TopTop
Begin typing your search above and press return to search.

തെരുവില്‍ ഉറങ്ങുന്നത് നായ്ക്കള്‍ മാത്രമല്ല, കവികളും കൂടിയാണെന്ന് പറഞ്ഞ ലൂയി പാപ്പന്‍

തെരുവില്‍ ഉറങ്ങുന്നത് നായ്ക്കള്‍ മാത്രമല്ല, കവികളും കൂടിയാണെന്ന് പറഞ്ഞ ലൂയി പാപ്പന്‍

ലൂയി പാപ്പന്‍ പോയെന്ന ഒരു കവി സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ വിശ്വസിക്കാന്‍ ആിയിരുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാന്‍ ആശുപത്രി വാസം കഴിഞ്ഞ് പാപ്പാത്തി പുസ്‌കങ്ങളുടെ സന്ദീപ് കെ രാജിന്റെ വീട്ടിലെത്തുമ്പോള്‍ ലൂയി പാപ്പന്‍ അവിടെയുണ്ടായിരുന്നു. ആദ്യം സന്ദീപിനെ രണ്ട് ചീത്തയാണ് വിളിച്ചത്. കാരണം ഓരോ തവണ പിരിയുമ്പോഴും ആ മനുഷ്യന്‍ മറ്റുള്ളവരെ പ്രകോപിപ്പിക്കാതെ പോയിരുന്നില്ല.

അതിന് തൊട്ടുമുമ്പ് കായിക്കരയിലെ ആശാന്‍ നഗറില്‍ വച്ച് നടന്ന മനു മാധവന്റെ പുസ്തക പ്രകാശനത്തിനും അത് തന്നെ സംഭവിച്ചിരുന്നു. കായിക്കരയിലെ കടലിനോട് ചേര്‍ന്നുള്ള ഹട്ടില്‍ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അടുത്തിരുത്തി എവിടെ നിന്നോ കിട്ടിയ കുറെ കുണിസഞ്ചികളില്‍ ഒരെണ്ണം തരുമ്പോഴും അറിയാമായിരുന്നു ഇത്തവണയും ഉടക്കിയായിരിക്കും പിരിയുകയെന്ന്. തന്റെ കൈവശമിരുന്ന മദ്യം ഉപാധികളോടെ ഒഴിച്ചു തന്ന പാപ്പന്‍ പിന്നീട് ലഹരി മൂത്തപ്പോള്‍ അധിക്ഷേപിച്ച് സംസാരിക്കാന്‍ തുടങ്ങി. പുസ്തക പ്രകാശനത്തിന് ശേഷം മനുവിന്റെ വീടിനടുത്ത് ഞങ്ങള്‍ക്ക് എടുത്ത് തന്ന മറ്റൊരു വീട്ടിലെ സല്‍ക്കാരത്തിനിടയിലാണ് അത്തവണത്തെ ഉടക്ക് വീണത്. മദ്യലഹരിയില്‍ എന്റെ മെക്കിട്ട് കയറിയെങ്കിലും തിരികെ പോരാന്‍ നേരം സന്ദീപിനും എംആര്‍ വിപിനും എനിക്കുമൊപ്പം ട്രെയിനില്‍ ചാടിക്കയറി. എന്നാല്‍ ആ മനുഷ്യനെ കൂടെ കൊണ്ടുപോകുന്നതില്‍ എനിക്ക് വിയോജിപ്പുണ്ടായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒഴിവാക്കി പോരികയായിരുന്നു.

ആ ദേഷ്യത്തിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ടപ്പോള്‍ ആദ്യം തോന്നിയത്. എന്നാല്‍ എനിക്ക് അപരിചിതനായ മറ്റൊരു പാപ്പനെയാണ് ആ ദിവസങ്ങളില്‍ കണ്ടത്. പനി ബാധിച്ച് നല്ല ക്ഷീണിതനായിരുന്നു. ഞങ്ങള്‍ രണ്ടാളും മദ്യപാനം നിര്‍ത്തിയിരുന്നു. വളരെയധികം സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതും. വൈകുന്നേരങ്ങളില്‍ ഒരുമിച്ചുള്ള ചായകുടിക്കാന്‍ പോക്കും പുസ്തകങ്ങളുടെ പ്രൂഫ് നോട്ടവുമായി പാപ്പന്‍ പതുക്കെ ആരോഗ്യം തിരിച്ചെടുക്കാന്‍ തുടങ്ങി. ഇനി മദ്യപിക്കില്ലെന്നും ഞാനും മദ്യപിക്കരുതെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആരോഗ്യം തിരികെ ലഭിച്ചതോടെ വീണ്ടും പഴയ പരുക്കന്‍ സ്വഭാവത്തിലേക്ക് തിരികെയെത്തുകയും ചെയ്തു. ഒരു ദിവസം ഒരു നിസ്സാര കാര്യത്തിന് വഴക്കിട്ട് എന്റെ കണ്ണടയും ഊരി ഒരു പോക്കായിരുന്നു. എന്നെ ഏറ്റവുമധികം പ്രകോപിപ്പിക്കുന്ന കാര്യം. സന്ദീപ് ഇടപെട്ട് കണ്ണട തിരിച്ചു തന്നെങ്കിലും എനിക്ക് വല്ലാത്ത ദേഷ്യമുണ്ടായിരുന്നു. വഴക്കുണ്ടാക്കാന്‍ തീരുമാനിച്ച് തന്നെ പിന്നാലെ പോകുകയും ചെയ്തു. എന്നാല്‍ സ്റ്റാച്യുവിലെ ബാറിലേക്കുള്ള വളവ് തിരിഞ്ഞ് പോകുന്ന പാപ്പനെയാണ് കണ്ടത്. ദേഷ്യത്തോടെ തന്നെ വിളിച്ചെങ്കിലും നിന്ന് തന്നില്ല. പിന്നീട് കാണാനും സാധിച്ചിട്ടില്ല. ഇന്നിപ്പോള്‍ മറ്റൊരു മരണ വാര്‍ത്തയായി ലൂയിസ് പീറ്റര്‍ എനിക്ക് മുന്നില്‍ വന്നിരിക്കുന്നു.

തിരുവനന്തപുരത്തെ സാംസ്‌കാരിക ഇടങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു ലൂയി പാപ്പന്‍ എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന കവി ലൂയിസ് പീറ്റര്‍. തിരുവനന്തപുരത്തെത്തിയാല്‍ ഉറപ്പായും മാനവീയം വീഥിയില്‍ എത്തിയിരുന്നു. ചലച്ചിത്ര മേളകളില്‍ മുമ്പ് പ്രധാന വേദിയായ കൈരളി തിയറ്ററിലെ ഒഡേസ പടികളിലും പിന്നീട് ടാഗോര്‍ തിയറ്ററിലും സമീപത്തെ ബാറുകളിലും ബേക്കറി ജംഗ്ഷനിലെ കള്ള് ഷാപ്പിലുമെല്ലാം ബഹളം വച്ചും തെറിവിളിച്ചും മദ്യപിച്ച് ലക്ക് കെട്ടുമെല്ലാം പാപ്പനെ കാണാമായിരുന്നു. ഒരു സുഹൃത്ത് ഒരിക്കല്‍ പാപ്പനെക്കുറിച്ച് ദേഷ്യപ്പെട്ട് സംസാരിക്കാന്‍ കാരണം പാപ്പന്റെ വഴക്കാളി സ്വഭാവമായിരുന്നു. ചലച്ചിത്ര മേളയില്‍ ആ സുഹൃത്ത് കൂടി പങ്കെടുത്ത ഓപ്പണ്‍ ഫോറം നടക്കുമ്പോള്‍ വേദിയില്‍ സദസില്‍ നിന്നും ഇറങ്ങിപ്പോയ പാപ്പന്‍ ഏറ്റവും പിന്നിലെത്തിയിട്ട് ഉറക്കെ വിളിച്ചു. അതോടെ ശ്രദ്ധയെല്ലാം അവിടേക്കായി. എന്നാല്‍ തിരിഞ്ഞ് നിന്ന് മുണ്ട് പോക്കി കാണിച്ച് പോകുകയായിരുന്നു അയാള്‍. ഇതാണ് എന്റെ സുഹൃത്തിന് പാപ്പനോടുള്ള ദേഷ്യത്തിന് കാരണം. തനിക്ക് ഇഷ്ടമില്ലാത്ത എന്തിനോടും കലഹിക്കുന്നതായിരുന്നു പാപ്പന്റെ രീതി. എന്നാല്‍ സിനിമയെക്കുറിച്ചും ചിത്രകലയെക്കുറിച്ചും കവിതയെക്കുറിച്ചും അസാധ്യമായ ധാരണയും ആ മനുഷ്യനുണ്ടായിരുന്നു. ഇത്രയേറെ വഴക്കാളിയായിരുന്നിട്ടും വിപുലമായ ഒരു സൗഹൃദ വലയം തനിക്ക് ചുറ്റും തീര്‍ക്കാന്‍ ആ മനുഷ്യന് സാധിച്ചതും അതിനാലാണ്. അയ്യപ്പന്‍ കാലത്തെ കവികളില്‍ അവസാനത്തെയാള്‍ കൂടിയാണ് ലൂയിസ് പീറ്റര്‍ യാത്രയാകുന്നതോടെ പോകുന്നത്. അയ്യപ്പനും ഒഡേസ സത്യനുമായുമെല്ലാം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു ലൂയി പാപ്പന്‍. ജോണ്‍ എബ്രഹാമും സുരാസും അയ്യപ്പനുമെല്ലാം ഉപേക്ഷിച്ച് പോയ ലഹരിയും സര്‍ഗ്ഗാത്മകതയും ഇടകലര്‍ന്നിരിക്കുന്ന വഴിയില്‍ തുടരുകയായിരുന്നു ലൂയിസ് പീറ്റര്‍.

ബാങ്ക് ഉദ്യോഗം ഉപേക്ഷിച്ചാണ് ലൂയി കവിതയെ ജീവിതമായി തെരഞ്ഞെടുത്തത്. ബാങ്കിലെ ഉദ്യോഗം ഉപേക്ഷിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരിക്കല്‍ ഞങ്ങളുടെ മുന്നില്‍ വച്ച് ലൂയി പാപ്പന്‍ അതിന്റെ കാരണം പറഞ്ഞിരുന്നു. പതിവായി അശ്രദ്ധ മൂലമുള്ള തെറ്റുകള്‍ വരുത്താന്‍ തുടങ്ങിയിരുന്നു. ഒരിക്കല്‍ ഒരു ഇടപാടുകാരന്‍ ചെക്ക് മാറാന്‍ വന്നപ്പോള്‍ അധികമായി പണം കൊടുത്തു വിടുകയും ചെയ്തു. പിന്നീട് തിരിച്ചറിഞ്ഞപ്പോള്‍ ബാങ്കിന്റെ ജീപ്പും എടുത്ത് പിന്നാലെ പോയാണ് അത് തിരിച്ചെടുത്തത്. ഇങ്ങനെ പോയാല്‍ ബാങ്കില്‍ നിന്ന് കൊണ്ടുപോകാന്‍ ഒന്നും കാണില്ലെന്നും ബാങ്കിലേക്ക് കൊടുക്കാനേ ഉണ്ടാകൂവെന്നും തോന്നിയതോടെ ജോലി വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. കവിതയിലും ജീവിതത്തിലും മറ്റൊരു അയ്യപ്പനായിരുന്നു ലൂയി പാപ്പന്‍. അതുകൊണ്ടാണ് അയാള്‍ക്ക്

'നായ്ക്കള്‍ കുരയ്ക്കുകയാണ്

ഞാന്‍ വരികയാണെന്ന് തോന്നുന്നു

വഴിതെറ്റുവാതിരിക്കുവാന്‍

ഉമ്മറത്ത് ഞാത്തിയ റാന്തലിന്‍ തിരി

അണഞ്ഞിട്ടുണ്ടാകുമോ ആവോ

നായ്ക്കള്‍ കുരയ്ക്കുകയാണ്

അവരോളം ജ്ഞാനികള്‍ ആരുള്ളൂ

അവനവനോടും അപരനോടും

അവര്‍ ഒരേ സ്വരത്തിലല്ല

സംസാരിക്കാറുള്ളത്

നായ ഒരു ഭാഷയാണ്

നാമത് വായിക്കാറില്ലായെന്ന് മാത്രം' എന്ന് എഴുതാന്‍ സാധിച്ചത്. മികച്ച നിരവധി കവിതകള്‍ എഴുതിയിട്ടും അയാളെ പലരും കവിയായി അംഗീകരിച്ചിരുന്നില്ലെന്നതാണ് സത്യം. പലര്‍ക്കും അയാള്‍ കലഹക്കാരനും പണം ഇരന്നുവാങ്ങി മദ്യപിച്ച് അയ്യപ്പനെ അനുകരിക്കുന്നയാളും മാത്രമായിരുന്നു. എന്നാല്‍ കവിതയിലെ സമ്പ്രദായങ്ങളെയെല്ലാം തച്ചുടച്ച് തന്റേതായ ശൈലിയില്‍ എഴുതിക്കൊണ്ടേയിരുന്നു പാപ്പന്‍. ഉറവ വറ്റിയ കണ്ണുകളുമായി റാന്തല്‍ വിളക്കിന്റെ തിരിതാഴ്ത്തി കാത്തിരിക്കുന്ന വൃദ്ധമാതാവിനെക്കുറിച്ചും പ്രിയപ്പെട്ട കൂട്ടുകാരിയെയും സന്തതികളെയും കുറിച്ചുമെല്ലാം തന്റെ അക്ഷരങ്ങളിലൂടെ ലൂയി പാപ്പന്‍ ലോകത്തെ അറിയിച്ചു.

'എന്നെക്കുറിച്ചാണെങ്കില്‍

എന്നോട് ചോദിക്കുക

മൗനാക്ഷരങ്ങള്‍ നിറച്ച

ഒരു കടലാസുകീറ്

നിങ്ങള്‍ക്ക് ഞാന്‍ തരും

അതില്‍ നിങ്ങളെന്നെ

വായിച്ചെടുക്കുക' തന്റെ ഏക സമാഹരമായ ലൂയിസ് പീറ്ററിന്റെ കവിതകള്‍ എന്ന പുസ്തകത്തിന് പിന്‍കുറിപ്പായി എഴുതി നല്‍കിയ വരികളാണ് ഇത്. ആദ്യ കവിത എഴുതി ഇരുപത് വര്‍ഷത്തിന് ശേഷം 2006ലാണ് ലൂയിസ് പീറ്റര്‍ തന്റെ രണ്ടാമത്തെ കവിതയെഴുതിയത്. ഏറ്റവും പ്രശസ്തമായ കറുത്ത പെണ്ണ് തന്റെ ഭാര്യയെക്കുറിച്ച് തന്നെ എഴുതിയ കവിതയാണ്. പിയാത്തയാകട്ടെ അമ്മയെക്കുറിച്ചും.

തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നത് തെണ്ടികളും തെമ്മാടികളും നായ്ക്കളും മാത്രമല്ല, കവികളും കൂടിയാണെന്ന് വിളിച്ച് പറയുന്നതായിരുന്നു ആ ജീവിതം. കള്ളും കവിതയും ഛര്‍ദ്ദിയുമായി കേരളത്തിലെ തെരുവോരങ്ങളില്‍ എവിടെ വേണമെങ്കിലും ലൂയി പാപ്പനെ പ്രതീക്ഷിക്കാമായിരുന്നു. തൃശൂര്‍ ആയിരുന്നു ലൂയി പാപ്പന്റെ പ്രധാന തട്ടകം. തിരുവനന്തപുരത്ത് ചലച്ചിത്രമേളയിലും കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തിലും തൃശ്ശൂരില്‍ സാഹിത്യ അക്കാദമിയുടെ ലളിതകലാ അക്കാദമിയുടെയും പരിസരങ്ങളില്‍ മാത്രമല്ല കേരളത്തിലെ സാസ്‌കാരിക ചെണ്ടയുടെ പുറത്ത് കോല് വീഴുന്നിടത്തെല്ലാം പാപ്പനെ കാണാമായിരുന്നു. ആലപ്പാട് സമരത്തിനൊപ്പവും ജീവിതാവസാനം വരെ ലൂയി പാപ്പന്‍ സജീവമായിരുന്നു. രാഷ്ട്രീയത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പമായിരുന്ന പാപ്പനെ പല തവണ വിവിധ കാരണങ്ങള്‍ പോലീസ് പിടികൂടിയിട്ടുണ്ട്. മിക്കപ്പോഴും മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നതായിരിക്കും കാരണം. മന്ത്രി സുനില്‍ കുമാര്‍ മുതല്‍ അടുത്ത സുഹൃത്തുക്കളായ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയുള്ളവര്‍ ഇടപെട്ടാണ് പലപ്പോഴും മോചിപ്പിച്ചിട്ടുള്ളതും.

ഒരു കവിതയില്‍ ഇയാള്‍ പറയുന്നത്

'വസന്തമിങ്ങനെയാണെങ്കില്‍

പൂക്കളോട് പോലും

ഞാന്‍ കലഹിച്ച് പോകും' എന്നാണ്. അയാള്‍ക്ക് കവിത ജീവിതവും കലഹവുമായിരുന്നു. ആ കലഹമാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. മാനവീയം വീഥിയില്‍ വച്ച്, ടാഗോര്‍ തിയറ്ററില്‍ വച്ച്, ബാറുകളിലും ഷാപ്പിലും വച്ച് അങ്ങനെ എവിടെയൊക്കെ വച്ച് തമ്മില്‍ പിണങ്ങിയിരിക്കുന്നു. സന്ദീപോ അഷറോ അങ്ങനെ ഏതെങ്കിലുമൊക്കെ സുഹൃത്തുക്കള്‍ ആ പിണക്കം മാറ്റാന്‍ കാരണക്കാരും ആകാറുണ്ട്. എങ്കിലും പാപ്പാ നമുക്കിടയിലെ പിണക്കം അവസാനിപ്പിച്ച് മറ്റൊരു വഴക്കുണ്ടാക്കാനെങ്കിലും നിങ്ങള്‍ നിന്നുതന്നില്ലല്ലോ മനുഷ്യാ..


Next Story

Related Stories