TopTop
Begin typing your search above and press return to search.

'പല കോണ്‍ഗ്രസ് നേതാക്കളും 'മൂട്' മറക്കുന്നു; പി.സി. ചാക്കോയെ പോലുള്ള അധികാരമോഹികള്‍ കോണ്‍ഗ്രസ് വിടുന്നത് എന്തുകൊണ്ടും നല്ലതാണ്'

പല കോണ്‍ഗ്രസ് നേതാക്കളും മൂട് മറക്കുന്നു; പി.സി. ചാക്കോയെ പോലുള്ള അധികാരമോഹികള്‍  കോണ്‍ഗ്രസ് വിടുന്നത്  എന്തുകൊണ്ടും നല്ലതാണ്

കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട പി.സി. ചാക്കോ വഹിച്ചിരുന്ന പദവികള്‍ ഒന്ന് നോക്കൂ:

1980-ല്‍ പിറവം എംഎല്‍എ

1991ല്‍ തൃശൂര്‍ എംപി

1996ല്‍ മുകുന്ദപുരം എംപി

1998ല്‍ ഇടുക്കി എംപി

2009ല്‍ തൃശൂര്‍ എംപി

2014ല്‍ മത്സരിച്ചു തോറ്റു

1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്

1973-1975 കാലഘട്ടത്തില്‍ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി

1975 മുതല്‍ 1979 വരെ കെപിസിസി-യുടെ ജനറല്‍ സെക്രട്ടറി

ഇത്രയും പദവികള്‍ കൊടുത്തിട്ടും അവഗണനകള്‍ ഏറ്റു വാങ്ങി എന്നു പറയുന്ന ആളിനെ പണ്ടേ പുറത്താക്കണമായിരുന്നു. അദ്ദേഹം ഇനിയും അവഗണന ഏറ്റു വാങ്ങാന്‍ ബാല്യമില്ലാതെ പാര്‍ട്ടി വിട്ടതില്‍ ഒരു തെറ്റും പറയാനാവില്ല.

കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രശ്‌നം കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്രവും ഐഡിയോളജിയും ഒന്നും അണികളെ പഠിപ്പിക്കുന്നില്ല എന്നതാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ പാര്‍ട്ടി വിടുമ്പോള്‍ അവര്‍ അവര്‍ക്ക് സീറ്റ് കിട്ടിയില്ല, അതല്ലെങ്കില്‍ അവരുടെ ശിങ്കിടികള്‍ക്കോ ബന്ധുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സീറ്റ് കിട്ടിയില്ല എന്ന പരാതിയാണ് സ്ഥിരം ഉന്നയിക്കാറ്. 30-40 വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പല പദവികള്‍ വഹിക്കുകയും ചെയ്തതിനു ശേഷം നെഹ്റുവിനെ കുറിച്ചോ മഹാത്മാ ഗാന്ധിയെ കുറിച്ചോ അണികളെ പഠിപ്പിച്ചോ എന്നു ചോദിച്ചാല്‍ ഈ നേതാക്കള്‍ക്കൊന്നും ഒരു ഉത്തരവും കാണില്ല. ലാല്‍ ബഹാദൂര്‍ ശാസ്ത്രി, കെ. കാമരാജ്, കെ. കേളപ്പന്‍ - ഇങ്ങനെ എത്രയോ ഉജ്ജ്വല നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. അവരെ കുറിച്ചൊന്നും നേതാക്കളോ അണികളോ ഇന്ന് സ്മരിക്കുന്നില്ല. വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ നെഹ്റുവിന്റെ കാലത്തുണ്ടായ ധവള വിപ്ലവം, ഇന്ദിരാ ഗാന്ധിയുടെ കാലത്തുണ്ടായ ഹരിത വിപ്ലവം, രാജീവ് ഗാന്ധിയുടെ കാലത്തുണ്ടായ കംപ്യുട്ടറൈസേഷന്‍, ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്തുണ്ടായ ആധാര്‍, തൊഴിലുറപ്പ് പദ്ധതി - ഇവയൊന്നും ഇന്ന് സ്മരിക്കപ്പെടുന്നില്ല. ഇന്ന് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ രാജീവ് ഗാന്ധിയുടെ കാലത്ത് സാം പിട്രോഡയാണ് ടെലിക്കോം റെവല്യൂഷന്‍ ഇന്ത്യയില്‍ തുടങ്ങിവെച്ചതെന്നുള്ള കാര്യം പലരും ഓര്‍മിക്കുന്നതേ ഇല്ല.

നെഹ്റുവിന്റെ കാലം നോക്കൂ: വിഭജനത്തെ തുടര്‍ന്ന് ഒരു കോടിയിലേറെ അഭയാര്‍ഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സര്‍ക്കാര്‍ ആണ് നെഹ്‌റു സര്‍ക്കാര്‍. അതിനോട് താരതമ്യപെടുത്തുമ്പോള്‍ കുറെ നാള്‍ മുമ്പ് യൂറോപ്പിലെ രാജ്യങ്ങള്‍ പോലും സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രശ്‌നം നേരിട്ട രീതി എത്രയൊ നിസ്സാരം. ഐഐടി, ഐഐഎം, ഐഎസ്ആര്‍ഒ, സാഹിത്യ അക്കാദമി, ആസൂത്രണ കമ്മീഷന്‍, 1952-ല്‍ തറക്കല്ലിട്ട ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് - ഇതെല്ലാം നെഹ്‌റു സര്‍ക്കാരിന്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീല്‍ പ്ലാന്റ്റ്, ഭക്രാ നങ്കല്‍ ഡാം - ഇവയൊക്കെ നെഹ്‌റു യാഥാര്‍ത്ഥ്യമാക്കിയ ബ്രിഹദ് പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ മണ്ണില്‍ ഉണ്ടായിട്ട് ഒരു വലിയ വര്‍ഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റെ ഉജ്ജ്വല നേട്ടം. ഇന്ത്യയുടെ വിദേശ നയം രൂപപ്പെടുത്തിയതും നെഹ്‌റു ആയിരുന്നു. ഐ.എഫ്.എസ്.-ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ നെഹ്‌റു നേരിട്ടാണ് ഇന്റര്‍വ്യൂ ചെയ്തിരുന്നത്. കേരളത്തില്‍ നിന്നുള്ള കെ.ആര്‍. നാരായണനും ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു. ഇന്നങ്ങനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ശേഷിയുള്ള എത്ര രാഷ്ട്രീയ നേതാക്കന്മാര്‍ ഇന്ത്യയില്‍ ഉണ്ട്? രാജ്യത്തെ സമ്പദ്ഘടനയ്ക്ക് സുപ്രധാന സംഭാവന നല്‍കിയ മഹാരത്‌ന, നവരത്‌ന, മിനി രത്‌ന, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ - ഈ കമ്പനികളൊക്കെ ആരുണ്ടാക്കിയതാണ്? നെഹ്റു തന്നെ.

ഇന്ന് ബിജെപി ആസൂത്രിതവും സംഘടിതവുമായി പാക്കിസ്ഥാന്‍ വിരോധം പ്രചരിപ്പിക്കുമ്പോള്‍ 1965-ലും, 1971-ലും പാക്കിസ്ഥാനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സൈനിക വിജയം കൊയ്തിട്ടുണ്ടെന്നുള്ള കാര്യം മറക്കരുത്. 1971-ലെ ഇന്ദിരാ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ ബംഗ്ലാദേശ് യുദ്ധ വിജയം ഏതാണ്ട് പൂര്‍ണമായിരുന്നു. 1971-ല്‍ ബംഗ്ലാദേശിന് വേണ്ടി ഇന്ദിരാ ഗാന്ധി കാണിച്ച നിശ്ചയദാര്‍ഢ്യം ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടേണ്ടതാണ്. 'ഇന്ദിരാ ദീദി' ആയിരുന്നു അന്ന് ബംഗ്ലാദേശിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തി. ഒ.വി. വിജയന്റെ 'ഗുരുസാഗരത്തില്‍' പത്ര പ്രവര്‍ത്തകനായ കുഞ്ഞുണ്ണി ധാക്ക സന്ദര്‍ശിക്കുമ്പോള്‍ ഒരു ബംഗ്ലാദേശുകാരന്‍ കുഞ്ഞുണ്ണിയെ നോക്കി അലറിയത് 'അമര്‍ ദീദി; തുമാര്‍ ദീദി; ഇന്ദിരാ ദീദി' എന്നായിരുന്നു.

2014 വരെ അവസാനമായി കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍, ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബിജെപി. പോലും പൊക്കിപിടിക്കുന്ന ആധാര്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയര്‍ച്ച, ഇന്ത്യയില്‍ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡല്‍ഹി മെട്രോ പോലുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മികവ് - ഇതൊക്കെ അന്നത്തെ ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ നേട്ടങ്ങളായിരുന്നു. ഡോ. മന്‍മോഹന്‍ സിംഗ് കൊണ്ടുവന്ന സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഫലമായി ശക്തമായ മധ്യ വര്‍ഗം ഇന്ത്യയില്‍ രൂപം കൊണ്ടു. ഈ മധ്യ വര്‍ഗം പല രാജ്യങ്ങളിലേയും ജനസംഖ്യകള്‍ ഒന്നിച്ചു വെക്കുന്ന അത്രയും ഉണ്ട്. ഈ ശക്തമായ മധ്യ വര്‍ഗ്ഗവും, ആഭ്യന്തര വിപണിയും ഉള്ളതുകൊണ്ടാണ് 2008 - ല്‍ അമേരിക്കയില്‍ തുടങ്ങിയ സാമ്പത്തിക തകര്‍ച്ച ഇന്ത്യയെ ബാധിക്കാതിരുന്നത്. ലോകമാകെ പിന്നീട് വന്ന സാമ്പത്തിക മാന്ദ്യം നമ്മെ അധികം ബാധിച്ചില്ല. ഈ ചരിത്രമൊക്കെ കോണ്‍ഗ്രസുകാരും, ചരിത്രബോധമുള്ള മറ്റെല്ലാവരും ഓര്‍മിക്കേക്കേണ്ടതുണ്ട്. 'മൂട് മറക്കരുത്' - എന്ന് വിവരമുള്ള കാര്‍ന്നോന്‍മാര്‍ നമ്മളോടൊക്കെ പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവാശാല്‍ ഇന്ന് പല കോണ്‍ഗ്രസ് നേതാക്കളും ആ 'മൂട്' മറക്കുന്നു - ചരിത്രം മറക്കുന്നു. അതാണ് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ശാപവും.

(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories