ കൊന്നൊടുക്കുകയും ചെയ്ത കോൺഗ്രസും അതിന്റെ ബാക്കി പൂരിപ്പിക്കുന്ന ബി ജെ പിയും ഉയർത്തുന്ന രാഷ്ട്രീയമല്ല ഈ വിഷയത്തിൽ തങ്ങളുടേത് എന്ന് തെളിയിക്കേണ്ട ചരിത്ര സന്ദർഭത്തിലാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ രണ്ടു ചെറുപ്പക്കാരെ അവരുടെ രാഷ്ട്രീയാഭിപ്രായങ്ങളുടെ പേരിൽ പൊതുസമൂഹത്തിന്റെ ഇടയിൽ നിന്നും ഒരു രാത്രി UAPA ചുമത്തി തടവിലാക്കിയത്. സി പി ഐ (എം) UAPA പോലുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങൾക്കെതിരാണെന്ന് പറയുമ്പോഴും പാർട്ടി അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനത്തു പോലും ആ നയം നടപ്പിലാക്കിയില്ലെങ്കിൽ പിന്നെ അത്തരം വാചകമടി വെറും അശ്ലീലമാണ്. അതുകൊണ്ടാണ് പാർട്ടിയുടെ പി ബി അംഗം എം.എ ബേബി ഇന്ന് ജാമ്യം കിട്ടിയ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച സന്തോഷസൂചകമായ UAPA വിരുദ്ധ കുറിപ്പ് ഗതികെട്ട അവസരവാദമാകുന്നത്. എന്നാൽ അതിലൊരു സാധ്യതയുടെ തുടർച്ച വേണമെങ്കിൽ സി പി എമ്മിൽ ഈ വിഷയത്തിൽ ഉൾപ്പാർട്ടി ചർച്ച നടക്കുകയും സംസ്ഥാന സർക്കാരിന്റെ നിലപാട് തെറ്റായിരുന്നുവെന്ന രാഷ്ട്രീയ നിലപാട് പാർട്ടി പ്രഖ്യാപിക്കലുമാണ്. നിലവിലെ സി പി എമ്മിൽ ആ പ്രതീക്ഷ വെച്ചുപുലർത്തുന്നത് കടന്ന കയ്യാകും.

അലനും താഹക്കും ജാമ്യം ലഭിച്ചപ്പോൾ ഇതുവരെ അതിനുള്ള ശ്രമങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് അലന്റെ ഒരു അടുത്ത ബന്ധു പുറപ്പെടുവിച്ച കുറിപ്പ് കണ്ടു. തമാശയല്ലെങ്കിൽ സംഗതി Surreal ആണ്. ഈ സമരത്തിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങൾ എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി, കേന്ദ്രസമിതി അംഗവും സംസ്ഥാന ധനകാര്യമന്ത്രിയുമായ തോമസ് ഐസക്, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർക്കെല്ലാം ഈ വിഷമസമയത്ത് നൽകിയ പിന്തുണ നൽകിയതിന് നന്ദി പറയുന്നുണ്ട്. സി പി എം ജനറൽ സെക്രട്ടറിയും സംസ്ഥാന മന്ത്രിസഭയിലെ ഒരംഗവും അടക്കമുള്ളവർ ഒപ്പം നിന്നിട്ടും ഈ രണ്ടു മനുഷ്യർക്ക് നേരെയുള്ള UAPA പ്രയോഗത്തിൽ നിലപാട് മാറ്റാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ സ്വയം നുള്ളിനോക്കണം.

ഈ നന്ദിപറച്ചിലിന്റെ അരാഷ്ട്രീയത നമുക്ക് കണ്ടില്ലെന്നു നടിക്കാം. മനുഷ്യർക്ക് ഇതിനുശേഷവും പലപല മോഹങ്ങളും സാക്ഷാത്ക്കരിക്കാനുണ്ടാകും. അതുകൊണ്ട് നമ്മളതിൽ കുടുങ്ങിക്കിടക്കേണ്ടതില്ല. എന്നാൽ UAPA ചുമത്തി രാജ്യത്തെങ്ങും അറസ്റ്റുകൾ നിർബാധം നടക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർക്കും പൗരാവകാശ പ്രവർത്തകർക്കുമെതിരെയാണ് ഈ വേട്ടയിപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. റോണാ വിത്സനും വരവര റാവുവും ഷോമ സെന്നും തുടങ്ങി സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, ആനന്ദ് തെൽതുംബ്‌ദേ എന്നിവരടക്കമുള്ള വലിയൊരു നിര രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകരെയാണ് UAPA ചുമത്തി തടവിലാക്കിയിരിക്കുന്നത്. ദൽഹി സർവകലാശാല അധ്യാപകനായ ഹാനി ബാബുവും കബീർ കലാമഞ്ചിലെ സഖാവ് ജ്യോതിയുമാണ് ഏറ്റവും അടുത്തായി തടവിലായത്. ഈ രാജ്യത്ത് നടക്കുന്ന ഈ അടിച്ചമർത്തലിനെതിരെ ഒന്ന് മിണ്ടാൻ പോലും തയ്യാറാകാത്തവർ എങ്ങനെയാണ് ഫാഷിസ്റ്റ് വിരുദ്ധ സമരത്തിൽ രാഷ്ട്രീയ നിലപാടുകൾക്ക് മൂർച്ച നൽകുക?

നമ്മളെ കടിക്കാത്ത നായ്ക്കൾക്ക് പേ പിടിച്ചാലും സാരമില്ല എന്ന പോലൊരു സുരക്ഷിതത്വം ഫാഷിസത്തിനെതിരായ സമരത്തിൽ വേണമെന്നത് അവസരവാദമാണ്. ഇതെഴുതുമ്പോൾ ദൽഹി കലാപത്തിൽ കലാപത്തിനിരകളായ മനുഷ്യരെ കത്തിയമരുന്ന തെരുവുകളിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിക്കാൻ ആ രാത്രികളിൽ പ്രവർത്തിച്ച, പൗരത്വനിയമ ഭേദഗതി വിരുദ്ധ സമരത്തിൽ സജീവമായി പങ്കെടുത്ത പൗരാവകാശ, സാമൂഹ്യപ്രവർത്തകരെ ചോദ്യം ചെയ്യുകയും പലരെയും UAPA

ചുമത്തി തടവിലാക്കാൻ തയ്യാറെടുക്കുകയുമാണ് ദൽഹി പൊലീസ്. ഭരണകൂടവേട്ട, ജനാധിപത്യവിരുദ്ധ- സമഗ്രാധിപത്യ ഭരണകൂടം എന്നത് കേവലമായ ഒരു അപഭ്രംശവും മറക്കാൻ ശ്രമിക്കുന്ന ഒരു ദുഃസ്വപ്നവുമാക്കാൻ ആഗ്രഹിക്കുന്നവർക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. തീർച്ചയായും നമുക്കെല്ലാം മനസ്സിലാക്കാവുന്ന മാനുഷികമായ ന്യായങ്ങളും. എന്നാൽ അത്തരം ആഡംബരങ്ങളില്ലാത്ത മനുഷ്യർക്കൊപ്പമാണ് ഈ പോരാട്ടം. അതിൽ വിട്ടുവീഴ്ചകളില്ല. അലന്റെയും താഹയുടെയും താത്ക്കാലിക ജാമ്യം UAPA വിരുദ്ധ പോരാട്ടത്തിന് ഊർജം പകരുന്നു.

കേന്ദ്ര, കേരള സർക്കാരുകളുടെ UAPA അടിച്ചമർത്തലുകൾക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിന് അവധിയില്ല. വ്യാജ ഏറ്റുമുട്ടൽ കൊലകളിൽ ഏഴു മാവോവാദി രാഷ്ട്രീയ പ്രവർത്തകരെ കേരളത്തിൽ കൊന്നുതള്ളി. ജനങ്ങൾ ആയുധമെടുക്കുന്നതും ഭരണകൂടം ആയുധമെടുക്കുന്നതും ഒരേ തരത്തിലുള്ള അക്രമമാണ് എന്ന കപടയുക്തികളിൽ അകപ്പെട്ട് പോയില്ലെങ്കിൽ ആ മരണങ്ങൾ നമ്മുടെ ഉള്ളുലയ്ക്കുന്ന രാഷ്ട്രീയത്തെ സൃഷ്ടിക്കേണ്ടതുണ്ട്.

അഴികളും താഴുകളുമുള്ള തടവറകളിൽ കിടക്കുന്നത് നമുക്ക് പോകേണ്ടാത്ത ഒരിടത്തുള്ള അപരിചതരായ മനുഷ്യരാണ് എന്നത് വെറും തോന്നലാണ്. താഴുകളില്ലാത്ത തടവറയിലെ അന്തേവാസികളാണ് നമ്മളെന്ന് തിരിച്ചറിയുമ്പോഴേക്കും സ്വാതന്ത്ര്യത്തിന്റെ വനസ്ഥലികൾ അപ്രത്യക്ഷമായിരിക്കും.

(പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്)
പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

സുപ്രീം കോടതി അഭിഭാഷകന്‍, രാഷ്ട്രീയ നിരീക്ഷകന്‍

Next Story

Related Stories