TopTop

'മറ്റൊരാള്‍ ആ കഥാപാത്രം ചെയ്തിരുന്നുവെങ്കില്‍ എത്ര പ്രെഡിക്റ്റബ്ള്‍ ആയേനെ', മര്‍ഡര്‍ മിസ്റ്ററികളും മലയാളത്തിലെ അഞ്ചാം പാതിരയും

ചെറിയ സ്‌പോയ്‌ലറുകളുണ്ട്. കാണാത്തവരില്‍ കഥപ്രിയര്‍ വായിക്കരുത്.

അഞ്ചാം പാതിര കണ്ടിറങ്ങുമ്പോള്‍ ആനന്ദിപ്പിക്കുന്ന പല ഘടകങ്ങളുണ്ട്. ഒന്ന്, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ മിഥുന്‍ മാനുവേലിനോട് സ്‌നേഹമുള്ള ആളാണ് ഞാന്‍. പരിചയക്കാരനൊന്നുമല്ല. പക്ഷേ ഇയാള് നല്ല സിനിമയെടുത്തിവിടെ വേണമെന്ന് വിചാരിക്കുന്ന സ്‌നേഹമുള്ള ഒരാള്‍.

രണ്ടാമത്തേതാണ് ഏറ്റവും പ്രധാനം- ഉണ്ണിമായ. എന്തൊരു സുന്ദരന്‍ പെര്‍ഫോമന്‍സ് ആണ്. മഹേഷിലെ സാറ മുതലിങ്ങോട്ട് മായാനദിയിലെ അസിസ്റ്റന്‍ ഡയറക്ടറും പറവയിലെ ടീച്ചറും വൈറസിലെ ഡോക്ടറുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ ആദ്യമായാണ് ശരിയായ ഒരു വനിത എസ്.പിയെ കാണുന്നത്. ജോലി ചെയ്യുന്ന, സ്വതന്ത്രരായ കണ്ടംപററിയായ സ്ത്രീകള്‍ എന്ന സിനിമയിലെ ന്യൂനപക്ഷത്തിന്റെ തുടര്‍ച്ചയായ പ്രതിനിധിയാണ് ഉണ്ണിമായ. മിക്കവാറും സിനിമകളില്‍ എടുക്കുന്ന തൊഴിലിന്റെ പേരിലാണ് നമ്മള്‍ ഉണ്ണിമായയെ ഓര്‍ക്കുന്നത്. മഹേഷിലും തീര്‍ച്ചയായും വിദേശത്ത് ജോലി ചെയ്യുന്ന ഒരു സ്ത്രീതന്നെയാകും അവര്‍. അതുകൊണ്ടുതന്നെയുള്ള ഉത്കണ്ഠകൂടി ചേര്‍ന്നാകും അങ്ങനെയൊരു കഥാപാത്രം പോലും ഉണ്ടായിട്ടുണ്ടാവുക. പറവയിലെ റ്റീച്ചറില്‍ വാര്‍പ്പ് മാതൃകയില്‍ നിന്ന് വിട്ടിട്ടുള്ള ഒരു തെളിച്ചമുണ്ട്. അത് മായാനദിയിലെ അസിസ്റ്റന്റ് ഡയറക്ടറിലുണ്ട്. ഇരിപ്പില്‍ നോട്ടത്തില്‍ സംസാരത്തിലെല്ലാം.

ഉണ്ണിമായയുടെ എസ്.പിക്ക്, പോലീസ് മേധാവിയുടെ അതീവ ഗൗരവവും കര്‍ക്കശവുമായ ശരീരഭാഷയുണ്ട്. അതേസമയം അനുകമ്പയും അനുതാപവുമുള്ള സ്ത്രീയുടെ സ്വഭാവികതയുമുണ്ട്. പൊതുവേ പോലീസ് നന്മയുടെ നിറകുടമായ മഹത്തുക്കളോ തിന്മയുടെ പര്യായമായ വഷളുകളും എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് വരയാണ്. ഇവിടെ സഹപ്രവര്‍ത്തകരോടും- അവരില്‍ സ്ത്രീകളോട് പ്രത്യേകിച്ചും- സഹജീവികളോടും കരുതലുള്ള, സത്രീയായത് കൊണ്ട് മാത്രം മേലുദ്യോഗസ്ഥന്റെ പഴി കേള്‍ക്കേണ്ടി വരുന്ന, പതര്‍ച്ചകളും പ്രയാസങ്ങളുമുള്ള മനുഷ്യ ജീവിയാണ്. അതുജ്ജ്വലമായി.

മൂന്നാമത്തേത് ജിനു ജോസഫാണ്. എനിക്ക് ജിനുവിന്റെ ഡി.വൈ.എസ്.പിയെ നന്നായിഷ്ടപ്പെട്ടു. രൂപവും സംസാരവും എല്ലാം. അവസാനം വരെ ഒരു പേസുണ്ട് ആ കഥാപാത്രത്തിന്. മറ്റൊരാള്‍ ആ കഥാപാത്രം ചെയ്തിരുന്നുവെങ്കില്‍ എത്ര പ്രെഡിക്റ്റബ്ള്‍ ആയേനെ, അല്ലെങ്കില്‍ അവസാനം ഏച്ചുകെട്ടിയതായേനെ എന്ന് തോന്നുംവിധം ആ ഡി.വൈ.എസ്.പിക്കായി ജിനുവൊരുങ്ങിയിരുന്നു. ഭാര്യയില്ലാത്തപ്പോള്‍ മാത്രം വെള്ളമടിക്കാന്‍ സുഹൃത്തിനെ സ്വാഗതം ചെയ്യുന്നതില്‍ മുതല്‍ സബോര്‍ഡിനേറ്റ്‌സും താനും ഒരേ ജോലി ഭാരമാണ് ചുമക്കുന്നതെന്ന മട്ടില്‍ പുച്ഛിക്കുന്ന- നല്ലവനായിരിക്കുമ്പോള്‍ കയ്യടിക്കാന്‍ തോന്നുന്ന, കെട്ടവനാണെന്ന് തോന്നുമ്പോള്‍ സംശയിക്കാന്‍ തോന്നുന്ന- ഡാര്‍ക്ക് ഏരിയകള്‍ നിറയെയുള്ള റോള്‍. ഇയ്യോബിന് ശേഷം ജിനുവിന്റെ ബെസ്റ്റ് റോള്‍.

നാല്: ഷൈജു ഖാലിദ്. അഞ്ച്: സൈജു ശ്രീധരന്‍. ഇതിന് രണ്ടിനും വിശദീകരണം ഒന്നും വേണ്ടല്ലോ. ആറ്: കുഞ്ചാക്കോ ബോബനും ഷറഫുദ്ദീനും. ടോട്ടലി കണ്‍വിന്‍സിങ്. ഒന്നാന്തരം പെര്‍ഫോമന്‍സ്. ഏഴ്: ദിവ്യഗോപിനാഥ് അടക്കമുള്ള പോലീസ് സംഘം. അതിനൊപ്പം ഉജ്ജ്വലനായ ഭാസി. <3 ചെറുതും വലുതുമായ റ്റീമംഗങ്ങള്‍. എട്ട്: അരുണ്‍, ഇന്ദ്രന്‍സ്, ഇടുക്കി ജാഫര്‍, മാത്യുതോമസ്, രമ്യനമ്പീശന്‍ തുടങ്ങി സഹതാരങ്ങള്‍. എല്ലാവരും കട്ടക്ക് ഒപ്പം നിന്നു. ഒന്‍പത്: സുഷിന്‍ ശ്യാം.

മര്‍ഡര്‍ മിസ്റ്ററികള്‍ ലോകത്തെ ഏറ്റവും നൂതനമായ സിനിമഭാഷ ആവശ്യമുള്ള ഒന്നാണ്. എത്ര പുതുമ സൃഷ്ടിച്ചാലും സമാന്തരമായി പുതുക്കപ്പെടുന്നവ. മെമ്മറീസ് ഓഫ് മര്‍ഡറോ സോഡിയാക്കോ പോലുള്ള കള്‍ട്ടുകള്‍ മുതല്‍ സീരിയല്‍ കില്ലിങ്ങിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്ന മൈന്‍ഡ് ഹണ്ടര്‍ വരെയുള്ള നിരന്തര പരീക്ഷണങ്ങളുടെ വേദിയാണിത്. മലയാളത്തിലാദ്യമായാണ് വൃത്തിയോടെ അത്തരമൊന്ന് കാണുന്നത്. സന്തോഷം.

മിഥുനിനോടുള്ള സ്‌നേഹം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

(ഫേസ്ബുക്ക് കുറിപ്പ്)


Next Story

Related Stories