TopTop
Begin typing your search above and press return to search.

കൊറോണയ്ക്കു മുമ്പേ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്ത വൈറസ് മോദി സർക്കാർ: എം.ബി രാജേഷ്

കൊറോണയ്ക്കു മുമ്പേ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്ത വൈറസ് മോദി സർക്കാർ: എം.ബി രാജേഷ്

നിങ്ങളുടെ രാഷ്ട്രീയം എന്തുമാവട്ടെ.അന്ധമായ കക്ഷി രാഷ്ട്രീയം മാറ്റി വെച്ച്, സ്വന്തം ബുദ്ധിയിൽ, യുക്തി സഹമായി ആലോചിക്കു. ഇന്നത്തെ വാർത്തയെക്കുറിച്ച്.അപ്പോൾ ആ വൈറസ് ഏതാണെന്ന് നിങ്ങൾക്ക് മനസ്സിലാവും. കൊറോണക്കു മുമ്പേ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്ത വൈറസ്? അത് മോദി സർക്കാരാണെന്ന് ഇനിയും മനസ്സിലാകാത്തവരായി സ്ഥിരബുദ്ധിയുള്ള ആരെങ്കിലുമുണ്ടാകുമോ? 2019 -20 സാമ്പത്തിക വർഷത്തെ വളർച്ചാ കണക്കുകൾ പുറത്തു വന്നിരിക്കുന്നു. ഓർക്കുക ഈ കാലയളവിൽ ലോക്ക് ഡൗൺ ആറ് ദിവസം മാത്രമേ ഉണ്ടായുള്ളു. അതായത് കൊറോണ ആഘാതം ബാധിക്കും മുമ്പുള്ള, കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കാണിത്. എന്താസ്ഥിതി? 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞിരിക്കുന്നു. വെറും 4.2 ശതമാനം (ഇതേ കാലയളവിൽ കേരളത്തിൻ്റെ വളർച്ചാ നിരക്ക് 7.5 ശതമാനമാണെന്നതു ശ്രദ്ധേയമാണ്). 2019 -20 ലെ ബജറ്റിൽ നിർമ്മലാ സീതാരാമൻ അവകാശപ്പെട്ടത് 8.5 ശതമാനം വളർച്ച ഉണ്ടാവുമെന്ന്! അതിൻ്റെ പാതി പോലും തികഞ്ഞില്ല. അല്ലെങ്കിലും വാചകമടിക്ക് വല്ല കുറവും ഉണ്ടായിട്ടുണ്ടോ? അതിൽ മാത്രമല്ലേ പിടിച്ചു നിൽക്കുന്നത്?

ഈ തളർച്ചയുടേയും വിളർച്ചയുടേയും പ്രധാന കാരണമെന്താ? ഉപഭോഗം അതായത് ഡിമാൻറ് കുറഞ്ഞു. ജനങ്ങളുടെ കയ്യിൽ പണമില്ല; വാങ്ങാൻ കഴിവില്ല. പണമില്ലാത്തതിനു കാരണം തൊഴിലും വരുമാനവുമില്ലാതായതും. മതവും വൈരവും പകയും വിദ്വേഷവും ഉണ്ടാക്കിയാൽ ജനങ്ങൾക്ക് വരുമാനവും വാങ്ങൽ കഴിവുമുണ്ടാവില്ല. അതിന് തൊഴിൽ സൃഷ്ടിക്കണം. ഡിമാൻ്റ് കുത്തനെ കുറഞ്ഞതോടെ ഉണ്ടാക്കുന്നത് വിറ്റുപോകാതായി. മുതലാളി മുതൽ മുടക്കാൻ മടിച്ചു. നിക്ഷേപ നിരക്ക് നെഗറ്റീവായി. (ആരും കൊടി പിടിച്ചതല്ല, വാങ്ങാൻ ആളില്ലാത്തതാണ് മുതലാളിമാർ നിക്ഷേപിക്കാതിരിക്കാൻ കാരണം). കയറ്റുമതിയും തഥൈവ. സമ്പദ്ഘടന തകർന്നപ്പോൾ കേന്ദ്ര ധനമന്ത്രി ബജറ്റിൽ പറഞ്ഞ നികുതി വരുമാനത്തിൽ അഭൂതപൂർവ്വമായ ഇടിവ്.കേന്ദ്രം കുത്തുപാളയെടുത്തു നിൽക്കുന്നുവെന്നു പറയാം.

ലോക്ക്ഡൗണിൻ്റെ ആഘാതം വരാനിരിക്കുന്നതേയുള്ളു. അതിനു മുമ്പേയുള്ള ഈ പാഠം കണക്കിലെടുക്കാതെയാണ് ആത്മനിർഭരതയുടെ വാചകമടിയുടെ മറവിൽ എല്ലാം സ്വകാര്യവൽക്കരിച്ച് മുങ്ങുന്ന സമ്പദ്ഘടനയെ രക്ഷിക്കാൻ മോദി ശ്രമിക്കുന്നത്. ജനങ്ങളുടെ കയ്യിൽ പണമെത്താതെ, ഡിമാൻറ് സൃഷ്ടിക്കാതെ എല്ലാം സ്വകാര്യ മേഖലക്ക് എഴുതി കൊടുത്തതു കൊണ്ട് രക്ഷപ്പെടില്ല. സർക്കാർ നേരിട്ട് പണം ചെലവഴിക്കണം. പൊതുനിക്ഷേപം കൂട്ടണമെന്ന പാഠം ലോകം മുഴുവൻ പഠിക്കുമ്പോഴും മോദിക്ക് മാത്രം മനസ്സിലാവുന്നില്ല. തെറ്റായ ചികിത്സയിലുടെ ഇതിനേക്കാൾ വലിയ സാമ്പത്തിക ദുരന്തം വരാനിരിക്കുന്നു എന്നു കരുതിയിരിക്കുക. ചില അന്താരാഷ്ട്ര ഏജൻസികൾ - 7 ശതമാനം തകർച്ചവരെ പ്രവചിക്കുന്നു. നെഗറ്റീവാകുമെന്ന് എല്ലാവരും, ആര്‍ബിഐ ഉൾപ്പെടെ പറഞ്ഞു കഴിഞ്ഞു.

കൊറോണ വരുന്നതിനു മുമ്പേയുള്ള വളർച്ചാ തകർച്ചയുടെ കാരണമെന്താണ്? തങ്ങളുടെ നയങ്ങളുടെ ദയനീയ പരാജയവും കൊള്ളരുതായ്മയും സമ്മതിക്കാനും തിരുത്തൽ വരുത്താനും മോദി സർക്കാർ തയ്യാറാവുമോ? ഇതിനെല്ലാം ജനങ്ങളോട് സമാധാനം പറഞ്ഞിട്ടു മതി മോദി സർക്കാരിൻ്റെ വാർഷികാഘോഷമെല്ലാം. ജനങ്ങൾക്ക് അറ്റമില്ലാത്ത ദുരിതവും ഇരുളടഞ്ഞ ഭാവിയും മാത്രം നൽകിയ ഈ ഭരണത്തിൻ്റെ വാർഷികത്തിനു പോലും ഒരു നല്ല വാർത്ത കേൾക്കാനാവാത്തതിൽ അതിശയിക്കാനെന്നിരിക്കുന്നു?

(എംബി രാജേഷ് ഫേസ്ബുക്കില്‍ എഴുതിയത്)


Next Story

Related Stories