ഹെഡ്മാസ്റ്റർ ഓഫീസ് റൂമിലേക്ക് വിളിക്കുന്നു എന്ന് കേൾക്കുമ്പോളായിരുന്നു സാധാരണ മൂക്കിൽ കറൻ്റിൻ്റെ മണം വരുന്നത്. പിന്നീട് ജീവിതത്തില്‍ ഒട്ടും നിയന്ത്രണവിധേയമല്ലാത്ത ഒരു ഹിംസ നമ്മളെ സമീപിക്കുമ്പോഴൊക്കെ കുറേ മുൻപ് വരെ അത് വന്നിട്ടുണ്ട്. കുറേയൊക്കെ അതീന്ദ്രിയവും പ്രേതസാന്നിധ്യം പോലെ നടുക്കുന്നതുമായിരുന്നു കാഞ്ഞിരപ്പള്ളി താലൂക്കിലെ എൻ്റെ വീടടക്കം ഞെട്ടിവിറച്ച 2001 ലെ ഭൂകമ്പം. കുഞ്ഞിനേയുമെടുത്ത് വീടിന് വെളിയിൽ നിന്ന് കരയുന്നതിനിടെ ചുറ്റുപാടും കിലോമീറ്ററുകളോളം മനുഷ്യരും പക്ഷികളും മൃഗങ്ങളും ആർത്തുവിളിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നിലത്തു നിന്ന് പൊടി പൊങ്ങി നിൽക്കുന്ന കാഴ്ച അത്തരത്തിലൊന്നായിരുന്നു. സമൂഹത്തെ ആഴത്തിൽ ബാധിച്ച രാഷ്ട്രീയ അനിശ്ചിതത്വവും സാമൂഹ്യ വിഭജനത്തിൻ്റെ സൂചനകളും പ്രകൃതി ശക്തിയുടെ രൂപത്തിൽ വന്നതുപോലെയാണ് എനിക്കന്ന് തോന്നിയിരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം പ്രളയ സമയത്തൊക്കെ ഈ അനുഭവത്തിൻ്റെ തുടർച്ച ഞാനനുഭവിച്ചു. അപ്പോഴൊക്കെ കേരളം സാമൂഹ്യ വിഭജനത്തിൻ്റെ ഭയാനകമായ പാതകൾ താണ്ടിയതിനാൽ പഴയ മരണ ഭയം വളരെ കുറവായാണ് അനുഭവിച്ചത്. ഇന്ന് അതെല്ലാം കഴിഞ്ഞ് ഒരോ മനുഷ്യനും അപമാനവീകരിക്കപ്പെടുന്ന രീതിയിൽ വിഭജിതമായ നമ്മുടെ സമൂഹത്തിൽ മരണഭയം പാടെ നശിച്ച് കൗബോയ് സിനിമകളിലെ കഥാപാത്രങ്ങൾ മരണത്തെ നേരിടുന്നത് പോലെ ഉൻമാദം നിറഞ്ഞ ഒരു ചിരിയാണ് മനുഷ്യർക്ക്. പരസ്പരം ഓടിയകന്ന വിഭാഗങ്ങളുടെ വ്യാജ നേതാക്കൾ ഭരിക്കുന്ന രാജ്യങ്ങൾ, രാഷ്ട്രീയമായി ഏകപക്ഷീയമായിട്ടും വ്യത്യസ്തരെന്ന് നടിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ, നാം ഒരു സമൂഹമാണെന്ന് പൊന്നാരം പറഞ്ഞ് സിവിൽ സമൂഹ പൗരൻ്റെ വ്യക്തിപരമായ ലക്ഷ്യം നേടുന്ന വിജയികൾ, എല്ലാ മൂല്യബോധത്തിനും ചാരിറ്റിയെ പകരം വെക്കുന്ന സമകാലത്ത്, കലയാകട്ടെ കമ്പോളത്തിൻ്റെ അധികാരവിതരണത്തിൻ്റെ കീഴിൽ ഭയാനകമായ മത്സരത്തിന്നും വിഭാഗീയതയ്ക്കും അനുസരിച്ച് പ്രൊപ്പഗാൻഡ സ്വഭാവം കൈവരിക്കുകയും വ്യക്തികളുടെ മുഖമടച്ച് പ്രതിബദ്ധതാ മുദ്രാവാക്യങ്ങൾ പൊതിഞ്ഞുകെട്ടാൻ നിർബ്ബന്ധമാക്കുകയും ചെയ്യുന്ന ഈ കാലത്ത്, ഞാൻ കുറേക്കാലമായി ക്വാറൻ്റയിനിലായിരുന്നു. വെളിയിൽ നടക്കുന്നവർ ഉല്ലാസവാൻമാരായി കാണപ്പെടുന്നുണ്ടെങ്കിലും അവരും ക്വാറൻ്റെയിനിലാണ്. സത്യം പറഞ്ഞാൽ ബാംഗ്ലൂരിൽ പഠിക്കുന്ന മോളും ഏറ്റുമാനൂരിൽ ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന മോനും വന്നതോടെ വ്യക്തിപരമായി വളരെ ഒഴുക്കുണ്ട് എനിക്ക്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ഡിപ്പോ മാനേജരായി പ്രവർത്തിക്കുന്നതിനാൽ എന്നും എനിക്ക് ജോലിക്ക് പോകണം. രണ്ട് മൂന്ന് ദിവസത്തേക്കു കൂടി മാവേലി സ്റ്റോറുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും കൊടുക്കുവാനുള്ള സാധനങ്ങളുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി നിരവധിയായ സംസ്ഥാനാതിർത്തികളിൽ കേരളത്തിലേക്കുള്ള സാധനങ്ങൾ തടഞ്ഞിട്ടിരിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളിലുള്ള ഉൽപ്പാദന കേന്ദ്രങ്ങൾ വിതരണ കേന്ദ്രങ്ങൾ എന്നിവ അടച്ചിട്ടിരിക്കുന്നു എന്നതാണ്. ഇതെല്ലാം അതാത് സംസ്ഥാനങ്ങളിൽ സുരക്ഷാ കരുതലോടെ തുറന്നു പ്രവർത്തിക്കുകയും അന്തര്‍ സംസ്ഥാന ചരക്കുനീക്കം സുഗമമാകുകയും അന്തര്‍ സംസ്ഥാന കരിഞ്ചന്ത മാഫിയയെ കൂട്ടായി ഒതുക്കുകയും ചെയ്താൽ മാത്രമേ സുഗമമായി സാധനങ്ങൾ നമുക്ക് ലഭിക്കൂ. ജീവിച്ചിരിക്കുന്നതിലെ ഏറ്റവും വലിയ ആദായം കാറ്റും ചെടികളും സൂര്യനും കാലഭേങ്ങളുമൊക്കെയാണ്. എത്ര കുടിച്ചാലും വറ്റാത്ത ആ ലഹരിയിലിരുന്നു കൊണ്ട് സ്വയം ശപിക്കുന്ന ആർഭാടമാണ് മനുഷ്യൻ്റെ വികാരപരത. പക്ഷെ സാഹോദര്യമുണ്ടെങ്കിലേ നമുക്കതാസ്വദിക്കാൻ പറ്റൂ. ഹൃദയം കൊണ്ടകന്ന് ശരീരം കൊണ്ടൊന്നു, ചേർന്നായിരുന്നു ഇതുവരെയുള്ള ദുരന്തങ്ങൾ നമ്മൾ നേരിട്ടത്. ശരീരം കൊണ്ടകന്നിരിക്കിലും ഹൃദയം കൊണ്ടൊന്നാകാനും സാഹോദര്യം വീണ്ടെടുക്കാനും സാധിച്ചാൽ നമുക്ക് നമ്മുടെ നൃത്തം തിരികെ കിട്ടും.
മാസ്കിട്ട് ചുംബിക്കുന്നവർ

Next Story